UPDATES

ഓഫ് ബീറ്റ്

ഞാന്‍ പറയുന്നതാണ് യഥാര്‍ത്ഥ മലയാള ഭാഷ; മാമുക്കോയ

സ്വിച്ചിന്’ ആരെങ്കിലും ‘വൈദ്യുത ആഗമന നിര്‍ഗമന നിയന്ത്രണ യന്ത്രം’ എന്ന് പറയുമോ?

‘ആരും അവരവരുടെ ഭാഷയെ മോശമാക്കില്ല. നമ്മുടെ മലയാളം ഭാഷയെ ഒരുപാട് ഉയര്‍ത്തികാണിക്കാനും മറ്റും ശ്രമം നടക്കുന്നുണ്ട്. നമ്മുടെ സര്‍ക്കാരും മലയാള ഭാഷയെ ശ്രേഷ്ഠ ഭാഷയെന്ന് ആഘോഷിക്കുന്നുണ്ടെങ്കിലും ഇപ്പോഴും സര്‍ക്കാര്‍ തല എഴുത്തുകുത്തുകള്‍ ഇംഗ്ലീഷില്‍ തന്നെയാണ് നടക്കുന്നത്. കാരണം പല പദങ്ങളും മലയാളത്തിലേക്ക് മാറ്റുവാന്‍ പ്രയാസമാണ് എന്നതാണ് പ്രശ്‌നം. മലയാളത്തില്‍ പലതിനും വാക്കുകളില്ല. പല മലയാള പദങ്ങളും മറ്റുഭാഷകളില്‍ നിന്ന് കടംകൊണ്ടതാണ്. ഉദാഹരണത്തിന് കോടതി വ്യവഹാരങ്ങളിലെ കോടതി, വക്കീല്‍, മജിസ്‌ട്രേറ്റ് തുടങ്ങിയ വാക്കുകള്‍ അറബി പദങ്ങളാണ്. മലയാളത്തിലേക്ക് മറ്റുഭാഷകളില്‍ നിന്ന് ധാരാളം പദങ്ങള്‍ കടന്നു വന്നിട്ടുണ്ട്. ഒരു കൊച്ചുകുട്ടിക്കുപോലും മനസ്സിലാക്കുന്ന പദമാണ് മലയാളത്തിന് വേണ്ടത്. അല്ലാതെ ഇപ്പോ ‘സ്വിച്ചിന്’ ആരെങ്കിലും ‘വൈദ്യുത ആഗമന നിര്‍ഗമന നിയന്ത്രണ യന്ത്രം’ എന്ന് പറയാന്‍ പോകുന്നുണ്ടോ? ‘

കേരള സാഹിത്യോത്സവത്തില്‍  ഭാഷയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു  നടന്‍ മാമുക്കോയ. ‘ഭാഷക്കുള്ളിലെ ഭാഷ’ എന്ന വിഷയവുമായി മാമുക്കോയെ കൂടാതെ എസ് ജോസഫ്, നടുവട്ടം ഗോപാലകൃഷ്ണന്‍, സിജെ ജോസഫ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇവിടെ പ്രചാരത്തിലുള്ള പദങ്ങളാണ് എന്റെ ഭാഷയുടെ ഭാഗമായിരിക്കുന്നത്. അതില്‍ മലയാളമാണോ, ഇംഗ്ലീഷാണോ എന്ന് നോക്കാറില്ല. എനിക്ക് മനസിലാവുന്ന ഭാഷയില്‍ ഇംഗ്ലീഷുണ്ടാവും മലയാളമുണ്ടാവും അറബിയുണ്ടാവും. തിരുവനന്തപുരത്ത് ഉപയോഗിക്കുന്ന പല വാക്കുകളും കോഴിക്കോട് ഉപയോഗിക്കാന്‍ കഴിയില്ല. അവിടെ അത് മോശം പദമാകും. കോഴിക്കാട് ഉപയോഗിക്കുന്ന ഒരു പദമാണ് ‘കൂറ്റ്’. ശബ്ദം എന്നാണത്തിന്റെ അര്‍ഥം. ‘യേശുദാസിന്റെത് എന്തോരു കൂറ്റാണ്’, ‘മുഹമ്മദ് റാഫിയുടെ ആസാധ്യ കൂറ്റാണ്’ എന്നൊക്കെ പറയുന്നത് മലബാറിലുള്ള എല്ലാവര്‍ക്കും ഇത് മനസ്സിലാവുമെങ്കില്‍ ഇതാണ് ഭാഷ. ഞാന്‍ ജനിച്ച കോഴിക്കോടുള്ളതാണെന്റെ ഭാഷയും ജീവിതവുമൊക്കെ. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാകുമെങ്കില്‍ അതാണ് ഭാഷ.

മലയാളത്തിനെ മലയാളികള്‍ മാത്രമേ അംഗീകരിക്കാറുള്ളൂ. ഒരുപാട് ആളുകളുടെ സംഭാവനകളാണ് മലയാള ഭാഷയിലെ പദങ്ങള്‍ വികസിക്കാന്‍ കാരണം. മലയാള സിനിമയെയും, മലയാള സാഹിത്യത്തെയും കവിതകളെയും മലയാളികള്‍ മാത്രമേ ശ്രദ്ധിക്കാറുള്ളൂ. മറ്റുള്ളവര്‍ അത് ശ്രദ്ധിക്കാറില്ല. മലയാളികളാണെങ്കില്‍ ലോകത്തുള്ള എല്ലാത്തിനെയും സ്വീകരിക്കുന്നുമുണ്ട്. ഇതാണ് മലയാളികളും മറ്റുള്ളവരും തമ്മിലുള്ള വിത്യാസം. ഏത് അര്‍ഥത്തിലും മലയാളവും മലയാളികളും ശ്രേഷ്ഠരാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍