UPDATES

ട്രെന്‍ഡിങ്ങ്

‘വരത്തന’ല്ല, ഇപ്പോള്‍ തിരുവനന്തപുരത്തിന്റെ സ്വന്തം ശശി തരൂര്‍

മൂന്നാം അങ്കത്തിലും തരൂര്‍ ചുവടുറപ്പിക്കുമോ അതോ ചുവട് പിഴക്കുമോ?

2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ ചേരുകയും മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ ശശി തരൂര്‍ പാലക്കാട് മത്സരിച്ചേക്കും എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ശശി തരൂരും സിപിഎമ്മിലെ യുവനേതാവ് എംബി രാജേഷും ഏറ്റുമുട്ടിയേക്കും എന്ന അഭ്യൂഹങ്ങള്‍ വന്നു. പിന്നീട് ശശി തരൂര്‍ പാലക്കാടോ തിരുവനന്തപുരമോ എന്ന് ആവുകയും സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പാലക്കാട് തിരഞ്ഞെടുക്കാതെ കൂടുതല്‍ സുരക്ഷിതമായ തിരുവനന്തപുരം തരൂര്‍ തിരഞ്ഞെടുക്കുകയുമായിരുന്നു. വര്‍ഷങ്ങളായി പ്രവാസിയായിരുന്നെങ്കിലും പാലക്കാട് ശശി തരൂരിന്റെ നാടാണ്.

മാത്രമല്ല നയതന്ത്രജ്ഞനും വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസഡറും കോട്ടയം ഉഴവൂര്‍ സ്വദേശിയുമായിരുന്ന കെആര്‍ നാരായണന്‍ 1984ല്‍ ഒറ്റപ്പാലം മണ്ഡലം ഇടതുപക്ഷത്തില്‍ നിന്ന് പിടിച്ചെടുത്ത ചരിത്രം കോണ്‍ഗ്രസിന് മുന്നിലുണ്ടായിരുന്നു. 1997ല്‍ രാഷ്ട്രപതിയും 1992ല്‍ ഉപരാഷ്ട്രപതിയും ആകുന്നതിന് മുമ്പ് മൂന്ന് തവണ ഒറ്റപ്പാലത്ത് നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഎമ്മിന്റെ ശക്തമായ കോട്ടയായ ഒറ്റപ്പാലമാണ് 1984ല്‍ കെആര്‍ നാരായണന്‍ തകര്‍ത്തത്. 89ലും 91ലും അദ്ദേഹം തന്നെ ഒറ്റപ്പാലത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2009ല്‍ സിപിഎമ്മിലെ പ്രതിസന്ധിയും ഭിന്നതകളും വിഭാഗീയതയും മൂര്‍ച്ഛിച്ച് നിന്ന സമയത്ത് ആദ്യമായി തിരഞ്ഞെടുപ്പ് മത്സരത്തിന് രംഗത്തെത്തിയ എംബി രാജേഷ് വെറും 1820 വോട്ടിനാണ് കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനിയെ തോല്‍പ്പിച്ചത്. എന്നാല്‍ പാലക്കാട് മത്സരിക്കാന്‍ തയ്യാറാകാതെ തിരുവനന്തപുരമാണ് ശശി തരൂര്‍ തിരഞ്ഞെടുത്തത്. ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിനാണ് (99,998 വോട്ട്) തരൂര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഐയുടെ പി രാമചന്ദ്രന്‍ നായരെ തോല്‍പ്പിച്ചത്. 2009 മേയ് 28ന് മന്‍മോഹന്‍ സിംഗിന്റെ രണ്ടാം യുപിഎ മന്ത്രിസഭയില്‍ വിദേശകാര്യ സഹ മന്ത്രിയായി. എഴുത്തുകാരന്‍, നയതന്ത്രജ്ഞന്‍, പ്രഭാഷകന്‍ എന്നീ നിലകളിലെല്ലാം 90കള്‍ മുതല്‍ ശശി തരൂര്‍ ആഗോള ശ്രദ്ധ നേടിയിരുന്നു. ഏഴുത്തുകാരനും നയതന്ത്രജ്ഞനും യുഎന്‍ ഉന്നത ഉദ്യോഗസ്ഥനും മലയാളിയുമെന്ന നിലയില്‍ ശശി തരൂര്‍ ഇക്കാലത്ത് തന്നെ കേരളത്തില്‍ പരിചിതനായിരുന്നു.

ജനനം, കുടുംബം, വിദ്യാഭ്യാസം

1956 മാര്‍ച്ച് ഒമ്പതിന് പാലക്കാട് തരൂര്‍ സ്വദേശികളായ ചന്ദ്രന്‍ തരൂരിന്റേയും ലില്ലി തരൂരിന്റേയും മകനായി ലണ്ടനിലാണ് ശശി തരൂരിന്റെ ജനനം. ലണ്ടന്‍, ബോംബെ, കല്‍ക്കട്ട, ഡല്‍ഹി തുടങ്ങി വിവിധ നഗരങ്ങളില്‍ ശശി തരൂരിന്റെ പിതാവ് ജോലി ചെയ്തിരുന്നു. ശശി തരൂരിന്റെ സ്‌കൂള്‍ വിദ്യാഭ്യാസവും ഇന്ത്യയിലെ വിവിധ നഗരങ്ങളിലായിട്ടായിരുന്നു. തരൂരിന്റെ പിതൃസഹോദരന്‍ തരൂര്‍ പരമേശ്വരന്‍ റീഡേഴ്‌സ് ഡൈജസ്റ്റ് സ്ഥാപക എഡിറ്ററാണ്.

1962ല്‍ കുടുംബം ലണ്ടനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിയ ശേഷം തമിഴ്‌നാട്ടില്‍ സേലത്തിന് സമീപം യേര്‍ക്കാട് മോണ്ട്‌ഫോര്‍ട്ട് ബ്രദേഴ്‌സ് സെന്റ് ഗബ്രിയേല്‍ സ്‌കൂളിലായിരുന്നു തരൂരിന്റെ വിദ്യാഭ്യാസം ആദ്യം. 1963ല്‍ കുടുംബം ബോംബെയിലേയ്ക്ക് മാറി. ബോംബെയിലെ കാംപ്യന്‍ സ്‌കൂളില്‍ 1968 വരെ പഠിച്ചു. കല്‍ക്കട്ടയിലെ സെന്റ് സേവ്യേഴ്‌സ് കോളേജ്യേറ്റ് സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിഎ ഹിസ്റ്ററി ബിരുദം. 1975ല്‍ തുടര്‍പഠനത്തിനായി ശശി തരൂര്‍ യുഎസിലേയ്ക്ക് പോയി. ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ദ ഫ്‌ളെച്ചര്‍ സ്‌കൂള്‍ ഓഫ് ലോ ആന്‍ഡ് ഡിപ്ലോമസിയില്‍ നിന്ന് എംഎ ലോ ആന്‍ഡ് ഡിപ്ലോമസി ബിരുദം. 22ാം വയസില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പിഎച്ച്ഡി. ഫ്‌ളെച്ചര്‍ സ്‌കൂളിലെ പഠന കാലത്ത് മികച്ച വിദ്യാര്‍ത്ഥിക്കുള്ള റോബര്‍ട്ട് ബി സ്റ്റിവാര്‍ട്ട് പ്രൈസ്. ഫ്‌ളെച്ചര്‍ ഫോറം ഓഫ് ഇന്റര്‍നാഷണല്‍ അഫെയര്‍സിന്റെ ആദ്യ എഡിറ്റര്‍.

നയതന്ത്ര ജീവിതം, യുഎന്‍

1978ല്‍ ജനീവയില്‍ യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ ഓഫീസ് (യുഎന്‍എച്ച്‌സിആര്‍) സ്റ്റാഫ് ആയാണ് ശശി തരൂരിന്റെ നയതന്ത്ര ജീവിതം തുടങ്ങുന്നത്. 1981 മുതല്‍ 84 വരെ യുഎന്‍എച്ച്‌സിആര്‍ സിംഗപ്പൂര്‍ തലവനായി പ്രവര്‍ത്തിച്ചു. ബോട്ട് പീപ്പിള്‍ എന്നറിയപ്പെട്ട വിയറ്റ്‌നാമീസ് അഭയാര്‍ത്ഥികളുടെ പ്രശ്‌നം പരിഹരിക്കുന്നതിലും രക്ഷാപ്രവര്‍ത്തനങ്ങളിലും തരൂര്‍ യുഎന്‍എച്ച്‌സിആറിന്റെ നേതൃത്വത്തിലുണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തരൂര്‍ വിജയകരമായി പങ്ക് വഹിച്ചു. യുഎന്‍ എച്ച്‌സിആര്‍ തിരഞ്ഞെടുത്ത ആദ്യ സ്റ്റാഫ് ചെയര്‍മാനായി. 1989ല്‍ സ്‌പെഷല്‍ പൊളിറ്റിക്കല്‍ അഫയര്‍സ് അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയി. 1996ല്‍ യൂഗോസ്ലാവ്യന്‍ ആഭ്യന്തര യുദ്ധത്തില്‍ യുഎന്‍ പീസ് കീപ്പിംഗ് ഓപ്പറേഷന്‍സിന് ടീമിനെ നയിച്ചു.

1996ല്‍ ശശി തരൂരിനെ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്റെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ആയും കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് സ്‌പെഷല്‍ പ്രോജക്ട്‌സ് ഡയറക്ടറായും നിയമിതനായി. 2001ല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഇടക്കാല തലവനായും അസിസ്റ്റന്റ് സെക്രട്ടറി ജനറലായും ശശി തരൂരിനെ നിയമിച്ചു. 2002ല്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍. 2003ല്‍ മള്‍ട്ടി ലിംഗ്വലിസം കോര്‍ഡിനേറ്റര്‍ ചുമതല. ജൂത വിരുദ്ധത (ആന്റി സെമിറ്റിസം) സംബന്ധിച്ചും 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് ശേഷം മുസ്ലീം വിരുദ്ധത (ഇസ്ലാമോഫോബിയ) സംബന്ധിച്ചും ആദ്യമായി യുഎന്‍ സെമിനാര്‍ സംഘടിപ്പിച്ചത് ശശി തരൂര്‍ ആണ്.

യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് മത്സരം, ബാന്‍ കി മൂണിനോട് പരാജയം

2006ല്‍ ശശി തരൂര്‍ യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ചു. തരൂര്‍ ദക്ഷിണ കൊറിയയുടെ ബാന്‍ കി മൂണിനോട് പരാജയപ്പെട്ടു. ജയിച്ചിരുന്നെങ്കില്‍ ദാഗ് ഹമ്മര്‍ഷോള്‍ഡിന് ശേഷം യുഎന്‍ സെക്രട്ടറി ജനറലാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകുമായിരുന്നു ശശി തരൂര്‍. 50ാം വയസിലാണ് തരൂര്‍ മത്സരിച്ചത്. ദാഗ് ഹമ്മര്‍ഷോള്‍ഡ് സെക്രട്ടറി ജനറലായത് 46 വയസില്‍. വലിയ പ്രചാരണമാണ് ഒരു ഇന്ത്യക്കാരന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ചപ്പോള്‍ ഉണ്ടായത്. തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഇന്ത്യയ്ക്ക് അന്താരാഷ്ട്ര സമൂഹത്തില്‍ വലിയ പ്രാധാന്യം നല്‍കുമെന്ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ദേശീയ സുരക്ഷ ഉപദേഷ്ടാവ് എംകെ നാരായണനും കരുതിയിരുന്നു.

ഘാന സ്വദേശിയായ കോഫി അന്നാന്‍ പല വിഷയങ്ങളിലും സ്വതന്ത്രവും ശക്തവുമായ നിലപാടുകളിലൂടെ അമേരിക്കയെ അസ്വസ്ഥരാക്കിയിരുന്നു. ശശി തരൂര്‍ കോഫി അന്നനെ പോലെ പ്രവര്‍ത്തിക്കുമെന്നും ഇത്തരത്തില്‍ സ്വതന്ത്ര നിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന ശക്തനായ ഒരു സെക്രട്ടറി ജനറല്‍ യുഎന്നിന് വേണ്ട എന്ന നിലപാടിലുമാണ് തരൂരിനെ പരാജയപ്പെടുത്താന്‍ യുഎസ് ശ്രമിച്ചത് എന്ന് അക്കാലത്ത് യുഎന്നിലെ യുഎസ് അംബാസഡറായിരുന്ന ജോണ്‍ ബോള്‍ട്ടന്‍ വെളിപ്പെടുത്തിയിരുന്നു. അന്നത്തെ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് ആണ് ഈ നിര്‍ദ്ദേശം നല്‍കിയത്. യുഎന്‍ രക്ഷാസമിതിയില്‍ ഒരു സ്ഥിരാംഗം പോലും ബാന്‍ കി മൂണിനെ വീറ്റോ ചെയ്തില്ല. യുഎസ് തരൂരിനെ വീറ്റോ ചെയ്തു. പരാജയത്തിന് ശേഷം യുഎന്നില്‍ തുടരാനുള്ള ബാന്‍ കി മൂണിന്റെ ക്ഷണം തരൂര്‍ നിരസിച്ചു.

രാഷ്ട്രീയത്തിലേയ്ക്ക്

യുഎന്നില്‍ നിന്ന് രാജി വച്ച ശേഷം 2007 ഫെബ്രുവരിയില്‍ തരൂര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേയ്ക്ക് വന്നേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തരൂരിനെ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായി നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനിടെ ആഗോളതലത്തില്‍ പല പ്രധാന സ്ഥാപനങ്ങളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ ശശി തരൂര്‍ പ്രവര്‍ത്തിച്ചു.

തന്നെ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ബിജെപിക്കാരും സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസ് ആണ് ഉചിതമായി തോന്നിയത് എന്നും ശശി തരൂര്‍ പറഞ്ഞു. തരൂര്‍ തിരുവനന്തപുരവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വരത്തന്‍ ആണെന്ന തരത്തിലുള്ള പ്രചാരണമെല്ലാം എതിരാളികള്‍ നടത്തിയെങ്കില്‍ തരൂര്‍ ഒരു ലക്ഷത്തിനടുത്ത് വോട്ടുകള്‍ക്ക് ജയിച്ചു. വിദേശകാര്യ സഹമന്ത്രിയായി. 2014ലെ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരമാണ് ബിജെപിയിലെ ഒ രാജഗോപാലില്‍ നിന്ന് ശശി തരൂര്‍ തിരുവനന്തപുരത്ത് നേരിട്ടത്. ഒരു ഘട്ടത്തില്‍ വിജയിച്ചു എന്ന് വരെ കരുതിയ രാജഗോപാലിനെ അവസാനഘട്ടത്തില്‍ പിന്നിലാക്കി 14,000ല്‍ പരം വോട്ടിന് തരൂര്‍ രണ്ടാം തവണ ലോക്‌സഭയിലെത്തി.

മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും തരൂര്‍ അറിയപ്പെട്ടു. കാലാവധി പൂര്‍ത്തിയാകുന്ന സഭയില്‍ 16 സ്വകാര്യ ബില്ലുകളാണ് തരൂര്‍ അവതരിപ്പിച്ചത്.

ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം, വിവാദങ്ങള്‍

മന്ത്രിയായിരിക്കെ പ്രസ്താവനകളിലൂടെ തരൂര്‍ വിവാദമുണ്ടാക്കി. വിമാനത്തിലെ എക്കണോമി ക്ലാസിനെ കന്നുകാലി ക്ലാസ് (cattle class) എന്ന് വിളിച്ചതായിരുന്നു ഇതിലൊന്ന്. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരരായി കരുതപ്പെടുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി അടക്കമുള്ളവര്‍ യുഎസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യ വിസ ചട്ടങ്ങളില്‍ മാറ്റം വരുത്തി. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളെ ശശി തരൂര്‍ എതിര്‍ത്തു. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ തരൂരിന്റെ നിലപാട് വിവാദമായി. പാകിസ്താനുമായുള്ള ഇന്ത്യയുടെ ചര്‍ച്ചയില്‍ സൌദി അറേബ്യക്ക് മധ്യസ്ഥത വഹിക്കാന്‍ കഴിയുമെന്ന ശശി തരൂരിന്റെ വിലയിരുത്തല്‍ വിവാദമായി. ഇന്ത്യ, പാക് ഉഭയകക്ഷി ചര്‍ച്ചകള്‍ അല്ലാതെ കാശ്മീര്‍ പ്രശ്‌നത്തിലടക്കം മൂന്നാം കക്ഷിയുടെ മധ്യസ്ഥത വേണ്ട എന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായിരുന്നു ഇത്.

പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ശശി തരൂരിന് ബന്ധമുണ്ട് എന്ന് ആരോപിച്ചുകൊണ്ട് ഭാര്യ സുനന്ദ പുഷ്‌കര്‍ പറഞ്ഞ കാര്യങ്ങള്‍ വിവാദമായി. മെഹര്‍ ഐസ്‌ഐ ഏജന്റ് ആണ് എന്ന് സുനന്ദ ആരോപിച്ചു. ഐപിഎല്ലുമായി ബന്ധപ്പെട്ടും തരൂര്‍ വിവാദത്തില്‍ പെട്ടു. 2014 ജനുവരിയില്‍ ഡല്‍ഹി ലീല പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ശശി തരൂരിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. മരണം കൊലപാതകമാണ് എന്ന് ആരോപിക്കപ്പെട്ടു. തരൂരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിച്ച സംഭവമായിരുന്നു ഇത്. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തരൂരിനെ തന്നെ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണത്തിന് ഉത്തരവാദി ശശി തരൂരാണെന്ന റിപ്പബ്ലിക് ടിവിയുടെ ആരോപണം നിയമയുദ്ധത്തിലേയ്ക്ക് നീങ്ങിയിരുന്നു.

എഴുത്തുകാരന്‍

1989ല്‍ പുറത്തിറങ്ങിയ ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ ആണ് ആദ്യ ശ്രദ്ധേയ പുസ്തകം. ഇന്ത്യ ഫ്രം മിഡ്‌നൈറ്റ് ടു മില്ലെനിയം ആന്‍ഡ് ബിയോണ്ട്, നെഹ്രു ദ ഇന്‍വെന്‍ഷന്‍ ഓഫ് ഇന്ത്യ, ദ എലിഫന്റ് ടൈഗര്‍ ആന്‍ഡ് ദ സെല്‍ഫോണ്‍, റയട്ട്, ആന്‍ എറ ഓഫ് ഡാര്‍ക്‌നെസ്, വൈ അയാം എ ഹിന്ദു, ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ തുടങ്ങി നിരവധി ശ്രദ്ധേയ പുസ്തകങ്ങള്‍ രചിച്ചു.

മൂന്നാം തവണയും ലോക് സഭയിലെത്തുമോ?

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഐയുടെ സി ദിവാകരനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. തരൂരിന് എഴുതിത്തള്ളാന്‍ കഴിയുന്ന എതിരാളിയല്ല ദിവാകരന്‍. ബിജെപി കുമ്മനം രാജശേഖരനെ മത്സരിപ്പിച്ചേക്കും എന്ന് കരുതുന്നു. മൂന്നാം അങ്കത്തിലും തരൂര്‍ ചുവടുറപ്പിക്കുമോ അതോ ചുവട് പിഴക്കുമോ എന്ന് മേയ് 23ന് അറിയാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍