UPDATES

ട്രെന്‍ഡിങ്ങ്

തിരുവനന്തപുരത്ത് ഇത്തവണ ‘പെയ്ഡ്’ അല്ല: ദിവാകരന്‍ മത്സരിച്ചേക്കുമെന്ന് സൂചന

നിലവില്‍ ജനങ്ങളെ സ്വാധീനിച്ച് വോട്ട് പിടിക്കാന്‍ സിപിഐയ്ക്ക് തിരുവനന്തപുരത്തുള്ള സ്ഥാനാര്‍ത്ഥി ദിവാകരനാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ആര് മത്സരിക്കുമെന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളായി. 2014ലെ തെരഞ്ഞെടുപ്പില്‍ ബെനറ്റ് എബ്രഹാം മത്സരിക്കുകയും കാശ് വാരിയെറിഞ്ഞിട്ടും മൂന്നാം സ്ഥാനത്തായതിന്റെയും നാണക്കേട് ഇന്നും സിപിഐയെ വേട്ടയാടുമ്പോള്‍ ഇത്തവണ ആര് മത്സരിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. സിപിഐയുടെ സീറ്റാണ് തിരുവനന്തപുരം. ഇത്തവണയും സീറ്റ് ധാരണയില്‍ മാറ്റമൊന്നുമില്ല.

അതേസമയം സിപിഐയ്ക്ക് വേണ്ടി ആര് മത്സരിക്കുമെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ഒരുവശത്ത് ശശി തരൂര്‍ തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചു. മറ്റൊരു വശത്ത് ബിജെപിയുടെ പ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. ഇതാണ് എല്‍ഡിഎഫിനെ ഇരുത്തി ചിന്തിപ്പിക്കുന്നത്. കാനം രാജേന്ദ്രന്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളാണ് ഇത് സംബന്ധിച്ച് പരക്കുന്നത്. പക്ഷെ കാനത്തിന് ജയിക്കാനുള്ള ജനകീയ പിന്തുണയുണ്ടോയെന്ന് പലരും ചിന്തിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിക്ക് സംസ്ഥാന നിര്‍വാഹക സമിതി യോഗവും നാളെ രാവിലെ പത്ത് മണിക്ക് സംസ്ഥാന കൗണ്‍സില്‍ യോഗവും ചേരും. എട്ട് ജില്ലാ കൗണ്‍സിലുകള്‍ നിര്‍ദ്ദേശിച്ച മൂന്ന് പേര്‍ വീതമുള്ള പാനലില്‍ നിന്നായിരിക്കും സംസ്ഥാന നിര്‍വാഹക സമിതി പട്ടിക തയ്യാറാക്കുക. ആവശ്യമായ മാറ്റങ്ങളോടെ നാളെ കൗണ്‍സില്‍ പട്ടികയ്ക്ക് അംഗീകാരം നല്‍കാം.

അതേസമയം പാര്‍ലമെന്ററി രാഷ്ട്രീയത്തിനില്ലെന്നാണ് കാനം രാജേന്ദ്രന്റെ നിലപാട്. സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്ററും പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ രാജാജി മാത്യു തോമസും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ‘എല്ലാ സ്ഥലങ്ങളിലും ഒന്നാം തിയതി ജില്ലാ കമ്മിറ്റികള്‍ കൂടി ഒരു പാനല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ന് രണ്ടരയാകുമ്പോള്‍ സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് അത് പരിശോധിക്കും. അതില്‍ നിന്നും ഒരു ധാരണയുണ്ടാക്കും. അതില്‍ നിന്നുള്ള നിര്‍ദ്ദേശം നാളെ സ്‌റ്റേറ്റ് കൗണ്‍സിലിന് സമര്‍പ്പിക്കും. അവിടെ നിന്നാണ് ഒരു ചിത്രം തയ്യാറാകുക. അപ്പോഴും ചിത്രം തയ്യാറാകണമെന്നില്ല. പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാനുള്ള ഭരണഘടനാപരമായ അവകാശം കേന്ദ്ര എക്‌സിക്യൂട്ടീവിനാണ്. കേന്ദ്ര എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത് ആറും ഏഴും തിയതികളിലാണ്. അവിടെ നിന്നാണ് പ്രഖ്യാപനമുണ്ടാകുക. അതുവരെ ഊഹാപോഹങ്ങള്‍ മാത്രമേ നടക്കൂ. കാനം മുമ്പും പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നേരത്തെയും പറഞ്ഞിട്ടുള്ളതാണ്. അതില്‍ നിന്നും വ്യത്യാസമുണ്ടാകാന്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവില്‍ നിന്നും അദ്ദേഹത്തിന് വലിയ സമ്മര്‍ദ്ദമുണ്ടാകണം’.

സിപിഐയുടെ ഏത് സ്ഥാനാര്‍ത്ഥി മത്സരിച്ചാലും മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം രാജാജി പറയുന്നത് നിലവിലെ തെരഞ്ഞെടുപ്പ് അരിത്തമാറ്റിക്‌സ് വച്ച് സിപിഐ ഒന്നാം സ്ഥാനത്താണെന്നാണ്. അതേസമയം സിപിഎമ്മിനോടും ഏറെ അടുപ്പമുള്ള സി ദിവാകരന്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകളും പരക്കുന്നുണ്ട്. ഒരു തികഞ്ഞ സ്ഥാനാര്‍ത്ഥിയെയാണ് സിപിഐ നിശ്ചയിക്കുകയെന്ന് രാജാജി വാക്കുകളില്‍ നിന്നും വ്യക്തമാണ്. നിലവില്‍ ജനങ്ങളെ സ്വാധീനിച്ച് വോട്ട് പിടിക്കാന്‍ സിപിഐയ്ക്ക് തിരുവനന്തപുരത്തുള്ള സ്ഥാനാര്‍ത്ഥി ദിവാകരനാണ്. മറ്റുള്ളവരെല്ലാം ജനങ്ങളുമായി ബന്ധമുള്ളവരാണെങ്കിലും എതിര്‍ സ്ഥാനാര്‍ത്ഥികളെ മറികടക്കാന്‍ അവര്‍ക്ക് സാധിക്കുമോയെന്നതാണ് സംശയം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെനറ്റ് എബ്രഹാമിനെ പെയ്ഡ് സീറ്റില്‍ മത്സരിപ്പിച്ചെന്ന ചീത്തപ്പേര് സിപിഐയ്ക്ക് ഇപ്പോഴുമുണ്ട്. അതേസമയം നിലവില്‍ പുറത്തുനിന്നുള്ള നിര്‍ദ്ദേശം ആരുടെയും മുന്നിലില്ലെന്നാണ് രാജാജി പറഞ്ഞത്. കഴിഞ്ഞ തവണ ബെനറ്റിനെ നിര്‍ദ്ദേശിച്ചത് തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റിയാണ്. പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സിലോ എക്‌സിക്യൂട്ടീവോ അത്തരമൊരു നിര്‍ദ്ദേശം വച്ചിട്ടില്ല. ഇത്തവണ ജില്ലാ കൗണ്‍സിലിന്റെ ഭാഗത്തുനിന്നും അത്തരമൊരു നിര്‍ദ്ദേശമുണ്ടായിട്ടില്ലെന്നും രാജാജി വ്യക്തമാക്കുന്നു.

നിലവില്‍ നെടുമങ്ങാട് എംഎല്‍എയായ സി ദിവാകരന്റെയും ജില്ലാ സെക്രട്ടറി ജി ആര്‍ അനിലിന്റെയും പേരാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ആനി രാജ, ബിനോയ് വിശ്വം എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നേക്കാമെങ്കിലും തിരുവനന്തപുരത്തെ ജനങ്ങളുമായി ബന്ധമുള്ള ഒരു സ്ഥാനാര്‍ത്ഥിയെയാണ് സിപിഐ അന്വേഷിക്കുന്നത്. അവിടെയാണ് ദിവാകരന്‍ പ്രസക്തനാകുന്നതും.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍