UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്ലാവരോടും നന്ദി പറയണം; ലിഗയ്ക്കായി ഇലീസ് ഒരുക്കുന്ന സ്നേഹസംഗമം ഇന്ന്; മുഖ്യമന്ത്രിക്കും ക്ഷണം

ചടങ്ങിൽ, രണ്ടുമാസത്തോളമായി തങ്ങൾക്കുണ്ടായ അനുഭവങ്ങൾ ഇലീസ പങ്കുവെക്കും. ലിഗയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള ഒരു വീഡിയോ അവതരണവും ഉണ്ടായിരിക്കും.

കൊല്ലപ്പെട്ട വിദേശവനിത ലിഗയെ തേടി അലയാൻ തുടങ്ങിയതു തൊട്ട് രണ്ട് മാസത്തോളം താങ്ങും തണലുമായി നിന്ന നിരവധി പേരുണ്ട്. അവരോടെല്ലാം നന്ദി പറയണമെന്ന ആഗ്രഹം മാത്രമാണ് സഹോദരി ഇലീസയ്ക്ക് നാട്ടിലേക്ക് മടങ്ങും മുമ്പ് ബാക്കിയുള്ളത്. ഇന്ന് അതിന് വേദിയൊരുങ്ങും. ലിഗയെ തേടിയുള്ള യാത്രയില്‍ താങ്ങും തണലുമായ എല്ലാവരോടും നന്ദി പറയാൻ ഇന്നു വൈകീട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇലീസ ഒരു ചടങ്ങ് സംഘടിപ്പിക്കുകയാണ്.

മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ഇലീസ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

പരിപാടിക്കായി നിശാഗന്ധി ഓഡിറ്റോറിയം സൗജന്യമായി വിട്ടു നല്‍കിയിരിക്കുകയാണ് ടൂറിസം വകുപ്പ്. നവീൻ ഗന്ധർവ്വ എന്ന ബെലബഹാർ സംഗീതജ്ഞനും പരിപാടിയിൽ പങ്കെടുക്കും. നവീനിന്റെ ആരാധികയായിരുന്നു ലിഗ. ചടങ്ങിനെക്കുറിച്ചറിഞ്ഞ നവീൻ മുംബൈയിൽ നിന്ന് എത്തിച്ചേരാമെന്ന് സമ്മതിക്കുകയായിരുന്നു. ഇന്ത്യൻ സംഗീതം ഏറെ ഇഷ്ടമായിരുന്നു ലിഗയ്ക്ക്.

ചടങ്ങിൽ രണ്ടുമാസത്തോളമായി തങ്ങൾക്കുണ്ടായ അനുഭവങ്ങൾ ഇലീസ പങ്കുവെക്കും. ലിഗയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള ഒരു വീഡിയോ അവതരണവും ഉണ്ടായിരിക്കും.

ലിഗയുടെ സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ വൈകീട്ട് നാലിനാണ് നടക്കുക. ചിതാഭസ്മം ഇലീസ് ലാത്‍വിയയിലേക്ക് കൊണ്ടുപോകും. സംസ്കാരത്തിനു മുമ്പു തന്നെ ലിഗ കൊലക്കേസിലെ രണ്ടുപേരുടെ കൂടി അറസ്റ്റ് നടക്കാനിടയുണ്ട്.

ചടങ്ങിൽ ലിഗയുടെ ഓർമയ്ക്കായി കനകക്കുന്നിൽ ഒരു മരത്തൈ നടും ഇലീസ. ലാത്‍വിയയിലെ വീട്ടിൽ പൂന്തോട്ടത്തിൽ പുതിയൊരു തണൽമരത്തിനു ചുവട്ടിൽ തന്റെ ചിതാഭസ്മം ഇടണമെന്ന് ലിഗ മുൻപ് പറഞ്ഞിരുന്നു. ഇത് സഫലമാക്കും. തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ യൂജിൻ എച്ച് പെരേര സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ലിഗയുടെ മാതാപിതാക്കളും ബന്ധുക്കളും ചടങ്ങിനെത്തില്ല. സുഹൃത്തുക്കൾക്കായി ചടങ്ങിന്റെ തത്സമയ വീഡിയോ സംപ്രേഷണം നടത്തും. അടുത്ത വ്യാഴാഴ്ച ലിഗയുടെ ഭർത്താവും ഇലീസയും നാട്ടിലേക്ക് മടങ്ങും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍