മത്സ്യത്തൊഴിലാളികള്‍ക്കായി, അവരുടെ നാവായി നില്‍ക്കുന്നയാള്‍ എന്ന ഇമേജ് പ്രതാപനുണ്ട്
‘ഞാന്‍ പിറന്നത് കേരളത്തിലെ ഒരു കടലോര ഗ്രാമത്തിലാണ്. ഓലമേഞ്ഞ ഒരു കുടിലില്‍. ഒരു മീന്‍പിടുത്തക്കാരന്റെ മകന്‍. എഴുത്തും വായനയും അറിയാത്ത കര്‍ഷക തൊഴിലാളിയായിരുന്ന കൂലിപ്പണി ചെയ്തിരുന്ന ഒരമ്മയുടെ മകന്‍. ദാരിദ്ര്യം, പട്ടിണി, ഡിഗ്രിപോലും പാസ്സാകുവാനുള്ള ഭാഗ്യം ലഭിക്കാത്ത പശ്ചാത്തലം. കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ മണ്ണെണ്ണ വിളക്ക് അഭയം. മതജാതി രാഷ്ട്രീയ പരിഗണനയില്ലാതെ കൂട്ടുകാരുടെ സ്നേഹം, പിന്തുണ, സഹായം. വിശപ്പ് മാറ്റാനും, വസ്ത്രം ധരിക്കാനും പുസ്തകം വാങ്ങാനും എല്ലാത്തിനും… രാഷ്ട്രീയം, വായന, സൗഹൃദം, സിനിമ, കവിത, പാട്ട്, പ്രസംഗം, കഥയെഴുത്ത്, യാത്ര എല്ലാ പോരായ്മകള്‍ക്കിടയിലും ഇതിനൊന്നും കുറവ് വന്നിരുന്നില്ല. അമ്മയുടെ പ്രോത്സാഹനം. അച്ഛന്റെ ആശങ്ക. ജീവിതം കണ്ടെത്താനുള്ള സ്നേഹം നിറഞ്ഞ ശാസന, ഉപദേശം.
എനിക്ക് അറിയാം; ഞാന്‍ എവിടെ നിന്നാണ് വരുന്നതെന്ന്. ഗവണ്‍മെന്റ് മാപ്പിള എല്‍.പി. സ്‌കൂള്‍, തളിക്കുളം ഗവ. ഹൈസ്‌കൂള്‍, നാട്ടിക ശ്രീനാരായണ കോളേജ് ശേഷം തൃശൂര്‍ ഡി.സി.സി. ഓഫീസ് (രാഷ്ട്രീയ വിദ്യാലയം), കൂട്ടുകാരാവുന്ന സര്‍വ്വകലാശാല. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യമില്ല. സഹപ്രവര്‍ത്തകരെ പോലെ ഡിഗ്രിയും പത്രാസ്സുമില്ല. സത്യമാണ്. പക്ഷേ; കഠിനാദ്ധ്വാനം, ത്യാഗത്തോടെയുള്ള സമര്‍പ്പണം. സ്ഥിരോത്സാഹം അങ്ങിനെ ഇവിടെവരെയെത്തി. എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തിന്റെ വേദിയില്‍ വരെ. എല്ലാവര്‍ക്കും സഹിക്കണമെന്നില്ല. പൊരുത്തപ്പെടുവാന്‍ കഴിയണമെന്നുമില്ല. അവര്‍ പറയുന്ന, എഴുതുന്ന ഭാഷയൊന്നും എനിക്ക് അറിയില്ലല്ലോ. ശരിയാണ് ഞാന്‍ എഴുതി വായിച്ചു. എന്റെ വായനക്ക് കരുത്ത് ഉണ്ടായിരിക്കില്ല. സ്പഷ്ടത തീരെ വന്ന് കാണില്ല. എന്റെ ഇംഗ്ലീഷ് ‘പണ്ഡിതശ്രേഷ്ഠന്മാര്‍ക്ക്’ മനസ്സിലാവണമെന്നില്ല. ഉറപ്പാണ്. എനിക്കറിയാം എന്റെ പരിമിതികള്‍. പോരായ്മകള്‍. നൂറ് ശതമാനം തിരിച്ചറിയാം.
പക്ഷേ; പ്രോത്സാഹിപ്പിക്കുന്നതിന് പകരം പരിഹസിക്കുന്ന ചിലരെ ഞാന്‍ കണ്ടു. പൊട്ടിചിരിക്കുന്ന മറ്റ് ചിലരേയും കണ്ടു. അവരില്‍ പലരും എന്റെ അടുത്തവരെന്ന് അഭിനയിക്കുന്നവര്‍. കെട്ടിപിടിക്കുന്നവര്‍. സാധാരണക്കാരന്റെ ബന്ധുക്കള്‍ എന്ന് പറയുന്നവര്‍. കഷ്ടം, മഹാകഷ്ടം, ഇതാണ് നമ്മുടെ പല ‘മഹാന്മാരു’ടേയും മനസ്സ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. നന്ദി. പരിഭവമില്ലാത്ത നന്ദി. എന്നെ എ.ഐ.സി.സി. വേദിയിലെത്തിച്ച രാഹുല്‍ഗാന്ധിയോടും എന്റെ കുറവുകള്‍ തിരിച്ചറിഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ച എ.കെ. ആന്റണിയോടും എന്ത് പറയണമെന്നറിയില്ല. ഹൃദയം മാത്രം നല്‍കാം. കോണ്‍ഗ്രസ്സിന്റെ 84ാം പ്ലീനറി സമ്മേളനവേദിയില്‍ പ്രസംഗിച്ച് ഇറങ്ങിവരുമ്പോള്‍ ഇരുകൈകളും പിടിച്ച് കുലുക്കി അഭിനന്ദിച്ചുകൊണ്ട് എ.കെ. ആന്റണി പറഞ്ഞു. ”ആദ്യമായാണ് ദുര്‍ബ്ബലരായ ഈയൊരു ജനതയുടെ ശബ്ദം കോണ്‍ഗ്രസ്സിന്റെ ദേശീയ സമ്മേളനവേദിയില്‍ വരുന്നത്. ആദ്യമായി അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ശബ്ദം. അഭിനന്ദനങ്ങള്‍”. മതി, എനിക്ക് ഇത്ര മാത്രം മതി. ഇതാണ് എന്റെ സര്‍വ്വകാലാശാ ബിരുദം. എന്റെ പി.എച്ച്.ഡി. സര്‍ട്ടിഫിക്കറ്റ്’
എണ്‍പത്തി നാലാമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ തനിക്ക് പ്രസംഗിക്കാന്‍ ലഭിച്ച അവസരത്തെക്കുറിച്ച് ടി എന്‍ പ്രതാപന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്. തന്റെ കുറവുകളേയും പോരായ്മകളേയും പറഞ്ഞുകൊണ്ട്, സ്വന്തം പാര്‍ട്ടിക്കാരായാലും കൊടുക്കേണ്ടവര്‍ക്ക് മര്‍മ്മത്ത് കൊടുത്തുകൊണ്ട് പ്രതാപന്‍ എഴുതിയ കുറിപ്പ്. ഈ കുറിപ്പില്‍ വെളിപ്പെടുന്നതാണ് പ്രതാപന്‍ എന്ന വ്യക്തിയും രാഷ്ട്രീയക്കാരനും. ഈ തുറന്നുപറച്ചിലുകളും സാധാരണക്കാരോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളുമാണ് ടിഎന്‍ പ്രതാപനെ ജനകീയനാക്കുന്നത്. അത് തന്നെയാണ് പ്രതാപന്റെ ആത്മവിശ്വാസവും.
കഴിഞ്ഞയാഴ്ച തൃപ്രയാര്‍ നാട്ടികയില്‍ നടന്ന മത്സ്യത്തൊഴിലാളി പാര്‍ലമെന്റ് സംഘാടകന്‍ പ്രതാപനായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ മത്സ്യ്‌തൊഴിലാളികളെ പങ്കെടുപ്പിച്ച് നടത്തിയ പാര്‍ലമെന്റിന്റെ സംഘാടന മികവ് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. മത്സ്യതൊഴിലാളി പാര്‍ലമെന്റ് ഉദ്ഘാടനത്തിനെത്തിയ രാഹുല്‍ ഗാന്ധിയോട് മത്സ്യത്തൊഴിലാളികളുടെ പ്രതിനിധിയെ പാര്‍ലമെന്റിലേക്കെത്തിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുമോ എന്ന ചോദ്യത്തിന് അനുകൂല പ്രതികരണമായിരുന്നു രാഹുലില്‍ നിന്നുണ്ടായത്. തൃശൂര്‍ ഡിസിസി പ്രസിഡന്റായ ടി എന്‍ പ്രതാപന്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ കയറുമെന്ന സൂചന അന്നേ പലര്‍ക്കും ലഭിച്ചിരുന്നു. സ്ഥാനാര്‍ഥികളെ തീരുമാനിക്കും മുമ്പ് തന്നെ തൃശൂരില്‍ ഉയര്‍ന്ന പോസ്റ്ററുകളും ചുവരെഴുത്തുകളും അത് തന്നെയാണ് സൂചിപ്പിച്ചത്. അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ലെങ്കില്‍ ടി എന്‍ പ്രതാപന്‍ തന്നെ തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാവുമെന്നായിരുന്നു കണക്കുകൂട്ടലുകള്‍. കണക്കുകൂട്ടലുകള്‍ ഒന്നും തെറ്റിയില്ല, എറണാകുളം മണ്ഡലത്തിലേത് പോലെ അപ്രതീക്ഷിതമായതൊന്നും സംഭവിച്ചുമില്ല. ടി എന്‍ പ്രതാപന്‍ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ‘തൃശൂരിലെ പ്രതാപം തിരിച്ചുപിടിക്കാന്‍ പ്രതാപന്‍’ എന്ന് പ്രവര്‍ത്തകര്‍ പറഞ്ഞുതുടങ്ങിയിരുന്നു. സ്ഥാനാര്‍ഥിപ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവന്നതിന് ശേഷം പ്രതാപന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, ‘നൂറ് ശതമാനം ആത്മവിശ്വാസത്തിലാണ്. അതുകൊണ്ട് കഠിനാധ്വാനം ചെയ്യും. തൃശൂരിലെ ജനങ്ങള്‍ക്ക് എന്നെ അറിയാം. രാഷ്ട്രീയമറിയാം. തളിക്കുളം ഗവ. ഹൈസ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ച് പൊതുജീവിതം ആരംഭിച്ചയാളാണ് ഞാന്‍. പഞ്ചായത്ത് മെമ്പറായി, പതിനഞ്ച് വര്‍ഷം എംഎല്‍എയായി. എങ്ങനെയാണ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടതെന്ന സ്വന്തം ജീവിതാനുഭവം ഉണ്ട്. തൃശൂരിലെ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട അഞ്ച് വര്‍ഷം തിരിച്ച് പിടിക്കും. ഞാനിവിടെ എല്ലാവരുടേയും സുഹത്താണ്. എല്ലാവരോടും കൂടി നില്‍ക്കുന്നയാളാണ. സ്‌നേഹവും പിന്തുണയും സഹായവുമാണ് ഏറ്റവും വലിയ ശക്തി’
മത്സ്യത്തൊഴിലാളികള്‍ക്കായി, അവരുടെ നാവായി നില്‍ക്കുന്നയാള്‍ എന്ന ഇമേജ് പ്രതാപനുണ്ട്. എംഎല്‍എയായിരിക്കെ മത്സ്യത്തൊഴിലാളികള്‍ക്കായി പല പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പാക്കി എന്നതാണ് പ്രവര്‍ത്തകരുടെ അവകാശവാദം. രാജ്യത്ത് ഏറ്റവുമധികം കഷ്ടത അനുഭവിക്കുന്ന വിഭാഗമായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി അസോസിയേഷന്‍ ഉണ്ടാക്കാനും ഓള്‍ ഇന്ത്യ ഫിഷെര്‍മെന്‍ കോണ്‍ഗ്രസ് ചെയര്‍മാനായതിന് ശേഷം മത്സ്യത്തൊഴിലാളികള്‍ക്കായി മാനിഫെസ്റ്റോ ഉണ്ടാക്കാന്‍ കഴിഞ്ഞതുമാണ് തന്റെ വിജയം എന്ന് പ്രതാപനും പറയുന്നു.
നാട്ടിക മണ്ഡലത്തില്‍ നിന്ന് രണ്ട് തവണയും കൊടുങ്ങല്ലൂരില്‍ നിന്ന് ഒരു തവണയും എംഎല്‍എയായ പ്രതാപന്‍ 2016ല്‍ മത്സരത്തില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ 2016ലെ തിരഞ്ഞെടുപ്പ് കാലം പ്രതാപന് അഗ്നിപരീക്ഷയുടെ കാലഘട്ടം കൂടിയായി. കയ്പമംഗലത്ത് തനിക്ക് സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് അന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു എന്ന ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും പ്രതാപനെ ഉലച്ചു. സുധീരനോട് എന്നും സ്‌നേഹവും അടുപ്പവും കാണിച്ചിട്ടുള്ള പ്രതാപനെ കുരുക്കാന്‍ പാര്‍ട്ടിയിലെ തന്നെ ചിലര്‍ ഒരുക്കിയ കെണിയായും ഇത് വിലയിരുത്തപ്പെട്ടു. യുവാക്കള്‍ക്ക് അവസരം നഷ്ടപ്പെടരുതെന്ന് പറഞ്ഞുകൊണ്ടാണ് ടി എന്‍ പ്രതാപന്‍ താന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ യുവാക്കള്‍ക്കായി മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കുന്നുവെന്ന് പറഞ്ഞിട്ട് 28കാരന്റെ അവസരം നഷ്ടമാക്കിയെന്നാരോപിച്ച് ഡീന്‍ കുര്യാക്കോസ് പരസ്യമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ താന്‍ കത്തയച്ചിട്ടില്ലെന്നും വാര്‍ത്ത രാഷ്ട്രീയ ശത്രക്കള്‍ പ്രചരിപ്പിക്കുന്നതാണെന്നും പ്രതാപന്‍ വിശദീകരിച്ചു. പാര്‍ട്ടിക്കകത്തും പുറത്തും തനിക്ക് എതിരാളികളുണ്ട്. സ്ഥാനാര്‍ഥിയാവാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ നിലവിലെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ പിന്മാറുകയാണെന്നും പ്രതാപന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വി എം സുധീരനും ഹൈക്കമാന്‍ഡും പ്രതാപനൊപ്പം നിന്നു. സുധീരന്‍-ഉമ്മന്‍ചാണ്ടി പോരാണ് കത്ത് വിവാദത്തിലും മുഴച്ചുനിന്നത്. കെ പി സിസി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വന്നപ്പോള്‍ പോലും സുധീരനെ ശക്തമായി പിന്തുണച്ചയാളാണ് പ്രതാപന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുധീരന്‍ തൃശൂരില്‍ മത്സരിക്കുമെന്നായിരുന്നു ആദ്യം പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിച്ച സൂചന. എന്നാല്‍ സുധീരന്‍ മത്സരത്തില്‍ നിന്ന് പിന്മാറി. ഈ പിന്‍മാറ്റം പോലും ടി എന്‍ പ്രതാപന് വേണ്ടിയായിരുന്നോ എന്ന സംശയം പാര്‍ട്ടി പ്രവര്‍ത്തകരില്‍ തന്നെയുണ്ട്.
എഐസിസി മെമ്പറും ഡിസിസി പ്രസിഡന്റും കോണ്‍ഗ്രസ് പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മറ്റി അംഗവുമായ പ്രതാപന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹരിത എംഎല്‍എമാരില്‍ ഒരാളുമായിരുന്നു. കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് പ്രതാപന്‍ എടുത്ത നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. പ്രകൃതി ചൂഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പ്രതാപന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയ ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് കാണിച്ച് കത്തെഴുതി. പാരിസ്ഥിതിക വിഷയങ്ങള്‍ അവതരിപ്പിക്കുകയും അവയില്‍ സജീവമായി ഇടപെടുകയും ചെയ്യുന്നയാളാണ് പ്രതാപന്‍. എന്നാല്‍ ഈ അവകാശവാദത്തിന് വിരുദ്ധമായ ഒന്നാണ് കാതികൂടത്ത് സംഭവിച്ചത്. തങ്ങളുടെ സമരം പൊളിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എംഎല്‍എയായിരുന്ന പ്രതാപനാണെന്ന് കാതികൂടം സമരസമിതി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. നീറ്റ ജലാറ്റിന്‍ കമ്പനി പൂട്ടാനുള്ള തീരുമാനം ജില്ലാ ഭരണകൂടം എടുക്കാനിരിക്കെ അതുവരെ സ്വീകരിച്ചിരുന്ന നിലപാടില്‍ നിന്ന് വിഭിന്നമായി കമ്പനി പൂട്ടരുതെന്ന് പ്രതാപന്‍ ആവശ്യപ്പെട്ടു. ഇത് സമരസമിതിക്കാരുടെ പ്രതിഷേധത്തിനിടയാക്കി. കാതികൂടം സമരത്തിനൊപ്പമെന്ന് പറഞ്ഞിരുന്ന പ്രതാപന്‍ അപ്രതീക്ഷിതമായി മറിച്ചൊരു നിലപാട് സ്വീകരിച്ചത് ഏറെ ചര്‍ച്ചയായി. പാരിസ്ഥിതിക വിഷയത്തില്‍ സജീവമായി ഇടപെടുന്നയാള്‍ എന്ന നിലയ്ക്ക് ഇത് പ്രതാപന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു ബ്ലാക്ക് മാര്‍ക്ക് സമ്മാനിച്ചു.
ഗ്രൂപ്പ് പോരില്‍ മനംമടുത്തിരുന്ന, പോര് കൊലപാതകങ്ങളിലേക്ക് വരെ നയിച്ചിരുന്ന വാര്‍ത്തകളാണ് തൃശൂരില്‍ നിന്ന് വന്നിരുന്നത്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൃതദേഹം ഡിസിസി ഓഫീസില്‍ വക്കാന്‍ പോലും അുവദിക്കാത്ത തരത്തില്‍ രൂക്ഷമായിരുന്നു ഗ്രൂപ്പ് പോര്. തൃശൂര്‍ ജില്ലയുടെ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റായപ്പോള്‍ പ്രതാപന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളിയും ഇതായിരുന്നു. എന്നാല്‍ എ,ഐ, ഗ്രൂപ്പുകളോട് ഒരുപോലെ ബന്ധം പുലര്‍ത്തുന്ന പ്രതാപന് ആ വിഷയം വളരെയെളുപ്പത്തില്‍ പരിഹരിക്കാനായി. ഇത് അണികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും പ്രതാപന്റെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്.തീരദേശത്തെ പ്രവര്‍ത്തനങ്ങളും പാര്‍ട്ടിക്കുള്ളിലും പുറത്തുമുള്ള ഇമേജും പ്രതാപനെ തുണക്കുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. യുഡിഎഫ് സര്‍ക്കാരിനെതിരെയും പാര്‍ട്ടിക്കെതിരെയും നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നയാള്‍, സ്വന്തം അഭിപ്രായം മുഖം നോക്കാതെ വെളിപ്പെടുത്തുന്നയാള്‍ എന്നീ നിലകളിലും പ്രതാപന് സ്വീകാര്യതയുണ്ട്.