UPDATES

ഇത്തവണയും വികസനം ചര്‍ച്ച ചെയ്ത് കാസറഗോഡ്/ മണ്ഡലങ്ങളിലൂടെ ഒരു യാത്ര

യഥാര്‍ത്ഥത്തില്‍ ദേശീയ വിഷയങ്ങളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചയാവാറുള്ളതെങ്കിലും ശബരിമലയടക്കമുള്ള വൈകാരിക വിഷയങ്ങളായിരിക്കും കാസറഗോഡിന്റെ ഗതി നിര്‍ണ്ണയിക്കുക

സംസ്ഥാനം രൂപീകൃതമായ കാലം മുതല്‍ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ് കാസറഗോഡ് ലോക്‌സഭാ മണ്ഡലം. ആദ്യ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഇവിടെ നിന്നും വിജയിച്ച എ കെ ഗോപാലന്‍ പ്രഥമ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്നു. ഒരു ഘട്ടത്തില്‍ സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റു തന്നെ എ.കെ.ജിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാസറഗോഡ് എത്തിയിരുന്നു. എന്നിട്ടുപോലും മണ്ഡലത്തിന്റെ ഇടതുപക്ഷ മനസ്സ് മാറിയിരുന്നില്ല. എന്നാല്‍ 1971-ല്‍ ഇ.കെ നായനാരെ അപ്രതീക്ഷിതമായി പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യുവ നേതാവായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്‍ മണ്ഡലത്തെ കോണ്‍ഗ്രസിന്റെ വരുതിയിലാക്കി. തൊട്ടടുത്ത തെരഞ്ഞെടുപ്പിലും അതുതന്നെ ആവര്‍ത്തിച്ചു. പിന്നീട് 1984-ല്‍ ഐ രാമ റെയിലൂടെ ഒരിക്കല്‍ക്കൂടി മണ്ഡലം കോണ്‍ഗ്രസിനൊപ്പം നിന്നതൊഴിച്ചാല്‍ പിന്നീടൊരിക്കലും കാസറഗോഡിന്റെ രാഷ്ട്രീയ മണ്ഡലം യുഡിഎഫിനൊപ്പം നിന്നിട്ടില്ല.

രാമണ്ണ റെയും ടി.ഗോവിന്ദനും അഞ്ചു തെരെഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ചെങ്കൊടി പാറിച്ച മണ്ഡലത്തില്‍ പിന്നീട് ആ ദൗത്യം ഏറ്റെടുത്തത് എ.കെ.ജിയുടെ മരുമകന്‍ കൂടിയായ മുതിര്‍ന്ന സി.പി.ഐ.എം നേതാവ് പി.കരുണാകരനായിരുന്നു. കഴിഞ്ഞതവണ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം മത്സരിച്ചത്. മുഖ്യ എതിരാളിയായിരുന്ന യു.ഡി.എഫിന്റെ ടി. സിദ്ദിഖ് ഇടതുമുന്നണിയുടെ കോട്ടകളില്‍ ശക്തമായ വിള്ളലുണ്ടാക്കിയിരുന്നു. 2004-ല്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി.കരുണാകരന്‍ ജയിച്ചതെങ്കില്‍, 2014-ല്‍ എത്തിയപ്പോഴേക്കും അത് കേവലം 6921 വോട്ടിന്റെ ഭൂരിപക്ഷമായി കുറഞ്ഞു. നാലു പതിറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായാണ് കോണ്‍ഗ്രസ് കാസറഗോഡ് ശക്തമായൊരു മത്സരം കാഴ്ചവച്ചതുതന്നെ. അത് ഇത്തവണ യുഡിഎഫിനു നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുന്നുമല്ല.

പൊതുവെ ഇടതുപക്ഷത്തിന് മേല്‍ക്കൈ ഉള്ള മണ്ഡലമാണെങ്കില്‍പോലും തെക്കന്‍ കര്‍ണ്ണാടകത്തിന്റെ ഭാഗമായ പ്രദേശങ്ങളില്‍ ബിജെപിക്കുള്ള സ്വാധീനം നിര്‍ണ്ണായകമാകും. ബിജെപിയും തങ്ങള്‍ക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിലാണ് കാസറഗോഡിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തുളു-കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളിലാണ് അവരുടെ പ്രതീക്ഷ. ഐ രാമ റെയിലൂടെ മുന്‍പ് യുഡിഫ് കാസര്‍കോട് പച്ചതൊട്ടത് ഈ ഭാഷാ ന്യൂനപക്ഷങ്ങളുടെ ശക്തമായ പിന്തുണകൊണ്ടാണ്.

കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാസറഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശ്ശേരി എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കാസറഗോഡ് ലോകസഭാ മണ്ഡലം. ഈ ഏഴു മണ്ഡലങ്ങളില്‍ ഒന്നില്‍പോലും കൊണ്‍ഗ്രസിന് എം.എല്‍.എമാരില്ല. കാസറഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ മുസ്ലിം ലീഗിന്റെ കരുത്തിലാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ. എന്നാല്‍, ബിജെപിക്കും ശക്തമായ സ്വാധീനമുള്ള രണ്ട് നിയമസഭാ മണ്ഡലങ്ങളാണിവ. കാസറഗോഡ് പതിനേഴര ശതമാനം വോട്ടുകളുള്ള ബിജെപി ശബരിമല വിഷയത്തിലൂടെ അരലക്ഷം വോട്ടുകളെങ്കിലും അധികം ലഭിയ്ക്കുമെന്ന് കണക്കുകൂട്ടുന്നു. അങ്ങിനെ സംഭവിച്ചാല്‍ അത് ഏത് പാളയത്തില്‍ നിന്നാണോ ചോരുന്നത് എന്നത് തെരെഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും.

കാസറഗോട്ടെ എല്‍ഡിഎഫ് ആധിപത്യത്തിന് കാരണം അരലക്ഷത്തിലേറെ ഭൂരിപക്ഷം നല്‍കുന്ന പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളാണ്. ഉദുമയില്‍ കഴിഞ്ഞ തവണ യുഡിഎഫ് നേടിയ ഭൂരിപക്ഷം ഇടതു പാളയത്തെ അമ്പരപ്പിച്ചിരുന്നു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളിലുള്ള മേധാവിത്വം നിലനിറുത്താനായാല്‍ ഇത്തവണയും കാസറഗോഡ് ചുവപ്പണിയും. എന്നാല്‍, കാസറഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ നിലവിലുള്ള ആധിപത്യം ഉറപ്പിച്ചും ഉദുമയുള്‍പ്പടെയുള്ള മറ്റു മണ്ഡലങ്ങളില്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചും കാസറഗോഡിനെ വരുതിയിലാക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

യഥാര്‍ത്ഥത്തില്‍ ദേശീയ വിഷയങ്ങളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചയാവാറുള്ളതെങ്കിലും ശബരിമലയടക്കമുള്ള വൈകാരിക വിഷയങ്ങളായിരിക്കും കാസറഗോഡിന്റെ ഗതി നിര്‍ണ്ണയിക്കുക. പെരിയ ഇരട്ടക്കോലപാതകത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും, എന്‍ഡോസള്‍ഫാന്‍ വിഷയവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. അതൊരുപക്ഷേ എല്‍ഡിഎഫിന് തിരിച്ചടിയായേക്കാം.

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ തയ്യാറായതോടെ അവിടെ ഒരു ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ പി. ബി. അബ്ദുല്‍ റസ്സാഖിനോട് കേവലം 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. എന്നാല്‍, റസ്സാഖിന്റെ വിജയം കള്ളവോട്ട് മൂലമാണെന്നും, തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് സുരേന്ദ്രന്‍ കോടതിയെ സമീപിക്കുകയായിരുന്നു. അബ്ദുല്‍ റസ്സാഖ് മരണപ്പെട്ടതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകാതിരുന്നത് ഈ കേസ് നിലനില്‍ക്കുന്നത് കൊണ്ടായിരുന്നു.

‘വികസനം’ ഇത്തവണയും തുളുനാട്ടിലെ പ്രധാന ചര്‍ച്ചാവിഷയമാകും. കാസറഗോഡ് ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി പ്രഭാകരന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇപ്പോഴും മേശപ്പുറത്ത് തന്നെയാണ്. ജില്ലാ ആസ്ഥാനമായിരുന്നിട്ടുപോലും കാസറഗോഡ് നഗരത്തില്‍ പല ട്രെയ്നുകള്‍ക്കും സ്റ്റോപ്പില്ല. എന്‍ഡോസള്‍ഫാന്‍ രോഗികളുടെ കണ്ണീരുവറ്റാത്ത ഈ മണ്ണില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുള്ള ഒരു ഹോസ്പിറ്റല്‍ പോലുമില്ല. ജില്ലയുടെ ടൂറിസം സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. കാര്‍ഷിക ജില്ലയായതിനാല്‍തന്നെ ഇന്ത്യയിലെ മറ്റേത് കാര്‍ഷിക മേഖലകളേയുംപോലെ കടുത്ത പ്രതിസന്ധി നേരിടുകയാണ്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുപോലെ ഉത്തരം പറയേണ്ട അടിസ്ഥാനപരമായ ഒരുപാട് ചോദ്യങ്ങള്‍ ഈ തെരഞ്ഞെടുപ്പ് കാലത്തും കാസറഗോട്ടെ ജനത ഉയര്‍ത്തും. കാസറഗോഡ് പാക്കേജിനായി നല്ലൊരു തുക ബജറ്റില്‍ വകയിരുത്തിയ ഇടതുപക്ഷ സര്‍ക്കാറിന് അക്രമരാഷ്ട്രീയത്തേത്തിനെതിരായ തങ്ങളുടെ നിലപാടും, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും എത്രകണ്ട് ജനത്തെ ബോധ്യപ്പെടുത്താന്‍ സാധിക്കുന്നു എന്നത് കാസറഗോഡ് തെരഞ്ഞെടുപ്പ് വിധിയെ കാര്യമായി സ്വാധീനിക്കും.

സുഫാദ് ഇ മുണ്ടക്കൈ

സുഫാദ് ഇ മുണ്ടക്കൈ

വയനാട് സ്വദേശി; സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍