UPDATES

വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി വയനാട്ടില്‍? പ്രഖ്യാപനം ഉടന്‍

ആവശ്യം ഉന്നയിച്ചത് ചെന്നിത്തല, അംഗീകരിച്ച് ഉമ്മന്‍ ചാണ്ടി

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നു കെപിസിസി ആവശ്യം. രാഹുലിനോട് ഈ അവശ്യം അറിയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചത്. മത്സരിക്കാന്‍ രാഹുല്‍ തയ്യാറായാല്‍ കേരളത്തിന്റെ സൗഭാഗ്യമാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കേരളത്തിന്റെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, തെക്കേയിന്ത്യയിലാകെ കോണ്‍ഗ്രസിന് വമ്പിച്ച മുന്നേറ്റം ഉണ്ടാകുമെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. വയനാട്ടിലും വടകരയിലും സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാതെ ഒഴിച്ചിട്ടത് രാഹുലിനു വേണ്ടിയായിരുന്നോ എന്ന ചോദ്യത്തിന്, ആദ്യം തന്നെ വയനാട് സീറ്റ് ആയിരുന്നു ആവശ്യപ്പെട്ടത് എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. എറണാകുളത്തോ തിരുവനന്തപുരത്തോ രാഹുലിന് മത്സരിക്കാന്‍ സാധിക്കുമെങ്കിലും പണ്ടു തൊട്ടേ ആവശ്യപ്പെടുന്നത് വയനാട്ടില്‍ നില്‍ക്കാന്‍ ആണെന്നാണ് ചെന്നിത്തല പറയുന്നത്. അതിനുള്ള കാരണായി ചെന്നിത്തല പറയുന്നത്, ആദിവാസികളും കര്‍ഷകരും സാധാരണക്കാരുമുള്ള ഏറ്റവും പിന്നാക്കമായൊരു പ്രദേശത്ത് നിന്നും രാഹുല്‍ ഗാന്ധി മത്സരിക്കുന്നതാണ് ആ നാടിനും കേരളത്തിനും അനിവാര്യം എന്നതാണ്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയോട്, ഇക്കാര്യം അഭ്യര്‍ത്ഥിക്കുന്നതെന്നാണ് പ്രതിപക്ഷനേതാവിന്റെ വാദം. കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെ എല്ലാവരുമായി കൂടിയാലോചന ചെയ്ത് തീരുമാനമെടുക്കേണ്ടിയരുന്നതുകൊണ്ടാണ് ഇക്കാര്യം പറയാന്‍ താമസം വന്നതെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കുന്നു. എ കെ ആന്റണി, കെ സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക് എന്നിവരോടും ഇക്കാര്യം ഇന്നു രാവിലെ സംസരിച്ചിരുന്നതായും ചെന്നിത്തല കൂട്ടിച്ചേര്‍ക്കുന്നു.

ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും വയനാട് സീറ്റില്‍ ടി സിദ്ദീഖ് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നത്. ഇപ്പോള്‍ സിദ്ദിഖിനെ ഒഴിവാക്കിക്കൊണ്ടാണോ രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനം എടുക്കുന്നതെന്ന ചോദ്യത്തിന് ചെന്നിത്തല പറയുന്നത്, താന്‍ സിദ്ദിഖിനോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ സിദ്ദിഖ് തന്നെ ഇങ്ങോട്ടിത് ഉന്നയിക്കുകയായിരുന്നുവെന്നാണ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തയ്യാറായാല്‍ അത് കേരളത്തിലെ കോണ്‍ഗ്രസിനും ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കും ജനാധിപത്യ വിശ്വാസികള്‍ക്കും നല്‍കുന്ന അംഗീകരമാണെന്ന തരത്തില്‍ വോട്ടര്‍മാര്‍ക്കു മുന്നില്‍ ഈ വിഷയം വിശദീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.

വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ എത്രയും പെട്ടെന്നൊരു തീരുമാനം ഉണ്ടാകണമെന്നു കോണ്‍ഗ്രസ് അധ്യക്ഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറയുന്നുണ്ട്.

അമേഥിയില്‍ രാഹുല്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അതോടൊപ്പം മറ്റൊരു മണ്ഡലത്തില്‍ കൂടി ജയിക്കുന്നത് ദേശീയ ഉദ്ഗ്രഥനത്തിനും ദേശീയ ഐക്യത്തിനും ഭദ്രതയ്ക്കും ജനങ്ങളുടെ ഉത്കര്‍ഷയ്ക്കും, പ്രത്യേകിച്ച് തെക്കേയിന്ത്യയിലെ ജനങ്ങള്‍ക്ക് അതൊരു വലിയ അംഗീകാരവുമായി തീരുമെന്നാണ് താന്‍ കണക്കാക്കുന്നതെന്നു രമേശ് ചെന്നിത്തല പറയുന്നു. രാഹുല്‍ ഗാന്ധി വരുന്നതോടുകൂടി കേരളം യുഡിഎഫ് തൂത്തുവാരുമെന്നും രമേശ് ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

അതേസമയം രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ട കാര്യം ഉമ്മന്‍ ചാണ്ടിയും അംഗീകരിക്കുന്നുണ്ട്. രാഹുല്‍ വരികയാണെങ്കില്‍ പിന്മാറാന്‍ തയ്യാറാണെന്നു ടി സിദ്ദിഖും വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിന്റെ സാന്നിധ്യം ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നാണ് ഉമ്മന്‍ ചാണ്ടിയും പറയുന്നത്. യുഡിഎഫിലെ ഘടകകക്ഷികള്‍ക്കും രാഹുല്‍ വരുന്നതിനോട് അനുകൂലസമീപനമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍