UPDATES

മണ്ഡലങ്ങളിലൂടെ

ലീഗിന്റെ പൊന്നാപുരം കോട്ട കാക്കാന്‍ ഇടി മുഹമ്മദ്‌ ബഷീറിനു കഴിയുമോ? പൊടിപാറി പൊന്നാനി

എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി കെ സി നസീറിനും ബിജെപിയുടെ വി ടി രമയ്ക്കും മണ്ഡലത്തില്‍ കാര്യമായി സ്വാധീനമില്ലെങ്കിലും ഇരുവര്‍ക്കും കൂടി നിലവിലെ കണക്ക് അനുസരിച്ച് ഒരു ലക്ഷത്തിനടുത്ത് വോട്ടുണ്ട്.

പൊന്നാനി അങ്ങാടിയിലൂടെയുള്ള ഇടുങ്ങിയ റോഡിലൂടെ കടന്നുപോകുമ്പോള്‍ ഇരുവശത്തുമുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഓടിട്ട കെട്ടിടങ്ങളുടെ ചുവരുകളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ പതിഞ്ഞു കഴിഞ്ഞു. പല കെട്ടിടങ്ങളും തകര്‍ന്നും കിടപ്പമുണ്ട്. ബാക്കിയുള്ള ഈ കെട്ടിടങ്ങളും പാതകളും സംരക്ഷിച്ച് പൈതൃക ഇടമായി സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഒരു കാലത്ത് പൊന്നാനിയെ കച്ചവട കേന്ദ്രമാക്കി തീര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച കാനോലി കനാലിന്റെയും പാലത്തിന്റെയും ഇരുവശങ്ങളിലും ഇലക്ഷന്റെ ചൂട് വ്യക്തമാണ്. ഒരുകാലത്ത് കൊച്ചിയിലേക്കും ആലപ്പുഴയിലേക്കും കയറും മറ്റുത്പന്നങ്ങളും കയറ്റിയിരുന്നത് ഈ കനോലി കനാലിന്റെ കരകളിലൂടെയായിരുന്നു. പൊന്നാനിയിലെ ചരിത്രപ്രസിദ്ധമായ മിസ്രിപള്ളിയിലും തൊട്ടുത്തുള്ള മതപഠനകേന്ദ്രവും ഉള്‍പ്പെടുന്ന ഭാഗങ്ങളിലും തകൃതിയായി പോസ്റ്റര്‍ പതിപ്പിക്കിലും അനൗണ്‍സ്‌മെന്റും ഒക്കെ നടക്കുകയാണ്. എന്നാല്‍ മുന്‍കാലങ്ങളിലെ പോലെ വലിയ ബഹളങ്ങളും കാര്യങ്ങളുമൊന്നും ഇത്തവണയില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പെരുമാറ്റച്ചട്ടങ്ങളും പ്രചരണത്തിനുള്ള നിയന്ത്രണങ്ങളുമൊക്കെ കാരണമാണ് പ്രചരണം ഒക്കെ കുറഞ്ഞിരിക്കുന്നത്. എന്നുവച്ച് ഇലക്ഷന്‍ ചൂടിന് ഒട്ടും കുറവുമില്ല.

മതപഠന കേന്ദ്രം മൗലത്തുള്‍ ഇസ്ലാമിന്റെ അടുത്തുള്ള അബൂബക്കറാഖാന്റെ ചായക്കടയിലെ പപ്പടവടയുടെ കടപട ശബ്ദത്തിനൊപ്പം ഉയര്‍ന്ന് കേള്‍ക്കുന്നത് ഇക്കുറി ആര് പൊന്നാനി പിടിക്കുമെന്നുള്ള ചര്‍ച്ചകളാണ്. അവിടെ വാദങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ തൊട്ടുമുന്നിലുള്ള ജുമാഅത്ത് പള്ളിക്കുളത്തിന്റെ പടവുകളിലും ചര്‍ച്ച അത് തന്നെയാണ്. പൊന്നാനിയിലെ മുതിര്‍ന്നവരുടെയും യുവാക്കളുടെയും സായാഹ്ന ഒത്തുകൂടല്‍ ഇടമായ ചീനിക്ക ചുവടിലും, ആല്‍ക്കുളം കോര്‍ണറിലും ഗംഭീര ചര്‍ച്ചകളാണ് നടക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും മാത്രമേ പൊന്നാനിയിലെ തിരഞ്ഞെടുപ്പില്‍ ചിത്രത്തിലുള്ളൂ. ബിജെപിയും എസ്ഡിപിഐയും ചെറിയ വോട്ട് പോക്കറ്റുകള്‍ മാത്രമാണ്. അതിഥി സത്ക്കാരത്തില്‍ പേരുകേട്ട പൊന്നാനി, മണ്ഡലത്തിന് പുറത്തുള്ള ഇടത്-വലത് സ്ഥാനാര്‍ഥികളെയും കാര്യമായിട്ട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ വാഴക്കാട് സ്വദേശിയായി ഇ ടി മുഹമ്മദ്‌ ബഷീറിനെ പത്ത് വര്‍ഷമായി പൊന്നാനിക്കാര്‍ക്ക് അറിയാം. പൊന്നാനിക്ക് ദീര്‍ഘകാലം ബന്ധമുള്ള ഒരു സുഹൃത്താണ് ഇ ടി. അതുപോലെ തന്നെ പി വി അന്‍വര്‍ മലപ്പുറം ഇടവണ്ണ സ്വദേശിയാണ്. തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ പൊന്നാനിക്കാര്‍ക്ക് അപരിചതനാണ് അന്‍വര്‍. എന്നാല്‍ പൊന്നാനിയുടെ സൗഹൃദ മനസ്സ് അന്‍വറിനും ഇടം കൊടുക്കുമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്.

ലീഗിന്റെ പൊന്നാപുരം കോട്ടയെന്ന് അവര്‍ തന്നെ വിശേഷിപ്പിക്കുന്ന മണ്ഡലമാണ് പൊന്നാനി. ചരിത്രവും അത് തന്നെയാണ് പറയുന്നത്. 1952-ല്‍ കെ കേളപ്പന്‍ വിജയിച്ച പൊന്നാനി മൂന്ന് തവണ ഇടതുപക്ഷത്തിനൊപ്പവും നിന്നിട്ടുണ്ട്. 1962-ല്‍ ഇ കെ ഇമ്പിച്ചിബാവ, 67-ല്‍ സി കെ ചക്രപാണി, 71-ല്‍ എം കെ കൃഷ്ണന്‍ എന്നീ ഇടത് നേതാക്കളെ വിജയിപ്പിച്ച പൊന്നാനി മണ്ഡലം 77-ല്‍ ജി.എം ബനാത്വാലയിലുടെ മുസ്ലിം ലീഗ് പിടിച്ചെടുത്തതിന് ശേഷം പിന്നെ തോല്‍വി അറിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല യുഡിഎഫിന് എന്ന അഭിപ്രായവും ഉയര്‍ന്നു കേട്ടു. മുസ്ലിം ലീഗിന്റെ പൊന്നാനി ലോക്‌സഭ മണ്ഡലത്തിലുള്ള സ്വാധീനം ക്ഷയിച്ചു എന്നതിനേക്കാളുപരി കഴിഞ്ഞ പത്തുവര്‍ഷമായി മണ്ഡലത്തിന്റെ എംപിയായ ഇ ടി മുഹമ്മദ് ബഷീറിനോട് ജനങ്ങള്‍ക്ക് താല്‍പര്യം കുറഞ്ഞുവെന്നും അതിനാല്‍ എല്‍ഡിഎഫിന്റെ പിവി അന്‍വറിനാണ് സാധ്യതയെന്നും അഭിപ്രായമുള്ളവര്‍ മണ്ഡലത്തിലുണ്ട്. പക്ഷെ അഴിമതിയും ഭൂമികയ്യേറ്റ ആരോപണവും നേരിടുന്ന പഴയ കോണ്‍ഗ്രസുകാരന്‍ കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിന് വിജയം നേടാന്‍ സാധിക്കുമോ?

ന്യൂനപക്ഷ സമുദായത്തിന് ആധിപത്യമുള്ള തീരദേശ പ്രേദശമായ പൊന്നാനി, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനും ലോകസഭാ മണ്ഡലമാകുമ്പോള്‍ യുഡിഎഫിനുമൊപ്പമാണ് നിന്നിരിക്കുന്നത്. ഇത്തവണ പക്ഷേ കാര്യങ്ങള്‍ക്ക് മാറ്റം വരുമെന്നാണ് പ്രവചനം. അതുകൊണ്ട് ലോക്‌സഭ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലത്തിലെ ഏറ്റവും നിര്‍ണായകമായ വോട്ടര്‍മാരുള്ള പ്രദേശമായി മാറിയിരിക്കുകയാണ് പൊന്നാനി പ്രദേശം. മത്സ്യത്തൊഴിലാളികളുടെ മേഖലയായ പ്രദേശത്ത് അവരുടെ പ്രശ്‌നങ്ങളില്‍ എത്രത്തോളം ഇടപെട്ടുവെന്നതിനെ ആശ്രയിച്ചായിരിക്കും ഇത്തവണ പ്രദേശം വോട്ട് കുത്തുക. ഇടതുപക്ഷത്തിന് ഇക്കാര്യത്തില്‍ കുറെ മുന്നോട്ട് പോകാന്‍ സാധിച്ചിട്ടുണ്ടെന്ന് എല്‍ഡിഎഫും ലോക്‌സഭയില്‍ വിഷയങ്ങള്‍ മികച്ച രീതിയില്‍ കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് യുഡിഎഫും വാദിക്കുന്നുണ്ട്. മണ്ഡലത്തിന്റെ അവസ്ഥയെക്കുറിച്ചും നിലവിലെ സാധ്യതകളെക്കുറിച്ചും പൊന്നാനി പ്രദേശത്തിലെ പ്രതികരണങ്ങളും അഭിപ്രായങ്ങളും..

പഴയ തലമുറയില്‍പ്പെട്ട അബ്ദുള്‍ റഹ്മാന്‍ പറയുന്നത്, “നാടിന് എന്തെങ്കിലും ഗുണം ചെയ്യുക. ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ അവിടെ വന്നിട്ട് ഒരു ആശ്വാസമെങ്കിലും ചെയ്യുക, ഒന്നുമില്ല. അന്നേരം പോവും, അമേരിക്കയിലും റഷ്യയിലുമെല്ലാം… വിദേശത്ത് പിരിവിന് പോകും. ഓഖിയിലും വെള്ളപ്പൊക്കത്തിലുമെല്ലാം എംപി (ഇ ടി മുഹമ്മദ് ബഷീര്‍) എവിടെയെന്ന് ചോദിപ്പോ, എംപി പിരിവിന് പോയിയെന്ന്. ആളപകടം (പ്രളയം) അള്ളാഹു പൊന്നാനിക്ക് വച്ചിട്ടില്ല. നമ്മടെ പെരകളും സ്ഥലങ്ങളും തോണികളും കേടുവന്നു. തിരിഞ്ഞുകൂടി നോക്കാതെയിരുന്ന്. കേടുവന്ന തോണിയുടെ പൈസ കൊടുത്തല്ലോ മേഴ്‌സികുട്ടിയമ്മ… ഈ കാലം വരെ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല.”

മുമ്പ് മത്സ്യതൊഴിലാളിയായിരുന്ന ഹുസൈന്റെ അഭിപ്രായത്തില്‍ ആര്‍ക്കാണ് സാധ്യതയെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെന്നാണ്, “അഭിപ്രായം.. ഇവിടെയെല്ലാം ബഷീറിനെപ്പറ്റി വളരെ മോശം തന്നെയാണ്. പല കെടുതികള്‍ ഇവിടെ കഴിഞ്ഞു. ഓഖി, മഴക്കെടുതി ഉണ്ടായിരുന്നു. ഈ എംപി നാട്ടില്‍ വന്നിട്ടില്ല. ലീഗുകാര് വോട്ട് ചെയ്യും അങ്ങനെ ജയിച്ചു പോണതാണ്. ഇപ്പഴത്തെ കാര്യം എണ്ണി (വോട്ട്) കഴിഞ്ഞാലെ പറയാന്‍ പറ്റുവുള്ളൂ.”

അബ്ദുള്ള കുട്ടി പറയുന്നത് ഇത്തവണ യുഡിഎഫിന്റെ വോട്ടുകള്‍ മാത്രം പോരെന്നാണ്, “ജമാത്തി ഇസ്ലാമിയുടെയും, എസ്ഡിപിയുടെയും ബിജെപിയുടെയും ഒക്കെ വോട്ട് വാങ്ങിയാലെ യുഡിഎഫ് വിജയിക്കുകയുള്ളൂ. അല്ലാതെ വിജയിക്കുക ഒന്നുമില്ല. ജമാത്തി ഇസ്ലാമിക്കും എസ് ഡി പിക്കും കൂടി മുപ്പതിനായിരത്തിനടുത്ത് വോട്ടുണ്ട്. ബിജെപിക്ക് ഇവിടെ മാത്രം (പൊന്നാനി നിയമസഭ മണ്ഡലത്തില്‍) പത്ത് പതിനായിരം വോട്ടുണ്ട്. പത്തോടി, നായരങ്ങാടി, തെക്കത്ത്, കടവനാട്, ഇവിടെയൊക്കെ ബിജെപിയുണ്ട്. അത് തന്നെ അറുപതിനായിരം വോട്ടുണ്ട്. ഇതെല്ലാം കിട്ടിയാലേ വിജയിക്കുവുള്ളൂ (യുഡിഎഫ്). അല്ലാതെ ഇപ്രാവശ്യം നേരത്ര പോയാല്‍ വിജയിക്കില്ല.”

ഇ ടിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ് എസിഡിപിഐയുടെ പൊന്നാനിയിലെ വോട്ട് എന്നാണ് പ്രദേശത്തെ സംസാരം തന്നെ. കണക്കും അത് ശരിവയ്ക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ മലപ്പുറത്ത് മുസ്ലിംലീഗ് നേതൃത്വം എസിഡിപിഐയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പി കെ കുഞ്ഞാലിക്കുട്ടി, പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ എസ്ഡിപിഐ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയ ഭീതി മൂലമാണെന്നാണ് ഇടതുപക്ഷം ഉള്‍പ്പെടെയുള്ളവരുടെ ആരോപണം. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം, മുഹമ്മദ് ഫൈസി എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് കടുന്നുവന്നതിന് ശേഷം നടന്ന 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെ എസ്ഡിപി ഐ നേടിയ ക്രമാനുഗതമായ വോട്ട് വളര്‍ച്ച കണക്കാക്കുമ്പോള്‍ മുസ്ലീം ലീഗ് നേതൃത്വം ചര്‍ച്ചകള്‍ക്ക് മുതിര്‍ന്നാലും അത്ഭുതപ്പെടേണ്ടതില്ല.

ഇടി മുഹമമ്മദ് ബഷീര്‍ ആദ്യം ലോക്‌സഭയിലേക്ക് മല്‍സരിച്ച 2009ല്‍, പിഡിപി – സിപിഎം സംഖ്യത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയ ഡോ. ഹുസൈന്‍ രണ്ടത്താണിയെ 84,000-ത്തില്‍ പരം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു മുസ്ലീം ലീഗ് മണ്ഡലം പുനര്‍നിര്‍ണയത്തിന് ശേഷം പൊന്നാനി നിലനിര്‍ത്തിയത്. എന്നാല്‍ 2014-ല്‍ വീണ്ടും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ സിറ്റിങ്ങ് എംപിയായിരുന്ന ഇടിക്ക് ലഭിച്ചത് 3,78,503 വോട്ടുകളായിരുന്നു. ഇടത് സ്വതന്ത്രന്‍ എന്ന നയം തുടര്‍ന്ന് മല്‍സര രംഗത്തുണ്ടായ മുന്‍ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ വി അബ്ദുള്‍ റഹ്മാന്‍ നേടിയത് 3,53,093 വോട്ടുകളായിരുന്നു. അതായത് ഭുരിപക്ഷം 25,410-ലേക്ക് ചുരുങ്ങി. ഇതേ 2014ല്‍ മല്‍സരരംഗത്തിറങ്ങിയ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഇക്രാം ഉള്‍ ഹഖ് നേടിയത് 26,640 വോട്ടുകളായിരുന്നു. അതായത് ഇടി മുഹമ്മദ് ബഷീര്‍ നേടിയ ഭുരിപക്ഷത്തേക്കാള്‍ വോട്ടുകള്‍. മല്‍സരത്തില്‍ ബിജെപിക്ക് പിറകെ നാലാമതായെത്താനും എസ്ഡിപിഐക്കായി.

യുവാക്കളുടെ ഇടയില്‍ നില്‍ക്കുന്ന കബീര്‍, ഇ ടിക്കാണ് സാധ്യതയെന്നാണ് പറയുന്നത്, “എന്ന് ഇവിടെ മത്സരം തുടങ്ങിയോ അവിടുന്ന് ഇങ്ങോട്ട് ഇത് യുഡിഎഫിന്റെ കുത്തക മണ്ഡലമാണ്. അത് ഇന്നും അങ്ങനെ തന്നെയാ, ഇനി ഇവിടുന്ന് അങ്ങോട്ടും അങ്ങനെ തന്നെയാ… ഒരു സ്ഥാനാര്‍ഥിയെ നിലമ്പൂരില്‍ നിന്ന് കടം എടുത്ത് കൊണ്ടുവന്നിട്ട് ഇത് പേമെന്റ് സീറ്റാക്കി പൈസക്ക് വാങ്ങി വിറ്റ് സ്വന്തം ചിഹ്നത്തില്‍ പോലും മത്സരിക്കാന്‍ അവര്‍ക്ക് (എല്‍ഡിഎഫ്) സ്ഥാനാര്‍ഥിയില്ല. പൊന്നാനിയിലെ ജനങ്ങള്‍ ഇതെല്ലാം വിലയിരുത്തി കഴിഞ്ഞു. ഇപ്പോഴുള്ള ഇന്ത്യയുടെ അപകടകരമായ അവസ്ഥ ശരിയാവണമെങ്കില്‍ യുപിഎ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാലെ കഴിയൂ. അതിന് വേണ്ടി മാറ്റത്തിന് വേണ്ടി ഒരു വോട്ട്, യുപിഎ ഗവണ്‍മെന്റെ വരുന്നതിന് വേണ്ടി ജനങ്ങള്‍ ചെയ്യും. ഇവിടുത്തെ സ്ഥാനാര്‍ഥി ബഷീര്‍ സാഹിബ് ഒരു ലക്ഷത്തില്‍പരം ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്യും.”

എന്നാല്‍, മുഹമ്മദ് പറയുന്നത് ഇ ടി ഒരു വികസനവും എത്തിച്ചിട്ടില്ലെന്നാണ്, “പാര്‍ട്ടിയുമില്ല കുന്തവുമില്ല, വോട്ടുവരുമ്പോള്‍ ഏതെങ്കിലും ആളെ നോക്കി ചെയ്യും… ബെനാത് വാലയെ കൊണ്ടുവന്ന് ജയിച്ചിട്ട് അവരുമാത്രമായിട്ട് പത്തുനാല്‍പതുകൊല്ലമായില്ലേ. ഈ ദേശത്തെ അവരെക്കൊണ്ടു പറയാന്‍ പറ്റിയ ഒരു വികസന സാധനവും ഉണ്ടായിട്ടില്ല. ഓരോ തവണയും കഴിയുമ്പോള്‍ ഭൂരിപക്ഷം കുറഞ്ഞ് കുറഞ്ഞ് വരുവല്ലേ. എന്തെങ്കിലും ഒക്കെ ചെയ്താല്‍ അല്ലേ എടുത്തുകാണിക്കാന്‍ പറ്റൂ. എംഎല്‍എ ശ്രീരാമകൃഷ്ണന്‍ ഇവിടെ എല്ലായിടത്തുമുണ്ട്. ഓരോ കാര്യത്തിനും എത്തുന്നുമുണ്ട്, നടത്തുന്നുമുണ്ട്. വികസനത്തിന്റെ കാര്യത്തില്‍ അവര് കൊണ്ടുവന്നതല്ലാതെ ഇ ടി മുഹമ്മദ് ബഷീറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഒരു ആശുപത്രിക്കോ, കോളേജിനോ, സിവില്‍ സപ്ലൈയിസ്‌നോ, മത്സ്യതൊഴിലാളിക്കോ അവര്‍ (മുസ്ലീംലീഗ്) മുന്‍കൈ എടുത്തിട്ടില്ല.”

അബ്ദുള്ള കുട്ടിക്കും സമാന അഭിപ്രായമാണ്. “എംഎല്‍എയുടെ ഫണ്ടിനേക്കാള്‍ വലിയ ഫണ്ടല്ലേ എംപി ഫണ്ട്. പത്ത് കൊല്ലം വെറുതെ പോയില്ലേ… ജയിച്ചുപോയാല്‍ ആളെ കാണലെയില്ല. ഇത്തവണ തിരുത്തണം” എന്നാണ്.

യുഡിഎഫിന് (മുസ്ലീംലീഗിനെ പ്രതീക്ഷിച്ച് എന്നതാവും ശരി) വോട്ടിന്റെ കാര്യത്തിലുള്ള ഈ ഇടിവ് പിന്നീട് നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും അസംബ്ലി തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചുവെന്നു കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍ പെട്ടതും മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും നല്ല അടിത്തറയുള്ള തിരൂരിലും താനൂരിലുമൊക്കെ മുസ്ലിം ലീഗിലെയും കോണ്‍ഗ്രസ്സിലെയുമൊക്കെ വിമതരെയും കൂട്ടുപിടിച്ചാണ് സിപിഎം ഇത് സാധ്യമാക്കിയത്. അസംബ്ലി തിരഞ്ഞെടുപ്പിലും പഴയ കോണ്‍ഗ്രസ് നേതാവായിരുന്ന വി അബ്ദുറഹ്മാന്‍ താനൂരില്‍ വിജയം കണ്ടതിനു പിന്നിലും ഇതേ തന്ത്രം തന്നെയായിരുന്നു. മുസ്ലിം ലീഗിലെ അബ്ദുറഹ്മാന്‍ രണ്ടത്താണിയെയാണ് അബ്ദുറഹ്മാന്‍ 4,918 വോട്ടിനു പരാജയപ്പെടുത്തിയത്. തവനൂരില്‍ നിന്നും കെ ടി ജലീലിലും പൊന്നാനിയില്‍ നിന്നും പി ശ്രീരാമകൃഷ്ണനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍ പെട്ട ഏഴ് അസംബ്ലി മണ്ഡലങ്ങളില്‍ മൂന്നെണ്ണം ഇടതിനൊപ്പമായി. ഏഴു നിയോജകമണ്ഡലങ്ങളായ തിരൂരങ്ങാടി, തിരൂര്‍, താനൂര്‍, കോട്ടയ്ക്കല്‍, തൃത്താല, പൊന്നാനി, തവനൂര്‍ തുടങ്ങിയ ഇടങ്ങളില്‍ സിപിഎമ്മിന് സ്വാധീനമില്ലാത്ത മേഖലകളില്‍ ഇടത്  സഖ്യത്തിലുള്ളവരെയും വിമതരെയും കൂട്ടി എല്‍ഡിഎഫ് ഒരു അട്ടിമറി നടത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.

ദീര്‍ഘകാലം മത്സ്യതൊഴിലാളിയായി പണിയെടുത്ത അബ്ദുള്‍ റഹ്മാന് യുഡിഎഫിനോടോ, ലീഗിനോടോ, എല്‍ഡിഎഫിനോടോ തീരെ താല്‍പര്യമില്ല,  “തീരദേശമേഖലയാണിത്. മത്സ്യതൊഴിലാളികളാണ് ഈ പ്രദേശത്ത് ജീവിക്കുന്നത്. 88 കാലത്ത് ഒക്കെ കെട്ടിയ കടല്‍ഭിത്തി ഇപ്പോള്‍ തകര്‍ന്നുപോയിരിക്കുവാണ്. 20 വര്‍ഷം കൊണ്ട് കടല്‍ എടുത്തത് മുക്കാല്‍ കിലോമീറ്ററാണ്. ഇതൊന്നും ഇവിടെ മാറിമാറി വന്ന സര്‍ക്കാരുകള്‍ ചെയ്തിട്ടില്ല. ഇവിടുള്ളവരെ വെറും വോട്ടുബാങ്കുകളായി ഉപയോഗിക്കുകയാണ്. കടല്‍കയറി വീടുകളും മറ്റും പൊളിയുമ്പോള്‍ മത്സ്യതൊഴിലാളികള്‍ ബന്ധുക്കളുടെയും ഒക്കെ വീടുളില്‍ പോവുകയാണ്. മൂന്ന് – നാല് കുടുംബങ്ങളാണ് കടലോരമേഖലകളില്‍ ഒരു വീട്ടില്‍ തന്നെ തിങ്ങി പാര്‍ക്കുന്നത്. ഇവര്‍ക്ക് സ്വന്തമായി ഭൂമിയില്ല, പാര്‍പ്പിടമില്ല. ഇവരുടെ അവസ്ഥ മനസ്സിലാക്കി സര്‍ക്കാര്‍ പണിത പാര്‍പ്പിട സമുച്ചയം മാടുകള്‍ക്ക് പോലും താമസിക്കാന്‍ പറ്റാത്തത് മാതിരി പണിതിരിക്കുവാണ്. 120 കൂടുകള്‍ ഉണ്ടാക്കിയിരിക്കുവാണ്. ആരും തന്നെ അവിടെ താമസിക്കാന്‍ തയ്യാറാല്ലാതായി. അവസാനം നായും മൃഗങ്ങളുമൊക്കെയായി, പുല്ലും കാടുമൊക്കെയായി ആ കെട്ടിടം വളരെ മോശമായ അവസ്ഥയിലാണ്. ഇപ്പോ വീണ്ടും ഭാരതപ്പുഴയുടെ തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് പാര്‍പ്പിട സമുച്ചയം പണിയാനാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ തറക്കല്ലിട്ടിരിക്കുകയാണ്. അത് ഇലക്ഷന്‍ മുന്നില്‍ കണ്ട് ഇട്ടതാണ്. ഈ ഭൂമി തീരദേശ പരിപാലന നിയമത്തിന്റെ പരിധിക്കുള്ളില്‍ വരുന്നതാണ്. അതായത് ആ ഭൂമി സുരക്ഷിതമല്ല. എക്കാലത്തും മത്സ്യതൊഴിലാളികളെ വോട്ടുബാങ്കാക്കി കൊണ്ടുപോവുകയാണ് ഇവരെല്ലാം. അടിസ്ഥാന പ്രശ്‌നങ്ങളിലെല്ലാം ശ്രദ്ധകൊടുക്കാത്ത നേതാക്കളാണ് ഇവിടെ ഉള്ളത്. ഇപ്പോള്‍ പൊന്നാനിയിലെ പഴയ കെട്ടിടങ്ങളെ നിലനിര്‍ത്തി മുസരീസിന്റെ ഭാഗമായി പൈതൃക പ്രദേശമായി നിലനിര്‍ത്താന്‍ ഒരുങ്ങുകയാണ്. ഈ കെട്ടിടങ്ങള്‍ ഒക്കെ എപ്പോഴാണ് താഴെ വീഴുകയെന്ന് പറയാന്‍ പറ്റില്ല. ഇങ്ങനെ ഒരു പൈതൃകം ലോകത്ത് എവിടെയും കാണില്ല.”

ആദ്യമായി വോട്ട് ചെയ്യുന്ന അജ്മല്‍, ജുനൈദ് തുടങ്ങിയ പുതിയ തലമുറയെ പ്രതിനിധീകരിച്ച് അഭിപ്രായപ്പെട്ടത്. ‘ഞങ്ങളൊക്കെ പുതിയ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. ഇയാള് (ഇ ടി മുഹമ്മദ് ബഷീര്‍) ജയിച്ചിട്ട് ഇവിടെ വന്നിട്ട് ആ കടപ്പുറത്ത് ഒരു ലൈറ്റിട്ടു. അതു വന്നിട്ട് മൂന്നാലുമാസമായിട്ടുള്ളൂ. പത്ത് കൊല്ലം ഭരിച്ചു. അതിനിടയിക്ക് കൊണ്ടുവന്നത് രാത്രി കത്തുന്ന ഒരു ലൈറ്റ്. രാത്രി കത്തിണ്ട് ഒരു ഉപകാരവുമില്ല നമ്മുക്ക്. കത്തിണ്ടെങ്കില്‍ രാവിലെ കത്തിട്ട് കാര്യമുള്ളൂ, മീന്‍ വില്‍ക്കേണ്ട ടൈമില്‍ വെളിച്ചം കിട്ടും. രാത്രിയില്‍ കിട്ടിയിട്ട് എന്തുകാര്യം. ആള് ജയിച്ചിട്ട് എന്താ ഉപകാരം. ഇവിടെ എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ വിളിച്ചാല്‍ മൂപ്പരുണ്ടാവില്ല (ഇ ടി). ആശുപത്രിയുടെ പരിപാടി, ഹാര്‍ബറിന്റെ പരിപാടി ഒന്നിലും ഇവരുണ്ടാവില്ല. പേര് വയ്ക്കാന്‍ മാത്രം ഉണ്ടാവും. നമ്മടെ വീട്ടിലും കൂട്ടുകാരുമൊക്കെ ഇതി തന്നെയാ പറയുന്നത്. എസ് ഡി പി ഐയെയൊക്കെ കൂട്ടുപിടിച്ച് ഇവിടെ ജയിക്കാനാണ് നോക്കുന്നത്. ആണുങ്ങളെ പോലെ നില്‍ക്കണ്ടേ? ഇനി ഇപ്പം ഇ ടി ജയിക്കുവാണേല്‍ ഭൂരിപക്ഷം കുറയും.”

മുസ്ലിം ലീഗിന്റെ പൊന്നാനി ലോക്‌സഭ മണ്ഡലത്തിലുള്ള സ്വാധീനം ക്ഷയിച്ചുവരുന്നു എന്നതിന്റെ തെളിവാണ് മുന്‍കാലങ്ങളിലെ അപേക്ഷിച്ചുള്ള വോട്ടിടിവ്. ഈ ഭീഷണി മുന്നില്‍ കണ്ടു തന്നെയാണ് ഇ ടി മുഹമ്മദ് ബഷീറും പി കെ കുഞ്ഞാലിക്കുട്ടിയും മണ്ഡലങ്ങള്‍ വെച്ച് മാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച മുസ്ലിം ലീഗിനകത്ത് ഉണ്ടായത്. എന്നാല്‍ മലപ്പുറത്തല്ലെങ്കില്‍ താന്‍ മത്സരിക്കുന്നിലെന്നു കുഞ്ഞാലിക്കുട്ടി തറപ്പിച്ചു പറഞ്ഞതോടെ ആ നീക്കം പൊളിഞ്ഞു. കുറച്ചു കാലമായി കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും രണ്ടു തട്ടിലാണെന്ന പ്രചാരണവും ശക്തമാണ്. അതുകൊണ്ടു തന്നെ വോട്ടിടിവ് സംഭവിച്ചുകൊണ്ടിരിക്കുന്ന പൊന്നാനി മണ്ഡലത്തില്‍ ഇ ടി യെ പരാജയപ്പെടുത്തുക എന്നത് അത്ര വിഷമം പിടിച്ച കാര്യമല്ലെന്ന കണക്കുകൂട്ടലിലാണ് സിപിഎം. എന്നാല്‍ ഇ ടി ക്കെതിരെ അന്‍വര്‍ വരുമ്പോള്‍ ഈ കണക്കുകൂട്ടല്‍ എത്രകണ്ട് ശരിയാവുമെന്നത് കണ്ടു തന്നെ അറിയണം. കാരണം മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥി, അഴിമതിയാരോപണങ്ങളും മറ്റും നേരിടുന്ന വ്യക്തി ഇങ്ങനെ പല കാര്യങ്ങളും അന്‍വറിനെതിരെയുണ്ട്. ഭൂമി കയ്യേറി പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയില്‍ പാര്‍ക്ക് പണിതതും പേമെന്റ് സീറ്റാണെന്ന ആരോപണവും അന്‍വറിന് തിരിച്ചടിയാണ്. പൊന്നാനിയില്‍ അന്‍വറിന്റെ പേര് സിപിഎം പരിഗണിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ ഇതിനെതിരെ വലിയ വിമര്‍ശനം തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇടതപക്ഷം ഇതിനെ പ്രതിരോധിക്കുക അന്‍വര്‍ പണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെന്നും പാര്‍ക്ക് നിര്‍മാണവും മറ്റും അന്‍വര്‍ ഇടതു സ്വതന്ത്രനായി മത്സരിച്ചു ജയിക്കുന്നതിനു മുന്‍പേ ആരംഭിച്ചതാണെന്നുമുള്ള വാദങ്ങളിലൂടെയായിരിക്കും.

പൊന്നാനിയില്‍ കോഴിക്കട നടത്തുന്ന ഷഫീഖ്, “കുറെക്കാലമായി ലീഗ് കുത്തകയാക്കി വച്ചിരിക്കുന്ന മണ്ഡലമാണ്. ഇപ്പം നല്ല മാറ്റം ഇവിടുത്തെ ജനങ്ങളില്‍ വന്നിട്ടുണ്ട്. അതിപ്പോ മുമ്പ് നമ്മടെ കാര്‍ന്നോമാര്‍ പറയും, ആ ചിഹ്നത്തില്‍ തന്നെ ചെയ്താല്‍ മതി അല്ലെങ്കില്‍ ആ കൊടി പിടിച്ചാല്‍ മതിയെന്ന്… അങ്ങനെ പറയുമ്പോ അതനുസരിച്ചിരുന്ന തലമുറയല്ല ഇപ്പോഴുള്ളത്. വലിയ മാറ്റമാണ് ഇവിടെ വന്നിട്ടുണ്ട്. ഇപ്പോഴുള്ള ഇലക്ഷന്റെ ഭാഗമായി നമ്മള് കാണുന്നത്, ഇവിടെ കേള്‍ക്കുന്നത് നമ്മള്‍ക്ക് ശരിക്കും മനസ്സിലാക്കാന്‍ പറ്റുന്നുണ്ട് ഇവിടുത്തെ കാറ്റിന്റെ ധ്വനി. ഇവിടുത്തെ പാര്‍ലമെന്റ് മെമ്പര്‍ ജയിച്ചു പോവുകയല്ലാണ്ട് അയാള് കൊണ്ട് കഴിയുന്ന കാര്യങ്ങള്‍ ഒന്നും ചെയ്യാറില്ല. ഇവര്‍ ചെയ്ത കാര്യങ്ങള്‍ എന്താണെന്ന് അവര്‍ തന്നെ അടിച്ച പത്രികയില്‍ പറയുന്ന കാര്യങ്ങള്‍ നോക്കിയാല്‍ ഒരു പഞ്ചായത്ത് മെമ്പര്‍ ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. വികസനം പറയുന്നത് ഒരു ബസ്സ്‌റ്റോപ്പ്, ഹൈമാസ് ലൈറ്റ്… ഒരുവാര്‍ഡ് മെമ്പര്‍ പറയുന്നതുപോലെയുള്ള കാര്യങ്ങളാണ് യുഡിഎഫ് സ്ഥാനാര്‍ഥി പറയുന്നത്. അതു നോക്കിയാല്‍ മനസ്സിലാവും വികസനത്തെക്കുറിച്ച് അവരുടെ കാഴ്ചപ്പാട് എന്താണെന്ന്. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റം ഇത്തവണയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴു നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള ഒരു ധ്വനി ഇ ടിക്കെതിരെയാണ്. ഇത്തവണ ലീഗുകാര്‍ തന്നെ ഒരു താക്കീതായിട്ട് ഇ ടിക്കെതിരെ നില്‍ക്കാനാണ് സാധ്യത. പൊന്നാനിയും തവനൂരും ഒക്കെ അത്യവശ്യം നല്ല സ്വാധീനമുള്ള ഭാഗമങ്ങളാണ്. ബാക്കിയുള്ള മേഖലയില്‍ കാര്യമായി സ്വാധീനം കുറവാണ്. പക്ഷെ ഇത്തവണ ചെറിയ ഒരു വോട്ട് ഭൂരിപക്ഷത്തിനെങ്കിലും അന്‍വര്‍ ജയിക്കുമെന്ന്. മറ്റൊരു കാര്യമുള്ളത് പുതിയ വോട്ടര്‍മാര്‍ ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്നാണ് കരുതുന്നത്. ഏകദേശം ഒന്നരലക്ഷം പുതിയ വോട്ടുകളാണ് ഉള്ളത്. അതുകൊണ്ട് പാര്‍ട്ടി ചിഹ്നം ഇല്ലെങ്കിലും എങ്ങനെ കാറ്റ് മാറിവീശിയാലും ചെറിയ ഭൂരിപക്ഷത്തിന് ഇടത് തന്നെയായിരിക്കും.”

അതേസമയം, ഇടതുപക്ഷ അനുഭാവിയായ ഫാറൂഖ് പറയുന്നത് ഇപ്രാവശ്യം വോട്ട് യുഡിഎഫിനാണെന്നാണ്. “നമ്മള്‍ക്കിപ്പോ രാഷ്ട്രീയം ഇല്ല. മുമ്പ് മാര്‍കിസ്റ്റുകാരനായിരുന്നു. നമ്മളെ ഇച്ചിരി പറമ്പ് കച്ചടോം മറ്റുമായിട്ട് ജീവിച്ചുപോകുന്ന പാര്‍ട്ടീസാണ്. മോദി വന്നതോടെ ഞങ്ങടെ ആ സംഭവം അങ്ങോട്ട് അവസാനിച്ചു. സത്യം പറഞ്ഞാല്‍ വീട്ടിലെ ശരിക്കുമുള്ള കാര്യങ്ങള്‍ കഴിയുന്നത് തന്നെ വളരെ ഞെരിങ്ങിയിട്ടാണ്. ഒരു ബിസിനസും നടക്കുന്നില്ല. സാധാരണക്കാരൊക്കെ ഈ ഭരണം കൊണ്ട് മുടിഞ്ഞീന്ന് പറയാനുള്ളൂ. നമ്മളൊക്കെ എന്തുവന്നാലും എല്ലാപ്രവശ്യവും സിപിഎമ്മിനെ വോട്ടു ചെയ്യാറുണ്ടായിരുന്നുള്ളൂ. ഈ വര്‍ഷം അതല്ല. ഇവിടെ സാധാരണ എന്നെപ്പോലുള്ള തൊഴിലാളികളൊക്കെ സമരം ചെയ്തിട്ടും ഇങ്ക്വീലാബ് വിളിച്ചിട്ടുമൊക്കെ… ഒരുപാട് പാവപ്പെട്ട് തൊഴിലാളികളുണ്ട് അവര്‍ക്കാര്‍ക്കും സീറ്റ് കൊടുക്കാതെ, എവിടുന്നോ വന്ന ആ പരിസ്ഥിതിയൊക്കെ മിണുങ്ങിയ ഒരു ചങ്ങാതിയെ,  അന്‍വറിനെ ഇവിടെ കൊണ്ടുവന്നിരിക്കുന്നു. അപ്പോ സഖാകള്‍ എവിടെ എത്തി. ഒന്നില്ലെങ്കില്‍ അവര് പാര്‍ട്ടി ചിഹ്നത്തില്‍ കൊടുക്കുക. അതുകാരണം ഞങ്ങള്‍ കുറച്ച് പേര്‍ തീരുമാനിച്ചിട്ടുണ്ട് ഇപ്രാവശ്യം ഇയാള്‍ക്ക് (അന്‍വര്‍) വോട്ട് കൊടുക്കില്ലെന്ന്. ഇപ്രാവശ്യം മാറി ചിന്തിച്ചിട്ട് ഇ ടിക്ക് വോട്ടു ചെയ്യും.”

യു റസാഖിന്റെ അഭിപ്രായത്തില്‍ ഇവിടെ എതിര്‍ക്കപ്പെടേണ്ടത് എല്‍ഡിഎഫാണെന്നാണ്, “യുഡിഎഫിനെ സംബന്ധിച്ചിടത്തോളം മുഖ്യ ശത്രു ഇവിടുത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന് പേരു മാത്രമെയുള്ളൂ, അവരുടെ ആശയങ്ങളില്‍ നിന്നും അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുമൊക്കെ മുമ്പത്തെക്കാള്‍ എവിടെയോ വ്യതിചലിച്ചുപോയി. ജനങ്ങളൊക്കെ വിഡ്ഢികളാണെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് പിണറായിയും കൂട്ടരും ചെയ്തുകൊണ്ടരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും കേരള ഗവണ്‍മെന്റ് കാരണമുള്ള പ്രയാസങ്ങളും ഇതിനെക്കെ ഇരകളായിട്ടുള്ള ഈ ജനങ്ങള്‍ അത് മനസിലാക്കിക്കൊണ്ട് വോട്ടുചെയ്യും. ഇ ടി ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് യാതൊരു തര്‍ക്കവുമില്ലാത്ത കാര്യമാണ്.”

എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി കെ.സി നസീറിനും ബിജെപിയുടെ വി ടി രമയ്ക്കും മണ്ഡലത്തില്‍ കാര്യമായി സ്വാധീനമില്ലെങ്കിലും ഇരുവര്‍ക്കും കൂടി നിലവിലെ കണക്ക് അനുസരിച്ച് ഒരു ലക്ഷത്തിനടുത്ത് വോട്ടുണ്ട്. അത് ഇനി കൂടാനും സാധ്യതയുണ്ട്. കൂടാതെ മണ്ഡലത്തില്‍ ഒന്നര ലക്ഷത്തോളം വരുന്ന പുതിയ വോട്ടര്‍മാരുമുണ്ട്. മത ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ ഉള്ള മണ്ഡലമാണ് പൊന്നാനി. കൂടുതലും സുന്നി വിഭാഗക്കാരാണ്. ഇരു സമസ്തകളുടെ വോട്ടും മണ്ഡലത്തില്‍ നിര്‍ണ്ണായകമാണ്. ന്യൂനപക്ഷ വിഷയങ്ങളില്‍ ഇടിക്ക് പാര്‍ലമെന്റിലെ മികച്ച പ്രകടനമുണ്ടെന്നും ന്യൂനപക്ഷ വോട്ടുകള്‍ ഇ ടിക്ക് അനുകൂല ഘടകമാണെന്നുമാണ് യുഡിഎഫ് കരുതുന്നത്. ലീഗ് വിരുദ്ധ കോണ്‍ഗ്രസ് വോട്ടുകള്‍ ലഭിക്കുമെന്നാണ് ഇടത് പക്ഷം കരുതുന്നത്. കൂട്ടത്തില്‍ ലീഗ് പ്രവര്‍ത്തകരുള്‍പ്പടെയുള്ളവര്‍ക്ക് ഇ ടിയെ താല്‍പര്യമില്ലെന്നാണ് ഇടതു കണക്കുകൂട്ടല്‍. സ്വതന്ത്ര സ്ഥാനാര്‍ഥികളെ ഇറക്കി പരമാവധി വോട്ട് പിടിക്കുക എന്ന ഇടത് തന്ത്രം ഇത്തവണ പരീക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും ആ വോട്ടുകള്‍ തങ്ങള്‍ക്ക് ഉറപ്പിക്കാനുള്ള നീക്കങ്ങള്‍ എല്‍ഡിഎഫ് ചെയ്തുകൊണ്ടിരിക്കുകയാണ്. എസ്ഡിപിഐ, പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവരുടെ വോട്ടുകളും ജയ പരാജയങ്ങളെ സ്വാധീനിക്കും. മാത്രമല്ല പ്രദേശത്തെ സ്ത്രീ വോട്ടര്‍മാരുടെ അഭിപ്രായം പരസ്യമായി പ്രകടപ്പിക്കാത്തത് ആ വോട്ടുകള്‍ എവിടെക്ക് എന്നതും ശ്രദ്ധേയമാണ്. പഞ്ചായത്ത് ഇലക്ഷനും അസംബ്ലി ഇലക്ഷനുമുള്ള ഒരു നിലപാട് ആയിരിക്കില്ല അവര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നടത്തുകയെന്നതും ഒരു കാര്യമാണ്. മാത്രമല്ല ബിജെപിയുടെ വോട്ടുകള്‍ മാറ്റിക്കുത്തുകയാണെങ്കില്‍ അപ്രതീക്ഷിത കാര്യങ്ങളും പൊന്നാനിയില്‍ പ്രതീക്ഷിക്കാം.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍