UPDATES

വായന/സംസ്കാരം

പാക്കിസ്ഥാനില്‍ പോകാന്‍ ഭയമില്ല: ബെന്യാമിന്‍

കേരള സാഹിത്യോത്സവം രണ്ടാം പതിപ്പിന് കോഴിക്കോട് തുടക്കമായി

കേരള സാഹിത്യോത്സവത്തിന് രണ്ടാം പതിപ്പിന് കോഴിക്കോട് തുടക്കമായി. ഉദ്ഘാടന ദിനമായ ഇന്നലെ  ബെന്യാമിന്‍, നടന്‍ മാമുക്കോയ, യു കെ കുമാരന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു.

പാക്കിസ്ഥാനില്‍ പോകാന്‍ ഭയമില്ല- ബെന്യാമിന്‍

സാഹിത്യ ചര്‍ച്ചകള്‍ക്ക് വേദിയാവുന്ന നമ്മുടെ അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ പോകാന്‍ ഭയമില്ലെന്ന് ബെന്യാമിന്‍. സാഹിത്യകാരന്‍മാര്‍ പാക്കിസ്ഥാനിലേക്ക് പോകണമോയെന്ന് ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നുഅദ്ദേഹം. സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന സ്റ്റുഡന്റ് കെഎല്‍എഫില്‍ പിടി മുഹമ്മദ് സാദിഖുമായി നടന്ന മുഖാമുഖത്തില്‍ സംബന്ധിക്കുകയായിരുന്നു ബെന്യാമിന്‍.

പാക്കിസ്ഥാനിലേക്ക് പോയ അനുഭവമാണ് തന്റെ ‘ ഇരട്ട മുഖമുള്ള നഗരം’ എന്ന കൃതി. ആടുജീവിതം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തരുതെന്ന് മലയാളിയായ വ്യവസായി ഭീഷണിപ്പെടുത്തിയിരുന്നു. ഗള്‍ഫ് നാടുകളോടുള്ള മലയാളികളുടെ മനോഭാവത്തില്‍ മാറ്റം വരുമോയെന്നും, തന്റെ വ്യവസായത്തിലെ തളര്‍ച്ചയ്ക്ക് കാരണമാവാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവും പങ്കുവെച്ചാണ് അദ്ദേഹം ഭീഷണിപ്പെടുത്തിയത്. സാഹിത്യകാരന്‍മാര്‍ പൊതുവെ ഭയത്തോടെയാണ് ജീവിക്കുന്നത്.

അറേബ്യന്‍ ഫാക്ടര്‍ പോലൊരു നോവല്‍ ഗള്‍ഫില്‍ നിന്നുമെഴുതാന്‍ സാധിക്കില്ലെന്ന ഭയത്താലാണ് പ്രവാസം അവസാനിപ്പിച്ചത്. എന്നാല്‍ പ്രവാസത്തിന് ശേഷം നാട്ടിലെത്തിയപ്പോള്‍ തനിക്ക് എഴുത്തില്‍ കൂടുതല്‍ സത്യസന്ധത പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും എന്നാല്‍ അവയോട് വേണ്ടത്ര രീതിയില്‍ നീതി പുലര്‍ത്താന്‍ സാധിച്ചിട്ടില്ലെന്നും സാഹിത്യകാരന്‍ ബെന്യാമിന്‍ പറയുന്നു. സുരക്ഷിതമല്ലാത്തയിടങ്ങളില്‍ നിന്ന് എഴുത്തുകാരന് സത്യസന്ധമായി എഴുതാനാവില്ലെന്നും ചരിഞ്ഞപ്രതലത്തിലൂടെ ഇഴഞ്ഞിഴഞ്ഞാണ് താന്‍ സാഹിത്യലോകത്തേക്ക് കടന്നുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതുകൊണ്ടുതന്നെ ആദ്യകൃതി തിരസ്‌ക്കരിക്കപ്പെടുന്നെങ്കില്‍ അത് പുതിയ കൃതിക്കുള്ള ഊര്‍ജ്ജമായി കാണണമെന്ന് അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു. യുവ തലമുറ വ്യത്യസ്തനിരീക്ഷങ്ങള്‍കൊണ്ടും അഭിപ്രായങ്ങള്‍ക്കൊണ്ടും സാഹിത്യലോകത്തിലേക്ക് വരുന്നു എന്ന സന്തോഷം അദ്ദേഹം മുഖാമുഖത്തില്‍ പങ്കുവെച്ചു.

പാഠപുസ്തകത്തില്‍ സാഹിത്യകൃതികള്‍ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റിയുള്ള പിടി മുഹമ്മദ് സാദിഖിന്റെ ചോദ്യത്തോട് പുസ്തകത്തിന്റെ ലോകത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ കടന്നുവരവായാണ് താന്‍ അതിനെ കാണുന്നത് എന്ന് ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. ചെറുപ്പത്തില്‍ കപില്‍ദേവിനെപ്പോലെ ഒരു ക്രിക്കറ്റുകളിക്കാരനാവണം എന്നായിരുന്നു ആഗ്രഹമെങ്കിലും എഴുത്തുകാരന്‍ എന്ന ഈ റോള്‍ താന്‍ ഏറെ ഇഷ്ടപ്പെട്ടും ആഹ്ലാദത്തോടുമാണ് ജീവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാര്‍ക്ക് സ്വദേശത്തെ അവതരിപ്പിക്കാന്‍ കഴിയുന്നില്ല- യുകെ കുമാരന്‍


നഗരവത്കരണം മൂലം എഴുത്തുകാര്‍ക്ക് സ്വന്തം ദേശത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് വയലാര്‍ അവാര്‍ഡ് ജേതാവ് യുകെ കുമാരന്‍. കോഴിക്കോട് കടപ്പുറത്ത് നാല് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കേരള സാഹിത്യോത്സവത്തില്‍ എഴുത്തും ദേശവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ടുകാരനായിരുന്നില്ലെങ്കില്‍ താനൊരു എഴുത്തുകാരനായി മാറുകയില്ലായിരുന്നുവെന്നും പ്രാദേശിക ഭാഷയും സംസ്‌കാരവും തന്റെ നോവലുകളില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുത്ത് സ്വന്തം ദേശത്തെ അടയാളപ്പെടുത്തലാണ് മുഖാമുഖത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിച്ച എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനും അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കെ എം ഷഹിതയായിരുന്നു മോഡറേറ്റര്‍.

വായനയിലൂടെ ലോകത്തെ അറിയുക, പഠിക്കുക, സ്നേഹിക്കുക. അതിന് കുറുക്കു വഴികളില്ല- മാമുക്കോയ

നാടക നടനായും സിനിമ നടനായും ജീവിതത്തില്‍ വ്യത്യസ്ത വേഷപ്പകര്‍ച്ച നടത്തിയ മാമുക്കോയ കേരള സാഹിത്യോത്സവത്തില്‍ വിദ്യാര്‍ത്ഥികളോടൊപ്പം സംവദിച്ചു. സാഹിത്യോത്സവത്തെ കുറിച്ച് തന്റെ അഭിപ്രായം തുറന്നടിക്കുമ്പോഴും ഒരു നടന്‍ എന്നതിലുപരി ഒരു ആതിത്ഥേയന്റെ പരിവേഷത്തില്‍ നില്‍ക്കാനായിരുന്നു മാമുക്കയ്ക്ക് താത്പര്യം. മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തി സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ട് തനിക്കുണ്ടായ അനുഭവം വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ച അദ്ദേഹം ഒരു വ്യക്തിക്ക് മാത്രമല്ലെന്നും സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്നവര്‍ക്കും അത്തരം വിവേചനങ്ങള്‍ ഉണ്ടാകുമെന്നും മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് ഡോ. എ പി ജെ അബ്ദുള്‍ കലാം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇന്നത്തെ സമൂഹത്തില്‍ അഴിമതി വേണം. അഴിമതി ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കഴിവ് വേണമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയ്ക്കിടയില്‍ ഉറൂബുമായും എസ് കെ പൊറ്റക്കാടുമായൊക്കെ ചങ്ങാത്തതിലാകാന്‍ കഴിഞ്ഞതിന്റെ സന്തോഷവും പങ്കുവെച്ചു. സിനിമയില്‍ വിട്ട് രാഷ്ട്രീയത്തിലേക്ക്?’ എന്ന ചോദ്യത്തിന് ‘ഞാന്‍ ചിന്തിക്കുന്നു. നിങ്ങള്‍ എനിക്ക് വോട്ടു ചെയ്യുമോ?’ എന്ന തമാശാ രൂപത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മറ്റൊരു സംസ്‌കാരം അടിച്ചേല്‍പിക്കരുത്. നമ്മുടെ സംസ്‌കാരത്തിനനുസരിച്ച് മുന്നോട്ട് പോയാല്‍ മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിനിമകള്‍, ശില്പങ്ങള്‍, നാടകങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുകയും കാണുകയും ചെയ്യുന്നവരാണ് മലയാളികള്‍ ഇതാണ് താന്‍ മലയാളികളില്‍ കാണുന്ന ഗുണം. ഇന്നത്തെ സമൂഹത്തിന് മാനവിക മൂല്യത്തെ കുറിച്ച് ബോധമില്ല. ഒരു ജാതി ഒരു രക്തം ഒരു മതം – ജാതി മത രാഷ്ട്രീയ ചിന്തകള്‍ പാടില്ല. സംസ്‌കാര ബോധ്യമുള്ളവരായിരിക്കണം അതിനായി വായനയിലൂടെ ലോകത്തെ അറിയുക, പഠിക്കുക, സ്നേഹിക്കുക. അതിന് കുറുക്കു വഴികളില്ല അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍