UPDATES

തിരുവനന്തപുരം-നിര്‍മല സീതാരാമന്‍, പത്തനംതിട്ട-കുമ്മനം രാജശേഖരന്‍, ബിജെപിയോട് സ്ഥാനാര്‍ഥികളെ നിര്‍ദ്ദേശിച്ച് ആര്‍എസ്എസ്

ശബരിമല അയ്യപ്പഭക്ത സംഗമം കൂടി കഴിഞ്ഞതോടെ സംസ്ഥാന ബിജെപിയെ പൂര്‍ണമായും  ആര്‍എസ്എസ് നിയന്ത്രിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.

കേരളത്തില്‍ അക്കൗണ്ട് ഓപ്പണിങ്ങിന് എല്ലാവിധ സാധ്യതകളും തിരഞ്ഞ് ബിജെപി. തിരുവനന്തപുരത്ത് ശശി തരൂരിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക എന്നതിനൊപ്പം സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റ് മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. തിരുവനന്തപുരം മണ്ഡലത്തില്‍ നിര്‍മലാ സീതാരാമനെ സ്ഥാനാര്‍ഥിയാക്കി, കഴിഞ്ഞ തവണ ഏറെക്കുറെ ഉറപ്പിച്ച വിജയം നഷ്ടമായ മണ്ഡലം പിടിക്കുക എന്ന ഉദ്ദേശമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. അതിനൊപ്പം ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട മണ്ഡലത്തില്‍ കുമ്മനം രാജശേഖരനെ ഇറക്കി വിജയം നേടാമെന്ന പ്രതക്ഷയിലാണ് പാര്‍ട്ടി നേതൃത്വം. ആര്‍എസ്എസ് നേതൃത്വമാണ് ഇരുവരുടേയും പേരുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. ആര്‍എസ്എസും ബിജെപി സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വത്തില്‍ ഇതിനായി സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

ശബരിമല വിഷയം മുന്‍ നിര്‍ത്തി തന്നെ കേരളത്തില്‍ കാമ്പയിന്‍ നടത്താനാണ് ബിജെപിയുടെ നീക്കം. ശബരിമല കര്‍മ്മ സമിതി ശബരിമല വിഷയം ഏറ്റെടുത്തത് മുതല്‍ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സംഘപരിവാര്‍ സംഘടനകള്‍ എല്ലാം ഒന്നായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ആര്‍എസ്എസ് ആയിരുന്നു ഇതിനെല്ലാം ചുക്കാന്‍ പിടിച്ചിരുന്നത്. ഒടുവില്‍ നടന്ന അയ്യപ്പ ഭക്തസംഗമം വിജയിപ്പിക്കുന്നതില്‍ ആര്‍എസ്എസിന്റെ പങ്ക് സംഘടനാ നേതൃത്വവും മറ്റ് പരിവാര്‍ നേതാക്കളും എടുത്ത് പറയുകയും ചെയ്തു. ഇതോടെ സംസ്ഥാന ബിജെപിയെ പൂര്‍ണമായും  ആര്‍എസ്എസ് നിയന്ത്രിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. ഇതില്‍ സംസ്ഥാന നേതാക്കളില്‍ പലര്‍ക്കും അമര്‍ഷമുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനശക്തിയാവാന്‍ ആര്‍എസ്എസിന് കഴിയുമെന്ന വിശ്വാസമാണ് നേതൃത്വത്തിനുള്ളത്. ഇത്തവണ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നേരിട്ടിറങ്ങി പ്രവര്‍ത്തിക്കുമെന്ന് മേലധ്യക്ഷന്‍മാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. പത്തനംതിട്ടയും തിരുവനന്തപുരവും ആണ് വിജയസാധ്യതയുള്ള മണ്ഡലങ്ങളായി ആര്‍എസ്എസ് നേതൃത്വം കണക്കാക്കുന്നത്. ഈ രണ്ട് മണ്ഡലങ്ങളില്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കാനാണ് സംഘടനയുടെ തീരുമാനം. മറ്റിടങ്ങളില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനനുസരിച്ച് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാമെങ്കിലും തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ തങ്ങള്‍ സ്ഥാനാര്‍ഥിയെ നിര്‍ദ്ദേശിക്കുമെന്നാണ് ബിജെപി നേതൃത്വത്തോട് ആര്‍എസ്എസ് അറിയിച്ചിട്ടുള്ളതെന്ന് പാര്‍ട്ടിയിലെ ചില നേതാക്കള്‍ പറയുന്നു.

നിര്‍മ്മല സീതാരാമന്റെ പേര് തിരുവനന്തപുരത്തേക്ക് നിര്‍ദ്ദേശിച്ചതും ആര്‍എസ്എസ് നേതൃത്വമാണ്. കുമ്മനം രാജശേഖരന്റെ പേരാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ ആദ്യം ഉയര്‍ന്ന് കേട്ടത്. എന്നാല്‍ കുമ്മനം രാജശേഖരന്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണെന്ന ധാരണയാണ് നേതൃത്വത്തിനുള്ളത്. അതിനാല്‍ ശശി തരൂരിന് മികച്ച എതിരാളിയായി കേന്ദ്ര പ്രതിരോധ മന്ത്രി കൂടിയായ നിര്‍മ്മല സീതാരാമനെ കൊണ്ടുവന്ന് കുമ്മനം രാജശേഖരനെ പത്തനംതിട്ടയില്‍ നിര്‍ത്താമെന്ന ആലോചനകളാണ് പുരോഗമിക്കുന്നത്. കുമ്മനത്തിന് പൊതുവെയുള്ള സ്വീകാര്യതയും, ആറന്‍മുള വിമാനത്താവളത്തിനെതിരായ സമരവും, ശബരിമല വിഷയവും പത്തനംതിട്ടയില്‍ അദ്ദേഹം വിജയിക്കാനുള്ള സാധ്യതയായി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം പത്തനംതിട്ടയില്‍ മത്സരിക്കാനെത്തുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് പാര്‍ട്ടി നേതൃത്വം. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ പത്തനംതിട്ട മണ്ഡലത്തില്‍ ബിജെപിക്ക് സാധ്യത ചിലരെങ്കിലും സംശയിക്കുന്നുണ്ട്. എന്നാല്‍ കുമ്മനം ഇറങ്ങിയാല്‍ ഈ സമവാക്യങ്ങള്‍ അട്ടിമറിച്ച് വിജയം നേടാം എന്നും നേതൃത്വവും പ്രവര്‍ത്തകരും പ്രതീക്ഷ വയ്ക്കുന്നു.

Also Read: Breaking/ശബരിമല കൊയ്യാന്‍ ബിജെപി, ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് നിര്‍മല സീതാരാമനെ മത്സരിപ്പിക്കാന്‍ ആലോചന

2014ലെ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരവും കാസര്‍കോഡും കഴിഞ്ഞാല്‍ ബിജെപിക്ക് ഏറ്റവുമധികം വോട്ട് കിട്ടിയ മണ്ഡലമായിരുന്നു പത്തനംതിട്ട. എം ടി രമേശ് 1,38,954 വോട്ടുകളാണ് മണ്ഡലത്തില്‍ നേടിയത്. 2009-ലെ തിരഞ്ഞെടുപ്പില്‍ ആന്റോ ആന്റണി നേടിയ അത്രയും ഭൂരിപക്ഷം നേടാനായില്ലെങ്കിലും വന്‍ ഭൂരിപക്ഷത്തിലാണ് ആന്റോ 2014-ലും ജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടേയും ബിജെപി സ്ഥാനാര്‍ഥിയുടേയും വോട്ടില്‍ വര്‍ധനവുണ്ടാവുകയും ചെയ്തു. 2009ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.കെ അനന്തഗോപന്‍ 2,97,026 വോട്ടുകള്‍ നേടിയപ്പോള്‍ 2014ല്‍ പീലിപ്പോസ് തോമസ് 3,02,651 വോട്ടുകള്‍ സ്വന്തമാക്കി.2009-ലെ ബിജെപി സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണ മേനോന് 56,294 വോട്ടുകളായിരുന്നു ലഭിച്ചത്. നോട്ടയ്ക്ക് 16,538 വോട്ടുകളും പത്തനംതിട്ടയില്‍ രേഖപ്പെടുത്തപ്പെട്ടു. കുമ്മനത്തെപ്പോലെ ശക്തനായ ഒരു മത്സരാര്‍ഥിയെ നിര്‍ത്തിയാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിജയം നേടാനാവും എന്നതാണ് ആര്‍എസ്എസ് പ്രതീക്ഷ.

നിലവിലെ എംപി ശശി തരൂരിനോട് കിടപിടിക്കുന്ന എതിരാളിയെ വേണമെന്ന ആലോചനയില്‍ നിന്നാണ് നിര്‍മ്മലാ സീതാരാമന്റെ പേര് ഉയര്‍ന്ന് വന്നത്. ഓഖി ചുഴലിക്കാറ്റ് നാശംവിതച്ചപ്പോള്‍ വിഴിഞ്ഞത്തെത്തി തീരദേശ ജനതയുടെ കയ്യടി നേടിയ നിര്‍മ്മലയ്ക്ക് ബിജെപിക്ക് ഏറ്റവുമധികം വേരോട്ടമുള്ള തിരുവനന്തപുരത്തെ കയ്യിലാക്കാന്‍ കഴിയുമെന്നാണ് നേതാക്കളുടെ വിശ്വാസം. 2014ലെ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്നു മണ്ഡലത്തില്‍ ബിജെപി. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം നിയമസഭാ മണ്ഡലങ്ങളിലെല്ലാം ലീഡ് നേടിയത് ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലായിരുന്നു. ഒരു വേള വിജയം രാജഗോപാല്‍ സ്വന്തമാക്കും എന്ന നിലവരെയെത്തി. എന്നാല്‍ പാറശാല, കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ വലിയതോതില്‍ ലീഡ് ഉയര്‍ത്തി ശശി തരൂര്‍ വിജയിച്ചു. എന്നാല്‍ 15,470 ഭൂരിപക്ഷത്തിനായിരുന്നു ജയം. ശശിതരൂര്‍ 2,97,806 വോട്ടുകളും, രാജഗോപാല്‍ 2,82,336 വോട്ടുകളും, സിപിഐ സ്ഥാനാര്‍ഥി ബെന്നറ്റ് എബ്രഹാം 2,48941 വോട്ടുകളുമാണ് മണ്ഡലത്തില്‍ നിന്ന് നേടിയത്. 3346 വോട്ടുകള്‍ നോട്ടയായിരുന്നു. 2009ലെ തിരഞ്ഞെടുപ്പില്‍ 3,26,725 വോട്ടുകള്‍ നേടിയ ശശി തരൂര്‍ 99,998 വോട്ടുകള്‍ക്കായിരുന്നു സിപിഐ സ്ഥാനാര്‍ഥി അഡ്വ. പി. രാമചന്ദ്രന്‍ നായരെ പരാജയപ്പെടുത്തിയത്. അന്ന് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന പി കെ കൃഷ്ണദാസ് 84,094 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തായി.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ ബിജെപി ആദ്യമായി ഒ രാജഗോപാലിലൂടെ തന്നെ അക്കൗണ്ട് ഓപ്പണ്‍ ചെയ്തു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. അതിനാല്‍ തന്നെ ബിജെപി ഏറെ പ്രതീക്ഷിക്കുന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം. ദേശീയ നേതാവിനെ സ്ഥാനാര്‍ഥിയായി എത്തിച്ചാല്‍ വിജയം ഉറപ്പിക്കാമെന്നാണ് പ്രവര്‍ത്തകരുടേയും നേതൃത്വത്തിന്റെയും പ്രതീക്ഷ.

Also Read: ശബരിമല വോട്ടായാല്‍ ഈ അഞ്ചു മണ്ഡലങ്ങളില്‍ അട്ടിമറി നടക്കുമോ?

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍