UPDATES

ട്രെന്‍ഡിങ്ങ്

മദ്യത്തെച്ചൊല്ലിത്തന്നെ… പക്ഷേ, ഒരുപാട് സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കണ്ണീരുണ്ടെന്ന് മറക്കരുത്

മദ്യമെന്ന സ്വര്‍ണ്ണമുട്ടയിടുന്ന താറാവിനെ ഇവിടെ നിന്ന് ആരും പുറത്താക്കില്ല

ദീപ സെയ്റ

ദീപ സെയ്റ

കേരളമെന്നാല്‍ ഓര്‍ക്കണം, ബിവറേജുകള്‍ എന്ന നിലയിലായിരുന്നു മലയാളിയും മദ്യവും തമ്മിലുള്ള അഭേദ്യമായ ബന്ധം. മലയാളിയുടെ മഹനീയമായ ക്ഷമ ഇത്രയധികം പ്രകടമാവുന്ന മറ്റൊരു സ്ഥലവും കേരളത്തില്‍ ഉണ്ടാവില്ലെന്നത് ഒരു ചൊല്ലായി മാറി. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ പല നടപടികളും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നുണ്ട്. അതൊക്കെ വെള്ളത്തില്‍ വരച്ച വരകളാവുന്നെന്ന് മാത്രം! സ്വാതന്ത്ര്യത്തിന് മുമ്പു തന്നെ മലബാറില്‍ നിലവിലുണ്ടായിരുന്ന മദ്യനിരോധം 1967-ല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. അതിന് ശേഷം കേരളത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വിപണനം നടത്തിയിരുന്ന, വലിയ നികുതി വരുമാനം ഖജനാവിന് നല്‍കിയിരുന്ന, ചാരായം 1996 ഏപ്രില്‍ ഒന്നിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണി നിരോധിച്ചു. ബിവറേജസ് വഴി വിറ്റഴിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ നികുതി നിരക്ക് 200 ശതമാനമാക്കി വര്‍ധിപ്പിക്കുകയും ചെയ്തു.

പെട്ടെന്നുണ്ടായ ചാരായ നിരോധനം കള്ളവാറ്റും അനധികൃത മദ്യവില്‍പനയും പെട്ടെന്ന് വര്‍ദ്ധിക്കാന്‍ കാരണമായി. ഇതാവട്ടെ മദ്യദുരന്തങ്ങളുടെ പരമ്പര തന്നെ സൃഷ്ടിച്ചു. 2000 ഒക്ടോബറില്‍ കൊല്ലത്ത് ഹൈറുന്നിസ എന്ന സ്ത്രീയുടെ വ്യാജമദ്യ കേന്ദ്രത്തില്‍ നിന്ന് മദ്യപിച്ച് നിരവധിയാളുകള്‍ പരലോകം പൂകി. ഇത് കേരളത്തിലുണ്ടായ മദ്യദുരന്തങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ബിവറേജസ്-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍, 5, 4, 3 സ്റ്റാര്‍ അടക്കമുള്ള ബാറുകള്‍, കള്ളുഷാപ്പുകള്‍, ബിയര്‍, വൈന്‍ പാര്‍ലറുകള്‍ എന്നിവ വഴിയാണ് അതിനു ശേഷം കേരളത്തില്‍ മദ്യ വില്‍പന നടന്നുവന്നത്. അതിനിടെ ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് തീരുമാനിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍, നിലവില്‍ പ്രവര്‍ത്തിക്കുന്ന മുന്നൂറോളം ബാറുകള്‍ അടച്ചു പൂട്ടുമെന്നും പ്രഖ്യാപിച്ചത്.

നിലവാരമില്ലാത്ത ബാറുകള്‍ക്ക് അനുമതി നല്‍കേണ്ടെന്ന സര്‍ക്കാറിന്റെ തീരുമാനമാണ് പിന്നീട് മദ്യനിയന്ത്രണത്തില്‍ പറയത്തക്ക ഒരു നാഴികക്കല്ലായത്. എല്ലാ മാസവും ഒന്നാം തീയതിക്ക് പുറമെ എല്ലാ ഞായറാഴ്ചകളും ഡ്രൈ ഡേ ആയും പ്രഖ്യാപിച്ചു. മാത്രമല്ല, ഓരോ വര്‍ഷവും പത്ത് ശതമാനം ബിവറേജസ് ഔട്ട്ലറ്റുകള്‍ പൂട്ടാനും പത്ത് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം യാഥാര്‍ഥ്യമാക്കുകയുമാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ നയം വ്യക്തമാക്കി.

എന്നാല്‍, അധികം വൈകാതെ തന്നെ ഞായറാഴ്ചകളിലെ മദ്യനിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു. കൂടാതെ പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍, വൈന്‍ ലൈസന്‍സുകള്‍ അനുവദിക്കാനും തീരുമാനമായി. സര്‍ക്കാര്‍ മദ്യനയത്തിന് സുപ്രീംകോടതിയുടെ അംഗീകാരം ലഭിക്കുകയും സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം എന്ന സ്ഥിതിവിശേഷമുണ്ടാവുകയും ചെയ്തു. പിന്നീട് വന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ സംസ്ഥാന പാതകള്‍ക്കരികിലെ കള്ളുഷാപ്പുകളും മദ്യശാലകളും എക്‌സൈസ് പൂട്ടി മുദ്രവെച്ചു. പക്ഷേ, ഇതൊന്നും കേരളത്തെ മദ്യത്തില്‍ നിന്നും മോചിപ്പിച്ചില്ലെന്നതാണ് വാസ്തവം. നേരെ ചൊവ്വേ കിട്ടിയില്ലെങ്കില്‍ എതു വളഞ്ഞ വഴിക്കും മദ്യം വാങ്ങാനും വില്‍ക്കാനും മലയാളി പഠിച്ചു. ബീവറേജുകളുടെ പുറംവാതില്‍ വഴിയും രഹസ്യകേന്ദ്രങ്ങളിലൂടെയും വ്യാജമദ്യം പോലും ഒഴുകി.

ഇപ്പോഴിതാ വീണ്ടുമൊരു മദ്യനയം. ഫൈവ്സ്റ്റാര്‍ ബാറുകള്‍ക്ക് പുറമേ പാതയോരത്തുനിന്ന് നിശ്ചിത അകലം പാലിക്കുന്ന ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കും. ടൂസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ അനുവദിക്കും. കള്ളുവില്‍പ്പന വര്‍ധിപ്പിക്കും. ഇതിന്റെ ഭാഗമായി കള്ളുവില്‍പ്പന മദ്യാഷാപ്പുകള്‍ക്ക് പുറത്തേക്കും വ്യാപിപ്പിക്കും. ബലേ ഭേഷ്! ചുരുക്കിപ്പറഞ്ഞാല്‍ മദ്യമെന്ന സ്വര്‍ണ്ണമുട്ടയിടുന്ന താറാവിനെ ഇവിടെ നിന്ന് ആരും പുറത്താക്കില്ല.

മദ്യവിമുക്ത കേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ ചില ചിന്തകള്‍
1. മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലൂടെ നിരന്തരം ജങ്ങളിലേക്ക് എത്തിക്കുക. പുകവലി ഒരു പരിധി വരെ നിയന്ത്രിക്കാന്‍ ഇവ സഹായിച്ചു എന്നത് ഓര്‍ക്കാം.

2. മദ്യം ആരോഗ്യത്തേക്കാള്‍ പലപ്പോഴും വളരെ അധികം ബാധിക്കുന്നത് കുടുംബസമാധാനത്തേയും സമ്പത്തിക ഭദ്രതയേയുമാണ്. കുടിച്ചു വന്ന് ഭാര്യയേയും മക്കളേയും അക്രമിക്കുന്നവരും വീട്ടുചെലവിന് പണം നല്‍കാത്ത കുടിയന്മാരും യഥേഷ്ടം വാഴുന്നുണ്ട് കേരളത്തില്‍. ഒരു നിയമത്തെയും ഭയക്കാതെ ഇവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കുകയും ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും ഈ നിയമപരിരക്ഷയെ പറ്റിയുള്ള അവബോധം നല്‍കുകയും ചെയ്യാം.

3. മദ്യം ഒഴുകുന്ന വിവാഹസത്കാരങ്ങള്‍ക്കും പഞ്ചനക്ഷത്രഹോട്ടലുകളിലെ നിശാ പാര്‍ട്ടികള്‍ക്കും നിയന്ത്രണം എര്‍പ്പെടുത്താം. ഇത്തരം ഒത്തുചേരലുകളില്‍ മദ്യം ഒഴിവാക്കാനും ആ പണം സമൂഹ്യസേവനത്തിനായി ഉപയോഗിക്കാനുമുള്ള ബോധവത്ക്കരണം നല്‍കാവുന്നതാണ്. അത്തരം പരിപാടികളില്‍ നിന്ന് രാഷ്ട്രീയ, സാമൂഹ്യ, മതനേതാക്കള്‍ വിട്ടു നിന്നു മാതൃക കാണിക്കുക.

4. പള്ളികളും അമ്പലങ്ങളും വഴിയും ജില്ലാ താലൂക്ക് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വഴിയും അതത് സ്ഥലങ്ങളില്‍ മദ്യവര്‍ജ്ജന ക്യാമ്പുകള്‍ നടത്താം. ആരോഗ്യത്തെയും സാമ്പത്തിക ഭദ്രതയെയും മദ്യ ഉപഭോഗം എങ്ങനെ വെല്ലുവിളിക്കുന്നു എന്നു മനസിലാക്കിക്കൊടുക്കുന്ന ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാം.

5. സിനിമകള്‍ കഴിവതും മദ്യത്തെ ഒരു നായകനായി അവതരിപ്പിക്കുന്നത് ഒഴിവാക്കിയേ തീരൂ. അടുത്തിടെയിറങ്ങിയ പല സിനിമകളിലും ഓരോ അഞ്ചു മിനിട്ടിലും ആരെങ്കിലും മദ്യം ഉപയോഗിക്കുന്നതും മറ്റൊരാള്‍ക്ക് പകര്‍ന്നു നല്‍കുന്നതും എന്നു വേണ്ട, മദ്യം തന്നെ നായകന്‍ എന്നു തോന്നിപ്പിക്കുമാറാണ് ചിത്രീകരിച്ചിരിക്കുന്നത്. സമൂഹമനസ്സില്‍ സ്വാധീനം ചെലുത്തുന്ന ഒരു ദൃശ്യ മാധ്യമം എന്ന നിലയ്ക്ക് സിനിമകളില്‍ ഇതിനൊരു നിയന്ത്രണം അനിവാര്യമാണ്.

6. മദ്യത്തിന്റെ വിലയും നികുതിയും വര്‍ധിപ്പിക്കുക എന്നതിലുപരി അതിന്റെ ലഭ്യത കുറയ്ക്കുന്നതിനായി ഒരാള്‍ക്ക് വാങ്ങിക്കാവുന്ന മദ്യത്തിന്റെ അളവിന് കൃത്യമായ പരിധി വയ്ക്കാം.

7. എല്ലാത്തിനുമുപരി ഈയൊരു വിഷയത്തിലെങ്കിലും വിവിധ രാഷ്ട്രീയ, മത നേതൃത്വങ്ങള്‍ ഒറ്റക്കെട്ടായി ഒരു നയരൂപീകരണത്തിനൊരുങ്ങുകയും അത് ഉറപ്പായും പ്രാവര്‍ത്തികമാക്കുക.

പരസ്പരം ചെളി വാരിയെറിയുന്നവര്‍ ഓര്‍ക്കുന്നില്ല, ലക്ഷക്കണക്കിന് അമ്മമാരുടെ, ഭാര്യമാരുടെ, മക്കളുടെ കണ്ണീര്‍ വീഴ്ത്തുന്ന മദ്യമെന്ന ഈ വിഷമാണ് കേരളത്തെ വിഴുങ്ങുന്നതെന്ന്! മദ്യവും മയക്കുമരുന്നും ആസക്തിയുളവാക്കുന്നതും അക്കാരണത്താല്‍ തന്നെ നിയന്ത്രണമര്‍ഹിക്കുന്നതുമാണ്. ഫലപ്രദമായ നിയന്ത്രണ നടപടികള്‍ നടപ്പിലാക്കണമെങ്കില്‍ ഈ വിപത്തിനെതിരെ കേരളം ഒറ്റക്കെട്ടായി നിന്നേ മതിയാകൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ദീപ സെയ്റ

ദീപ സെയ്റ

ന്യൂറോളജിക്കല്‍ റിഹാബിലിറ്റേഷനില്‍ പിജി. മെഡിക്കല്‍ ട്രസ്റ്റില്‍ ആറു വര്‍ഷം അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്ത ശേഷം ഇപ്പോള്‍ കൊച്ചിയില്‍ മെഡിക്കല്‍ ലൈസന്‍സിംഗ് എക്സാമിനേഷന്‍ സെന്റര്‍ നടത്തുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍