UPDATES

കേരളം

കഴിഞ്ഞ തവണത്തെ പോലെ അപ്രിയ വോട്ടുകള്‍ നോട്ടയ്ക്ക് പോകുമോ? അതോ രമ്യയ്ക്കോ? ആലത്തൂരില്‍ പികെ ബിജുവിന്റെ സാധ്യതകള്‍/ മണ്ഡലങ്ങളിലൂടെ

പി.കെ ബിജുവെന്ന, ചുരുങ്ങിയ കാലംകൊണ്ടുതന്നെ കരുത്ത്‌തെളിയിച്ച, പാര്‍ലമെന്റേറിയനെ തളയ്ക്കാന്‍ ഒരു പുതുമുഖത്തിന് കഴിയുമോ?

ഒരു പതിറ്റാണ്ടിന്റെ ചരിത്രം മാത്രം അവകാശപ്പെടാനുള്ള ലോക്സഭാ മണ്ഡലമാണ് ആലത്തൂര്‍. പാലക്കാട്-തൃശൂര്‍ ജില്ലകളിലായി പരന്നുകിടക്കുന്ന, എല്‍.ഡി.എഫിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലം. കേരളത്തിലെ രണ്ട് സംവരണ മണ്ഡലങ്ങളില്‍ ഒന്ന്. തരൂര്‍, ചിറ്റൂര്‍, നെന്‍മാറ, ആലത്തൂര്‍, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയമസഭ മണ്ഡലങ്ങളാണ് ആലത്തൂരിന്റെ കരുത്ത്. ഇതില്‍ ആറിടത്തും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷമാണ് വിജയിച്ചത്. വടക്കാഞ്ചേരിയില്‍ വെറും 43 വോട്ടുകളുടെ ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര വിജയിച്ചതാണ് യു.ഡി.എഫിന് ആകെയുള്ള ആശ്വാസം. അതുകൊണ്ടുതന്നെ മണ്ഡലത്തിന്റെ നിറം പൂര്‍ണ്ണമായും ചുവപ്പാണെന്ന് നിസ്സംശയം പറയാം.

കേരളപ്പിറവിക്കു മുന്‍പ് പൊന്നാനി ലോകസഭാമണ്ഡലത്തിന്റെ ഭാഗമായിരുന്നു ആലത്തൂര്‍. ശേഷം, 1977-മുതല്‍ ഒറ്റപ്പാലമായി. പാലക്കാട് ജില്ലയിലെ തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, മണ്ഡലങ്ങളും തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര വടക്കാഞ്ചേരി, കുന്നംകുളം നിയമസഭാ മണ്ഡലങ്ങളും ചേര്‍ന്നതായിരുന്നു ഒറ്റപ്പാലം ലോകസഭാമണ്ഡലം. ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കെ. കുഞ്ഞമ്പുവായിരുന്നു ജേതാവ്. 1980-ല്‍ അന്നത്തെ എസ്.എഫ്.ഐ നേതാവായിരുന്ന എ.കെ. ബാലന്‍ മണ്ഡലം പിടിച്ചെടുത്തു. 1984-ലാണ് പ്രമുഖ നയതന്ത്രജ്ഞനായ കെ.ആര്‍. നാരായണനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരുന്നത്. ഒറ്റപ്പാലത്തെ വോട്ടര്‍മാര്‍ക്ക് അപരിചിതനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ദേശീയ വ്യക്തിപ്രഭാവം കോണ്‍ഗ്രസിന് തുണയായി. വോട്ടര്‍മാര്‍ തുടര്‍ച്ചയായി മൂന്നുതവണ അദ്ദേഹത്തെ പാര്‍ലമെന്റിലേക്കയച്ചു.

1993-ല്‍ കെ.ആര്‍. നാരായണന്‍ ഉപരാഷ്ട്രപതിയായതോടെ ഉപതിരഞ്ഞെടുപ്പ് നടന്നു. എസ്. ശിവരാമനെന്ന അന്നത്തെ യുവ നേതാവിലൂടെ സി.പി.എം. മണ്ഡലം തിരിച്ചുപിടിച്ചു. കെ. കെ. ബാലകൃഷ്ണനെതിരെ ഒരുലക്ഷത്തി മുപ്പതിനായിരത്തില്‍പരം വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷം നേടിയായിരുന്നു ശിവരാമന്റെ വിജയം. പിന്നീടൊരിക്കലും കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല. 1996-മുതല്‍ 2004-വരേ തുടര്‍ച്ചയായി സി.പി.എമ്മിന്റെ എസ്. അജയകുമാറായിരുന്നു വിജയി. 2008-ലെ മണ്ഡല പുനര്‍നിര്‍ണ്ണയത്തോടെ ഇന്നുകാണുന്ന ആലത്തൂര്‍ മണ്ഡലം നിലവില്‍വന്നു. അന്നുമുതല്‍ പി. കെ. ബിജുവാണ് ലോക്‌സഭയില്‍ ആലത്തൂരിനെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ തവണ ‘നോട്ടയ്ക്ക്’ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ചതും ഈ മണ്ഡലത്തിലായിരുന്നു.

എന്നാല്‍ വടകര, കാസര്‍ഗോഡ് മണ്ഡലങ്ങള്‍ പോലെ ഇടതുപക്ഷത്തിന്റെ വലിയ കോട്ടയൊന്നുമല്ല ആലത്തൂര്‍. കെ.ആര്‍. നാരായണനെപ്പോലെ ശക്തനായ ഒരു എതിര്‍സ്ഥാനാര്‍ത്ഥിയുടെ അഭാവമാണ് എല്‍.ഡി.എഫിന്റെ വിജയം അനായാസമാക്കുന്നത്. താരതമ്യേന കൂടുതല്‍ മത്സരം നടക്കുന്ന പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ എം.ബി രാജേഷ് ഒരു ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമ്പോഴാണ് പി. കെ. ബിജു മുപ്പതിനായിരത്തോളം വോട്ടുകള്‍ക്ക് വിജയിക്കുന്നത്. ആലത്തൂര്‍ മണ്ഡലത്തിലെ എല്‍.ഡി.എഫിന്റെ ശക്തിയും, ബിജുവിന്റെ മെച്ചപ്പെട്ട പ്രതിച്ഛായയും വെച്ചുനോക്കുമ്പോള്‍ അത് അത്ര വലിയ ഭൂരിപക്ഷമൊന്നുമല്ല. ഒരു ഘട്ടത്തില്‍ ബിജുവിനു പകരം പല പ്രമുഖരുടേയും പേരുകള്‍ സി.പി.എം പരിഗണിച്ചിരുന്നു. മണ്ഡലത്തിലെ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം പാര്‍ട്ടിക്കകത്തുതന്നെ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയതാണ്. ഈ സൂചനകളെല്ലാം ഉള്‍കൊണ്ട് പ്രവര്‍ത്തിക്കാനായാല്‍ മാത്രമേ യു.ഡി.എഫിന് ആലത്തൂരില്‍ എന്തെങ്കിലുമൊരു ചലനമുണ്ടാക്കാന്‍ സാധിക്കൂ.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പു മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാകും. 2011-ല്‍ തരൂര്‍ മണ്ഡലത്തില്‍ എ. കെ. ബാലന്‍ ഇരുപത്തി അയ്യായിരത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. എന്നാല്‍ ഇതേ മണ്ഡലത്തില്‍ നിന്നും 2014-ല്‍ പി.കെ. ബിജുവിന് നേടാനായത് വെറും 4900 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ്. 2011-ല്‍ ആലത്തൂര്‍ മണ്ഡലത്തില്‍ എം. ചന്ദ്രന്‍ ജയിച്ചത് 24741 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. എന്നാല്‍ ബിജുവിലേക്കെത്തുമ്പോള്‍ അത് പതിനായിരമായി കുറഞ്ഞു. കെ. രാധാകൃഷ്ണന്‍ കാല്‍ ലക്ഷത്തോളം വോട്ടുകള്‍ക്ക് വിജയിച്ച ചേലക്കരയില്‍ ബിജുവിന് നേടാനായത് വെറും മുവ്വായിരത്തോളം വോട്ടുകള്‍ മാത്രമാണ്. മറ്റു മണ്ഡലങ്ങളിലെയും സ്ഥിതി ഇങ്ങനെയൊക്കെത്തന്നെയാണ്.

ആലത്തൂരിലെ ഇടതുപക്ഷത്തിന് പ്രാമുഖ്യമുള്ള മണ്ഡലങ്ങളില്‍ എന്തുകൊണ്ടാണ് വോട്ട് കുറഞ്ഞത് എന്ന് 2014-ല്‍ എല്‍.ഡി.എഫിനെ ഇരുത്തി ചിന്തിപ്പിച്ചിരുന്നു. അതിനെകുറിച്ച് അന്വേഷണം നടത്തണമെന്ന് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആവശ്യം ഉയരുകയും ചെയ്തു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആലത്തൂരും തരൂരുമെല്ലാം വമ്പിച്ച ഭൂരിപക്ഷമാണ് ഇടതുപക്ഷം നേടിയിരിക്കുന്നത്. എന്നാല്‍ അതിലെത്രത്തോളം ഇത്തവണ ബിജുവിന് നേടാനാകുമെന്ന കാര്യത്തില്‍ ഇടതുപക്ഷത്തിനുതന്നെ ആശങ്കയുണ്ട്.

ബി.ജെ.പിക്ക് വോട്ടു വര്‍ധിപ്പിക്കാം എന്ന ഒരു സാധ്യത മാത്രമാണുള്ളത്. നെന്മാറ, ചേലക്കര, കുന്നംകുളം ഭാഗങ്ങളില്‍ ബി.ഡി.ജെ.എസ്സിന് അല്‍പം സ്വാധീനമുണ്ട്. ശബരിമല വിഷയത്തിന്റെ കൂടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഈഴവ വോട്ടുകള്‍ സ്വരൂപിക്കാന്‍ ബി.ജെ.പി ശ്രമിക്കും. അങ്ങിനെ വരുമ്പോള്‍ അത് ഏത് മുന്നണിയെ പ്രതികൂലമായി ബാധിക്കുമെന്നത് പ്രവചനാതീതമാണ്. ചിറ്റൂരുള്‍പ്പടെയുള്ള ജനതാദളിന്റെ ശക്തികേന്ദ്രങ്ങള്‍ ഇത്തവണ എല്‍.ഡി.എഫിനൊപ്പമാണ് എന്നതില്‍ അവര്‍ക്ക് ആശ്വസിക്കാം.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയുടെ ബ്രിഗേഡില്‍ നിന്നും വരുന്ന രമ്യാ ഹരിദാസാണ്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മികച്ച വാഗ്മിയും സംഘാടകയുമൊക്കെയാണ് രമ്യ. പക്ഷെ, ആലത്തൂര്‍ പോലെയുള്ള ഒരു മണ്ഡലത്തില്‍ വിജയിക്കാന്‍ അതുമാത്രം മതിയാവില്ല.

സി.പി.എമ്മിന്റെ സംഘടനാ ശക്തിയെ മറികടന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് എത്രത്തോളം സാധിക്കും? ബി.ജെ.പി വര്‍ധിപ്പിക്കാനിടയുള്ള വോട്ടുകള്‍ ഏതു പാളയത്തില്‍ നിന്നാകും ചോരുക? പി.കെ ബിജുവെന്ന, ചുരുങ്ങിയ കാലംകൊണ്ടുതന്നെ കരുത്ത്‌തെളിയിച്ച, പാര്‍ലമെന്റേറിയനെ തളയ്ക്കാന്‍ ഒരു പുതുമുഖത്തിന് കഴിയുമോ? കാത്തിരുന്ന് കാണാം.©

മണ്ഡലങ്ങളിലൂടെ


1.
 
ഇത്തവണയും വികസനം ചര്‍ച്ച ചെയ്ത് കാസറഗോഡ്


2. സിപിഎമ്മിന് ആത്മവിശ്വാസം പകരുന്ന ഒന്നേകാല്‍ ക്ഷത്തിന്റെ ഭൂരിപക്ഷം; എന്നാല്‍ കണ്ണൂരിന് ആരോടും അമിത മമതയില്ലെന്നത് ചരിത്രം


3. കൊലപാതക രാഷ്ട്രീയം ചോരചിന്തിയ നാട്ടിടവഴികളുള്ള വടകര


4. പ്രളയാനന്തര മുറിവും കര്‍ഷകന്റെ കണ്ണീരുമാണ് ഇന്ന് വയനാട്


5. 
ജനകീയ എം.പിക്ക് ജനകീയ എംഎല്‍എയുടെ വെല്ലുവിളി; ആര്‍ക്കും പിടിതരാത്ത കോഴിക്കോട് 


6. പച്ചക്കമ്പ് കുത്തിവച്ചാല്‍ പോലും ജയിക്കുമെന്ന് ലീഗുകാര്‍ ഊറ്റം കൊള്ളുന്ന മലപ്പുറം, ഇത്തവണ ചരിത്രം തിരുത്തുമോ?

7. മികച്ച പ്രതിച്ഛായയുള്ള എം പി, കാലുവാരലിന്റെ കയ്ക്കുന്ന ചരിത്രം, വി എസിനോട് ഏറ്റുമുട്ടിയതിന്റെ കരുത്ത്; പാലക്കാട്ടെ ത്രികോണ മത്സരം ഇങ്ങനെ

വേനൽചൂടും തെരഞ്ഞെടുപ്പ് ചൂടും ഒന്നിച്ച് വന്നാൽ പിന്നെ വാർത്തകൾക്കെങ്ങനെ ചൂട് പിടിക്കാതിരിക്കും. കൂടുതൽ വാർത്തകൾക്ക് അഴിമുഖം സന്ദർശിക്കൂ

സുഫാദ് ഇ മുണ്ടക്കൈ

സുഫാദ് ഇ മുണ്ടക്കൈ

വയനാട് സ്വദേശി; സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍