UPDATES

ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 75.5 ശതമാനം പോളിംഗ്

Avatar

അഴിമുഖം പ്രതിനിധി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ച് മണിക്ക് അവസാനിച്ച വോട്ടെടുപ്പില്‍ 75.5 ശതമാനം പോളിംഗ് നടന്നുവെന്ന് ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നു. ആദ്യഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് വയനാട്ടിലാണ്. 80 ശതമാനം വോട്ടര്‍മാരും ഇവിടെ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 72 ശതമാനവും കൊല്ലത്ത് 74 ശതമാനവും ഇടുക്കിയില്‍ 75 ശതമാനവും കോഴിക്കോട് 74 ശതമാനവും കണ്ണൂരില്‍ 76 ശതമാനവും കോഴിക്കോട് 76.5 ശതമാനവും പോളിങ് രേഖപ്പെടുത്തി. പോളിംഗിന്റെ അവസാന മണിക്കൂറുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരത്തും കൊല്ലത്തും കനത്ത മഴയെ അവഗണിച്ചാണ് വോട്ടര്‍മാര്‍ ബൂത്തിലെത്തിയത്. 31161 സ്ഥാനാര്‍ത്ഥികളുടെ ഭാവിയാണ് ഇന്ന് വോട്ടര്‍മാര്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ തീരുമാനിച്ചത്.

വെട്ട്, പൂട്ടിയിടല്‍, നായ്ക്കുരണ പൊടി പ്രയോഗം

തിരുവനന്തപരും ആനാട് വഞ്ചുവം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷമീമിനാണ് വെട്ടേറ്റത്. വോട്ടെടുപ്പിനിടെ ഒരു സംഘം ആളുകള്‍ പോളിംഗ് ബൂത്തിന് സമീപം ഷെമീമിനെ തടഞ്ഞു വച്ച് വെട്ടുകയായിരുന്നു. സിപിഐക്കാരനായ ഷെമീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ആളുകളാണ് ഷമീമിനെ വെട്ടിയത് എന്ന് എല്‍ഡിഎഫ് ആരോപിച്ചു. കണ്ണൂര്‍ എരമംപുത്തൂരില്‍ യുഡിഎഫ് ബുത്ത് ഏജന്റ് മന്‍സൂറിനെ തട്ടിക്കൊണ്ടുപോയി കക്കൂസില്‍ പൂട്ടിയിട്ടു. അക്രമത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് യുഡിഎഫ് ആരോപിച്ചു. ഇവിടെ രണ്ട് ബൂത്തുകള്‍ സിപിഐഎം കയ്യേറിയെന്നും ആരോപണം.

കൊല്ലം ചാത്തന്നൂര്‍ ആറാം വാര്‍ഡില്‍ ഉച്ചയ്ക്ക് ശേഷം പോളിംഗ് തടസ്സപ്പെട്ടു. ഇവിടെ റീപോളിംഗ് വേണമെന്ന് രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടു. മൂന്ന് മണിക്കൂറോളമാണ് വോട്ടെടുപ്പ് തടസ്സപ്പെട്ടത്. 200 ഓളം പേര്‍ക്ക് വോട്ട് ചെയ്യാനായില്ല. തിരുവനന്തപുരത്തും കണ്ണൂരും വെബ് കാസ്റ്റിംഗ് തടസ്സപ്പെടുത്തി. വ്യത്യസ്ത ഇടങ്ങളില്‍ വോട്ടു ചെയ്യാനെത്തിയ മൂന്നു പേര്‍ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂര്‍ വയക്കര പഞ്ചായത്തിലെ യുഡിഎഫ് ബൂത്ത് ഏജന്റ് യു പവിത്രന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു. കൊടുവള്ളി കിഴക്കോത്ത് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ അന്‍സാറിന് പരിക്കേറ്റു.

കാസര്‍ഗോഡ് ബിജെപി ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാണത്തൂര്‍ റാണിപുരം വാര്‍ഡിലെ ബിജെപി ബൂത്ത് ഏജന്റായിരുന്ന സുബീഷ് ആണ് മരിച്ചത്. കണ്ണൂരില്‍ ബിജെപി ബൂത്ത് ഏജന്റിനെ മര്‍ദ്ദിച്ചതായി ആരോപണം ഉണ്ടായി. വേങ്ങാട് പഞ്ചായത്തിലാണ് സംഭവം.

കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ദേഹത്ത് ചൂടുവെള്ളത്തില്‍ മുളക് പൊടിയും നായ്ക്കുരണ പൊടിയും കലക്കിയ മിശ്രിതം ഒഴിച്ചതായി പരാതി. കണ്ണൂര്‍ നാലാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചാരണം നാളെ അവസാനിക്കും. ഏഴ് ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഏഴാം തിയതി നടക്കും.

പിണറായി പറഞ്ഞത് എന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് ഉമ്മന്‍ചാണ്ടി

യുഡിഎഫ് ശിഥിലമാകുമെന്ന് പറഞ്ഞാല്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് വിട്ടുപോയവരെല്ലാം കുടുങ്ങിയിട്ടേയുള്ളൂ. പിണറായി വിജയന്‍ പറഞ്ഞത് എന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ നാലര വര്‍ഷമായി പിണറായി ഇതുതന്നെ പറയുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫിന് അനുകൂലമെന്ന് കാനം

എല്‍ഡിഎഫിന് അനുകൂലമായി ജനങ്ങള്‍ ചിന്തിക്കുന്നു എന്ന സൂചനയാണ് സംസ്ഥാനത്ത് നിന്ന് ലഭിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരം. മൂന്നാം മുന്നണി കേരളത്തിലില്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച വിജയം ഇടതുമുന്നണി നേടുമെന്ന് കാനം രാജേന്ദ്രന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

യുഡിഎഫിന് വന്‍ വിജയം: വീരേന്ദ്രകുമാര്‍

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് എല്ലായിടത്തും വന്‍ വിജയം നേടുമെന്ന് അഭിപ്രായപ്പെട്ട ജനതാദള്‍ യു നേതാവ് വീരേന്ദ്രകുമാര്‍ പാര്‍ട്ടി യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിക്കുകയും ചെയ്തു.

ഇല്ലാത്ത അവകാശ വാദം ഉന്നയിക്കുന്നില്ലെന്ന് ബിജെപി

കേരളത്തില്‍ ബിജെപിക്ക് 10 ശതമാനം സ്ഥലങ്ങളില്‍ മത്സരിക്കാന്‍ ആളില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ വെളിപ്പെടുത്തി. രണ്ടായിരം സീറ്റുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ല. ബിജെപിക്കുവേണ്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാനും പിന്തുണയ്ക്കാനും പ്രവര്‍ത്തിക്കാനും ആളില്ലാത്തത് കൊണ്ടാണ് ഈ സാഹചര്യമുണ്ടായത്. ഇല്ലാത്ത അവകാശ വാദം ഉന്നയിക്കാന്‍ ബിജെപി തയ്യാറല്ലെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന സിനിമാ താരം സുരേഷ് ഗോപി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍