UPDATES

ട്രെന്‍ഡിങ്ങ്

‘ഞങ്ങക്ക് അവരെ വിശ്വാസമില്ല. സര്‍ക്കാരിനേം വിശ്വാസമില്ല.’; കോക്ക കോള വീണ്ടും പ്ലാച്ചിമടയിലെത്തുമ്പോള്‍

വേറെന്തോ പദ്ധതിയുമായി കോക്ക കോള പെരുമാട്ടിയിലേക്ക് വരുന്നു എന്നറിഞ്ഞതല്ലാതെ വിശദാംശങ്ങള്‍ അറിയില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

[പ്ലാച്ചിമടയിലേക്ക് കോക്ക കോള കമ്പനി വീണ്ടുമെത്തുമ്പോള്‍- ഭാഗം -1 ഇവിടെ വായിക്കാം:  ജലമൂറ്റി മുടിച്ച പ്ലാച്ചിമടയില്‍ ഹൈടെക് മാംഗോ സിറ്റിയുമായി കൊക്ക കോള വീണ്ടും എത്തുന്നു]

ഭാഗം 2

ഞങ്ങള്‍ക്ക് തരണ്ട കാശ് എവിടെ? അത് ആദ്യം തരോ. അത് കഴിഞ്ഞിട്ട് സാമൂഹ്യ സേവനം നടത്താം. ഞങ്ങടെ ജീവിതം തൊലച്ചതിനുള്ള കാശ് ആദ്യം കയ്യിത്തന്നിട്ടുള്ള സാമൂഹ്യസേവനം മതി ഇവിടെ. ഞങ്ങക്ക് അവരെ വിശ്വാസമില്ല. സര്‍ക്കാരിനേം വിശ്വാസമില്ല. ഞങ്ങക്കിനിയെങ്കിലും ജീവിക്കണം. വെള്ളം, കൃഷി-ഞങ്ങടെയെല്ലാം ഇല്ലാതാക്കീട്ട് അവസാനിപ്പിച്ച് പോയതാണ്. ഇനിയിങ്ങോട്ട് വരണമെങ്കില്‍ തരാനുള്ള കാശിനു സമാധാനം പറഞ്ഞിട്ട് മതി”, വര്‍ഷങ്ങള്‍ നീണ്ട സമരജീവിതത്തില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് കന്നിയമ്മാള്‍ വന്നിട്ട് അധികനാളായില്ല. പക്ഷെ ഇനിയും സമരങ്ങളിലേക്ക് പോവേണ്ടി വരുമോ എന്നാണ് കന്നിയമ്മാളിന്റെ ആശങ്ക. പ്ലാച്ചിമട ഇനി വേണ്ട എന്ന് പറഞ്ഞ് ഓടിയ കൊക്കക്കോള കമ്പനി പുതിയ രൂപത്തില്‍ പുത്തന്‍ പദ്ധതികളുമായി പ്ലാച്ചിമടയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്. അത് പ്ലാച്ചിമടക്കാരില്‍, പെരുമാട്ടി പഞ്ചായത്തുനിവാസികളില്‍ ഉണ്ടാക്കിയിരിക്കുന്ന അസ്വസ്ഥത ചെറുതല്ല എന്ന് അവരോരോരുത്തരുടേയും വാക്കുകള്‍ തെളിയിക്കുന്നു. സാമൂഹിക പ്രതിബദ്ധതാ പദ്ധതികളും കാര്‍ഷിക പദ്ധതികളുമായി പ്ലാച്ചിമടയിലേക്ക് ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് രണ്ടാം വരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ തങ്ങള്‍ക്ക് നഷ്ടപരിഹാര ഇനത്തില്‍ നല്‍കേണ്ടുന്ന കോടികള്‍ എവിടെ എന്നാണ് പ്രദേശവാസികളുടെ ചോദ്യം.

“ഒരുപാട് വര്‍ഷങ്ങള്‍ പാവങ്ങളുടെ ചോരയൂറ്റിയാണ് അവര്‍ വിറ്റത്. ഞങ്ങടെ നാട്ടില്‍ ഇനി കുറച്ച് മനുഷ്യര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. അവരെന്തിനാണ് തിരിച്ച് വരണതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷെ ഞങ്ങള്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാരം കിട്ടണം. അത് തരാതെ ഞങ്ങള്‍ക്ക് ട്യൂഷന്‍ സെന്ററും ആശുപത്രിയും തന്നിട്ടെന്ത് കാര്യം? സ്വയംതൊഴില്‍ പരിശീലനം ഒന്നും ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങള്‍ക്ക് ഒന്നാന്തരമായി വേലയെടുക്കാനറിയാം. അതിന് ബാക്കി വച്ചാ മതി”, മുത്തുലക്ഷ്മിയും കന്നിയമ്മാളിനോട് ചേര്‍ന്നുകൊണ്ട് പറഞ്ഞു. എല്ലക്കാട് മയിലമ്മ, പാപ്പ അമ്മാള്‍, ശാന്തി… ഇവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നതും ഇതേ കാര്യം. കോര്‍പ്പറേറ്റ് ഭീമനെതിരെയുള്ള സമരമായി പ്ലാച്ചിമട സമരം മാറിയെങ്കിലും അത് തുടങ്ങിയത് നിലനില്‍പ്പിന് വേണ്ടിയുള്ള സമരം എന്ന നിലയ്ക്കാണ്. മനുഷ്യര്‍ക്ക് നിലനില്‍ക്കാനുള്ള ജീവജലം, അതില്ലാതായപ്പോള്‍, അവരുടെ ആവശ്യങ്ങള്‍ ഹനിക്കപ്പെട്ടപ്പോള്‍ അതിജീവനത്തിനായാണ് ഈ സ്ത്രീകളടക്കമുള്ളവര്‍ പതിനഞ്ച് വര്‍ഷം സമരം ചെയ്തത്.

കൊക്ക കോളയും പ്ലാച്ചിമടയും

കേരളം കണ്ട വലിയ ജനകീയ സമരങ്ങളില്‍ ഒന്നാണ് പ്ലാച്ചിമട. 2000-ത്തിലാണ് പ്ലാച്ചിമടയില്‍ കോക്ക കോള ഫാക്ടറി ആരംഭിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അതിന്റെ ദുഷ്ഫലങ്ങള്‍ നാട്ടുകാര്‍ അനുഭവിക്കാന്‍ തുടങ്ങിയിരുന്നു. പ്രദേശത്തെ ജലസ്രോതസ്സുകളിലെ ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നു. കൃഷിക്കുപയോഗിക്കാമെന്ന് പറഞ്ഞ് കമ്പനി നല്‍കിയ ഖരമാലിന്യം മണ്ണിന്റെ ഫലഭൂയിഷ്ടതയെ ഇല്ലായ്മ ചെയ്തു. മണ്ണില്‍ അപകടകരമായ തോതില്‍ കാഡ്മിയം, ഈയം തുടങ്ങിയ രാസവസ്തുക്കളുടെ അംശം കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയടക്കം അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ജലചൂഷണവും ജലമലിനീകരണവും ശ്രദ്ധയില്‍ പെട്ട പ്രദേശവാസികള്‍ അതിജീവനത്തിനായുള്ള പോരാട്ടം തുടങ്ങുകയായിരുന്നു. 2002 ഏപ്രില്‍ 22ന് കമ്പനിയുടെ മുന്നില്‍ ജനകീയ സമരം ആരംഭിച്ചു. 2003ല്‍ വരള്‍ച്ചയേറിയപ്പോള്‍ കമ്പനിയുടെ പ്രവര്‍ത്തനം മൂന്ന് മാസത്തേക്ക് പഞ്ചായത്ത് താത്ക്കാലികമായി നിര്‍ത്തിവപ്പിച്ചു. അപ്പോഴും സമരം സജീവമായിരുന്നു. പിന്നീട് സുപ്രീം കോടതി മോണിറ്ററിങ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് കമ്പനിയുടെ പ്രവര്‍ത്തനം തടഞ്ഞു. പിന്നീട് സുപ്രീം കോടതിവരെയെത്തി കമ്പനി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍. ഒടുവില്‍ സമരം 15 വര്‍ഷം പിന്നിട്ടപ്പോള്‍ 2017 ജനുവരി 13-ന് കൊക്ക കോള കമ്പനി പ്ലാച്ചിമടയില്‍ നിന്ന് തങ്ങള്‍ പിന്‍മാറുകയാണെന്ന് സുപ്രീം കോടതിയെ അറിയിച്ചു. കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും പെരുമാട്ടി പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോര്‍ഡും നല്‍കിയ നല്‍കി ഹര്‍ജി പരിഗണിക്കുമ്പോഴാണ് കമ്പനി ഈ തീരുമാനം അറിയിച്ചത്. ഇതോടെ ഇത് സംബന്ധിച്ച് നിലനിന്നിരുന്ന എട്ട് കേസുകളും തീര്‍പ്പായി. പ്ലാച്ചിമടക്കാരുടെ ഐക്യത്തിനും ദൃഢനിശ്ചയത്തിനും മുന്നില്‍ ആദ്യമായി കൊക്ക കോള മുട്ടുമടക്കി. ലോകത്താകമാനം എണ്ണൂറിലധികം പ്ലാന്റുകളുള്ള കൊക്ക കോളയ്‌ക്കെതിരെ മറ്റുപലയിടത്തും പ്രതിഷേധം ശക്തമാണ്. എന്നാല്‍ കമ്പനിയ്ക്ക് അടി തെറ്റിയത് പ്ലാച്ചിമടയില്‍ മാത്രമാണ്.

നഷ്ടപരിഹാര പാക്കേജ്

പ്ലാച്ചിമടയുടെ അതിജീവന പ്രതിസന്ധികള്‍ വലിയ ചര്‍ച്ചയായി ഉയര്‍ന്നുവന്നു. കേരളത്തില്‍ നിന്നും ദേശീയതലത്തില്‍ നിന്നും പലരും സമരത്തിന് നേതൃത്വം നല്‍കിയെത്തി. ഇരകളുടെ മനുഷ്യാവകാശ പ്രശ്‌നം കൂടിയാണ് സമരം പിന്നീട് ഉയര്‍ത്തിക്കാട്ടിയത്. ഇതനുസരിച്ച് സര്‍ക്കാര്‍ 2007-ല്‍ പ്ലാച്ചിമടയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ വച്ചു. കെ. ജയകുമാര്‍ കമ്മീഷന്‍ പ്ലാച്ചിമടയില്‍ എത്തി പഠനം നടത്തി. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിന്നെയും രണ്ട് വര്‍ഷക്കാലം വേണ്ടി വന്നു. 2009-ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. കൊക്ക കോള കമ്പനിയുടെ പ്രവര്‍ത്തനം മൂലം പ്ലാച്ചിമടയിലെ കുടിവെള്ളം, മണ്ണ്, കൃഷി എന്നിവയ്ക്ക് കാര്യമായ നാശം സംഭവിച്ചതായി കമ്മീഷന്‍ കണ്ടെത്തി. അതിനാല്‍ കമ്പനിയില്‍ നിന്ന് പ്ലാച്ചിമടക്കാര്‍ക്ക് നഷ്ടപരിഹാരം ഈടാക്കണമെന്നും ഇതിന് ആവശ്യമെങ്കില്‍ പ്രത്യേക കോടതി തന്നെ സ്ഥാപിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. 216.7 കോടി രൂപ നഷ്ടപരിഹാരമായി കമ്പനിയില്‍ നിന്ന് ഈടാക്കണമെന്നായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. 2011-ല്‍ ഇത് ബില്ലായി അവതരിപ്പിച്ചു. ഗവര്‍ണര്‍ ഒപ്പിട്ട ബില്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ അനുമതിക്കായി അയച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കേന്ദ്ര മന്ത്രാലയങ്ങളുടെ അനുമതി വേണമെന്ന് നിയമസഭയില്‍ അന്നത്തെ മന്ത്രി കെ.എം മാണി സംശയമുന്നയിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. “എന്നാല്‍ പിന്നീട് ആറ് മന്ത്രാലയങ്ങിലൂടെ ബില്ല് കയറിയിറങ്ങി. ഒടുവില്‍ ആഭ്യന്തര മന്ത്രാലയം ബില്ല് ഫ്രീസറിലാക്കി. പി ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം ആ ബില്ലില്‍ താത്പര്യം കാണിച്ചില്ല. അദ്ദേഹത്തിന്റെ ഭാര്യ നളിനി ചിദംബരം കൊക്ക കോള കമ്പനിയുടെ ഔദ്യോഗിക അഭിഭാഷകയായതായിരിക്കാം കാരണം എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. പിന്നീട് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ രാജ്‌നാഥ് സിംഗ് ജനവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. അദ്ദേഹം ജനവിരുദ്ധ നിലപാട് എഴുതിയാണ് ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്കയച്ചത്. രാഷ്ട്രപതി ബില്ല് പാസ്സാക്കാതെ തിരികെ അയക്കുകയും ചെയ്തു“, സമരസമിതി നേതാവായ വിളയോടി വേണുഗോപാല്‍ പറയുന്നു.

രാഷ്ട്രപതി ബില്ല് പാസ്സാക്കാതായപ്പോള്‍ ബില്ലില്‍ വേണ്ട പരിഷ്‌ക്കാരങ്ങള്‍ വരുത്തി നിയമസഭയില്‍ തന്നെ വീണ്ടും അവതരിപ്പിക്കാനുള്ള ആലോചനകള്‍ നടന്നു. സര്‍ക്കാര്‍ ബില്ല് തയ്യാറാക്കി നിയമവകുപ്പിന്റെ പരിഗണനയ്ക്കയച്ചു. പിന്നീട് മാറി വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ബില്ല് കൊണ്ടുവരുന്ന കാര്യത്തില്‍ താത്പര്യമെടുത്തില്ല എന്ന് സമരസമിതി ആരോപിക്കുന്നു. വിളയോടി വേണുഗോപാല്‍ തുടരുന്നു: “പ്ലാച്ചിമട നഷ്ടപരിഹാര ബില്ല് കുറ്റമറ്റ രീതിയില്‍ അവതരിപ്പിച്ച് പ്ലാച്ചിമടക്കാര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ നടപടി സ്വീകരിക്കും എന്ന് ഇടതുസര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ വ്യക്തമായി പറഞ്ഞിരുന്നതാണ്. പക്ഷെ മൂന്ന് വര്‍ഷമാവുമ്പോഴും അതില്‍ ഒരു തീരുമാനവും ആയിട്ടില്ല”. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സമരസമിതി പാലക്കാട് കളക്ട്രേറ്റില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തി. 2017 ഏപ്രില്‍ 22-ന് സമരം തുടങ്ങി. ജൂണ്‍ 17-ന് മുഖ്യമന്ത്രി പ്ലാച്ചിമടക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചു. ആറ് മാസത്തെ സമയം സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സമരം അവസാനിപ്പിച്ചു. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് പ്ലാച്ചിമടക്കാര്‍ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് വീണ്ടും ഒരു സമരത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് കൊക്ക കോള വീണ്ടും എത്തുന്നു എന്ന വാര്‍ത്ത പ്ലാച്ചിമടക്കാര്‍ അറിയുന്നത്.

കാര്‍ഷിക പദ്ധതിയുമായി എത്തുമ്പോള്‍

മൂന്ന് ഘട്ടങ്ങളിലായുള്ള പദ്ധതിക്കാണ് ഹിന്ദുസ്ഥാന്‍ കൊക്ക കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് അനുമതി തേടിയിരിക്കുന്നത്. കൊക്ക കോള പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്ന 34 ഏക്കര്‍ സ്ഥലത്താണ് പദ്ധതി ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്. ആരോഗ്യസംരക്ഷണ കേന്ദ്രം, കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍, വനിതാ ശാക്തീകരണത്തിനായി സ്വയംതൊഴില്‍ പരിശീലന പദ്ധതികള്‍, എട്ടുമുതല്‍ 12-ാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ട്യൂഷന്‍ സെന്റര്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഒരു വര്‍ഷമാണ് ഒന്നാംഘട്ടം നടപ്പാക്കുന്നതിനുള്ള സമയപരിധി കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടാംഘട്ടത്തിലാണ് ജയ്ന്‍ ഫാം ഫ്രഷ് ലിമിറ്റഡ് കമ്പനി കടന്നുവരിക. അള്‍ട്രാ ഹൈ ഡെന്‍സിറ്റി പ്ലാന്റേഷന്‍ ടെക്‌നോളജിയും ഡ്രിപ്പ് ഇറിഗേഷനും നടപ്പാക്കി പല സംസ്ഥാനങ്ങളിലും വിജയിച്ച ജെയ്ന്‍ കമ്പനിയുടെ ‘ഉന്നതി’ എന്ന പദ്ധതി പ്ലാച്ചിമടയിലും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. തെലുങ്കാന, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് നിലവില്‍ ഉന്നതി നടപ്പാക്കുന്നത്. മഹാരാഷ്ട്രയില്‍ കൊക്ക കോള കമ്പനിയും ജെയ്‌നും ചേര്‍ന്നാണ് മറാഠ് വാഡയിലും വിദര്‍ഭയിലും ഓറഞ്ച് കൃഷിയില്‍ അള്‍ട്രാ ഹൈഡെന്‍സിറ്റി പ്ലാന്റേഷന്‍ ടെക്‌നോളജി നടപ്പാക്കിയത്. കേരളത്തില്‍ എച്ച്‌സിസിബിയും ജെയ്‌നും ചേര്‍ന്ന് മാവ്, തെങ്ങ്, വാഴ കൃഷിയില്‍ ഇതേ സാങ്കേതിക വിദ്യാ ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്. തോട്ടാപുരി മാമ്പഴങ്ങള്‍ക്കാണ് പ്രാമുഖ്യം. നിലവില്‍ 10മീറ്റര്‍ നീളത്തിലും വീതിയിലും ഇടവിട്ട് വക്കുന്ന മാവുകളും വാഴകളും 3×2 മീറ്റര്‍ വ്യത്യാസത്തില്‍ വച്ചുപിടിപ്പിച്ച് ഉത്പാദവും ലാഭവും വര്‍ധിപ്പിക്കാനാവുമെന്ന് കമ്പനി പദ്ദതി രേഖയില്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പ്ലാന്റും കുളങ്ങളും കിണറുകളും നില്‍ക്കുന്ന പ്രദേശമൊഴികെ 34 ഏക്കറില്‍ 25 മുതല്‍ 27 ഏക്കര്‍ വരെയുള്ള സ്ഥലം കൃഷിക്കായി ഉപയോഗിക്കാം എന്നാണ് കമ്പനിയുടെ ശുപാര്‍ശ. കര്‍ഷകര്‍ക്ക് പുതുതായി ചെയ്യുന്ന കൃഷിരീതി സംബന്ധിച്ച് പ്രത്യേകം പരിശീലനവും നല്‍കും. ഇതിന് പുറമെ നഴ്‌സറിയും തുടങ്ങും. ജെയ്ന്‍ കമ്പനി തന്നെയായിരിക്കും ഈ ഘട്ടത്തില്‍ പദ്ധതികള്‍ നടപ്പാക്കുക. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിക്കുള്ളില്‍ രണ്ടാംഘട്ടം പൂര്‍ത്തീകരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഒന്നാംഘട്ടവും രണ്ടാം ഘട്ടവും വിജയിച്ചാല്‍ കാപ്പി, പൈനാപ്പിള്‍, സുഗന്ധ്യവ്യഞ്ജനങ്ങള്‍ എന്നിവയിലേക്കും ഉന്നതി വ്യാപിപ്പിക്കാനുള്ള കാര്യങ്ങള്‍ മൂന്നാംഘട്ടത്തില്‍ ചെയ്യും. ഇത്രയുമാണ് കമ്പനിയുടെ പ്രോജക്ട് പ്രൊപ്പോസല്‍. അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പെരുമാട്ടി പഞ്ചായത്തിന് കോള കമ്പനി പദ്ധതി സമര്‍പ്പിച്ചിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ ജലാധിഷ്ഠിത പദ്ധതിയല്ലെങ്കില്‍ അനുമതി നല്‍കാം എന്ന നിലപാടിലാണ് പഞ്ചായത്ത് എത്തിച്ചേര്‍ന്നത്. പഞ്ചായത്തിന് പദ്ധതി നടത്തിപ്പില്‍ വ്യക്തമായ പ്രാതിനിധ്യം വേണമെന്ന് സര്‍ക്കാരിനോട് പെരുമാട്ടി പഞ്ചായത്ത് അധികൃതര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. അതേസമയം കോള കമ്പനി നേരിട്ട് മുഖ്യമന്ത്രിക്കും അനുമതി ആവശ്യപ്പെട്ട് പദ്ധതി രേഖ നല്‍കിയതായാണ് അറിവ്. അതിനാല്‍ സര്‍ക്കാര്‍ തീരുമാനമനുസരിച്ച് പഞ്ചായത്ത് പ്രവര്‍ത്തിക്കുമെന്ന് പെരുമാട്ടി പഞ്ചായത്ത് വൈസ്പ്രസിഡന്റും സാമൂഹ്യക്ഷേമസമിതി അംഗവുമായ സുരേഷ് പറയുന്നു: “കമ്പനി ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന പദ്ധതിരേഖയില്‍ അപകടകരമായ ഒന്നും തന്നെയില്ല. എന്നു മാത്രമല്ല ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്ന് പറയുന്നുമുണ്ട്. അതിനാല്‍ പഞ്ചായത്തിന് പദ്ധതി അനുവദിക്കുന്നതില്‍ തടസ്സങ്ങളില്ല. എന്നാല്‍ സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്”.

മാമ്പഴ സംസ്‌കരണ യൂണിറ്റ് എന്നത് കൊക്ക കോള വര്‍ഷങ്ങള്‍ക്ക് മുമ്പേ മുന്നോട്ടുവച്ച പ്രൊപ്പോസല്‍ ആയിരുന്നു എന്ന് പ്ലാച്ചിമട സ്വദേശികള്‍ പറയുന്നു. സമരസമിതി നേതാവായ അറുമുഖന്‍ പറയുന്നു: “എം.പി വീരേന്ദ്രകുമാര്‍, അന്ന് എംഎല്‍എയും ഇന്ന് മന്ത്രിയുമായ കെ. കൃഷ്ണന്‍കുട്ടി എന്നിവരെല്ലാം ചേര്‍ന്ന് ഒരു പ്ലാന്‍ ഉണ്ടായിരുന്നു, മാമ്പഴ സംസ്‌കരണ യൂണിറ്റ് കൊക്ക കോള പ്ലാന്റില്‍ തുടങ്ങാന്‍. സമരസമിതിക്ക് എതിര്‍പ്പില്ലെങ്കില്‍ തുടങ്ങാം എന്നായിരുന്നു. ഞങ്ങള്‍ പറ്റില്ല എന്ന് തന്നെ പറഞ്ഞു. കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ച് പോവുന്നതിന് മുമ്പായിരുന്നു ഈ ആലോചന. ഇപ്പോള്‍ അവര്‍ വീണ്ടും അള്‍ട്രാ ഹൈ ഡെന്‍സിറ്റി മാവ് കൃഷിയുമായി വരികയാണ്. പള്‍പ്പ് ഉണ്ടാക്കി വന്‍കിടക്കാര്‍ക്ക് മറിച്ചുകൊടുക്കുന്ന പദ്ധതി തന്നെയാവണം അവരുടെ ലക്ഷ്യം എന്ന് ഞങ്ങള്‍ കരുതുന്നു. കോള ഒന്നും കാണാതെ ഇവിടേക്ക് വരില്ല. കാര്‍ഷിക അടിസ്ഥാനത്തിലുള്ള വ്യവസായം മാത്രമേ പെരുമാട്ടി പഞ്ചായത്തില്‍ അനുവദിക്കാവൂ എന്ന് സര്‍ക്കാര്‍ മുമ്പ് തന്നെ തീരുമാനിച്ചിട്ടുള്ളതാണ്. അതുകൊണ്ട് ഇനി ഇവിടെ മറ്റ് വ്യവസായങ്ങള്‍ക്ക് തല്‍ക്കാലം സാധ്യതയില്ല. പക്ഷെ എന്ത് ആവശ്യത്തിനെത്തിയാലും ഞങ്ങള്‍ക്ക് മൂന്ന് കാര്യങ്ങളേ പറയാനുള്ളു. ഒന്ന്, ആദ്യം നഷ്ടപരിഹാരം തരിക. സാമൂഹിക പ്രതിബദ്ധതാ പരിപാടി നടപ്പാക്കും മുമ്പ് അവര്‍ തരണ്ടത് ഞങ്ങള്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാരമാണ്. രണ്ട്, ജലം അസംസ്‌കൃത വസ്തുവായുള്ള വ്യവസായം ഇവിടെ ഞങ്ങള്‍ അനുവദിക്കില്ല. മൂന്ന്, എന്ത് വ്യവസായം തുടങ്ങിയാലും അതിനുള്ള വെള്ളം അവിടെ നിന്ന് എടുക്കാന്‍ അനുവദിക്കില്ല.”

‘എനിക്ക് അറിവില്ല’- മന്ത്രി കെ കൃഷ്ണന്‍കുട്ടി

പ്ലാച്ചിമടക്കാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കൂടെ നില്‍ക്കും എന്ന് ഉറപ്പ് നല്‍കിയയാളാണ് ഇപ്പോള്‍ ജലവിഭവ വകുപ്പ് മന്ത്രിയായ കെ കൃഷ്ണന്‍കുട്ടി. കൊക്ക കോള മടങ്ങിവരുന്നത് സംബന്ധിച്ചും നഷ്ടപരിഹാര ബില്ല് സംബന്ധിച്ചും തനിക്ക് വ്യക്തമായ അറിവില്ല എന്ന് മന്ത്രി പ്രതികരിച്ചു. “സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചുകൊണ്ട് എന്തൊക്കെയോ ആക്ടിവിറ്റിക്കാണ് അവര്‍ അവിടേക്ക് വരുന്നതെന്ന് തോന്നുന്നു. വരുന്നു എന്ന് കേട്ടതല്ലാതെ എനിക്ക് അതിനെക്കുറിച്ച് അറിവില്ല. സര്‍ക്കാരില്‍ പ്രൊപ്പോസല്‍ തന്നതൊന്നും ഞാന്‍ കണ്ടിട്ടില്ല. അല്ലെങ്കിലും അവരുടെ സ്ഥലത്ത് അത്തരം പ്രോജക്ട് നടപ്പാക്കുന്നതിന് സര്‍ക്കാരിന്റെ അനുമതിയൊന്നും വേണ്ട. അല്ലാതെതന്നെ അത് ചെയ്യാവുന്നതേയുള്ളൂ. നഷ്ടപരിഹാര ബില്ല്, അത് കോടതിയില്‍ കിടക്കുന്നു. എനിക്കതിന്റെ വിവരങ്ങളൊന്നും അറിയില്ല. അന്വേഷിക്കണം.”

എന്നാല്‍ മന്ത്രിയുടെ വാദങ്ങള്‍ തെറ്റാണെന്ന് സമരസമിതി പറയുന്നു. നഷ്ടപരിഹാരം സംബന്ധിച്ച ഒരു കേസും കോടതിയിലില്ല. കോള പ്ലാച്ചിമടയില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ല എന്ന് പറഞ്ഞപ്പോള്‍ മറ്റ് കേസുകളും ഇല്ലാതായി. മന്ത്രി എല്ലാം അറിഞ്ഞുകൊണ്ട് അറിയാത്തതായി ഭാവിക്കുകയാണെന്നും സമരസമിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

(പതിനഞ്ച് ദിവസത്തിനുള്ളില്‍ ഡീം ലൈസന്‍സ്- സര്‍ക്കാര്‍ നിയമഭേദഗതി പ്ലാച്ചിമടയെ ബാധിക്കുമോ?- അത് അടുത്ത ഭാഗത്തില്‍)

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍