UPDATES

69 വര്‍ഷം കൊണ്ട് സ്വരുക്കൂട്ടിയതെല്ലാം വെള്ളം കൊണ്ടുപോയി; ഇനി? ഈ വൃദ്ധദമ്പതികളെ കേരളം കാണാതെ പോകരുത്

സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ അത് ചേന്ദമംഗലം കൈത്തറിയുടെ അവസാനമായിരിക്കും.

തകർന്ന ഒരു തറിയുടെ രേഖാചിത്രമാണ് ഇന്ന് ചേന്ദമംഗലം. ഇവിടുത്തെ ജീവിതപ്പാവുകളിലെമ്പാടും ചെളി അടിഞ്ഞുകൂടിയിരിക്കുന്നു. പ്രളയത്തിന് ശേഷം ചേന്ദമംഗലത്തെ എല്ലാ നെയ്ത്ത് തൊഴിലാളികൾക്കും ഒറ്റക്കഥയേ പറയാനുള്ളൂ. നഷ്ടപ്പെട്ട സ്വപ്നങ്ങളുടെ കഥ. ഓരോ മനുഷ്യ ജീവിതങ്ങളും വ്യത്യസ്ഥമാണ്. അതിനാൽ തന്നെ ഇവരുടെയോരോരുത്തരുടെയും കഥകളും നാമറിയണം. റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം

ഭാഗം 1 ഓണത്തിന് കേരളത്തിന്റെ കൈത്തറി ഗ്രാമം നെയ്തു വച്ച സ്വപ്നങ്ങൾ കൂടിയാണ് പ്രളയം തകർത്തത്

ഭാഗം 2 ചേന്ദമംഗലം: മഹാപ്രളയം തകര്‍ത്ത നെയ്ത്ത് ഗ്രാമം

ഭാഗം 3 തകർന്ന ഒരു തറിയുടെ രേഖാചിത്രമാണ് ഇന്ന് ചേന്ദമംഗലം

മഹാപ്രളയത്തിന്റെ കണക്കെടുത്താൽ നഷ്ടങ്ങളുടെ കണക്കിൽ ആരും മുന്നിലോ പിന്നിലോ അല്ല. എല്ലാവരും തുല്യർ തന്നെ. ഈ തുല്യതയാണ് നമ്മൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കണ്ടത്. ജാതിയോ മതമോ സമ്പന്നനെന്നോ ദരിദ്രനെന്നോ ഉള്ള യാതൊരു വ്യത്യാസങ്ങളുമില്ലാതെ മനുഷ്യത്വം എന്ന ഒറ്റ മതത്തിൽ ജനങ്ങൾ ജീവിക്കുന്നത് അവിടെ കണ്ടു. സ്വതവേ ദുരിതത്തിലായിരുന്ന ജീവിതം വലിയൊരു ചോദ്യചിഹ്നമായി മാറിയെന്നതാണ് പ്രളയത്തിന് ശേഷം കൈത്തറി തൊഴിലാളികളുടെ ജീവിതത്തിലുണ്ടായ മാറ്റം. ഏതൊരു സഹകരണ സംഘങ്ങളെയും സമീപിക്കുമ്പോൾ ഇനിയെങ്ങനെ ജീവിക്കുമെന്ന് തങ്ങളോട് നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്ന തൊഴിലാളികളെക്കുറിച്ച് മാത്രമാണ് സംഘങ്ങളുടെ ഭാരവാഹികൾക്ക് പറയാനുള്ളൂ. ജീവിതം പ്രതിസന്ധിയിലായ തൊഴിലാളികൾ കൈത്തറി നെയ്ത്ത് ഉപേക്ഷിക്കാൻ നിർബന്ധിതരായാൽ അത് ചേന്ദമംഗലം കൈത്തറിയുടെ അവസാനമായിരിക്കുമെന്ന് ഉറപ്പ്. എന്നാൽ നെയ്ത്ത് അല്ലാതെ മറ്റൊരു തൊഴിലും അറിയാത്തവരാണ് ഇവരിൽ ഭൂരിഭാഗവും.

പുരുഷൻമാർ മിക്കവരും കുറഞ്ഞ കൂലി മൂലം നെയ്ത്ത് തൊഴിൽ പണ്ടേ ഉപേക്ഷിച്ചിരുന്നെങ്കിലും ചേന്ദമംഗലം സ്വദേശി ഗോപാലകൃഷ്ണന് അത് സാധിച്ചിരുന്നില്ല. ഇപ്പോൾ തകർന്ന തറിയിലേക്ക് നിസ്സംഗതയോടെയാണ് കേൾവിക്കുറവുള്ള അദ്ദേഹം നോക്കുന്നത്. ഗോപാലനും ഭാര്യ സതിയും നെയ്ത്ത് ജോലിയാണ് ചെയ്യുന്നത്. 69 വയസുള്ള ഗോപാലൻ 45 വർഷമായി ഈ തൊഴിൽ ചെയ്യുന്നു. വിവാഹത്തിന് ശേഷം ഭർത്താവിൽ നിന്നാണ് സതി നെയ്ത്ത് തൊഴിൽ പഠിച്ചത്. മക്കളില്ലാത്ത ഇരുവരും ചേന്ദമംഗലത്ത് പരവൂർ പുഴയുടെ തീരത്തുള്ള ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത്.

ആഗസ്റ്റ് 15-ന് പുഴയിൽ നിന്നും വെള്ളം കയറിയപ്പോൾ തങ്ങളെ കാത്തിരിക്കുന്നത് വൻ ദുരന്തമാണെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് സതി പറയുന്നു. പരവൂർ പുഴയിൽ നിന്നുള്ള കൈത്തോടുകളിലൊന്ന് ഒഴുകുന്നത് ഇവരുടെ വീടിന് മുന്നിലൂടെയാണ്. കാൽമുട്ടിന്റെ പൊക്കത്തിൽ വെള്ളം കയറിയപ്പോഴാണ് ഇവർ വീട് വിട്ടത്. റേഷൻ കാർഡ് മാത്രമെടുത്ത് ഉടുത്തിരുന്ന തുണിയോടെയായിരുന്നു ആ ഇറക്കം. ആദ്യം പരവൂർ ബോയ്സ് സ്കൂളിലേക്കും അവിടെ നിന്നും പല പല ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ഗോപാലനും സതിയും പോയി. ഇവരുടെ ചെറിയ വീട് പൂർണമായും വെള്ളത്തിൽ മുങ്ങി പോയതായി പിന്നീട് സമീപത്തുള്ളവർ പറഞ്ഞറിഞ്ഞു.

പത്താം ദിവസമാണ് ഇവർ സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയത്. സമീപവാസികളാരും അപ്പോഴും തിരിച്ചെത്തിയിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ വൈദ്യുതി ബന്ധം പോലും പുനഃസ്ഥാപിക്കാത്ത നാട്ടിൽ ഇവർ ഒറ്റയ്ക്കായിരുന്നു. വീട്ടിൽ നിന്നും മുറ്റത്തു നിന്നും വെള്ളമിറങ്ങിയെങ്കിലും തന്റെ ഒരു ആയുസിലെ സ്വരുക്കൂട്ടലെല്ലാം വെള്ളപ്പൊക്കത്തിൽ തകർന്നു കിടക്കുന്ന കാഴ്ചയാണ് കാണാനായതെന്ന് പറയുമ്പോള്‍ ഗോപാലന്റെ തൊണ്ടയിടറി. വീട്ടിനുള്ളിൽ തറയിൽ സിമന്റിട്ട ഒരു മുറി മാത്രമാണുള്ളത്. അടുക്കളയിലുൾപ്പെടെ ചാണകം മെഴുകിയിരിക്കുകയായിരുന്നു. അതെല്ലാം വെള്ളപ്പൊക്കം കൊണ്ടുപോയി. കൈത്തറി നെയ്ത്തിലൂടെ കിട്ടുന്ന ചെറിയ വരുമാനത്തിൽ ജീവിക്കുന്ന ഈ ദമ്പതികൾക്ക് അന്നന്നത്തേക്ക് ഉള്ളത് മാത്രമാണ് ഇതിൽ നിന്നും ലഭിക്കുന്നത്. ചെറിയ സ്വരുക്കൂട്ടലുകളെ സമ്പാദ്യമാക്കി മാറ്റിയാണ് വീട്ടിനുളളിൽ ഫർണീച്ചറുകളും ടി.വിയും മറ്റും വാങ്ങി വച്ചത്. വെള്ളപ്പൊക്കത്തിന് ശേഷം തിരികെയെത്തിയപ്പോൾ കണ്ടത് ഇവയെല്ലാം മുറ്റത്തോട് ചേർന്നുള്ള കൈത്തോട്ടിൽ കിടക്കുന്നതാണ്.

എന്നാൽ ഇവരെ തകർത്തു കളഞ്ഞത് ഏക ഉപജീവന മാർഗ്ഗമായ തറിയുടെ അവസ്ഥയാണ്. തറിയുടെ പല ഭാഗങ്ങളും തോട്ടിൽ ഒഴുകി പോയിരുന്നു. നാല് കാലുകൾ മാത്രമേ ഇനി അതിൽ ഉപയോഗിക്കാൻ സാധിക്കൂ. അത് കഴുകി വൃത്തിയാക്കി അധികൃതരിൽ നിന്നും എന്തെങ്കിലും സഹായമെത്തുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് സതി.

ചേന്ദമംഗലം (ഇ)1 സഹകരണ സംഘത്തിലെ അംഗങ്ങളാണ് ഗോപാലനും സതിയും. ഡബിൾ മുണ്ടാണ് വീട്ടുമുറ്റത്ത് തയ്യാറാക്കിയിരുന്ന തറിയിൽ നെയ്തിരുന്നത്. ഒരു മുഴുവൻ പാവ് ഉണക്കി ഞെരട് വലിച്ച് നെയ്യാൻ തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മഹാപ്രളയമെത്തിയത്. 27 മുണ്ടുകൾ നെയ്യാനുള്ള പാവാണ് തറിയിലുണ്ടായിരുന്നത്. 2000 രൂപ കൊടുത്താണ് പാവ് ഉണക്കിയത്. മഴ കാരണം ഉണങ്ങിക്കിട്ടാൻ താമസിച്ചിരുന്നു. ജീവൻ വാരിപ്പിടിച്ച് ഓടുമ്പോൾ അതൊന്നും എടുത്തു കൊണ്ട് പോകാനാകില്ലല്ലോ? വീട്ടുമുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന ചെളി കയറിയ പാവിലേക്ക് നോക്കുമ്പോൾ സതിക്ക് കരയാതിരിക്കാനായില്ല. ദുരിതാശ്വാസ ക്യാമ്പിൽ നിന്നും അനുവദിച്ച ഏതാനും പാത്രങ്ങളും വസ്ത്രങ്ങളും മാത്രമാണ് ഇപ്പോൾ ഇവർക്കുള്ളത്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നതിനാൽ തന്നെ ബന്ധുക്കളാരും ഇവരെ അന്വേഷിച്ച് എത്താറുമില്ല.

കടം മേടിച്ചാൽ തിരികെ കൊടുക്കാനുള്ള നിവൃത്തിയില്ലാത്തതിനാൽ തങ്ങൾ എവിടെ നിന്നും കടം വാങ്ങാറില്ലെന്ന് ഗോപാലൻ പറയുന്നു. എന്നിരുന്നാലും താമസിക്കുന്ന വീടും ഇന്നുവരെ സമ്പാദിച്ച ഏതാനും സ്വർണാഭരണങ്ങളും പണയം വച്ചാണ് ഇവർ അപ്രതീക്ഷിതമായ വലിയ ചെലവുകൾ നേരിട്ടിരുന്നത്. ചെറുതെങ്കിലും ഈ കടങ്ങൾ പോലും വീട്ടാൻ തങ്ങളിനി എന്തുചെയ്യുമെന്ന് സതി ചോദിക്കുന്നു. ഈ തറി നന്നാക്കിയെടുക്കാതെ ഇവർക്ക് ജീവിക്കാനാകില്ല. അതിന് 40,000 രൂപയോളം വേണം. അതെവിടെ നിന്നും കണ്ടെത്തുമെന്ന് ഇവർക്കറിയില്ല. നന്നാക്കിയെടുത്താൽ തന്നെ ആറ് മാസമെങ്കിലുമെടുക്കും കൈത്തറി മേഖല പഴയ സ്ഥിതിയിലാകാൻ. അതുവരെ എങ്ങനെ ജീവിക്കുമെന്നാണ് ഗോപാലന്റെയും സതിയുടെയും മുന്നിലുള്ള മറ്റൊരു ചോദ്യം.

സർക്കാരിൽ നിന്നും എന്തെങ്കിലും സഹായം ലഭിച്ചാൽ മാത്രമേ ചേന്ദമംഗലം കൈത്തറിയെയും തങ്ങളുടെ ജീവിതത്തെയും പുനരുജ്ജീവിപ്പിക്കാനാകൂവെന്നതിൽ ഗോപാലന് സംശയമില്ല. നശിച്ച് പോയ പാവിന് തന്നെ ആറായിരം രൂപയോളം വരും. സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ അത് ചേന്ദമംഗലം കൈത്തറിയുടെ അവസാനമായിരിക്കും. പണം തന്നെയാണ് എല്ലാ തൊഴിലാളികളുടെയും പ്രശ്നമെന്നും ഗോപാലൻ പറയുന്നു. ഈ 69 വർഷത്തിനിടെ സ്വരുക്കൂട്ടിയതെല്ലാം പ്രളയം കൊണ്ടു പോയി. ഇനി അതെല്ലാം രണ്ടാമത് വാങ്ങണം. എന്നാൽ ഈ വയസ്സാം കാലത്ത് എല്ലാം ഒന്നിൽ നിന്ന് തുടങ്ങി തിരിച്ചുപിടിക്കാനാകുമോയെന്ന് ഗോപാലന് സംശയമാണ്.

പ്രളയാനന്തര കേരളം അതിജീവിക്കും; ചേന്ദമംഗലം വഴികാട്ടുന്നു: ചേക്കുട്ടിപ്പാവകളിലൂടെ

ചാരത്തില്‍ നിന്നും പറന്നുയരുക; ‘ചേക്കുട്ടി’ അതിജീവനത്തിന്റെ പ്രതീകം: മുഖ്യമന്ത്രി

ചേന്ദമംഗലം: മഹാപ്രളയം തകര്‍ത്ത നെയ്ത്ത് ഗ്രാമം

തകർന്ന ഒരു തറിയുടെ രേഖാചിത്രമാണ് ഇന്ന് ചേന്ദമംഗലം

ഓണത്തിന് കേരളത്തിന്റെ കൈത്തറി ഗ്രാമം നെയ്തു വച്ച സ്വപ്നങ്ങൾ കൂടിയാണ് പ്രളയം തകർത്തത്

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍