UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല യുവതി പ്രവേശനത്തില്‍ തിളച്ച പത്തനംതിട്ടയില്‍ വീണ ജോര്‍ജിന് വീഴുക നവോത്ഥാന വോട്ടോ, അതോ ജാതി വോട്ടോ?

ഓര്‍ത്തഡോക്‌സ് സഭാംഗവും തികഞ്ഞ വിശ്വാസിയുമായ വീണയെ മത്സരിപ്പിച്ച് മണ്ഡലത്തില്‍ മുന്‍തൂക്കം നേടുകയെന്നതാണ് പാര്‍ട്ടി മുന്നില്‍ കണ്ടത്

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്‍മുളയില്‍ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥിയായി എത്തിയത് ഒരു പുതുമുഖമായിരുന്നു. മാധ്യമപ്രവര്‍ത്തകയായി ലൈംലൈറ്റില്‍ നിന്നിരുന്ന ഒരു വനിത; വീണ ജോര്‍ജ്. മാധ്യമ പ്രവര്‍ത്തകയും വാര്‍ത്താ, വാര്‍ത്താധിഷ്ഠിത പരിപാടികളുടെ അവതാരകയുമായിരുന്ന വീണ വര്‍ഷങ്ങളോളമണിഞ്ഞ ആ കുപ്പായമഴിച്ചു വച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പോലും പ്രവര്‍ത്തിച്ച് പരിചയമില്ലാതിരുന്ന വീണ അങ്ങനെ കേരള രാഷ്ട്രീയത്തിലെ പുതുമുഖമായി.

വാര്‍ത്താ അവതാരകയായിരുന്ന കാലം രാഷ്ട്രീയ നേതാക്കളെയടക്കം തന്റെ ചോദ്യങ്ങളുടെ ചൂണ്ടയില്‍ കുടുക്കിയിട്ട വീണ ജോര്‍ജ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിത സ്ഥാനാര്‍ഥി പ്രഖ്യാപനമായിരുന്നു വീണയുടേത്. വാര്‍ത്താ ചാനലുകളിലൂടെ മാത്രം കണ്ടിരുന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് മണ്ഡലത്തില്‍ വലിയ സ്വീകാര്യത ലഭിച്ചു.

വീണ ജോര്‍ജിനെ സ്ഥാനാര്‍ഥിയായി ഇറക്കുമ്പോള്‍ സിപിഎമ്മിന് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. പാര്‍ട്ടിയുടെ ധാരണകളൊന്നും തെറ്റിയില്ല എന്ന് തെളിയിക്കുന്നതായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ശിവദാസന്‍ നായര്‍ കുത്തകയാക്കി വച്ചിരുന്ന ആറന്മുള മണ്ഡലത്തില്‍ വീണ ജോര്‍ജ് നേടിയ വിജയം. വീണ ജോര്‍ജിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി നിര്‍ത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ശിവദാസന്‍ നായര്‍ക്ക് ഈസി വാക്ക് ഓവര്‍ ആയിരിക്കും എന്ന അമിതാത്മവിശ്വാസത്തിലായിരുന്നു യുഡിഎഫ് ക്യാമ്പ്. എന്നാല്‍ 7600 വോട്ടുകള്‍ക്ക് വീണ അട്ടിമറി വിജയം നേടി. നിയമസഭയിലെ എട്ട് വനിതാ അംഗങ്ങളില്‍ ഒരാളാണ് വീണ ജോര്‍ജ്.

2016ല്‍ വീണയെ സ്ഥാനാര്‍ഥിയാക്കാനുള്ള അതേ കാരണങ്ങള്‍ തന്നെയാണ് ലോക്‌സഭയിലേക്ക് പത്തനംതിട്ട മണ്ഡലത്തില്‍ അവരെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലിസ്റ്റ് വന്നപ്പോള്‍ രണ്ട് വനിതകളില്‍ ഒരാളായി വീണ ജോര്‍ജും.

പുതുമുഖമായിട്ടുകൂടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനും ജനമനസ്സില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞതുമാണ് വീണയുടെ വിജയത്തിന് പിന്നിലെന്ന് പാര്‍ട്ടി അണികള്‍ വിശ്വസിക്കുന്നു. മാധ്യമ പ്രവര്‍ത്തക എന്ന ഇമേജ് ഗുണം ചെയ്തതായും വിലയിരുത്തലുണ്ടായിരുന്നു.

കൈരളി ടി വിയില്‍ തന്റെ കരിയര്‍ ആരംഭിച്ച വീണ ഇന്ത്യാവിഷന്‍, മനോരമ ന്യൂസ്, റിപ്പോര്‍ട്ടര്‍ ചാനലുകളില്‍ പ്രവര്‍ത്തിച്ചു. കേരളത്തിലെ ചാനലുകളിലെ ആദ്യത്തെ വനിതാ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഇവരാണ്. എംഎല്‍എ ആയതിന് ശേഷവും ടി വി ആങ്കറിങ് തുടരുന്നു. നാം മുന്നോട്ട് എന്ന സര്‍ക്കാര്‍ പരിപാടിയുടെ അവതാരക വീണയാണ്.

ആറന്മുള മണ്ഡലത്തിലെ വികസനത്തിന് പ്രാമുഖ്യം നല്‍കിയായിരുന്നു 2016ല്‍ തിരഞ്ഞെടുപ്പ് പ്രചരണം. കാര്‍ഷികം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും കുടിവെള്ളം എത്തിക്കുന്നതിലും റോഡ് നിര്‍മ്മാണത്തിലും മൂന്ന് വര്‍ഷത്തിനിടെ വലിയ പുരോഗതികള്‍ ഉണ്ടാക്കാനായി എന്നതാണ് എംഎല്‍എയുടേയും പാര്‍ട്ടിയുടേയും അവകാശവാദം.

ക്രിസ്ത്യന്‍, നായര്‍ സമുദായ വോട്ടുകള്‍ ഗതി നിയന്ത്രിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ഓര്‍ത്തഡോക്‌സ് സഭാംഗവും തികഞ്ഞ വിശ്വാസിയുമായ വീണയെ മത്സരിപ്പിച്ച് മണ്ഡലത്തില്‍ മുന്‍തൂക്കം നേടുകയെന്നതാണ് പാര്‍ട്ടി മുന്നില്‍ കണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ തന്ത്രമായിരുന്നു പാര്‍ട്ടിയുടേത്. ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറിയായിരുന്ന ജോര്‍ജ് ജോസഫ് ആണ് വീണയുടെ ഭര്‍ത്താവ്. ഈ വഴി വന്നുചേര്‍ന്ന സീറ്റാണ് വീണയ്ക്ക് ലഭിച്ചതെന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതുമുതലുള്ള ആരോപണമായിരുന്നു. ജാതി വിറ്റ് നേടിയ വോട്ടാണ് വീണയുടെ വിജയമെന്നതായിരുന്നു പ്രധാന ആക്ഷേപം. സഭയെ കൂട്ടുപിടിച്ച് ജാതിപറഞ്ഞ് വോട്ട് തേടുകയും ചെയ്തിരുന്നു. ഈ തന്ത്രം ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ മത്സരിച്ചപ്പോഴും പാര്‍ട്ടി വിദഗ്ദ്ധമായി പയറ്റി. വീണയെ തന്നെ ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കി ഇതേ കളി വീണ്ടുമിറക്കാനാണ് സിപിഎം ഒരുങ്ങുന്നത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച് മണ്ഡലം കൂടിയാണ് പത്തനംതിട്ട. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ ഹൈന്ദവ ഏകീകരണം നടക്കാനിടയുള്ള മണ്ഡലത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം വോട്ടുകള്‍ പിടിക്കുക എന്നതാണ് വീണയിലൂടെ എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ വെല്ലുവിളികളേറെയുള്ള മത്സരത്തിനാണ് വീണ ഇത്തവണ ഇറങ്ങുന്നത്.

ആറന്മുള വിമാനത്താവളം വരണമെന്ന നിലപാടില്‍ ഉറച്ച് നിന്ന ശിവദാസന്‍ നായര്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടി കൂടിയായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്. എല്‍ഡിഎഫില്‍ നിന്ന് ആരെ നിര്‍ത്തിയാലും വിജയിക്കുമെന്ന അമിത ആത്മവിശ്വാസം യുഡിഎഫിനും സ്ഥാനാര്‍ഥിക്കുമുണ്ടായിരുന്നത് പ്രവര്‍ത്തനം ദുര്‍ബലപ്പെടുത്തുകയും തിരിച്ചടിയാവുകയും ചെയ്തു. ശിവദാസന്‍ നായര്‍ സവര്‍ണ സമുദായ വോട്ടുകള്‍ നേടിയപ്പോള്‍ ക്രിസ്ത്യന്‍ സമുദായ വോട്ടുകള്‍ വീണയെ തുണച്ചു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നിര്‍ത്തുന്നതും ഇതേ തന്ത്രങ്ങളിലൂടെ വോട്ട് നേടാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയെയാവുമെന്നത് വീണയ്ക്ക് വെല്ലുവിളിയാവും. ആന്റോ ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും പേരുകളാണ് മണ്ഡലത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് പിടിച്ച മണ്ഡലമാണ് പത്തനംതിട്ട. എം ടി രമേശ് 1,36,000 വോട്ടുകളാണ് നേടിയത്. ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി ശബരിമല വിഷയം പൊലിപ്പിച്ച് വോട്ടാക്കാനായാല്‍ കഴിഞ്ഞ തവണത്തേതിലും മൂന്നിരട്ടി വോട്ടുകള്‍ പിടിക്കാനോ, ഒരുപക്ഷേ വിജയിക്കാനോ സാധ്യതയുള്ള മണ്ഡലമായാണ് ബിജെപി പത്തനംതിട്ടയെ കാണുന്നത്. സുകുമാരന്‍ നായരുടെ ആശീര്‍വാദത്തോടെ മത്സരിക്കാനിറങ്ങിയാല്‍ ഹൈന്ദവ വോട്ടുകളില്‍ ബഹുഭൂരിപക്ഷവും പിടിക്കാനാവുമെന്നതാണ് ബിജെപിയുടെ പ്രതീക്ഷ. അങ്ങനെ വന്നാല്‍ വീണയ്ക്കും യുഡിഎഫ് സ്ഥാനാര്‍ഥിക്കും മത്സരം കടുത്തതാവും. ബിജെപിയുടേത് ശക്തനായ സ്ഥാനാര്‍ഥിയാണെങ്കില്‍ യുഡിഎഫ് വോട്ടില്‍ സ്പ്ലിറ്റ് ഉണ്ടാക്കാനാവുമെന്നും അത് വീണയ്ക്ക് ഗുണം ചെയ്യുമെന്നുമുള്ള സംസാരവും പാര്‍ട്ടി അണികളിലുണ്ട്.

എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയ വീണ ജോര്‍ജിന്റെ ഇമേജിന് വലിയ തോതില്‍ മങ്ങലേറ്റിട്ടുണ്ടെന്നാണ് മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകരും നേതാക്കളുമടക്കം രഹസ്യമായി പറയുന്ന കാര്യം. മാധ്യമപ്രവര്‍ത്തകയായി സ്‌ക്രീനില്‍ കണ്ടിട്ടുള്ള വീണയ്ക്ക് സെലബ്രിറ്റി ഇമേജ് ആയിരുന്നു ഉണ്ടായിരുന്നത്. സെലബ്രിറ്റി ആയ ഒരാള്‍ മത്സരിക്കാനെത്തുന്നതിന്റെ എല്ലാവിധ പ്രവിലേജുകളും വീണയ്ക്കും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പുതുമ നിലനില്‍ക്കുന്നില്ല. പാര്‍ട്ടി ജില്ലാ ഓഫീസില്‍ നിന്ന് വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാത്ത, പാര്‍ട്ടി പ്രവര്‍ത്തകരോട് സഹകരിക്കാത്ത, സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതില്‍ ശ്രദ്ധ കാണിക്കാത്ത, അവശ്യകാര്യങ്ങള്‍ക്കായി വിളിക്കുന്ന ജനങ്ങളുടെ ഫോണ്‍ കോളുകള്‍ അവഗണിക്കുന്ന എംഎല്‍എയെക്കുറിച്ചായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കടക്കം പറയാനുണ്ടായിരുന്നത്. സഭയുടെയും പള്ളികളുടേയും പരിപാടികളില്‍ മാത്രം പങ്കെടുക്കുകയും സാധാരണക്കാരെ അവഗണിക്കുകയും ചെയ്യുന്നയാള്‍ എന്ന പ്രചരണം പൊതുവെ മണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട്. എംഎല്‍എയെ സമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ചവര്‍ക്കെതിരെ കേസ് കൊടുത്തതടക്കം ജനപ്രതിനിധി എന്ന നിലയിലുള്ള ചെറിയ വിമര്‍ശനങ്ങളെ പോലും സ്ഥാനവും അധികാരവുമുപയോഗിച്ച് നേരിടുന്ന പ്രവണത ഏറെ വിമര്‍ശിക്കപ്പെട്ടു. ഇതെല്ലാം വീണയ്ക്ക് തിരിച്ചടിയാവാനുള്ള സാധ്യതയും പറയപ്പെടുന്നു.

മാധ്യമപ്രവര്‍ത്തന ജീവിതം അവസാനിപ്പിച്ച വീണ ചുരുങ്ങിയ സമയത്തിനകം തനി രാഷ്ട്രീയക്കാരിയായി എന്ന വിമര്‍ശനം സിപിഎം പാര്‍ട്ടിയില്‍ നിന്നുള്ളവരുടേത് തന്നെയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രങ്ങള്‍ പയറ്റാന്‍ മിടുക്കിയായ ഒരു സ്ഥാനാര്‍ഥി എന്ന നിലയ്ക്കാണ് പാര്‍ട്ടി അണികളില്‍ ഒരു വിഭാഗം വീണയെ കാണുന്നത്. മാധ്യമപ്രവര്‍ത്തകയുടെ താരപരിവേഷം ഇല്ലാതായാലും എംഎല്‍എയായ വീണയ്ക്ക് പത്തനംതിട്ടയും കയ്യിലൊതുക്കാന്‍ കഴിയും എന്നാണ് അവരുടെ വിശ്വാസം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍