UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല വോട്ടായാല്‍ ഈ അഞ്ചു മണ്ഡലങ്ങളില്‍ അട്ടിമറി നടക്കുമോ?

ശബരിമലയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തങ്ങള്‍ക്കനുകൂലമായി മാറിയിരിക്കുന്നു എന്നു വിശ്വസിക്കുന്ന എന്‍.ഡി.എയിലേക്കാണ് ഇപ്പോള്‍ എല്ലാ ചര്‍ച്ചകളും നീളുന്നത്.

ശ്രീഷ്മ

ശ്രീഷ്മ

കേരളരാഷ്ട്രീയത്തെ കീഴ്‌മേല്‍ മറിച്ച നിര്‍ണായകമായ സംഭവപരമ്പരകള്‍ക്കു ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ മൂന്നു മുന്നണികളും എടുത്തിട്ടുള്ള നിലപാടുകളും നടത്തിയിട്ടുള്ള ഇടപെടലുകളും വോട്ടായി പരിണമിക്കുമോ എന്ന ചര്‍ച്ചയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. വിശ്വാസ സംരക്ഷണം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചവരും സുപ്രീം കോടതി വിധിക്ക് അനുകൂലമായ നിലപാടുകളെടുത്തവരുമെല്ലാം ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന കാര്യത്തില്‍ മറിച്ചൊരഭിപ്രായം പറയുന്നില്ല. യുവതീപ്രവേശനത്തിനെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന യു.ഡി.എഫും കോടതി വിധി നടപ്പില്‍ വരുത്തണമെന്ന പക്ഷക്കാരായ എല്‍.ഡി.എഫും ചിത്രത്തിലുള്ളപ്പോഴും, ശബരിമലയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തങ്ങള്‍ക്കനുകൂലമായി മാറിയിരിക്കുന്നു എന്നു വിശ്വസിക്കുന്ന എന്‍.ഡി.എയിലേക്കാണ് ഇപ്പോള്‍ എല്ലാ ചര്‍ച്ചകളും നീളുന്നത്. കേരളത്തില്‍ ഇത്തവണ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന തരത്തിലുള്ള അഭിപ്രായ സര്‍വേ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ പ്രത്യേകിച്ചും.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനാല്‍ വഞ്ചിക്കപ്പെട്ട വിശ്വാസി സമൂഹം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന ഉറച്ച വിശ്വാസം ബി.ജെ.പി നേതൃത്വത്തിനുണ്ട്. നാമജപസമ്മേളനങ്ങളും അയ്യപ്പജ്യോതിയും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന അയ്യപ്പ ഭക്ത സംഗമവുമടക്കമുള്ള പരിപാടികളിലൂടെ താഴേത്തട്ടിലുള്ള ജനങ്ങളിലേക്കു വരെ തങ്ങള്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസവമാണ് നേതൃത്വത്തോടുത്ത വൃത്തങ്ങള്‍ പങ്കുവയ്ക്കുന്നത്. വിശ്വാസികളുടെ ഏകീകരണം വളരെ പ്രകടമായിത്തന്നെ സംഭവിച്ചിട്ടുണ്ടെന്നും, അത് വോട്ടാക്കി മാറ്റാന്‍ സാധിക്കുമെന്നുമാണ് ഇവരുടെ പക്ഷം. വിവിധ സാമുദായിക സംഘടനകള്‍ക്കൊപ്പം, ആരാധനാലയങ്ങളുടെ സ്വയംനിര്‍ണയാവകാശങ്ങളിലും വിശ്വാസ സംരക്ഷണത്തിന്റെ ആവശ്യകതയിലും ഉറച്ചുനില്‍ക്കുന്നവരെല്ലാം തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു ലക്ഷത്തിലധികം വോട്ടു നേടാന്‍ സാധിച്ച തിരുവന്തപുരത്തു മാത്രമല്ല, കാസര്‍കോട്, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട തുടങ്ങിയ പ്രധാന മണ്ഡലങ്ങളിലെല്ലാം വലിയ വിജയപ്രതീക്ഷയാണ് ഇത്തവണ ബി.ജെ.പിക്കുള്ളതെന്നും നേതാക്കള്‍ പറയുന്നു. ശബരിമല വിഷയം തങ്ങള്‍ക്കു ഗുണകരമായി വരും എന്നു തന്നെയാണ് ഇവിടങ്ങളിലെ ജില്ലാ നേതൃത്വത്തിന്റെയും വിലയിരുത്തല്‍.

ബി.ജെ.പിക്ക് നല്ല വേരോട്ടമുള്ള കാസര്‍കോട് മണ്ഡലത്തില്‍ ശക്തമായ ത്രികോണമത്സരം നടക്കുമെന്നും ബി.ജെ.പി സീറ്റു നേടുമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങളുടെ പ്രതീക്ഷ. സംസ്ഥാനവ്യാപകമായി ജനങ്ങളുടെ അഭിപ്രായം ബി.ജെ.പിക്ക് അനുകൂലമായി മാറിയിരിക്കുന്ന സാഹചര്യമാണെന്നും ഹിന്ദുമതവിശ്വാസം മാത്രമല്ല, മറിച്ച് ഏതു മതവിഭാഗത്തില്‍പ്പെട്ടയാള്‍ക്കും വിശ്വാസത്തിന്റെ നിലനില്‍പ്പിനുവേണ്ടി ബി.ജെ.പിക്കൊപ്പമാണ് നില്‍ക്കേണ്ടതെന്ന് തിരിച്ചറിയാനായിട്ടുണ്ടെന്നുമുള്ള അവകാശവാദങ്ങളാണ് ജില്ലാ നേതൃത്വത്തിനുള്ളത്. ശബരിമല വിഷയത്തില്‍ സി.പി.എമ്മിന്റേത് നിഷേധാത്മകസമീപനമായിരുന്നെന്നും വോട്ടിനുവേണ്ടിയുള്ള ശ്രമത്തിനപ്പുറത്തേക്ക് കൃത്യമായ ഇടപെടല്‍ യു.ഡി.എഫ് നടത്തിയിട്ടില്ലെന്നും ബി.ജെ.പി ജില്ലാ നേതൃത്വം തുറന്നടിക്കുന്നുണ്ട്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കാസര്‍കോട്ടെ ബി.ജെ.പിയുടെ ജനപിന്തുണയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്ന് പ്രവര്‍ത്തകര്‍ സമര്‍ത്ഥിക്കുന്നു.

കാസര്‍കോട് ജില്ലയിലെ അഞ്ചു നിയമസഭാമണ്ഡലങ്ങള്‍ക്കൊപ്പം കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശ്ശേരി എന്നിവയും ഉള്‍പ്പെടുന്നതാണ് കാസര്‍കോട് മണ്ഡലം. ഇടതു പക്ഷത്തിന്റെ സ്വാധീനമേഖലകളാണ് ഇവയില്‍ പലതും. 6921 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. കരുണാകരന്‍ കാസര്‍കോട്ട് വിജയിച്ചത്. കരുണാകരനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി.സിദ്ധീഖും പിടിച്ച വോട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, കാര്യമായ മത്സരം കാഴ്ചവയ്ക്കാന്‍ ബി.ജെ.പിയുടെ കെ. സുരേന്ദ്രന് കഴിഞ്ഞിരുന്നില്ല. എന്നാല്‍, 89 വോട്ടിന് എം.എല്‍.എ സ്ഥാനം കൈവിട്ട മഞ്ചേശ്വരമടക്കം മുന്നിലുള്ളപ്പോള്‍, കാസര്‍കോട് തങ്ങളുടെ പ്രധാന സാധ്യതയായിത്തന്നെയാണ് ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നത്.

അതേസമയം, ത്രികോണമത്സരം എന്ന സാധ്യതയെത്തന്നെ തള്ളിക്കളയുകയാണ് മറ്റു മുന്നണികള്‍. യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള മത്സരമാണ് കാസര്‍കോട്ട് കാണാനാവുക എന്ന് സുപ്രധാന സാന്നിധ്യമായ മുസ്ലിം ലീഗ് നേതൃത്വം പറയുന്നു. ലീഗ് ആവശ്യപ്പെട്ട മൂന്നു സീറ്റുകളിലൊന്ന് കാസര്‍കോടിനു പകരം വയനാടായിരിക്കുമെന്നും, അങ്ങിനെയാണെങ്കില്‍ കാസര്‍കോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കാനുള്ള സാധ്യതയാണ് തെളിയുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കെ. സുരേന്ദ്രന്‍ കോഴിക്കോട്ട് മത്സരിക്കുകയാണെങ്കില്‍ പകരം പ്രാദേശിക നേതാക്കളെയാവും ബി.ജെ.പി പരിഗണിക്കുക. തുടര്‍ച്ചയായി മൂന്നു വട്ടം കാസര്‍കോട്ടു നിന്നും ലോക്‌സഭയിലെത്തിയ പി.കരുണാകരനെ മാറ്റി മറ്റൊരു ശക്തനായ സ്ഥാനാര്‍ത്ഥിയെ സി.പി.എം കളത്തിലിറക്കാനാണ് സാധ്യത.

മൂന്നു മുന്നണികളും പ്രതീക്ഷയോടെ കാണുന്ന മറ്റൊരു മണ്ഡലമാണ് കോഴിക്കോട്. ശബരിമല വിഷയം കോഴിക്കോട്ടും ഗുണകരമായിട്ടുണ്ടെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഉപയോക്താക്കളുടെ പട്ടികയും ശബരിമലയുവതീപ്രവേശന വിധിക്കു ശേഷം പാര്‍ട്ടിയില്‍ അംഗത്വമെടുത്തവരുടെ കണക്കുവിവരങ്ങളും ബി.ജെ.പി ജില്ലാ ഓഫീസില്‍ തയ്യാറായിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ബി.ജെ.പി അംഗത്വം കഴിഞ്ഞ മാസങ്ങള്‍ക്കിടെ വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുള്ളതായാണ് നേതൃത്വത്തിന്റെ പക്ഷം. യുവതീപ്രവേശനത്തെ എതിര്‍ത്തുകൊണ്ട് സംഘപരിവാര്‍ സംഘടകള്‍ നടത്തിയ ഹര്‍ത്താലില്‍ കോഴിക്കോട്ട് മിഠായിത്തെരുവിലുണ്ടായ അക്രമസംഭവങ്ങള്‍ സംസ്ഥാനവ്യാപകമായി ചര്‍ച്ചയായിരുന്നു. ഹര്‍ത്താലിനെതിരായി കച്ചവടക്കാരടക്കമുള്ളവര്‍ നിലപാടെടുക്കുകയും അക്രമികള്‍ അടച്ചിട്ട കടകള്‍ പോലും അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ സംഭവം ബി.ജെ.പിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചിരിക്കുകയാണെന്നാണ് ജില്ലാ നേതാക്കളുടെ അവകാശവാദം. മിഠായിത്തെരുവിലെ ക്ഷേത്രത്തില്‍ നിന്നും ആയുധം പിടിച്ചെടുത്തതും വര്‍ഗ്ഗീയധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന തരത്തിലുള്ള ആരോപണങ്ങളും എന്‍.ഡി.എഫിന്റെ സൃഷ്ടിയാണെന്നും അത് തിരിച്ചറിഞ്ഞ വിശ്വാസികള്‍ ബി.ജെ.പിക്കൊപ്പം അണിചേര്‍ന്നിട്ടുണ്ടെന്നും പ്രാദേശിക നേതാക്കള്‍ പറയുന്നു.

കെ. സുരേന്ദ്രന്‍ കോഴിക്കോട്ട് ജനവിധി തേടിയേക്കും എന്ന വാദങ്ങള്‍ തള്ളിക്കളയാതിരിക്കുമ്പോള്‍ തന്നെ, ബി.ജെ.പിക്ക് പുറത്തുനിന്നുമുള്ള സ്ഥാനാര്‍ത്ഥിയേയും കോഴിക്കോട്ട് പ്രതീക്ഷിക്കാമെന്ന സൂചനകളാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ സംഘപരിവാര്‍ സംഘടനകള്‍ ബി.ജെ.പിക്കൊപ്പം അണിനിരന്ന് വിശ്വാസികളെ ഏകീകരിക്കാന്‍ ശ്രമിച്ചിരുന്ന സാഹചര്യത്തില്‍ അത്തരമൊരു സ്ഥാനാര്‍ത്ഥിത്വം അത്ഭുതമുണ്ടാക്കുന്നതുമല്ല. അതേസമയം, കഴിഞ്ഞ തവണ കോഴിക്കോട്ട് മത്സരിച്ച സി.കെ. പത്മനാഭന് ഒന്നേകാല്‍ ലക്ഷത്തോളം വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ എന്നതും ഓര്‍ക്കേണ്ടതുണ്ട്. രണ്ടു വട്ടം കോണ്‍ഗ്രസിന്റെ എം.കെ രാഘവന്‍ മത്സരിച്ചു ജയിക്കുകയും കഴിഞ്ഞ തവണ സി.പി.എമ്മിന്റെ എ വിജയരാഘവന്‍ മൂന്നു ലക്ഷത്തി എണ്‍പതിനായിരത്തില്‍പ്പരം വോട്ടുപിടിക്കുകയും ചെയ്തയിടത്താണ് ബി.ജെ.പി ഇപ്പോള്‍ ശക്തമായ വിജയപ്രതീക്ഷ പ്രകടിപ്പിക്കുന്നത്. വോട്ടു നില മെച്ചപ്പെടുത്തുകയല്ല, മറിച്ച് മണ്ഡലം പിടിക്കുക തന്നെയാണ് തങ്ങളുടെ ലക്ഷ്യം എന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. മണ്ഡലത്തില്‍ ശക്തമായ അടിത്തറയുള്ള എം.കെ രാഘവനെത്തന്നെ മൂന്നാം വട്ടവും യു.ഡി.എഫ് മത്സരിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ കോഴിക്കോട്ടു നിന്നും മത്സരിച്ചിട്ടുള്ള ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റേയും നോര്‍ത്ത് മണ്ഡലത്തിലെ എം.എല്‍.എയായ പ്രദീപ് കുമാറിന്റേയും പേരുകളാണ് ഇടതുപാളയത്തില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്.

പാലക്കാടാണ് ബി.ജെ.പി ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന അടുത്ത മണ്ഡലം. നാലു ലക്ഷത്തില്‍പ്പരം വോട്ടു നേടി സി.പി.എമ്മിന്റെ എം.ബി രാജേഷ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍, ബി.ജെ.പിയുടെ ശോഭാ സുരേന്ദ്രന് 1,36,587 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചിരുന്നത്. എങ്കിലും, ശബരിമല വിഷയം ഇത്തവണ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് പാലക്കാട്ടും ബി.ജെ.പി. തങ്ങള്‍ക്കനുകൂലമായി ജനവികാരം തിരിഞ്ഞിരിക്കുന്നതിന് ആധാരമായി ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടുന്നത് അംഗത്വത്തിലെ വര്‍ദ്ധനവ് തന്നെയാണ്. സി.പി.എം ഏരിയാ കമ്മറ്റിയിലെ നേതാക്കളടക്കം ശബരിമല വിഷയത്തോടെ വിശ്വാസി സമൂഹത്തിനൊപ്പവും അതുവഴി ബി.ജെ.പിക്കൊപ്പവും ചേര്‍ന്നതായാണ് അവകാശവാദം. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിപ്പോന്നിരുന്ന അടിത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനം ശബരിമല വിഷയത്തോടെ പൂര്‍ണതയിലെത്തിയതായും പാര്‍ട്ടിക്കു പുറത്തുനിന്നുള്ളവര്‍ പോലും സഹകരിക്കുന്നതായും നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്. നൂറു ശതമാനം വിജയപ്രതീക്ഷയാണ് പാലക്കാട്ട് ജില്ലാ പ്രസിഡന്റടക്കം പങ്കുവയ്ക്കുന്നത്.

എന്നാല്‍, പാലക്കാട് ജില്ലയില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ അത്രകണ്ട് എളുപ്പമാകാന്‍ വഴിയില്ല. പി.കെ ശശി വിഷയത്തില്‍ പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവിനൊപ്പം നിന്നു എന്ന കാരണത്താല്‍ പാര്‍ട്ടിക്കകത്തു തന്നെ എം.ബി രാജേഷിനെതിരായ വികാരമുണ്ടെന്നും ഇതു കണക്കിലെടുത്ത് രാജേഷിനെ മത്സരിപ്പിച്ചേക്കില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്തുവന്നിരുന്നു. എന്നാല്‍, മണ്ഡലം നിലനിര്‍ത്താന്‍ രാജേഷിനെ വീണ്ടും കളത്തിലിറക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും അഭ്യൂഹമുണ്ട്. എം.ബി. രാജേഷ് മത്സരിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നതോടെ, ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠനെ മത്സരിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ മാറ്റി മറ്റു കരുത്തരെയും യു.ഡി.എഫ് പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. നയതന്ത്രജ്ഞനായ വേണു രാജാമണിയുടെ പേരാണ് ഇത്തരത്തില്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. എ. സുമേഷും യു.ഡി.എഫ് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശബരിമല വിഷയത്തിന്റെ മുഖങ്ങളിലൊന്നായ ശോഭാ സുരേന്ദ്രനെത്തന്നെ ബി.ജെ.പി പാലക്കാട്ട് മത്സരിപ്പിക്കുമെന്നും സൂചനയുണ്ട്.

ശബരിമല സ്ഥിതിചെയ്യുന്ന മണ്ഡലമെന്ന നിലയ്ക്ക് രാഷ്ട്രീയകേരളം ഉറ്റു നോക്കുന്നത് പത്തനംതിട്ടയിലേക്കാണ്. ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലം കൂടിയാണ് പത്തനംതിട്ട. നാമജപഘോഷയാത്രകളടക്കം ബി.ജെ.പിയുടെ ശബരിമല സമരപരമ്പരയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്ന പത്തനംതിട്ടയില്‍ വിജയമുറപ്പിക്കുക എന്നത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്‌നം കൂടിയായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. എന്‍.എസ്.എസുമായുള്ള കൂട്ട് വഴി നായര്‍ വോട്ടുകളും തങ്ങള്‍ക്കനുകൂലമാക്കുക എന്നതായിരിക്കും പത്തനംതിട്ടയില്‍ ബി.ജെ.പിയുടെ ലക്ഷ്യം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 3,58,842 വോട്ടു നേടി യു.ഡി.എഫിന്റെ ആന്റോ ആന്റണി വിജയിച്ചപ്പോള്‍, 1,38,954 വോട്ടുകള്‍ മാത്രമാണ് ബി.ജെ.പിയുടെ എം.ടി രമേശിന് നേടാന്‍ സാധിച്ചിരുന്നത്. എം.ടി രമേശിനെത്തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് സാധ്യത. ജയം ഉറപ്പിച്ചുകൊണ്ടുതന്നെയാണ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്ന് ജില്ലാ നേതൃത്വം പറയുന്നുണ്ട്. വോട്ടു ശതമാനം മെച്ചപ്പെടുത്താം എന്നതിനുമപ്പുറം വിജയം ഉറപ്പിക്കുന്നു എന്ന തരത്തില്‍ നേതാക്കള്‍ പ്രതികരിക്കുന്നതിന് പ്രധാന കാരണവും ശബരിമലവിഷയം നല്‍കിയിട്ടുള്ള ഗുണഫലങ്ങളിലുള്ള വിശ്വാസം തന്നെയാണ്.

ശബരിമല യുവതീപ്രവേശനം ചര്‍ച്ചയാകുന്നതിനു മുന്നേ തന്നെ ബി.ജെ.പിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമെന്ന നിലയില്‍ വലിയ പ്രാധാന്യമാണ് ഇത്തവണ തിരുവനന്തപുരത്തിനുള്ളത്. സെക്രട്ടേറിയേറ്റിനു മുന്നിലെ സത്യാഗ്രഹമടക്കം പല സമരങ്ങളും തിരുവനന്തപുരം കേന്ദ്രീകരിച്ച് നടന്നിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുന്നേ സെന്‍കുമാറും അമൃതാനന്ദമയിയും പങ്കെടുത്ത അയ്യപ്പ ഭക്തസംഗമം അക്കൂട്ടത്തില്‍ ഒടുവിലത്തേതാണ്. തിരുവനന്തപുരം മണ്ഡലത്തിലെ എല്ലാ ബൂത്തുകളേയും സമരങ്ങളുമായി ബന്ധപ്പെട്ട് സജീവമാക്കാനും അടിത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനം സാധ്യമാക്കാനും സാധിച്ചിട്ടുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. കഴിഞ്ഞ തവണ എല്‍.ഡി.എഫിന്റെ ബെന്നറ്റ് എബ്രഹാമിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഒ. രാജഗോപാല്‍ തരൂരിന് കടുത്ത മത്സരം സൃഷ്ടിച്ച സാഹചര്യം കണക്കിലെടുത്താല്‍, ശബരിമല സമരങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ അനായാസ വിജയമാണ് തിരുവനന്തപുരത്ത് തങ്ങളെ കാത്തിരിക്കുന്നതെന്ന് ബി.ജെ.പിയോടടുത്ത വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

കുമ്മനം രാജശേഖരനെ തിരികെ വിളിക്കാനുള്ള സാധ്യതകളും അഭ്യൂഹങ്ങള്‍ പടര്‍ന്നപോലെ സെന്‍കുമാറിനെ മത്സരിപ്പിക്കാനുള്ള സാധ്യതകളും മങ്ങിയതോടെ, പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ശബരിമല വിഷയത്തിനു ശേഷം ഒരു സ്ത്രീ മത്സരിക്കുന്നു എന്നതും, തരൂരിനെതിരെ ശക്തയായ ഒരു ഐക്കണിനെ കൊണ്ടുവരിക എന്നതും മാത്രമല്ല നിര്‍മല സീതാരാമന്‍ പരിഗണിക്കപ്പെടാന്‍ കാരണം. ഓഖിയുമായി ബന്ധപ്പെട്ട് നിര്‍മല നടത്തിയിട്ടുള്ള ഇടപെടലുകള്‍ തീരദേശത്തുള്ളവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഏറെ സ്വീകാര്യമായിരുന്നതായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ വിജയം നഷ്ടപ്പെട്ട ഒ.രാജഗോപാലിന് ക്ഷീണം സംഭവിച്ചത് തീരദേശ മേഖലയിലെ വോട്ടര്‍മാര്‍ക്കിടയിലായിരുന്നു. അതു കണക്കിലെടുത്ത് തീരപ്രദേശത്ത് ശക്തിപ്പെടുത്തി വരുന്ന ബി.ജെ.പി പോക്കറ്റുകള്‍ക്കൊപ്പം നിര്‍മല സീതാരാമന്റെ സ്ഥാനാര്‍ത്ഥിത്വവുമുണ്ടെങ്കില്‍ അനായാസ വിജയം പ്രതീക്ഷിക്കാമെന്ന കണക്കുകൂട്ടല്‍ ബി.ജെ.പിക്കുണ്ട്. 2009ല്‍ ഒരു ലക്ഷം വോട്ടുകള്‍ക്ക് തരൂര്‍ വിജയിച്ച സ്ഥാനത്ത് 2019ല്‍ ഒരു ലക്ഷം വോട്ടുകള്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന അഭൂതപൂര്‍വമായ ആത്മവിശ്വാസമാണ് ജില്ലാ നേതൃത്വം പങ്കുവയ്ക്കുന്നത്.

ഹൈന്ദവ വികാരം വോട്ടാക്കി മാറ്റുക എന്ന കാലപ്പഴക്കമുള്ള തന്ത്രം തന്നെയാണ് ബി.ജെ.പി ഇത്തവണയും പ്രയോഗിക്കുന്നത്. മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എന്ന പ്രതീക്ഷിത പ്രചരണോപാധിക്കു പകരം ശബരിമലപോലൊരു വിഷയം ഉരുത്തിരിഞ്ഞു വന്നതോടെ അതിനുള്ള വഴി തുറന്നു കിട്ടിയതിന്റെ ആത്മവിശ്വാസം തന്നെയാണ് ബി.ജെ.പി പ്രകടിപ്പിക്കുന്നതും. വിശ്വാസ സംരക്ഷകരുടെ ലേബലില്‍ സംഘപരിവാര്‍ സംഘടനകള്‍ ഒന്നാവുന്ന രംഗങ്ങളാണ് കഴിഞ്ഞ മാസങ്ങളില്‍ കേരളത്തിലങ്ങോളമിങ്ങോളം കണ്ടത്. ശബരിമല കര്‍മസേന പോലുള്ളവ അതിലേക്കുള്ള ചവിട്ടുപടിയാകുകയും ചെയ്തു. ആ ഒന്നാകലിന്റെ ബാക്കിയെന്നോണമാണ് ബി.ജെ.പിക്കു പുറത്തു നിന്നും സ്ഥാനാര്‍ത്ഥികളെ പ്രതീക്ഷിക്കാമെന്ന് പലയിടത്തും നേതൃത്വം നല്‍കിയ സൂചനകള്‍.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍