പ്രചരണം അവസാനിക്കുമ്പോള്‍ വലിയ വിജയങ്ങള്‍ നേടാനാവാമെന്ന പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും
ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍. ഇന്ന് വൈകിട്ട് അഞ്ചിന് കൊട്ടിക്കലാശം. പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ അവസാനവട്ട വോട്ടുറപ്പിക്കലിലാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ക്ക് ശേഷമുള്ള നിലയ്ക്ക് കേരളം ഈ തിരഞ്ഞെടുപ്പിനെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ശബരിമല, രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം, മുസ്ലിം ലീഗിനെതിരായുള്ള വിവാദ പരമാര്‍ശങ്ങള്‍, കോ-ലീ-ബി സഖ്യ ആരോപണങ്ങള്‍, വീഡിയോ വിവാദം- അങ്ങനെ നിരവധി കാര്യങ്ങള്‍ ചര്‍ച്ചയായ തിരഞ്ഞെടുപ്പ് പ്രചാരണ കാലഘട്ടം കൂടിയായിരുന്നു കഴിഞ്ഞ ഒന്നരമാസം.
സ്ഥാനാര്‍ഥികളെ ആദ്യം പ്രഖ്യാപിച്ച് മണ്ഡലങ്ങളില്‍ പ്രചാരണത്തില്‍ മുന്‍തൂക്കം നേടി എല്‍ഡിഎഫ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം വൈകിയതിനൊപ്പം രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വമാണ് ഏറെക്കുറെ ആഴ്ചകളോളം വാര്‍ത്തകളില്‍ നിറഞ്ഞതും കേരളം ചര്‍ച്ച ചെയ്തതും. ആഴ്ചകളുടെ സസ്പന്‍സിന് ശേഷം കേരളത്തില്‍ നിന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ഥി മത്സരിക്കുന്നു എന്ന പ്രഖ്യാപനം യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തോടെ ഏറ്റെടുത്തു. ഇതോടെ വയനാട് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലങ്ങളിലൊന്നായി മാറി.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പും ശേഷവും കേരളത്തില്‍ ചര്‍ച്ചയായ മറ്റൊരു വിഷയമാണ് ശബരിമല. സെപ്തംബര്‍ 28-ന് സുപ്രീംകോടതി വിധി വന്നതിന് ശേഷം കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളില്‍ മാറ്റമുണ്ടായി. ഈ മാറ്റം രാഷ്ട്രീയമണ്ഡലത്തിലും പ്രതിഫലിച്ചു. വിശ്വാസ സംരക്ഷണ ദൗത്യം ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ഏറ്റെടുത്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉന്നയിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം ഇലക്ഷന്‍ കമ്മീഷന്‍ നല്‍കി. എന്നാല്‍ തുടക്കം മുതല്‍ തന്നെ ഇലക്ഷന്‍ കമ്മീഷനെ വെല്ലുവിളിച്ചുകൊണ്ട് ശബരിമല മുഖ്യ അജണ്ടയായി തന്നെ ബിജെപി ഉപയോഗിച്ചു. മുന്നണികള്‍ തമ്മില്‍ ഈ വിഷയത്തില്‍ വാക്‌പോരുണ്ടായി. ചട്ടലംഘനം കാട്ടി റിപ്പോര്‍ട്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേശപ്പുറത്തെത്തി. എന്നാല്‍ പ്രചാരണമവസാനിക്കുമ്പോഴും ശബരിമലയെ തന്നെ മുഖ്യസ്ഥാനത്ത് ഉറപ്പിക്കുകയാണ് ബിജെപി ചെയ്തത്.
ദേശീയ നേതാക്കളുടെ കേരളത്തിലേക്കുള്ള ഒഴുക്കാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായതിന് പുറമെ പ്രിയങ്ക ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, നിര്‍മ്മല സീതാരാമന്‍ തുടങ്ങി നിരവധി ദേശീയ നേതാക്കള്‍ മണ്ഡലങ്ങള്‍ തോറും പ്രചരണത്തിനിറങ്ങി. സര്‍വേകള്‍ പലത് വന്നതില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന റിപ്പോര്‍ട്ട് പ്രതീക്ഷയോടെയാണ് ബിജെപിക്കാര്‍ ഏറ്റെടുത്തത്.
വിവാദങ്ങളും കുറവായിരുന്നില്ല. കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. രാഘവനെതിരെ കേസെടുത്തു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി കോടികള്‍ ആവശ്യപ്പെടുന്നു എന്ന് ആരോപിക്കപ്പെടുന്ന വീഡിയോ പുറത്ത് വിട്ടത് ദേശീയ മാധ്യമമാണ്. ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനല്‍ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശിക്കപ്പെട്ടു. വിജയരാഘവനെതിരെ കേസെടുക്കില്ല. എന്നാല്‍ അധിക്ഷേപിച്ച് സംസാരിച്ച വിജയരാഘവനെതിരെ രമ്യയും യുഡിഎഫ് നേതാക്കളും ഇപ്പോഴും രംഗത്തുണ്ട്. മുസ്ലിം ലീഗ് വൈറസാണെന്ന യോഗി ആദിത്‌നാഥിന്റെ പരാമര്‍ശവും ലീഗിനെ അധിക്ഷേപിച്ചുകൊണ്ടുള്ള ബിജെപി നേതാക്കളുടെ തുടര്‍ പരാമര്‍ശങ്ങളും ഒട്ടേറെ ചര്‍ച്ചയായി. മുസ്ലിം ജനതയെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായി.
രാഹുലിന്റെ സ്ഥാനാര്‍തിത്വം സംബന്ധിച്ച് എല്‍ഡിഎഫ്-ബിജെപി നേതാക്കള്‍ ഉന്നയിച്ച വിമര്‍ശനങ്ങളും ചര്‍ച്ചയായി. വടകരയിലെ കോ-ലീ-ബി സഖ്യ ആരോപണവും കൊല്ലത്തെ ബിജെപി വോട്ട് ചോര്‍ച്ചയുമെല്ലാം ഇപ്പോഴും സജീവ ചര്‍ച്ചാ വിഷയങ്ങളാണ്.
പ്രചരണം അവസാനിക്കുമ്പോള്‍ വലിയ വിജയങ്ങള്‍ നേടാനാവാമെന്ന പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. 11 സീറ്റില്‍ വിജയം ഉറപ്പിച്ചെന്നും കൊല്ലം, പൊന്നാനി, ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളില്‍ കടുത്ത മത്സരം നടക്കുന്നു എന്നുമാണ് സിപിഎം വിലയിരുത്തല്‍. രാഹുല്‍ പ്രഭാവവും ശബരിമല പ്രചാരണവും തടയാന്‍ കഴിഞ്ഞു. കാല്‍ലക്ഷം കുടുംബയോഗങ്ങളിലൂടെ 40 ലക്ഷം വോട്ടര്‍മാരോട് നേരിട്ട് സംസാരിക്കാന്‍ കഴിഞ്ഞു എന്നും സിപിഎം വിലയിരുത്തുന്നു. വര്‍ഗീയതയ്‌ക്കെതിരെ വോട്ട് തേടുന്ന സിപിഎം ആത്മവിശ്വാസത്തിലാണ്. അതേസമയം രാഹുല്‍ ഗാന്ധിയുടെ വരവോടെ കേരളത്തിലെ 18 സീറ്റെങ്കിലും പിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തങ്ങള്‍ക്കനുകൂലമാവുമെന്നും അവര്‍ കണക്കുകൂട്ടുന്നു. തിരുവനന്തപുരവും പത്തനംതിട്ടയും വിജയസാധ്യതയേറിയ മണ്ഡലങ്ങളായാണ് ബിജെപി കണക്കാക്കുന്നത്. മറ്റ് മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനത്തില്‍ വര്‍ധനയുണ്ടാക്കാനാവുമെന്നും എന്‍ഡിഎ പ്രതീക്ഷിക്കുന്നു. കേരളം വിധിയെഴുതാന്‍ ഒരു ദിനം ബാക്കി നില്‍ക്കെ മൂന്ന് മുന്നണികളും പ്രതീക്ഷയിലാണ്.
അതേസമയം, സംസ്ഥാനത്ത് വോട്ടെടുപ്പിനായുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. ഇക്കുറി 2 കോടി 61 ലക്ഷം വോട്ടർമാരാണ് ഉള്ളത്. 1 കോടി 26 ലക്ഷം പേർ പുരുഷമാരും ഒരു കോടി 34 ലക്ഷം പേർ സ്ത്രീകളും 174 പേർ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ്. വോട്ടർമാരിൽ 288 ലക്ഷം പേര്‍ കന്നിവോട്ടർമാരാണ്.
വോട്ടെടുപ്പുകള്‍ക്കായി 24, 970 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിക്കുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഉണ്ടാകും. 44,427 ബാലറ്റ് യൂണിറ്റുകളും 32,746 കൺട്രോൾ യൂണിറ്റുകളും 257 സട്രോങ് റൂമുകളും 57 വോട്ടെണ്ണൽ കേന്ദ്രങ്ങളും തയ്യാറാക്കും. മലപ്പുറം ജില്ലയിലാണ് കൂടുതൽ വോട്ടർമാരും കൂടുതൽ പോളിംഗ് ബുത്തുകളും ഉള്ളത്. വയനാട്ടിലാണ് ഏറ്റവും കുറവ്.
അതേസമയം, 24, 970 പോളിംഗ് ബൂത്തുകളിൽ 5,886 എണ്ണം പ്രശ്നബാധിതമായി കണക്കാക്കുന്നതായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ. 219 എണ്ണത്തിന് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചട്ടം ലംഘിച്ചതിന്റെ പേരിൽ സംസ്ഥാനമാകെ 15 ലക്ഷത്തോളം പോസ്റ്ററുകൾ കമ്മീഷൻ നീക്കി. പെരുമാറ്റച്ചട്ടം നിലവിൽവന്നശേഷം സംസ്ഥാനത്ത‌് അനധികൃതമായി കൈവശംവച്ച 31 കോടി രൂപയുടെ വസ്തുക്കളും പിടിച്ചെടുത്തതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.