നിപ എന്ന വലിയ ഭീതി അകന്നു പോയെങ്കിലും, ആ കാലം നല്‍കിയ തിരിച്ചറിവുകളെ ഫലപ്രദമായി വിനിയോഗിക്കുകയാണ് പേരാമ്പ്രയും ചങ്ങരോത്തും
കല്ലോടുള്ള പേരാമ്പ്ര താലൂക്ക് ആശുപത്രിയ്ക്കു മുന്നില്‍ നഴ്‌സ് ലിനിയുടെ ചിത്രം പതിച്ച ബോര്‍ഡുകള്‍ ഇപ്പോഴുമുണ്ട്. നിപ ബാധിച്ച സാബിത്തിനെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയ ലിനി ജോലി ചെയ്തിരുന്ന ആശുപത്രിയാണിത്. ലിനിക്കൊപ്പം ജോലിചെയ്തിരുന്ന നഴ്‌സിംഗ് സ്റ്റാഫുകളും ഡോക്ടര്‍മാരും ഇവിടെയുണ്ട്. കേരളം നിപയെ ചെറുത്തു തോല്‍പ്പിച്ചിട്ട് ഒരു വര്‍ഷമാകുമ്പോള്‍, ലിനിയുടെ സഹപ്രവര്‍ത്തകര്‍ ഇപ്പോഴും ഇടതടവില്ലാത്ത ജോലിയില്‍ത്തന്നെയാണ്. ഒ.പിയിലും അത്യാഹിത വിഭാഗത്തിലും കൂട്ടം കൂടി നില്‍ക്കുന്ന രോഗികളോട് ടോക്കണ്‍ പാലിക്കാന്‍ പറഞ്ഞും, രോഗികളെ സന്ദര്‍ശിക്കാന്‍ വലിയ സംഘങ്ങളായി എത്തുന്ന ബന്ധുക്കളോട് അനാവശ്യമായി ആശുപത്രി സന്ദര്‍ശനം നടത്താതിരിക്കാന്‍ ആവശ്യപ്പെട്ടും തിരക്കിട്ട പ്രവര്‍ത്തനങ്ങളിലാണവര്‍. നിപ്പാക്കാലത്ത് നേരിട്ട പ്രതിസന്ധികള്‍ അവര്‍ക്ക് വ്യക്തമായി ഓര്‍മയുണ്ട്. അതുകൊണ്ടു തന്നെ, നിലവില്‍ ഭീഷണികളൊന്നുമില്ലെങ്കില്‍പ്പോലും ഏതു സമയത്തും മറ്റൊരു പ്രതിസന്ധിയുണ്ടായാല്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നേരിടാനുള്ള തയ്യാറെടുപ്പ് തീര്‍ത്തും സ്വാഭാവികമായി ജീവനക്കാര്‍ക്കെല്ലാമുണ്ട്.
“ലിനിയ്ക്ക് രോഗമാണെന്ന് സ്ഥിരീകരിച്ചതിനു ശേഷമുള്ള ഇവിടത്തെ അവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റില്ല. ലിനിയെക്കുറിച്ചോര്‍ത്തുള്ള ദുഃഖം ഒരു വശത്ത്. ലിനിയില്‍ നിന്നും പത്തോ പതിനഞ്ചോ പേര്‍ക്ക് വൈറസ് പകര്‍ന്നിരിക്കാമെന്ന വസ്തുത മറ്റൊരു വശത്ത്. മുള്‍മുനയില്‍ നിന്നാണ് അക്കാലം കഴിച്ചുകൂട്ടിയത്. ഇരുന്നൂറോളം സ്റ്റാഫുകള്‍ പല ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്ന ആശുപത്രിയാണ്. അവരില്‍ ഭൂരിഭാഗവും രോഗികളുമായി ദിവസേന അടുത്തു പെരുമാറുന്നവര്‍. തനിക്കോ തന്റെ തൊട്ടടുത്തു നില്‍ക്കുന്നയാള്‍ക്കോ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന ഭീതിയില്‍ ജോലി ചെയ്യുന്നത് ഒന്നോര്‍ത്തു നോക്കൂ. പക്ഷേ എന്നിട്ടു പോലും ആരും ജോലി മാറ്റിവച്ചിട്ടില്ല. നിപ പേടി മൂര്‍ധന്യാവസ്ഥയിലുള്ളപ്പോഴും എല്ലാവരും പതിവുപോലെ ജോലിക്കെത്തി. ആരോഗ്യപ്രവര്‍ത്തകരുടെ ഇടപെടല്‍ ഏറ്റവുമധികം ആവശ്യമുള്ള സമയമായിരുന്നല്ലോ. മാറി നില്‍ക്കാനാകില്ല. എന്നിട്ടും പൊതുജനവും മാധ്യമങ്ങളും ഏറ്റവുമധികം അവഗണിച്ച ഒരു വിഭാഗമാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍”, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശശീന്ദ്ര കുമാറും മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാമിനും പറയുന്നത് നിപ്പാക്കാലത്തെ അനുഭവങ്ങളെക്കുറിച്ചു മാത്രമല്ല, ആ ദുരിതകാലത്തു നിന്നും തങ്ങള്‍ പഠിച്ചെടുത്ത ആരോഗ്യപാഠങ്ങളെക്കുറിച്ചു കൂടിയാണ്.
നിപ പടര്‍ന്നു പിടിച്ച് പേരാമ്പ്ര പാടേ ഒറ്റപ്പെട്ട ദിവസങ്ങളില്‍പ്പോലും ഭീതി മാറ്റിവച്ച് ജോലിക്കെത്തിയിരുന്ന നഴ്‌സുമാരെ, കുറ്റ്യാടി ബസ്സിലെ ജീവനക്കാരും യാത്രക്കാരും തിരിച്ചറിഞ്ഞ് വഴിയിലിറക്കിവിട്ട സംഭവങ്ങള്‍ പോലും ഇവിടെയുണ്ടായിട്ടുണ്ട്. ഹോട്ടലുകളൊന്നും തുറക്കാത്ത, ഓട്ടോറിക്ഷകള്‍ ഓടാത്ത, ജനങ്ങള്‍ പുറത്തിറങ്ങാത്ത ഒരിടത്ത് ദിവസേന ജീവനും കൈയില്‍പ്പിടിച്ച് വന്നു ജോലി ചെയ്ത് തിരിച്ചു പോയ കാലം ഓര്‍ക്കുമ്പോള്‍, ഒരുതരത്തില്‍ അനുഗ്രഹമായിത്തന്നെയാണ് ഇവര്‍ക്കു തോന്നുന്നത്. പഴയ രീതികളില്‍ നിന്നും താലൂക്ക് ആശുപത്രി ഏറെ മുന്നോട്ടുവന്നു കഴിഞ്ഞു. ജീവനക്കാര്‍ക്കിടയില്‍ ചിട്ടയോടെ പ്രതിരോധരീതികള്‍ സ്വീകരിക്കുന്ന ഒരു ശീലം തന്നെ നിപ്പാക്കാലം ഇവിടെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. രോഗികളോട് ഇടപെടുമ്പോള്‍ ഗ്ലൗസുപയോഗിച്ചും, വ്യക്തിപരമായി പ്രതിരോധമാര്‍ഗ്ഗങ്ങളെടുത്തും, തങ്ങള്‍ ഏതു നിമിഷവും അടിയന്തിര ഘട്ടങ്ങള്‍ നേരിടാന്‍ സജ്ജരാണെന്ന് ഇവര്‍ പറയുന്നുണ്ട്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ മാത്രമല്ല, നിപ ആദ്യം റിപ്പോര്‍ട്ടു ചെയ്ത സൂപ്പിക്കട ഉള്‍പ്പെട്ട ചങ്ങരോത്ത് പഞ്ചായത്തിലും ആരോഗ്യപ്രവര്‍ത്തകരുടെ ഇടപെടല്‍ ഇപ്പോള്‍ ഏറെ സജീവമാണ്.
പേരാമ്പ്ര എന്ന വലിയൊരു പ്രദേശം ഒന്നടങ്കമാണ് നിപ്പാക്കാലത്ത് കോഴിക്കോട്ട് അയിത്തം നേരിട്ടതെങ്കിലും, ചങ്ങരോത്ത് ആയിരുന്നു അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായിപ്പോയത്. നാലു പേരാണ് സൂപ്പിക്കടയില്‍ നിപ്പ വൈറസ് ബാധിച്ച് മരിച്ചത്. ആദ്യമായി നിപ വൈറസ് ബാധിച്ചു മരിച്ച മുഹമ്മദ് സാബിത്ത്, സഹോദരന്‍ സ്വാലിഹ്, പിതാവ് മൂസ, അടുത്ത ബന്ധുവായ മറിയം എന്നിവരായിരുന്നു ഈ നാലു പേര്‍. ആരോഗ്യപ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന സമയത്തു പോലും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ഡോക്ടര്‍മാരുടെയും ഇടപെടലാണ് കാര്യങ്ങള്‍ കൈവിട്ടുപോകാതെ നോക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ പറയുന്നു. ചങ്ങരോത്ത് പഞ്ചായത്തിലെ ആശാ വര്‍ക്കര്‍മാരില്‍ പലരും പനി മരണത്തിന്റെ വിവരങ്ങള്‍ അന്വേഷിക്കാനും, പനി ബാധിച്ച സാബിത്ത് അടക്കമുള്ളവരെ സഹായിക്കാനും പല തവണ വീടുകളിലെത്തിയിരുന്നു. സാബിത്തിന്റെ മരണത്തിനു കാരണം കേട്ടറിവു പോലുമില്ലാത്ത ഒരു വൈറസാണെന്ന് തിരിച്ചറിഞ്ഞതോടെ അവരും സമ്മര്‍ദ്ദത്തിലായി. പരസ്പരം ദിവസേന ഫോണില്‍ ബന്ധപ്പെട്ട് പനിയുടെ ആദ്യ ലക്ഷണങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ചറിഞ്ഞ് ആശങ്കപ്പെട്ടിരുന്ന ദിവസങ്ങള്‍ ആശാ പ്രവര്‍ത്തകര്‍ ഓര്‍ത്തെടുക്കുന്നുണ്ട്. ദിവസേന ഫീല്‍ഡ് വര്‍ക്ക് കഴിഞ്ഞു പഞ്ചായത്ത് മെംബര്‍മാര്‍ മടങ്ങിയെത്തുക പഞ്ചായത്ത് ഓഫീസിലേക്കാണെന്നതിനാല്‍, ഓഫീസ് സ്റ്റാഫുകള്‍ പോലും ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിരുന്നു. ഒരു പരീക്ഷണകാലം അങ്ങനെ കഴിഞ്ഞുപോയെങ്കിലും, ചങ്ങരോത്ത് അതിജീവിക്കുക തന്നെ ചെയ്തു. സൂപ്പിക്കടയില്‍ നിന്നും വീടൊഴിഞ്ഞു പോയ അറുപതോളം കുടുംബങ്ങളെ തിരിച്ചെത്തിച്ചു. രോഗത്തെ ഭയപ്പെടുകയല്ല, പ്രതിരോധിക്കുകയാണ് ചെയ്യേണ്ടതെന്ന വലിയ പാഠം സ്വയം പഠിക്കുകയും പൊതുജനത്തെ പറഞ്ഞു മനസ്സിലാക്കിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെയെന്നല്ല, രാജ്യത്തിന്റെ തന്നെ ആരോഗ്യരംഗം പേരാമ്പ്രയേയും ചങ്ങരോത്തിനെയും പാഠപുസ്തകങ്ങളാക്കി.
ഒരു വര്‍ഷത്തിനിപ്പുറം, ചങ്ങരോത്ത് പഞ്ചായത്ത് സമഗ്രമായ ആരോഗ്യസംരക്ഷണത്തിന്റെ പാതയിലാണ്. സര്‍ക്കാരിന്റെ ആരോഗ്യജാഗ്രത പരിപാടി വിജയകരമായി നടപ്പില്‍ വരുത്തുന്നതിനോടൊപ്പം, നിപ തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ പ്രത്യേകം ഫണ്ട് തന്നെ ഇവിടെ പഞ്ചായത്ത് ബജറ്റില്‍ നിന്നും ആരോഗ്യ പരിപാലനത്തിനും രോഗപ്രതിരോധത്തിനുമായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് നിപ്പയെ തുരത്താന്‍ അഹോരാത്രം പ്രയത്‌നിച്ചിരുന്ന ചങ്ങരോത്ത് പഞ്ചായത്ത് ഇന്ന് ശ്രമിക്കുന്നത് പഞ്ചായത്താകെ മാലിന്യ വിമുക്തമാക്കാനും മഴക്കാല പൂര്‍വ രോഗപ്രതിരോധപരിപാടികള്‍ കൃത്യമായി നടപ്പില്‍ വരുത്താനുമാണ്. ഡിസംബര്‍ മാസവും മേയ് മാസവും നിപ വൈറസ് വീണ്ടും പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകളുള്ള കാലമാണെന്ന നിരീക്ഷണം കണക്കിലെടുത്ത് സര്‍വ്വ സജ്ജമായിരുന്നു ചങ്ങരോത്ത് പഞ്ചായത്തിന്റെ ആരോഗ്യ വിഭാഗം. ഇത്രകാലവും തുടര്‍ന്നു പോന്നിരുന്ന ആരോഗ്യ സംരക്ഷണ പദ്ധതികള്‍ ശക്തിപ്പെടുത്തിയ പഞ്ചായത്ത് മാത്രമല്ല, എല്ലാ പദ്ധതികള്‍ക്കും പൂര്‍ണ മനസ്സോടെ സഹകരിക്കാനാരംഭിച്ച ജനങ്ങളും നിപ്പപ്പേടിയില്‍ നിന്നും പാഠമുള്‍ക്കൊണ്ടിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് മൂസ കാമ്പ്രത്ത് പറയുന്നു.
‘നിപ വന്നതിനു ശേഷം ഞങ്ങള്‍ക്കു തന്നെ കുറച്ചുകൂടി ജാഗ്രതയുണ്ടായിട്ടുണ്ടെന്നത് സത്യമാണ്. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും മാത്രമല്ല, പഞ്ചായത്തിലെ ജനങ്ങള്‍ക്കും വലിയ ജാഗ്രത വന്നിട്ടുണ്ട്. കൃത്യസമയത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആളെത്തിയില്ലെങ്കില്‍ പഞ്ചായത്തിലേക്ക് വിളിച്ച് അന്വേഷിക്കുന്ന അവസ്ഥയൊക്കെയുണ്ടായത് നിപ വന്നു പോയതിനു ശേഷമാണ്. അധികൃതരും കാര്യമായിത്തന്നെ ഇടപെടുന്നുണ്ട്. പരിസര ശുചീകരണത്തിന്റെ ക്ലാസ്സുകള്‍ നടക്കുന്നുണ്ട്, പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. ഇവിത്തെ ആരോഗ്യവിഭാഗവും ഇക്കാര്യങ്ങളില്‍ ബദ്ധശ്രദ്ധരാണ്. ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികള്‍ ഇപ്പോള്‍ കൈക്കൊള്ളുന്നുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടു മാസത്തിലേറെ പുറത്തിറങ്ങാതെയും ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്താതെയും കഷ്ടപ്പെട്ടവരാണ് ഇവിടത്തുകാര്‍. അതുകൊണ്ടു തന്നെ പദ്ധതികളുമായി സഹകരിക്കാന്‍ അവര്‍ തയ്യാറാണ്. പഞ്ചായത്ത് എന്തിനാണ് ഇത്തരം കാര്യങ്ങളില്‍ കണിശത കാണിക്കുന്നതെന്ന് അവര്‍ക്കറിയാം. നേരത്തേ ചങ്ങരോത്തുകാര്‍ അങ്ങനെയായിരുന്നില്ല എന്നതാണ് വാസ്തവം. മാലിന്യങ്ങള്‍ കൂടിക്കിടന്നാല്‍ എന്തുവരാനാണ് എന്ന ചിന്തയുണ്ടായിരുന്നു എല്ലാവര്‍ക്കും. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതിന്റെ ആവശ്യം ഇന്ന് അവര്‍ക്കറിയാം. നിപ കൊണ്ടുവന്ന മാറ്റമാണിത് എന്നു പറഞ്ഞാലും തെറ്റില്ല.”
നിപ വൈറസ് പടരാന്‍ കാരണമെന്തായാലും, അതിനെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ബോധ്യമല്ല ചങ്ങരോത്തും പേരാമ്പ്രയിലും രൂപപ്പെട്ടിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. ഒരു രോഗവും തങ്ങളുടെ അശ്രദ്ധ കൊണ്ട് പടരരുത് എന്ന ചിന്തയും, ഏതു കൊടിയ രോഗവും കൃത്യമായ പ്രതിരോധത്തിലൂടെ ഉന്മൂലനം ചെയ്യാനാകും എന്ന തിരിച്ചറിവും പൊതുജനത്തിന് ഇപ്പോഴുണ്ട്. ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് പ്രതിരോധത്തിന്റെ ഒരു ശീലം തന്നെ ഉണ്ടാക്കിയെടുക്കുന്ന കാഴ്ചയാണിന്ന് പേരാമ്പ്രയില്‍. ആശാപ്രവര്‍ത്തകര്‍, ഹരിത കര്‍മസേന, റസിഡന്റ്‌സ് അസോസിയേഷനുകള്‍, കുടുംബശ്രീ, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി എല്ലാ വീടുകളിലും ശ്രദ്ധയെത്തുന്ന തരത്തില്‍ ഒരു പദ്ധതിയും ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. പത്തു വീടുകള്‍ക്ക് ഒരു വളണ്ടിയര്‍ എന്ന കണക്കില്‍ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തി, ആരോഗ്യകാര്യങ്ങള്‍ അവരുടെ നിരീക്ഷണത്തില്‍ വയ്ക്കുന്നതാണ് പദ്ധതി. ആവശ്യമാകുന്ന ഘട്ടങ്ങളില്‍ വളണ്ടിയര്‍മാരുടെ ആവശ്യമനുസരിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ സഹായമെത്തിക്കുകയും ചെയ്യും. മഴക്കാലം മുന്‍കൂട്ടി കണ്ടു കൊണ്ടുള്ള രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നിലാണ് പേരാമ്പ്ര, ചങ്ങരോത്ത് പഞ്ചായത്തുകള്‍. ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടു തവണ ഓരോ വീടും കയറിയിറങ്ങി കാര്യങ്ങള്‍ വിലയിരുത്തുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു കഴിഞ്ഞു. മൂന്നാം റൗണ്ടും മേയ് മാസത്തില്‍ തന്നെ പൂര്‍ത്തീകരിക്കും.
മറ്റു പഞ്ചായത്തുകളില്‍ നിന്നും വ്യത്യസ്തമായി ആരോഗ്യമേഖലയില്‍ ശ്രദ്ധ കൂടുതല്‍ പതിപ്പിക്കാനുള്ള ചങ്ങരോത്ത് പഞ്ചായത്തിന്റെ നീക്കത്തിന്റെ ഭാഗമായി മറ്റൊരു പദ്ധതി കൂടെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. “പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവു കുറയ്ക്കാന്‍ വ്യത്യസ്തമായ ഒരു നടപടിയിലേക്ക് നീങ്ങുകയാണ് ഞങ്ങള്‍. വിവാഹം പോലുള്ള വലിയ പരിപാടികള്‍ നടക്കുമ്പോള്‍ വലിയ തോതില്‍ ബാക്കി വരുന്ന ഡിസ്‌പോസിബിള്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവയുടെ മാലിന്യം കുറയ്ക്കാനായി മഹല്ല് കമ്മറ്റികളെയും അമ്പലക്കമ്മറ്റികളെയും ഉള്‍പ്പെടുത്തി, സ്റ്റീല്‍ ഗ്ലാസ്സുകളും പ്ലേറ്റുകളും വാടകയ്ക്ക് എത്തിക്കുന്ന പദ്ധതി ആരംഭിക്കാനിരിയ്ക്കുകയാണ്. വലിയ തോതില്‍ മാലിന്യത്തില്‍ കുറവു വരുത്താന്‍ ഈ നടപടിയ്ക്ക് കഴിഞ്ഞേക്കും.”
നിപ്പക്കാലത്തിനു ശേഷം ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം വര്‍ദ്ധിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീനയും പറയുന്നു. ബോധവത്ക്കരണ ക്ലാസ്സുകളിലെത്തി കാര്യങ്ങള്‍ സ്വയം മനസ്സിലാക്കാനും, ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പങ്കുകൊള്ളാനും പൊതുജനം താത്പ്പര്യപ്പെടുന്ന സ്ഥിതിയുണ്ടാക്കിയത് നിപ്പക്കാലമാണെന്നാണ് റീനയുടെയും വിലയിരുത്തല്‍. എങ്കിലും, ആശുപത്രികളില്‍ പാലിക്കേണ്ട ചിട്ടവട്ടങ്ങളെക്കുറിച്ച് ഇപ്പോഴും പൊതുജനം ബോധവാന്മാരായിട്ടില്ലെന്നാണ് താലൂക്ക് ആശുപത്രി ജീവനക്കാരുടെയും മെഡിക്കല്‍ ഓഫീസറുടെയും നിരീക്ഷണം എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. “ശരാശരി ആയിരവും ആയിരത്തിയിരുന്നൂറും രോഗികള്‍ ദിവസേന എത്തിക്കൊണ്ടിരുന്ന താലൂക്കാശുപത്രിയില്‍ നിപ്പാക്കാലത്ത് എത്തിയിരുന്നത് മുപ്പതും നാല്‍പ്പതും രോഗികളാണ്. അതായത്, ആശുപത്രിയെ ആശ്രയിക്കേണ്ടത്ര കാര്യമായ രോഗങ്ങള്‍ ഈ മുപ്പതോ നാല്‍പ്പതോ പേര്‍ക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നര്‍ത്ഥം. ഭയം കാരണം വരാതിരുന്ന മറ്റെല്ലാവരും യഥാര്‍ത്ഥത്തില്‍ ചെറിയ രോഗലക്ഷണങ്ങള്‍ക്കു പോലും ആശുപത്രിയിലെത്തുന്ന, രോഗികളെ സന്ദര്‍ശിക്കാനായി കൂട്ടമായെത്തുന്ന വിഭാഗത്തില്‍പ്പെട്ടവരാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. നിപ്പയുടെ ഭീഷണി മാറിയപ്പോഴും ആ പതിവിനു മാറ്റം വന്നിട്ടില്ല. ജീവനക്കാരുടെയിടയില്‍ പ്രതിരോധത്തിന്റെ ശീലം കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ആശുപത്രിയിലെത്തുന്ന പൊതുജനങ്ങളുടെയിടയില്‍ അത് എത്രത്തോളം എത്തിക്കാന്‍ സാധിച്ചുവെന്നത് സംശയമാണ്. ഇപ്പോഴും ഒപി മുറിയിലേക്ക് ആളുകള്‍ ഇടിച്ചു കയറുന്നുണ്ട്. രോഗിയുടെ കട്ടിലിനു ചുറ്റിലും അഞ്ചോ പത്തോ ആളെ ഇപ്പോഴും കാണാം. നിപ തന്നെയാകണമെന്നില്ല, പനി പോലുള്ള മഴക്കാലജന്യരോഗങ്ങളും ഈ തെറ്റായ ആശുപത്രി ശീലങ്ങള്‍ കൊണ്ട് പടര്‍ന്നേക്കാം. അക്കാര്യത്തിലുള്ള ബോധവതക്കരണമാണ് ഇനി ഇവിടെ ആവശ്യം”, ഡോ. ഷെമിന്‍ പറയുന്നു.
സമഗ്രമായ ആരോഗ്യ സംരക്ഷണ പദ്ധതികളാണ് പേരാമ്പ്ര ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശശീന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിനൊപ്പം ഹോമിയോപ്പതി, ആയുര്‍വ്വേദ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ബൃഹത്തായ രോഗപ്രതിരോധ പരിപാടികളും ആരോഗ്യസുരക്ഷാ പദ്ധതികളും പേരാമ്പ്രയില്‍ നടക്കാനിരിക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരി മാസം മുതല്‍ക്കു തന്നെ പേരാമ്പ്രയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചുകഴിഞ്ഞു. അതിഥി തൊഴിലാളികള്‍ക്കിടയിലടക്കം പനി പരിശോധനകളും പുരോഗമിക്കുന്നുണ്ട്. ജൂണ്‍ മാസം ആകുന്നതോടു കൂടി മഴക്കാല രോഗ പ്രതിരോധ പരിപാടികള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യും. പടിപടിയായി പേരാമ്പ്ര ഭാഗത്തെ എല്ലാ വീടുകളിലും കൃത്യമായ ഇടവേളകളില്‍ ഇടപെടലുകള്‍ നടക്കുന്ന രീതിയിലാണ് എല്ലാ പദ്ധതികളും ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്. നിപ്പ എന്ന വലിയ ഭീതി അകന്നു പോയെങ്കിലും, ആ കാലം നല്‍കിയ തിരിച്ചറിവുകളെ ഫലപ്രദമായി വിനിയോഗിക്കുകയാണ് പേരാമ്പ്രയും ചങ്ങരോത്തും. നിപ ബാധിച്ചയിടമെന്നല്ല, നിപ്പയെ തോല്‍പ്പിച്ചയിടമെന്നറിയപ്പെടാനാണ് ആഗ്രഹമെന്ന് വൈറസ് ബാധയില്‍ നിന്നും കരകയറിക്കൊണ്ടിരുന്ന കാലത്ത് പേരാമ്പ്ര ടൗണിലെ കച്ചവടക്കാരിലൊരാളാണ് പറഞ്ഞത്. അത്തരം ആയിരക്കണക്കിന് സാധാരണക്കാരുടെ ബോധ്യമാണ് ഇപ്പോള്‍ ഒരു പ്രദേശത്തിന്റെയാകെ രോഗപ്രതിരോധ നയമായി മാറിക്കൊണ്ടിരിക്കുന്നതും.
* Representation Image