‘സി.പി.ഐഎം, ലീഗിന്റെ മതേതരമുഖം അഴിഞ്ഞുവീണു എന്നൊക്കെയാണ് പറയുന്നത്. എന്താണ് വര്‍ഗ്ഗീയവാദമെന്ന് ആരാണ് തീരുമാനിക്കുന്നത്? എസ്.ഡി.പി.ഐയ്ക്ക് ലഭിക്കുന്നത് മതേതരവോട്ടുകളല്ല എന്നു പറയുന്നുണ്ടെങ്കില്‍ അത് വിശദീകരിക്കുകയും വേണം. ‘ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറുന്നതിനിടെ കേരള രാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടാന്‍ പോന്ന സംഭവമാണ് ഇന്നലെ മലപ്പുറത്തുണ്ടായത്. കെ.ടി.ഡി.സിയുടെ കൊണ്ടോട്ടിയിലെ ടാമറിന്റ് ഹോട്ടലില്‍ വച്ച് എസ്.ഡി.പി.ഐയുടെയും മുസ്ലിം ലീഗിന്റേയും നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചയാണ് ഇപ്പോള്‍ തര്‍ക്കവിഷയമായി മാറിയിരിക്കുന്നത്. ചര്‍ച്ച നടന്നിട്ടില്ലെന്ന് മുസ്ലിം ലീഗും, രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ഒരു കൂടിക്കാഴ്ച ഉണ്ടായിട്ടുണ്ടെന്ന് എസ്.ഡി.പി.ഐയും പ്രതികരിച്ചിട്ടുണ്ട്. ഇതിനിടെ യു.ഡി.എഫിന്റെ അറിവോടെയാണ് ചര്‍ച്ച നടന്നതെന്നാരോപിച്ച് എം.എല്‍.എ പിവി അന്‍വറും രംഗത്തെത്തിയിരുന്നു. വാദപ്രതിവാദങ്ങളിലൂടെ ചര്‍ച്ചയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ മുറുകുമ്പോള്‍, പുതിയ സംഭവവികാസങ്ങള്‍ പ്രതിഫലിക്കാന്‍ പോകുന്നത് മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
കൊണ്ടോട്ടിയിലെ ടാമറിന്‍ഡ് ഹോട്ടലില്‍ വച്ച് മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരും എസ്.ഡിപി.ഐ നേതാക്കളായ നാസറുദ്ദീന്‍ എളമരം, അബ്ദുള്‍ ഫൈസി എന്നിവരും ചര്‍ച്ച നടത്തിയെന്നു തെളിയിക്കുന്ന സി.സി.ടിവി ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. മലപ്പുറത്തും പൊന്നാനിയിലും മത്സരിക്കുന്ന മുസ്ലിം ലീഗ് നേതാക്കള്‍ക്ക് എസ്.ഡി.പി.ഐയുടെ പിന്തുണ തേടിക്കൊണ്ടുള്ള കൂടിക്കാഴ്ചയാണ് കൊണ്ടോട്ടിയില്‍ നടന്നതെന്നായിരുന്നു അഭ്യൂഹങ്ങള്‍. മലപ്പുറത്തും പൊന്നാനിയിലും ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി എസ്.ഡി.പി.ഐ ലീഗിന് വോട്ടു മറിക്കുന്നുവെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍, വളരെ ഗൗരവമായാണ് രാഷ്ട്രീയ കേരളം ഈ ചര്‍ച്ചയെ നോക്കിക്കാണുന്നത്. 2016ല്‍ മലപ്പുറം മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നുമില്ല. ഇരു രാഷ്ട്രീയ കക്ഷികളും പരസ്പര ധാരണയോടെയാണ് ഈ മണ്ഡലങ്ങളില്‍ മുന്നോട്ടു പോകുന്നതെന്ന് എതിര്‍ കക്ഷികള്‍ നേരത്തേ തന്നെ വാദമുയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിനോടടുത്ത് നടന്ന കൂടിക്കാഴ്ച ചര്‍ച്ചയാകുന്നതും.
യു.ഡി.എഫിന്റെ അറിവോടു കൂടിയാണ് ചര്‍ച്ച നടന്നതെന്നും, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നെന്നും എം.എല്‍.എ പിവി അന്‍വര്‍ ആരോപിച്ചിരുന്നു. എന്നാല്‍, തുടര്‍ന്നു നടന്ന വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ ഈ വാദം നിഷേധിക്കുകയും ചെയ്തു. ബെന്നി ബഹനാന്‍ പങ്കെടുത്തെന്നു തെളിയിക്കാനാകുമോ എന്നായിരുന്നു എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസിയുടെ മറുചോദ്യം. രണ്ടു രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയെ സി.പി.എം വര്‍ഗ്ഗീയവല്‍ക്കരിക്കുകയാണെന്നും, ബി.ജെ.പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളുമായും തങ്ങള്‍ ചര്‍ച്ച നടത്തുമെന്നും ആരോപണങ്ങളോടു പ്രതികരിച്ചുകൊണ്ട് ഫൈസി പറയുന്നു. ‘മുസ്ലിം ലീഗ് നേതാക്കളും ഞങ്ങളും തമ്മില്‍ കണ്ടിട്ടുണ്ട്. അതു നിഷേധിക്കാനാകില്ല, നിഷേധിക്കേണ്ട ആവശ്യവുമില്ല. രാഷ്ട്രീയമായ കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍, മണ്ഡലങ്ങളുമായി ബന്ധപ്പെട്ട ഗൗരവമുള്ള ചര്‍ച്ചകളിലേക്ക് അത് എത്തിയിട്ടില്ല. ഞങ്ങള്‍ പറയുന്നതും ലീഗ് പറയുന്നതും ശരിയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ലീഗിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു മണ്ഡലം പൊന്നാനിയാണ്. അവിടെ ഞങ്ങള്‍ വളരെ നേരത്തേ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മണ്ഡലം കണ്‍വെന്‍ഷന്‍ വരെ നടത്തിയതാണ്. വളരെ ലൈവായി ഞങ്ങള്‍ അവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, സഹായമാവശ്യപ്പെടുന്നതില്‍ ഔചിത്യമില്ലല്ലോ. അങ്ങിനെ ലീഗ് പറയുകയുമില്ല. അത്തരമൊരു ചര്‍ച്ചയൊന്നും വന്നിട്ടില്ല.
പത്തു മിനുട്ടേ സംസാരിച്ചിട്ടുള്ളൂ. പത്തു മിനുട്ടില്‍ സംസാരിക്കാവുന്ന കാര്യങ്ങളേ സംസാരിച്ചിട്ടുമുള്ളൂ. ഇക്കാര്യം പ്രധാനമായും ചര്‍ച്ചയാക്കുന്നത് സി.പി.എമ്മാണ്. രണ്ടു പാര്‍ട്ടികളിലെ മുസ്ലിം നേതാക്കളാണല്ലോ തമ്മില്‍ കണ്ടിരിക്കുന്നത്. ഞങ്ങളെ ഒരു വര്‍ഗ്ഗീയപ്പാര്‍ട്ടിയായി ചിത്രീകരിച്ച്, ഈ ചര്‍ച്ചയെ മതമൗലികവാദികളുടെ സംഗമമായി അവതരിപ്പിക്കുകയാണ്. അങ്ങിനെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുക എന്നൊരു ചിന്തയും സി.പി.എമ്മിനുണ്ട്. സി.പി.എമ്മിന്റെ അന്തര്‍ധാര വര്‍ഗ്ഗീയമാണ്. മുസ്ലിങ്ങളും ദളിതരും സ്വത്വബോധമുയര്‍ത്തിപ്പിടിച്ചുകൊണ്ട് സംഘടിക്കുന്നതിനെ വര്‍ഗ്ഗീയമായിക്കാണുന്ന പാര്‍ട്ടിയാണ് സി.പി.എം, ലീഗിന്റെ മതേതരമുഖം അഴിഞ്ഞുവീണു എന്നൊക്കെയാണ് പറയുന്നത്. എന്താണ് വര്‍ഗ്ഗീയവാദമെന്ന് ആരാണ് തീരുമാനിക്കുന്നത്? എസ്.ഡി.പി.ഐയ്ക്ക് ലഭിക്കുന്നത് മതേതരവോട്ടുകളല്ല എന്നു പറയുന്നുണ്ടെങ്കില്‍ അത് വിശദീകരിക്കുകയും വേണം. ഈ തെരഞ്ഞെടുപ്പില്‍ കേരളം അതു ചര്‍ച്ച ചെയ്യട്ടെ. ആരുടെ വോട്ടാണ് വര്‍ഗ്ഗീയം, ആരുടേതാണ് മതേതരം എന്ന്.’
മുന്‍കൂട്ടി ആസൂത്രണം ചെയ്ത ചര്‍ച്ചയല്ല നടന്നതെന്ന് മുസ്ലിം ലീഗ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, പൊന്നാനിയില്‍ സഹായമഭ്യര്‍ത്ഥിക്കാനാണ് എസ്.ഡി.പി.ഐയെ കണ്ടതെന്ന വാദത്തെ അനുകൂലിക്കുന്നവരാണ് ഭൂരിഭാഗവും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് 47,000വും പൊന്നാനിയില്‍ 26,000വും ആയിരുന്നു എസ്.ഡി.പി.ഐയുടെ വോട്ട്. തുടര്‍ന്ന് 2016ല്‍ ഇ അഹമ്മദ് എംപിയുടെ മരണത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പുണ്ടായപ്പോള്‍, എസ്.ഡി.പി.ഐയുമായി കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തിയിരുന്നെന്നും, ഇതിനെത്തുടര്‍ന്നാണ് അന്ന് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്നതെന്നുമുള്ള ആരോപണങ്ങള്‍ മണ്ഡലത്തില്‍ ശക്തമായിത്തന്നെ ഉയര്‍ന്നിരുന്നു. നിലവില്‍ മലപ്പുറം മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് വലിയ വോട്ട് ഷെയര്‍ ഉണ്ടെങ്കിലും, പൊന്നാനിയില്‍ ഇ.ടിയ്ക്കെതിരായി കോണ്‍ഗ്രസിനുള്ളില്‍ വികാരം ശക്തമായിരുന്നു. പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ മത്സരിക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രമേയവും പാസ്സാക്കിയിരുന്നു. ഇതിനിടെയാണ് പ്രദേശത്തെ ജനവികാരത്തെ ശക്തമായി സ്വാധീനിച്ചേക്കാവുന്ന ലീഗ്-എസ്.ഡി.പി.ഐ ചര്‍ച്ചയുടെ വാര്‍ത്തകളും പുറത്തുവരുന്നത്. ചര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം അതൃപ്തരാണ്.
അതേസമയം, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇക്കാര്യം തെരഞ്ഞെടുപ്പില്‍ ശക്തമായിത്തന്നെ പരിഗണിക്കുമെന്നാണ് സി.പി.എം പ്രാദേശിക നേതാക്കളുടെ പക്ഷം. ചര്‍ച്ചയില്‍ നടന്നിരിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് മന്ത്രി കെ.ടി ജലീല്‍ ലീഗിനും എസ്.ഡി.പി.ഐക്കും നേരെ ഉയര്‍ത്തുന്നത്. ‘രഹസ്യമായിരുന്ന ഒരു കൂട്ടുകെട്ട് പരസ്യമായിരിക്കുകയാണ്. രണ്ട് നിയോജകമണ്ഡലങ്ങളിലും പരാജയം മണത്തു തുടങ്ങിയിരിക്കുന്നു എന്നതിന്റെ ലക്ഷണമാണിത്. തങ്ങള്‍ എതിര്‍ക്കുന്നു എന്ന് ലീഗ് വാദിക്കുന്ന ഒരു വിഭാഗവുമായി ഇത്തരമൊരു രഹസ്യബാന്ധവത്തിന് തയ്യാറായി എന്നത് അതിന്റെ തെളിവാണ്. മുസ്ലിം തീവ്രവാദത്തെ ഞങ്ങളോളം എതിര്‍ക്കുന്നവരില്ല എന്നാണ് ലീഗിന്റെ അവകാശവാദം. അതാണിപ്പോള്‍ പൊളിഞ്ഞുവീണിരിക്കുന്നത്. ലീഗിന്റെ മതേതര മുഖം മൂടി അഴിഞ്ഞു വീണിരിക്കുന്നു. പെരുമാറ്റച്ചട്ട ലംഘനം കൂടിയാണ് നടന്നിരിക്കുന്നത്. ഇവര്‍ കൂടിക്കാഴ്ച നടത്തിയെന്നു പറയപ്പെടുന്ന സ്ഥാപനം സര്‍ക്കാരിന്റേതാണ്. തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നതിനാല്‍ ജനപ്രതിനിധികള്‍ക്ക് ഇത്തരം സ്ഥാപനങ്ങള്‍ ഉപയോഗിക്കാനാകില്ല. ഈ ചട്ടം നിലനില്‍ക്കുമ്പോഴാണ് രണ്ട് സിറ്റിംഗ് എംപിമാര്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കെട്ടിടത്തിലെ മുറിയില്‍ ചര്‍ച്ച നടത്തിയിരിക്കുന്നത്. സി.സി ടിവി ഉള്ളകാര്യം ഇവര്‍ അറിയാതിരുന്നതുകൊണ്ടാണ് കാര്യം പുറത്തുവന്നത്. ലീഗിന്റെ കാലങ്ങളായുള്ള രഹസ്യമാണ് സിസിടിവി പുറത്തുകൊണ്ടുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ഇതിനോട് ശക്തമായി പ്രതികരിക്കും. ഒരു പറ്റം നേതാക്കളെക്കൊണ്ട് എസ്.ഡി.പി.ഐയെയും ജമാഅത്ത് ഇസ്ലാമിയെയും നിശിതമായി വിമര്‍ശിപ്പിക്കുക, എന്നിട്ട് മുതിര്‍ന്ന നേതാക്കളെക്കൊണ്ട് ഇതേ സംഘടനകളുടെ നേതാക്കളെ വിളിപ്പിച്ച് പാര്‍ട്ടിക്ക് ഇതില്‍ പങ്കില്ല എന്നു പറയിപ്പിക്കുകയും ചെയ്യുന്ന അടവുനയമാണ് ലീഗിന്റേത്. ഒരേ സമയം വര്‍ഗ്ഗീയവാദികളുടെ വോട്ടും മതേതരവാദികളുടെ വോട്ടും കുട്ടയിലാക്കാനുള്ള പരിപാടിയാണ് നടത്തിക്കൊണ്ടിരുന്നത് അതാണിപ്പോള്‍ പൊളിഞ്ഞു പോയത്.’
മലപ്പുറത്തും പൊന്നാനിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയിടയില്‍ ഇതിനോടകം തന്നെ മുളപൊട്ടിക്കഴിഞ്ഞിരിക്കുന്ന അതൃപ്തിയും, ഇരു പാര്‍ട്ടികളും തമ്മിലുണ്ടെന്ന് ആരോപിക്കപ്പെടുന്ന രഹസ്യകൂട്ടുകെട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകളും തന്നൊയായിരിക്കും ഈ മണ്ഡലങ്ങളില്‍ ഇനി മുന്നിട്ടു നില്‍ക്കാന്‍ പോകുന്നത്. പൊന്നാനിയില്‍ സഹായം ചോദിച്ചാണ് ലീഗ് തങ്ങളെ സന്ദര്‍ശിച്ചതെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ പറഞ്ഞതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തിരുന്നുവെങ്കിലും, അത്തരം കാര്യങ്ങള്‍ ആവശ്യപ്പെടാതിരിക്കാനുള്ള വകതിരിവ് ലീഗിനുണ്ടെന്നാണ് അബ്ദുല്‍ മജീദ് ഫൈസിയുടെ ഇപ്പോഴത്തെ പ്രതികരണം. എസ്.ഡി.പി.ഐ വോട്ടുകള്‍ എല്ലാ കാലത്തും ഓഡിറ്റ് ചെയ്യപ്പെട്ടിരുന്ന മലപ്പുറം പൊന്നാനി മണ്ഡലങ്ങളില്‍ ഇത്തവണ തെരഞ്ഞെടുപ്പ് കൂടുതല്‍ ചൂടുപിടിക്കുമെന്നതില്‍ തര്‍ക്കമില്ല.