UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള സാഹിത്യോത്സവം ഇസ്ലാം വിരുദ്ധമെന്ന് സംഘടനകള്‍

അഴിമുഖം പ്രതിനിധി

ഡിസി ബുക്ക്‌സ് മുഖ്യപ്രായോജകരായുള്ള കേരള സാഹിത്യോത്സവത്തില്‍ മതം, സംസ്‌കാരം, പ്രതിരോധം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിനെതിരെ മുസ്ലിം സംഘടനകള്‍. സാഹിത്യോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി അഞ്ചിനാണ് ഈ സെമിനാര്‍. സെമിനാറില്‍ പങ്കെടുക്കുന്ന അതിഥികളോടുള്ള നീരസമാണ് മുസ്ലിംസംഘടനകളുടെ പ്രതിഷേധത്തിന് കാരണം. മുസ്ലിം സംഘടനകളുടെ പ്രതിനിധികളെ പരിപാടിയില്‍ ക്ഷണിക്കാത്തതാണ് പ്രധാന ന്യൂനതയായി വിമര്‍ശകര്‍ ഉയര്‍ത്തി കാണിക്കുന്നത്. ബി രാജീവന്‍, കെ വേണു, സിസ്റ്റര്‍ ജെസ്മി, ഹമീദ് ചേന്ദമംഗലൂര്‍, എന്‍ എസ് മാധവന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നുവെന്നാണ് ഡിസി ബുക്‌സ് സാഹിത്യോത്സവ വെബ് സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സെമിനാറിലെ മതവിമര്‍ശകരുടെ അമിത പ്രാധാന്യമാണ് പ്രതിഷേധത്തിന്റെ മറ്റൊരു കാരണം. ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള സംയുക്ത പ്രസ്താവന വിമര്‍ശകര്‍ പുറത്തിറക്കിയിട്ടുണ്ട്.

സെമിനാറില്‍ വിഷയം അവതരിപ്പിക്കാന്‍ വിദഗ്ദ്ധരായവരെ കണ്ടെത്തി മുന്നോട്ടു പോകുമെന്നാണ് ഡിസി ബുക്‌സ് പ്രതിനിധി രാംദാസ് അഴിമുഖത്തോട് പറഞ്ഞത്. ആദ്യ പ്രോഗ്രാം ലിസ്റ്റ് അപൂര്‍ണമാണ്. അന്തിമ ലിസ്റ്റ് പ്രാതിനിധ്യ സ്വഭാവം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ്, യുഎഇ എക്‌സ്‌ചേഞ്ച്, കോഴിക്കോട് കോര്‍പ്പറേഷന്‍, കൊച്ചി മുസിരിസ് ബിനാലെ, റഷ്യന്‍ സാംസ്‌കാരിക കേന്ദ്രം, കേരള ടൂറിസം, ഗ്ലോബല്‍ ഇന്നോവേറ്റീവ് ടെകനോളജീസ് തുടങ്ങിയവരാണ് പരിപാടിയുടെ മറ്റു പ്രായോജകര്‍.

കേരള സാഹിത്യോത്സവത്തില്‍ മതങ്ങളെ കുറിച്ചു പൊതുവിലും ഇസ്‌ലാമിനെ കുറിച്ചു പ്രത്യേകിച്ചും നിലനില്‍ക്കുന്ന ചില മുന്‍വിധികളുടെ അടിസ്ഥാനത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത് എന്നാണ് മുസ്ലിം സംഘടനകളുടെ ആരോപണം. മലയാളത്തിന്റെ സാഹിത്യ പാരമ്പര്യങ്ങളേയും അവ മലയാളികള്‍ക്കിടയില്‍ ഉണ്ടാക്കിയ സ്വാധീനത്തേയും കുറിച്ചു ചര്‍ച്ച ചെയ്യാനും സംവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും വേണ്ടി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തില്‍ കവിത, കഥ, നാടകം, നോവല്‍ തുടങ്ങിയ വിവിധ മേഖലകളെ കുറിച്ചുള്ള പ്രത്യേക സെഷനുകള്‍ ഉണ്ട്. ഓരോ സെഷനുകളിലേക്കും അതത് രംഗത്തെ വിദഗ്ദ്ധരേയും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. മലയാള സാഹിത്യത്തെയും അതിലെ വിവിധ ധാരകളെയും കുറിച്ച് പുതിയ തലമുറക്ക് അവബോധവും അവഗാഹവും ഉണ്ടാകാനും മലയാള സാഹിത്യത്തെ കൂടുതല്‍ വിശാലമായ മേഖലകളിലേക്ക് പരിചയപ്പെടുത്താനും ഇത്തരം ശ്രമങ്ങള്‍ സഹായകമാകും എന്നതില്‍ തര്‍ക്കമില്ലെന്നും പ്രസ്താവന പറയുന്നു.

എന്നാല്‍ മതം ആത്മീയത, തത്വ ചിന്ത എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കപ്പെട്ട സെഷന്‍ ഇസ്‌ലാമിനെ കുറിച്ചുള്ള ഒരു ചര്‍ച്ച മാത്രമാക്കി ചുരുക്കും വിധത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒപ്പം ഈ സെഷനില്‍ ചര്‍ച്ചക്കുവേണ്ടി ക്ഷണിക്കപ്പെട്ടവരാകട്ടെ ഇസ്‌ലാമിനെ മുസ്‌ലിം വിശ്വാസികളെ പോലെ പിന്തുടരാറില്ല എന്നു പലപ്പോഴായി വ്യക്തമാക്കിയവരാണ്. ഇത്തരത്തില്‍ നിലപാടെടുക്കുന്നവരുടെ മുന്‍കയ്യില്‍ മാത്രമേ ഇസ്ലാമിനെക്കുറിച്ചുള്ള സംവാദം നടക്കാവൂ എന്ന സമീപനം ജനാധിപത്യവിരുദ്ധവും മതവിശ്വാസികളെ അവഹേളിക്കുന്നതുമാണെന്ന് പ്രസ്താവന ആരോപിക്കുന്നു.

സാഹിത്യോത്സവത്തിന്റെ പ്രധാന ലക്ഷ്യമായി സംഘാടകര്‍ തന്നെ പറയുന്ന ആപത്കരമായ കാലത്തെ മൗലികാവകാശ സംരക്ഷണം എന്ന താല്പര്യത്തില്‍ നിന്ന് മതവും മുസ്‌ലിംകളും മാത്രം എങ്ങനെയാണ് പുറത്താക്കപ്പെടുന്നത്? പ്രസ്താവന ചോദിക്കുന്നു.

മതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇസ്‌ലാമിനെ കുറിച്ചു മാത്രമായി മാറ്റുന്നതിനും ഇസ്‌ലാമിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇസ്‌ലാം വിമര്‍ശകരിലൂടെ മാത്രം ഉയര്‍ത്തി ക്കൊണ്ടുവരിക എന്നതിനും പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ട്. മത വിശ്വാസികളെ അപരവല്‍ക്കരിക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിന്മാറണം എന്നും പ്രസ്താവന ആവശ്യപ്പെടുന്നു.

ഡോ. ഹുസൈന്‍ മടവൂര്‍ (ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ ഇസ്ലാഹി മൂവ്‌മെന്റ്), പ്രൊഫ. കോയ (എഡിറ്റര്‍, തേജസ്), നാസര്‍ ഫൈസി കൂടത്തായി (സെക്രട്ടറി, എസ് വൈ എസ്), എന്‍.വി അബ്ദുറസാഖ് സഖാഫി (പ്രസിഡന്റ്, എസ് എസ് എഫ്), മുജീബ് റഹ്മാന്‍ കിനാലൂര്‍ (എഡിറ്റര്‍, ശബാബ് വാരിക), സത്താര്‍ പന്തലൂര്‍ (സെക്രട്ടറി, എസ് കെ എസ് എസ് എഫ്), എന്‍. അബ്ദുല്‍ മജീദ് (കലാലയം സാംസ്‌കാരിക വേദി), വികെ ആസിഫലി (അസോ.എഡിറ്റര്‍, വര്‍ത്തമാനം), ടികെ അലി അഷ്‌റഫ് (എഡിറ്റര്‍, രിസാല വാരിക), ഖദീജ നര്‍ഗീസ് (എന്‍ ജി എം), സി എ റഊഫ് (ക്യാമ്പസ് ഫ്രണ്ട്), ജാബിര്‍ അമാനി (ഐ എസ് എം), ജലീല്‍ മാമാങ്കര (എം എസ് എം, മര്‍കസുദഅവ), മുസ്തഫ തന്‍വീര്‍ (എംഎസ്എം) എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍