UPDATES

മണ്ഡലങ്ങളിലൂടെ

ഇടത്തോട്ട് ചായാന്‍ ഒരു മടിയുമില്ലെന്ന് തെളിയിച്ച ചാലക്കുടി ഇത്തവണ ആരെ തുണക്കും?

പനമ്പിള്ളി ഗോവിന്ദമേനോന്‍, കെ കരുണാകരന്‍, എ സി ജോസ്, പി സി ചാക്കോ, ലോനപ്പന്‍ നമ്പാടന്‍ തുടങ്ങിയ രാഷ്ട്രീയ പ്രമുഖരുടെ തട്ടകമാണ് മുഖംമാറിയെത്തിയ ചാലക്കുടി

കോണ്‍ഗ്രസിന് ഒറ്റക്ക് നിന്നു മത്സരിച്ച് ജയിക്കാവുന്ന കേരളത്തിലെ ഏക ലോക്‌സഭാ മണ്ഡലമായിരിക്കും ചാലക്കുടി. പക്ഷേ, ഇടത്തോട്ടു ചായാന്‍ തങ്ങള്‍ക്ക് ഒരു മടിയുമില്ലെന്ന് കഴിഞ്ഞ തവണ ചാലക്കുടിക്കാര്‍ തെളിയിച്ചു. എത്ര വലിയ ഉറച്ച കോട്ടയാണെങ്കിലും അധാര്‍മ്മികമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ വിധിയെഴുതാന്‍ മാത്രം രാഷ്ട്രീയ പ്രബുദ്ധതയുള്ള വോട്ടര്‍മാരാണ് കേരളത്തിലുള്ളത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് വടകരയും ചാലക്കുടിയുമെല്ലാം.

മണ്ഡല പുനര്‍നിര്‍ണ്ണയത്തിനു മുന്‍പ് മുകുന്ദപുരം മണ്ഡലത്തിന്റെ ഭാഗമായിരുന്നു ചാലക്കുടി. 2009-ലാണ് ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. മുകുന്ദപുരത്തിലെ ചില അസംബ്ലി മണ്ഡലങ്ങള്‍ ഒഴിവാക്കിയും മറ്റുചിലത് കൂട്ടിച്ചേര്‍ത്തുമാണ് ഇന്ന് കാണുന്ന ചാലക്കുടി ലോക്‌സഭാ മണ്ഡലം രൂപീകരിച്ചത്. ഇരിങ്ങാലക്കുട തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലേക്കും വടക്കേക്കര എറണാകുളത്തേക്കും മാറി. ഇത് രണ്ടും ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളാണ്. യു.ഡി.എഫി-ന് വലിയ മേല്‍ക്കോയ്മയുള്ള ആലുവയും കുന്നത്തുനാടും മുകുന്ദപുരത്തോടൊപ്പം കൂട്ടിച്ചേര്‍ത്ത് ചാലക്കുടിയുണ്ടാക്കുകയും ചെയ്തു. അതോടെ പഴയ മുകുന്ദപുരത്തേക്കാള്‍ യു.ഡി.എഫിന് ശക്തിയുള്ള മണ്ഡലമായി ചാലക്കുടി മാറി.

മുകുന്ദപുരമായിരുന്ന കാലത്ത് നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ പന്ത്രണ്ടിലും കോണ്‍ഗ്രസിനായിരുന്നു ജയം. മൂന്നു തവണ മാത്രമാണ് ഇടതുമുന്നണി വിജയിച്ചത്. 2009-ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. പി. ധനപാലന് 71679 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. യു. പി. ജോസഫായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തിരഞ്ഞടുപ്പില്‍ യു.ഡി.എഫിന് ഏറ്റവും വലിയ തലവേദനയായിരുന്നത് ചാലക്കുടിയിലേയും തൃശ്ശൂരിലേയും സ്ഥാനാര്‍ത്ഥിത്വമാണ്. തൃശ്ശൂരിലെ സിറ്റിംഗ് എം.പിയായ പി.സി ചാക്കോ ചാലക്കുടി വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. പാര്‍ട്ടിക്കകത്ത് അത് വലിയ കോലാഹലങ്ങളുണ്ടാക്കി. ഉമ്മന്‍ചാണ്ടിയുടേയും ഹൈക്കമാന്‍ഡിന്റെയും ആശീര്‍വാദത്തോടെ ചാക്കോ ചാലക്കുടി നേടിയെടുത്തു. ചാലക്കുടിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സിറ്റിംഗ് കെ.പി ധനപാലനെ തൃശ്ശൂരിലേക്കും മാറ്റി.

ഈ സന്ദര്‍ഭം മുതലാക്കി ഇടതു മുന്നണി പുറത്തിറക്കിയ അപ്രതീക്ഷിത തുറുപ്പ് ചീട്ടായിരുന്നു ഇന്നസെന്റ്. 13884 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇന്നസെന്റ് അട്ടിമറി വിജയം നേടുകയും ചെയ്തു. തൃശ്ശൂരില്‍ മത്സരിച്ച ധനപാലനും ദയനീയമായി പരാജയപ്പെട്ടു. കോണ്‍ഗ്രസ് കാണിച്ച അവിവേകത്തിന് അവര്‍ക്ക് നല്‍കേണ്ടി വന്നത് സുപ്രധാനമായ രണ്ടു സീറ്റുകളായിരുന്നു. ജനഹിതത്തിനെതിരായ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വരുത്തിവച്ച വിനയെകുറിച്ച് ഉമ്മന്‍ചാണ്ടിയടക്കം പിന്നീട് പരിതപിച്ചിട്ടുമുണ്ട്. ഇരു സ്ഥാനാര്‍ത്ഥികളേയും തോല്‍പ്പിക്കാന്‍ പിന്നില്‍ നിന്നും കളിച്ചത് ഖദറിട്ട കോണ്‍ഗ്രസുകാര്‍ തന്നെയായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.

പി.സി ചാക്കോയുടെ സ്ഥാനാര്‍ത്ഥിത്വം തന്നെയായിരുന്നു കഴിഞ്ഞ തവണ യു.ഡി.എഫിനെ പരാജയപ്പെടുത്തിയ പ്രധാന ഘടകം. നല്ലൊരു പാര്‍ലമെന്റേറിയനാണെങ്കിലും ഒട്ടും ജനകീയനല്ല എന്നതാണ് ചാക്കോയുടെ പ്രധാന പരിമിതി. കൂടാതെ തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പും പരസ്യമായി അദ്ദേഹത്തിനെതിരെ അന്ന് രംഗത്തുവന്നിരുന്നു. എക്കാലത്തും ബിഷപ്പുമാരുടേയും മെത്രാന്‍മാരുടേയും തിട്ടൂരങ്ങള്‍ക്ക് വഴങ്ങിമാത്രം പരിചയമുള്ള കോണ്‍ഗ്രസ് തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പിന്റെ വാക്കുകളും ശിരസാവഹിച്ചു. കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പു തര്‍ക്കങ്ങള്‍ നിയന്ത്രണാതീതമായി. ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി ഇന്നസെന്റായിരുന്നു എന്നതും, ബി.ജെ.പി ചരിത്രത്തിലാദ്യമായി ഒരുലക്ഷത്തോളം വോട്ടുകള്‍ നേടിയതും യു.ഡി.എഫിന്റെ പരാജയത്തിന് ആക്കം കൂട്ടി.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തിലെ ഏഴ് നിയമസഭാ സീറ്റില്‍ നാലെണ്ണത്തിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി സീറ്റിലായിരുന്നു ഇടത് ജയം. ആലുവ, പെരുമ്പവൂര്‍, അങ്കമാലി, കുന്നത്തുനാട് എന്നീ നിയമസഭാ സീറ്റുകളില്‍ വിജയിച്ചത് യു.ഡി.എഫ് സ്ഥാനാര്‍ഥികളായിരുന്നു. ചാലക്കുടി, കൊടുങ്ങല്ലൂര്‍, കൈപമംഗലം മണ്ഡലങ്ങളില്‍ ബി.ഡി.ജെഎസിന് നിര്‍ണ്ണായക സ്വാധീനമുണ്ട്. അതിനാല്‍ എന്‍ഡിഎ-യുടെ വോട്ടു വിഹിതത്തില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടാകും. എന്നാല്‍ അത് ആരുടെ പാളയത്തില്‍ നിന്നാകും ചോരുക എന്നത് എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികളേ ഒരുപോലെ അസ്വസ്ഥമാക്കുന്ന കാര്യമാണ്.

പനമ്പിള്ളി ഗോവിന്ദമേനോന്‍, കെ കരുണാകരന്‍, എ സി ജോസ്, പി സി ചാക്കോ, ലോനപ്പന്‍ നമ്പാടന്‍ തുടങ്ങിയ രാഷ്ട്രീയ പ്രമുഖരുടെ തട്ടകമാണ് മുഖംമാറിയെത്തിയ ചാലക്കുടി. അവിടേക്കായിരുന്നു ഇന്നസെന്റെന്ന മലയാളത്തിലെ മികച്ച അഭിനേതാവിനെ എല്‍.ഡി.എഫ് അവതരിപ്പിച്ചത്. അത് മികച്ചൊരു രാഷ്ട്രീയ നീക്കം തന്നെയായിരുന്നു. എന്നാല്‍ ചാലക്കുടിയുടെ രാഷ്ട്രീയ പാരമ്പര്യത്തിനൊത്ത് ഉയരാന്‍ അദ്ദേഹത്തിനായില്ല എന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയര്‍ന്നു. അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന ആവശ്യവുമായി സി.പി.എമ്മിന്റെ കീഴ് ഘടകങ്ങള്‍തന്നെ രംഗത്തെത്തി. എന്നിട്ടും അദ്ദേഹത്തെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിക്കുകയായിരുന്നു.

എം. പി. ഫണ്ട് നൂറു ശതമാനവും വിനിയോഗിച്ചു എന്നതാണ് ഇന്നസെന്റിന്റെ ഏറ്റവും വലിയ പ്രചാരണായുധം. എങ്കിലും 1750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പാക്കിയതായി ഇന്നസെന്റ് അവകാശപ്പെടുന്നു. പ്രളയാനന്തരം ഏറെ കഷ്ടതകളനുഭവിക്കുന്ന മണ്ഡലമാണ് ചാലക്കുടി. പൊതുവെ മണ്ഡലത്തില്‍ സജീവമല്ലാത്ത ഇന്നസെന്റിനെ പ്രളയകാലത്തും ജനങ്ങള്‍ക്ക് കാണാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ തവണ കഠിന പരിശ്രമം കൊണ്ട് നേടിയെടുത്ത വിജയം മുതല്‍ക്കൂട്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഇന്നസെന്റിന്റെ പാര്‍ലമെന്റിലെ പ്രകടനത്തെക്കുറിച്ച് ഇടതുപക്ഷത്തിനുതന്നെ അതൃപ്തിയുമുണ്ട്. മാത്രവുമല്ല, നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് അദ്ദേഹം തീര്‍ത്തും അപഹാസ്യകരമായ പല പ്രസ്താവനകളും നടത്തിയിരുന്നു. എ.എം.എം.എയുടെ പ്രസിഡന്റ് ആയിരുന്നിട്ടും ആരോപണ വിധേയനായ പ്രമുഖ നടനെ പിന്തുണച്ചുകൊണ്ട് അദ്ദേഹം രംഗത്തുവന്നു. ഇത് മണ്ഡലത്തിലെ സ്ത്രീ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ഥിയും തൃശൂര്‍ ഡിസിസി പ്രസിഡന്റ് ബെന്നി ബെഹനാനും വിജയ പ്രതീക്ഷയിലാണ്. മണ്ഡലത്തിലെ ന്യൂനപക്ഷങ്ങള്‍ക്കിടിയില്‍ സ്വാധീനം ചെലുത്താനും സഭ അനുകൂലമായാല്‍ വിജയം നേടാനും സാധിക്കുമെന്ന ഉറച്ച വിശ്വാസിത്തിലാണ് തൃക്കാക്കര മുന്‍ എംഎല്‍എ. കഴിഞ്ഞ തവണ പന്ത്രണ്ടായിരത്തോളം വോട്ടു നേടിയ വെല്‍ഫയര്‍ പാര്‍ട്ടി ഇത്തവണ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. അതേസമയം ശബരിമല വിഷയത്തെ തുടര്‍ന്ന് അനുകൂലമായ സാഹചര്യമാണ് തങ്ങള്‍ക്കുള്ളതെന്നാണ് ബിജെപിയുടെയും എ എന്‍ രാധാകൃഷ്ണന്റെയും നേരിയ പ്രതീക്ഷ. കൂടാതെ കഴിഞ്ഞ തവണ നേടിയ വോട്ട ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. 2009 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 45,367 വോട്ടുമാത്രം ഉണ്ടായിരുന്ന ബിജെപി 2014-ല്‍ 92,848 വോട്ടുകളാണ് നേടിയത്. ബി.ഡി.ജെഎസിന്റെ പിന്തുണ കൂടിയാകുമ്പോള്‍ ഇത്തവണ ഒരു സാധ്യതയുണ്ടാവും എന്ന കണക്കുകൂട്ടലിലാവും ബിജെപി.

ഇതിനിടയില്‍ വലിയ ബഹളമില്ലാതെ മത്സരരംഗത്തുള്ള ആം ആദ്മി പാര്‍ട്ടി ഇത്തവണ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ തവണ മുപ്പതിനായിരത്തോളം വോട്ടുകളായിരുന്നു ആം ആദ്മി നേടിയത്. കൂടാതെ എല്‍ഡിഎഫ്-യുഡിഎഫ് വോട്ടുകളെ സാരമായ ബാധിക്കാന്‍ ഇടയുള്ള ഒരു സ്ഥാനാര്‍ഥിയുടെ പേരും ഉയര്‍ന്നുവരുന്നുണ്ട്. മുന്‍ ഡിജിപി ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിന് ഭരണത്തിലിരിക്കുന്ന ട്വന്റി 20 നേതൃത്വം നല്‍കുന്ന മുന്നണിയുടെ ഭാഗമായിട്ടായിരിക്കും ജേക്കബ് തോമസ് ജനവിധി തേടുകയെന്നാണ് വിവരം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി രണ്ടാം അംഗത്തിനിറങ്ങുന്ന ഇന്നസെന്റിനെതിരെ ആയിരിക്കും ജേക്കബ് തോമസിന്റ പ്രധാന പ്രചാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കമ്പലം പഞ്ചായത്തില്‍ നിര്‍ണായക സ്വാധീനമുള്ള ട്വന്റി 20യുടെ വോട്ടുകളും ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥന്റെ വ്യക്തിപ്രഭാവവും വോട്ടുകളാക്കി മാറ്റുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

കണക്കുകള്‍ കൂട്ടിയും കിഴിച്ചും ഇരുമുന്നണികളും (എല്‍ഡിഎഫ് – യുഡിഎഫ്) വിജയ പ്രതീക്ഷയിലാണ്. സഭയുടെ പിന്തുണ ആര്‍ക്ക് ലഭിക്കുമെന്നതും, പുതിയ വോട്ടര്‍മാര്‍ എങ്ങിനെ ചിന്തിക്കുമെന്നതും അന്തിമ വിധിയെ സ്വാധീനിക്കും. പ്രളയ പുനരധിവാസമടക്കം ഏറെ വിമര്‍ശന വിധേയാമാക്കപ്പെടുന്ന ഇക്കാലത്ത് മണ്ഡലം നിലനിര്‍ത്താന്‍ എല്‍.ഡി.എഫിന് വിയര്‍പ്പൊഴിക്കേണ്ടിവരും. തൃശൂരിലെ കോണ്‍ഗ്രസ് സംഘടനാസംവിധാനത്തിലെ പാളിച്ചകള്‍ മറികടക്കാന്‍ ഇനിയും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ചാലക്കുടി തിരിച്ചു പിടിക്കുകയെന്നത് യു.ഡി.എഫിനും അത്ര എളുപ്പമാകില്ല. ന്യൂനപക്ഷ വോട്ടുകളാണ് പ്രധാനം. കത്തോലിക്ക, യാക്കോബായ വിഭാഗങ്ങള്‍ക്കും ഈഴവര്‍ക്കും നിര്‍ണ്ണായക സ്വാധീനമുള്ള ചാലക്കുടി മണ്ഡലം ആരെ തുണയ്ക്കുമെന്ന് കാത്തിരുന്ന് കാണാം.

മണ്ഡലങ്ങളിലൂടെ


1.
 
ഇത്തവണയും വികസനം ചര്‍ച്ച ചെയ്ത് കാസറഗോഡ്


2. സിപിഎമ്മിന് ആത്മവിശ്വാസം പകരുന്ന ഒന്നേകാല്‍ ക്ഷത്തിന്റെ ഭൂരിപക്ഷം; എന്നാല്‍ കണ്ണൂരിന് ആരോടും അമിത മമതയില്ലെന്നത് ചരിത്രം


3. കൊലപാതക രാഷ്ട്രീയം ചോരചിന്തിയ നാട്ടിടവഴികളുള്ള വടകര


4. പ്രളയാനന്തര മുറിവും കര്‍ഷകന്റെ കണ്ണീരുമാണ് ഇന്ന് വയനാട്


5. 
ജനകീയ എം.പിക്ക് ജനകീയ എംഎല്‍എയുടെ വെല്ലുവിളി; ആര്‍ക്കും പിടിതരാത്ത കോഴിക്കോട് 


6. പച്ചക്കമ്പ് കുത്തിവച്ചാല്‍ പോലും ജയിക്കുമെന്ന് ലീഗുകാര്‍ ഊറ്റം കൊള്ളുന്ന മലപ്പുറം, ഇത്തവണ ചരിത്രം തിരുത്തുമോ?


7മികച്ച പ്രതിച്ഛായയുള്ള എം പി, കാലുവാരലിന്റെ കയ്ക്കുന്ന ചരിത്രം, വി എസിനോട് ഏറ്റുമുട്ടിയതിന്റെ കരുത്ത്; പാലക്കാട്ടെ ത്രികോണ മത്സരം ഇങ്ങനെ

8. കഴിഞ്ഞ തവണത്തെ പോലെ അപ്രിയ വോട്ടുകള്‍ നോട്ടയ്ക്ക് പോകുമോ? അതോ രമ്യയ്ക്കോ? ആലത്തൂരില്‍ പികെ ബിജുവിന്റെ സാധ്യതകള്‍

വേനൽചൂടും തെരഞ്ഞെടുപ്പ് ചൂടും ഒന്നിച്ച് വന്നാൽ പിന്നെ വാർത്തകൾക്കെങ്ങനെ ചൂട് പിടിക്കാതിരിക്കും. കൂടുതൽ വാർത്തകൾക്ക് അഴിമുഖം സന്ദർശിക്കൂ

സുഫാദ് ഇ മുണ്ടക്കൈ

സുഫാദ് ഇ മുണ്ടക്കൈ

വയനാട് സ്വദേശി; സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍