UPDATES

വാര്‍ത്തകള്‍

‘ചട്ടം ലംഘിച്ചാല്‍ തൂക്കിക്കൊല്ലുകയൊന്നുമില്ലല്ലോ’, ശബരിമലയില്‍ ഊന്നി പ്രചരണം ശക്തമാക്കാന്‍ ആര്‍എസ്എസ്

തിരഞ്ഞെടുപ്പ് ഫലത്തില്‍ ശബരിമല വിഷയം പ്രതിഫലിക്കുമെന്നാണ് ബിജെപിയുടേയും ആര്‍എസ്എസിന്റെയും കണക്കുകൂട്ടല്‍.

ശബരിമല വിഷയം ഉയര്‍ത്തി അവസാനവട്ട പ്രചാരണം ശക്തമാക്കാന്‍ ആര്‍എസ്എസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശബരിമല വിഷയം ഉയര്‍ത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശമുള്ളപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് പ്രചാരണം ശക്തമാക്കാനാണ് സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം. ആളുകളുടെ രാഷ്ട്രീയ ചായ്‌വ് കണക്കിലെടുക്കാതെ എല്ലാവരോടും ശബരിമല യുവതീ പ്രവേശന വിഷയം നേരിട്ട് സംസാരിക്കാനാണ് ആര്‍എസ്എസ് സംഘടനാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം തന്നെ ദൈവങ്ങളുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെയായിരുന്നു ബിജെപി സ്ഥാനാര്‍ഥികളുടെ പ്രചാരണം. ശബരിമല വിഷയം ഉയര്‍ത്തിപ്പിടിച്ച് അയ്യപ്പന്റെ പേരില്‍ സ്ഥാനാര്‍ഥികള്‍ വോട്ടഭ്യര്‍ത്ഥിക്കുന്നത് ചട്ടലംഘനമാണെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ബിജെപിക്ക് പുറമെ ശബരിമല കര്‍മ്മ സമിതിയും വലിയ തോതിലുള്ള പ്രചാരണമാണ് ശബരിമല വിഷയത്തില്‍ നടത്തുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ കുറേക്കൂടി ഊര്‍ജ്ജിതമാക്കാനാണ് ആര്‍എസ്എസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ മണ്ഡലം, ബ്ലോക്ക്, ബൂത്ത് തല പ്രവര്‍ത്തകര്‍ക്ക് നല്‍കിക്കഴിഞ്ഞു.

ശബരിമല യുവതീ പ്രവേശന വിഷയം ആളിക്കത്തിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ തുടക്കം മുതല്‍ ബിജെപിയേക്കാള്‍ ആര്‍എസ്എസിനായിരുന്നു താത്പര്യം. പരമാവധി ആളുകളെ പ്രതിഷേധങ്ങള്‍ക്കും നാമജപയജ്ഞങ്ങള്‍ക്കുമെത്തിച്ച് ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടാക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തുടക്കം മുതല്‍ ശ്രമിച്ചിരുന്നു. ബിജെപിയെ രണ്ടാം നിരയിലേക്ക് ഒതുക്കിക്കൊണ്ടായിരുന്നു മുഴുവന്‍ പ്രവര്‍ത്തനങ്ങളും. ശബരിമല കര്‍മ്മ സമിതി തിരുവനന്തപുരത്ത് വച്ചു നടത്തിയ അയ്യപ്പ സംഗമം പ്രതീക്ഷിച്ചതിലുമധികം വിജയമായതോടെ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസിന്റെ കയ്യില്‍ വരികയും ചെയ്തു. പിന്നീട് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു പ്രവര്‍ത്തനങ്ങള്‍.

കേരളത്തില്‍ ആദ്യമായി ആര്‍എസ്എസ് സജീവമായി ഇറങ്ങിയ തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചതും ആര്‍എസ്എസ് നേതൃത്വം തന്നെയായിരുന്നു. എന്നാല്‍ ബിജെപിയിലെ പടലപ്പിണക്കങ്ങളും പോരും രൂക്ഷമായപ്പോള്‍ ആര്‍എസ്എസിന്റെ താത്പര്യങ്ങളേക്കാള്‍ ബിജെപിക്ക് വഴങ്ങേണ്ടി വന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്. ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും സംഘപരിവാര്‍ സംഘടനകള്‍ക്ക് വേരുറപ്പിക്കാനുള്ള അവസരമായിട്ടാണ് ഈ തിരഞ്ഞെടുപ്പിനെ ആര്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ കാണുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അനുകൂലമായ ഫലങ്ങള്‍ ഉണ്ടാക്കാനായില്ലെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാവുമ്പോഴേക്കും ബൂത്ത് തലങ്ങളില്‍ ശക്തമായ സ്വാധീനമുറപ്പിച്ച് പ്രവര്‍ത്തിക്കാനും ലാഭമുണ്ടാക്കാനുമാവും എന്നതാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

ഇതിന് പറ്റിയ അവസരം ശബരിമലവിഷയത്തില്‍ നിന്ന് മുക്തമല്ലാത്ത സാമൂഹ്യസാഹചര്യമാണെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. അതിനാല്‍ തന്നെ ബിജെപിക്ക് താത്പര്യമില്ലെങ്കില്‍ പോലും ശബരിമല യുവതീ പ്രവേശന വിഷയം പ്രചാരണായുധമായി തുടര്‍ന്നും ഉപയോഗിക്കാന്‍ തന്നെയാണ് ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം. വീടുകള്‍ കേന്ദ്രീകരിച്ചും കുടുംബയോഗങ്ങള്‍ വിളിച്ചും ശബരിമല വിഷയം അവതരിപ്പിക്കും. വോട്ടര്‍മാരുടെ രാഷ്ട്രീയം നോക്കാതെ എല്ലാവരോടും ശബരിമല വിഷയം സംസാരിക്കണമെന്നും സ്ത്രീകള്‍ക്കിടയില്‍ കാമ്പയിനുകള്‍ ശക്തമാക്കണമെന്നുമാണ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിന് പുറമെ സംഘടനാ തലത്തില്‍ ലഭിക്കുന്ന വോട്ടുകളുടേയും അധികമായി ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകളുടേയും കണക്കെടുപ്പും ആര്‍എസ്എസ് തുടങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയം സംസാരിക്കുകയും ബിജെപിക്കൊപ്പം നില്‍ക്കുകയും ചെയ്യുമെങ്കിലും ആര്‍എസ്എസ് തങ്ങളുടെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിച്ച് പ്രചാരണത്തിനും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും ഇറങ്ങിയ തിരഞ്ഞെടുപ്പാണിത്. മത്സരഫലം സംഘടനയ്ക്കും നിര്‍ണായകമാണെന്നിരിക്കെ അവസാനവട്ട പ്രചാരണങ്ങള്‍ കൊഴുപ്പിക്കാനുള്ള തീരുമാനമാണ് ആര്‍എസ്എസ് എടുത്തിരിക്കുന്നത്.

കോടതിവിധിയാണെങ്കിലും സര്‍ക്കാര്‍ അത് രാഷ്ട്രീയമായാണ് ഉപയോഗിച്ചതെന്നും അക്കാര്യങ്ങള്‍ പറയരുതെന്ന് പറഞ്ഞാല്‍ സംഘത്തിന് അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ആര്‍എസ്എസ് സംസ്ഥാന പ്രാന്തകാര്യ വാഹക് ഗോപാലകുട്ടി മാസ്റ്റര്‍ അഴിമുഖത്തോട് പറഞ്ഞു: “തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത് പുതിയ കാര്യമല്ല. കാലങ്ങളായുള്ള തിരഞ്ഞെടുപ്പ് ചട്ടമാണത്. ഇപ്പോള്‍ മാത്രം പ്രത്യേകമായി ശബരിമലയുടെ കാര്യം വന്നപ്പോള്‍ അത് മിണ്ടരുതെന്ന് പറയാന്‍ എന്ത് കാര്യമാണുള്ളത്. ശബരിമല വിഷയത്തില്‍ അനുകൂലമായി സംസാരിക്കുന്നവര്‍ക്കെതിരെ ആരും ഒരു ചട്ടലംഘനവും പറയുന്നില്ലല്ലോ. ഈ തിരഞ്ഞെടുപ്പ് ഒരു സര്‍ക്കാരിനെ ഉണ്ടാക്കാന്‍ വേണ്ടിയുള്ളതാണ്. ശബരിമല വിഷയത്തില്‍ വിശ്വാസികളെ ദ്രോഹിച്ചത് സര്‍ക്കാരാണ്. അപ്പോള്‍ സര്‍ക്കാരിന്റെ ഒരു പ്രവൃത്തിക്കെതിരെ മിണ്ടാതിരിക്കണമെന്ന് പറഞ്ഞാല്‍ അത് അനുസരിക്കാവുന്ന കാര്യമല്ല. സര്‍ക്കാരിനത് ചെയ്യാം, വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറയുന്നത് എന്ത് ശരിയാണ്? സംഘടന എന്ന നിലയില്‍ സംഘടനാപരമായി ഇക്കാര്യത്തില്‍ ചെയ്യാവുന്നത് സംഘവും മറ്റ് ഹിന്ദു സംഘടനകളും ചെയ്യും. ശബരിമല വിഷയം കുടുംബയോഗങ്ങളിലും ഡോര്‍ ടു ഡോര്‍ കാമ്പയിനായും ഉന്നയിക്കും. അതില്‍ ഒരു സംശയവുമില്ല.”

അതേസമയം ശബരിമല കര്‍മ്മ സമിതിയും വലിയ തോതിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കര്‍മ്മ സമിതി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് നീക്കം ചെയ്തിരുന്നു. കര്‍മ്മസമിതി നേതാവായ സ്വാമി ചിദാനന്ദപുരിയുടെ അടക്കമുള്ള പ്രസ്താവനകള്‍ക്കെതിരെ മറ്റ് പാര്‍ട്ടികള്‍ കടുത്ത നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ കര്‍മ്മസമിതി ഉണ്ടായത് തന്നെ അയ്യപ്പന് വേണ്ടിയാണെന്നും, പ്രതിഷേധങ്ങള്‍ ഇപ്പോഴും ഒടുങ്ങിയിട്ടില്ലെന്നും തിരഞ്ഞെടുപ്പായത് കൊണ്ട് മാത്രം അക്കാര്യങ്ങള്‍ മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും കര്‍മ്മ സമിതി വര്‍ക്കിങ് പ്രസിഡന്റ് കെ പി ശശികല പറഞ്ഞു: “രാഷ്ട്രീയമായി ഉപയോഗിച്ച ഒരു കാര്യത്തിലെ രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അല്ലാതെ ആരും അയ്യപ്പന് വോട്ട് ചെയ്യണമെന്ന് പറയുകയല്ല. കര്‍മ്മ സമിതി അയ്യപ്പന്റെ കാര്യം പറയുന്നതില്‍ എന്ത് ചട്ടലംഘനം? കര്‍മ്മസമിതി ഉണ്ടായത് തന്നെ അയ്യപ്പന് വേണ്ടിയിട്ടാണ്. കര്‍മ്മസമിതി ഇപ്പോഴും നാമജപ പ്രതിഷേധങ്ങള്‍ തുടരുകയാണ്. കേസ് പോയിരിക്കുകയാണ് കോടതിയില്‍. അങ്ങനെയിരിക്കെ ശബരിമല വിഷയം പറയുന്നതില്‍ എന്താണ് തെറ്റ്? ഇനി ചട്ടം ലംഘിച്ചു എന്നത് കൊണ്ട് ആരും തൂക്കിക്കൊല്ലുകയൊന്നുമില്ലല്ലോ. അങ്ങനെയെങ്കില്‍ 96 മുതല്‍ ബാബറി മസ്ജിദ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്‌നമാണോ ഇപ്പോള്‍?”

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ആര്‍എസ്എസിന്റെ അജണ്ടയായിരുന്നു ശബരിമല വിഷയം പ്രചാരണത്തിനായി ഉപയോഗിക്കുക എന്നത്. തിരഞ്ഞെടുപ്പ് ഫലത്തില്‍ ശബരിമല വിഷയം പ്രതിഫലിക്കുമെന്നാണ് ബിജെപിയുടേയും ആര്‍എസ്എസിന്റെയും കണക്കുകൂട്ടല്‍. ശബരിമല വിഷയത്തില്‍ ബിജെപിയില്‍ നിന്ന് കടുത്ത നിലപാടുകള്‍ സ്വീകരിക്കുകയും കേസുകളില്‍ പെട്ട് ജയിലില്‍ പോവുകയും ചെയ്ത കെ. സുരേന്ദ്രനെ പത്തനംതിട്ട തന്നെ സ്ഥാനാര്‍ഥിയാക്കിയതും ഇത് മുന്നില്‍ കണ്ടു തന്നെയാണ്. ബിജെപി പ്രതീക്ഷ വച്ച് പുലര്‍ത്തുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരനു വേണ്ടിയുള്ള പ്രചരണ പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നില്‍ക്കുന്നത് ശബരിമല വിഷയം തന്നെയാണ്. വന്‍ പൊതുയോഗങ്ങള്‍ വിളിച്ച് ഇക്കാര്യങ്ങള്‍ പറയുന്നതിന് പകരം കുടുംബയോഗങ്ങളും മറ്റും വിളിച്ച് വിശ്വാസസംരക്ഷണ വിഷയം ചര്‍ച്ചയാക്കുന്ന ‘നിശബ്ദ പ്രചരണ’മാണ് ഇക്കാര്യത്തില്‍ ആര്‍എസ്എസ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. തൃശൂരില്‍ സുരേഷ് ഗോപിക്ക് കിട്ടുന്ന മാധ്യമ ശ്രദ്ധ ഉപയോഗിച്ചു കൊണ്ട് തന്നെ ശബരിമല വീണ്ടും പ്രചരണത്തിന്റെ മുഖ്യവിഷയങ്ങളിലൊന്നാക്കി മാറ്റുന്നതും ഇതിന്റെ ഭാഗമാണ് എന്നാണ് നേതാക്കള്‍ തന്നെ വ്യക്തമാക്കുന്നത്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍