UPDATES

വായന/സംസ്കാരം

സര്‍ഗാത്മക സംവാദങ്ങളാല്‍ സാഹിത്യോത്സവം സമ്പന്നം

അഴിമുഖം പ്രതിനിധി

രാഷ്ട്ര നിര്‍മ്മാണം മതാടിസ്ഥാനത്തിലല്ല പടുത്തുയര്‍ത്തേണ്ടതെന്ന് തസ്‌ലിമ നസ്‌റിന്‍. കേരള സാഹിത്യോത്സവത്തിന്റെ ഭാഗമായി സച്ചിദാനന്ദനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അവ തുല്യതയുടെ അടിസ്ഥാനത്തില്‍ നിര്‍മിക്കേണ്ടതാണ്. സ്ത്രീ ശരീരത്തെയും സ്വഭാവത്തെയും സ്ത്രീ എഴുതുമ്പോള്‍ അശ്ലീലമെന്നും, എന്നാല്‍ അതേ കാര്യം പുരുഷന്മാരെഴുതുമ്പോള്‍ അത് സാഹിത്യമെന്നും കരുതുന്നവരാണ് ബംഗ്ലാദേശികളെന്നും അവര്‍ പറഞ്ഞു. ഇന്ത്യയില്‍ അസഹിഷ്ണുത നിലനില്‍ക്കുന്നില്ലെന്നും, ഇന്ത്യയില്‍ തന്നെ തുടരാനാണിഷ്ടമെന്നും തസ്ലീമ കൂട്ടി ചേര്‍ത്തു. രാജ്യത്ത് ചില വ്യക്തികള്‍ക്കാണ് അസഹിഷ്ണുത. മൗലിക വാദികള്‍ എല്ലാ സമുദായങ്ങളിലുമുണ്ട്. മത മൗലികവാദങ്ങള്‍ ന്യൂനപക്ഷത്തിന്റെതായാലും ഭൂരിപക്ഷത്തിന്റെതായാലും എതിര്‍ക്കപ്പെടേണ്ടതാണ്. ലോകത്തിന്റെ എല്ലാ ദിക്കുകളിലും സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒരു പോലെയാണെന്നും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നത് വ്യക്തിപരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. 

എഴുത്തിലെ ഞാന്‍ ആരാണ്,എന്താണ് എന്ന അന്വേഷണമായിരുന്നില്ല, അതിനുള്ള ഉത്തരമായിരുന്നു കേരള സാഹിത്യോത്സവത്തില്‍ തൂലികയിലെ ചര്‍ച്ചയില്‍ പ്രതിഫലിച്ചത്. ‘എഴുത്തിലെ ഞാന്‍’ എന്ന വിഷയത്തെ അധികരിച്ച് നടന്ന ചര്‍ച്ചയില്‍ സന്തോഷ് ഏച്ചിക്കാനം, ഇന്ദുമേനോന്‍, എസ്.ഹരീഷ് എന്നിവര്‍ പങ്കെടുത്തു. എന്‍.പി ഹാഫിസ് മുഹമ്മദ് മോഡറേറ്റരായിരുന്നു.

തന്നെ താനാക്കിയ കുട്ടിക്കാലത്തേയും ഓര്‍മ്മകളേയും സ്വപ്‌നങ്ങളേയും തിരിച്ചു പിടിച്ചുകൊണ്ട് സന്തോഷ് ഏച്ചിക്കാനം ചര്‍ച്ചക്ക് തുടക്കം കുറിച്ചു. മറവിക്കു മുകളിലെ ഓര്‍മ്മകളുടെ കലാപമാണ് എഴുത്ത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നരവംശ ശാസ്ത്രത്തിലൂന്നി’ എഴുത്തിലെ ഞാനിലൂടെ സഞ്ചരിക്കുകയായിരുന്നു ഇന്ദുമേനോന്‍. ജനിതകമായ ഓര്‍മ്മകള്‍ പേറുന്ന അനുഭവങ്ങളുടെ സഞ്ചിതമാണ് തന്റെ കഥകളെന്ന് ഇന്ദുമേനോന്‍ വ്യക്തമാക്കി. നീതി നടപ്പാക്കണമെന്ന് ആശിക്കുകയും അനീതിയുടെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുന്ന ഗുണഭോക്താവാണ് നമ്മളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞാനിനെക്കുറിച്ചാലോചിക്കുമ്പോള്‍ ഞാന്‍ സംശയാലുവാണ്’ എന്ന് അനുഭവം പങ്കുവെച്ചുകൊണ്ട് ചുരുങ്ങിയ വാക്കുകളില്‍ എസ്.ഹരീഷ് സംസാരിച്ചു. എഴുത്തുകാരനെ അറിയില്ലെങ്കിലും സാഹിത്യത്തെ എല്ലാവരും അറിയുന്നു. അതാണ് എഴുത്തുകാരന്റെ ധന്യത എന്ന് അഭിപ്രായപ്പെട്ടു. കൃത്യമായി ഇടപെട്ടും കാഴ്ചപ്പാടുകള്‍ വിശകലനം ചെയ്തും മോഡറേറ്റര്‍ ചര്‍ച്ചയെ സജീവമാക്കി. പ്രേക്ഷക പങ്കാളിത്തവും ശ്രദ്ധേയമായി. 

ചലച്ചിത്ര നിര്‍മ്മാണം ഒരു സാമൂഹിക പ്രവര്‍ത്തനം കൂടിയാണെന്ന് ലീന മണിമേഖലൈ. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഫിലിം മേക്കിങ് അസ് എ പൊളിറ്റിക്കല്‍ ആക്റ്റ് എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകനായ വി മുസാഫിര്‍ അഹമ്മദുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സിനിമാ മേഖലയിലേയ്ക്കുള്ള ലീനയുടെ വരവും തുടര്‍ന്ന് അവര്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും മുഖാമുഖത്തില്‍ ചര്‍ച്ച ചെയ്തു. ഒപ്പം സ്ത്രീകള്‍ ഈ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവര്‍ വ്യക്തമാക്കി. സമകാലിക പ്രശ്‌നങ്ങളിലുള്ള തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയ അവര്‍ തന്റെ അനുഭവങ്ങളും സദസ്സുമായി പങ്കുവച്ചു. ശ്രീലങ്കന്‍ ആഭ്യന്തര പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി നിര്‍മ്മിച്ച സെങ്കടല്‍, വൈറ്റ് വാന്‍ സ്റ്റോറീസ് തുങ്ങിയ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും സാമൂഹിക മാധ്യമങ്ങള്‍ളിലൂടെയെല്ലാം അവയുടെ വമ്പിച്ച പ്രചാരണം നേടിയതായും അവര്‍ പറഞ്ഞു.

എഴുത്തുകാരുടെ പരിവേഷം നഷ്ടപ്പെടുന്ന കാലത്ത് ‘കഥയുടെ വര്‍ത്തമാനം’ എന്ന സംവാദത്തിന് തൂലിക വേദിയായി. ആര്‍.ഉണ്ണി, അംബിക സുതന്‍ മാങ്ങാട്, ബി.മുരളി, വി.ആര്‍ സുധീഷ് എന്നിവര്‍ പങ്കെടുത്തു. എം.സി അബ്ദുള്‍ നാസര്‍ മോഡറേറ്ററായി. കാലത്തെ മറികടക്കേണ്ടത് ക്രിയാത്മകത കൊണ്ടാണ്. യാഥാര്‍ത്ഥ്യത്തെ അതേപടി കഥകളില്‍ വാര്‍ത്തെടുത്താല്‍ അത് വാര്‍ത്തയാകുമെന്ന് ആര്‍.ഉണ്ണി അഭിപ്രായപ്പെട്ടു. ഒരു സാഹിത്യ രൂപവും സമൂഹത്തെ മാറ്റിമറിച്ചതായി അറിവില്ലെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ സമകാലിക കഥകളില്‍ പാരിസ്ഥിതിക വിഷയങ്ങള്‍ വേണ്ടവിധത്തില്‍ പ്രതിപാദിക്കപ്പെടുന്നില്ലെന്ന് അംബിക സുതന്‍ മാങ്ങാട് പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലെ ചില സവിശേഷ സ്വഭാവങ്ങളും പുതുവാക്കുകളും സൂചകങ്ങളും ചേര്‍ന്നാല്‍ സമകാലിക കഥകളാകില്ലെന്നും മാനുഷിക വികാരമാണ് കഥകളാകേണ്ടതെന്നും ബി.മുരളി പറഞ്ഞു.പച്ചമനുഷ്യന്റെ കഥ പറയുന്ന സാഹിത്യങ്ങളാണ് ഉണ്ടാകേണ്ടതെന്നും ബി.മുരളി പറഞ്ഞുവെച്ചു. അതേ സമയം പുതിയ കഥകളൊന്നും ചരിത്രലക്ഷ്യം മുന്നില്‍ കണ്ടല്ല എഴുതുന്നതെന്നും , അങ്ങനെ എഴുതിയിരുന്ന തലമുറ കടന്നുപോയെന്നും , കഴിഞ്ഞകാലത്തുള്ളവര്‍ നവോത്ഥാനം മുന്നില്‍ക്കണ്ട് എഴുതിയവരായിരുന്നു എന്ന് വി.ആര്‍ സുധീഷ് അഭിപ്രായപ്പെട്ടു. സദസ്യരുടെ ചോദ്യങ്ങളിലൂടെ സമകാലിക രാഷ്ട്രീയ സാമൂഹ്യ തലങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.

സാഹിത്യകാരന്‍മാര്‍ സങ്കീര്‍ണ്ണതകളില്‍ നിന്നും ലളിതവത്കരണത്തിലേക്ക് മാറുന്നുണ്ടെന്ന് കെ സച്ചിദാനന്ദന്‍. ‘ സാഹിത്യം പല ലോകങ്ങള്‍ പല കാലങ്ങള്‍’ എന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിതയുടെ ജീവന്റെ സ്വഭാവം ലിറിക് എന്ന അംശത്തിലുണ്ടെന്ന് പരാമര്ശിച്ചു കൊണ്ട് കാവ്യ രചനയില്‍ ലിറിക്‌സിന്റെ പ്രാധാന്യത്തെ പറ്റി അദ്ദേഹം വ്യക്തമാക്കി. ഷേക്‌സ്പിയറിന്റെ ഗീതകങ്ങള്‍ തന്നെ എക്കാലത്തും ഒരു വിദ്യാര്‍ത്ഥി, അധ്യാപകന്‍, കവി എന്നീ നിലകളില്‍ സ്വാധീനിച്ചിരുന്നെന്നും, അതിനാല്‍ തന്നെ ഇനിയും താന്‍ വിവര്‍ത്തനം ചെയ്തിട്ടില്ലാത്ത ഷേകസ്പിയറിന്റെ മറ്റു ഗീതകങ്ങള്‍ തന്റെ മരണത്തിനു മുമ്പേ തന്നെ വിവര്‍ത്തനം ചെയ്യാനാണെന്നാഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു ഭാഷകളില്‍ നിന്നും വിവര്‍ത്തനം ചെയ്യുമ്പോള്‍ നീണ്ടു പോവുന്നു എന്നത് മലയാള ഭാഷയുടെ ദോഷമല്ല, സ്വഭാവമാണെന്ന് അദ്ദേഹം പറഞ്ഞു. അക്ഷരം വേദിയില്‍ നടന്ന മുഖാമുഖത്തിന് പി രാജശേഖരന്‍ നേതൃത്വം നല്‍കി.

സാഹിത്യത്തില്‍ നിരൂപണങ്ങള്‍ കുറയുന്ന ഇന്നത്തെ സാഹചര്യത്തില്‍ ‘ നിരൂപണമില്ലാത്ത സാഹിത്യം’ എന്ന വിഷയത്തെ ആസ്പദമാക്കി സംവാദത്തില്‍ ആഷാ മേനോന്‍, സി.വി ബാലകൃഷ്ണന്‍, അന്‍വര്‍ അലി, ബെന്യാമിന്‍ എന്നിവര്‍ പങ്കെടുത്തു. കെ.എസ് രവികുമാറായിരുന്നു മോഡറേറ്റര്‍. മലയാളത്തിലെ ഏറ്റവും ദുര്‍ബലമായ സാഹിത്യശാഖയാണ് നിരൂപണമെന്നും അതിന്റെ കുറവിലൂടെ മലയാള സാഹിത്യം സ്വാഭാവികതയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നും സി.വി ബാലകൃഷ്ണന്‍ പറഞ്ഞപ്പോള്‍ നിരൂപണമില്ലാത്ത സാഹിത്യമല്ല നിരൂപണത്തിന് പ്രസാദകരില്ലാത്ത സാഹചര്യമാണിന്നുള്ളതെന്ന് ആഷാ മേനോന്‍ വ്യക്തമാക്കി. 

നിരൂപണങ്ങള്‍ വായിക്കപ്പെടുന്നില്ല എന്നതാണ് പ്രസാദകരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. മറ്റൊന്ന് അതൊരു കച്ചവട ചരക്കല്ല എന്നതാണ്. നിരൂപണമെന്നത് പഴയ അവസ്ഥയില്‍ നിലനില്‍ക്കാനുള്ള സാഹചര്യം കുറവാണെന്ന് അന്‍വര്‍ അലിയുപറഞ്ഞു വെച്ചു.

സാഹിത്യ നിരൂപണം മരിച്ചിട്ടില്ല അതിന്റെ മൂല്യം കുറയുകയാണുണ്ടായതെന്ന് എന്‍ ശശിധരന്‍. അക്ഷരം വേദിയില്‍ സാഹിത്യ നിരൂപണം കൊലയോ മരണമോ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകള്‍ മാറുന്നതനുസരിച്ച് സാഹിത്യത്തിലും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന പൊതുഅഭിപ്രായം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. പണ്ട് സാഹിത്യത്തിന് ലഭിച്ചിരുന്ന ഇടം ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു എന്‍ ശശിധരന്‍ അഭിപ്രായപ്പെട്ടു. ഒരു കൃതി ഉണ്ടാക്കുന്ന അനുഭവ ലോകവുമായി നിരൂപകന്‍ നടത്തുന്ന സംവാദമാണ് നിരൂപണം. എന്നാല്‍ യഥാര്‍ത്ഥ കൃതിയുടെ അുഭവത്തെ മാറ്റിനിര്‍ത്തി എഴുതുന്ന ഇപ്പോഴത്തെ നിരൂപണങ്ങള്‍ വായനക്കാരുടെ ഇടയില്‍ സ്വാധീനം ചെലുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു. 

മലയാളിയുടെ സാംസ്‌കാരിക പശ്ചാത്തലം ഇന്നെവിടെയെത്തി നില്‍ക്കുന്നു? ഭാഷ വളരുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മലയാളത്തിന്റെ വര്‍ത്തമാനവും ഭാവിയും എന്ന വിഷയത്തെപ്പറ്റിയുള്ള സംവാദം തൂലികയില്‍ അരങ്ങേറി. കെ പി രാമനുണ്ണി, പി സോമനാഥന്‍, പി പവിത്രന്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ സി ആര്‍ പ്രസാദ് മോഡറേറ്ററായി.

മലയാളത്തിന്റെ വര്‍ത്തമാനം പൊതുവേ ശോഭമാണെങ്കിലും ആംഗലേയസംസ്‌കാരം നമ്മുടെ ഭാഷയെ വേട്ടയാടുന്നതായി കെ പി രാമനുണ്ണി പറഞ്ഞു. നമ്മുടെ ആധുനീകത പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ വഴിയേ ആണെന്ന് വിശ്വസിപ്പിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗൃഹാതുരത്വം അവതരിപ്പിക്കുക മാത്രമല്ല വിജ്ഞാനവും സാഹിത്യത്തിലൂടെ ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴയകാലത്തെ എഴുത്തുകാരെ പിന്തുടരുകയല്ല മറിച്ച് അതിജീവിക്കുകയാണ് വേണ്ടതെന്ന് പി സോമനാഥന്‍ പറഞ്ഞു. മാതൃഭാഷയെ സ്‌നേഹിക്കുന്നതോടൊപ്പം മറ്റു ഭാഷകളെ സ്‌നേഹിക്കണമെന്നും അതുവഴി അധികാരശ്രേണിയില്ലാത്ത ഒരു മണ്ഡലമുണ്ടാക്കിയെടുക്കുകയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാഷയ്ക്കുവേണ്ടി ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടോ എന്ന് പി പവിത്രന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. എല്ലാ ഭാഷകളും ലോകഭാഷയാണെന്ന് അംഗീകരിക്കുകയും ഇംഗ്ലീഷുകാരുടെ മലയാളമാണ് ഇംഗ്ലീഷെന്ന് മനസ്സിലാക്കുകയും വേണം. ഭരണഭാഷ മലയാളമല്ലാത്തതിനാല്‍ വേണ്ടത്ര ആംഗലേയ പരിജ്ഞാനമില്ലാത്ത പലരുടേയും ഭാവിയെ അനിശ്ചിതത്വത്തിലാക്കിയതായി തന്റെ അനുഭവത്തില്‍നിന്നും അദ്ദേഹം വെളിപ്പെടുത്തി. മാതൃഭാഷാ പഠനം നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍