“ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ഭൂമിക്കടിയില്‍ മരിച്ചു കിടക്കുന്ന ഒരു മനുഷ്യനെ കണ്ടെത്താനുള്ള സാങ്കേതിക വിദ്യ ഇപ്പോഴും നമ്മുടെ കൈയില്‍ ഇല്ല എന്നു പറഞ്ഞാല്‍ എന്തൊരു നിസ്സഹായാവസ്ഥയാണ്”
ഭൂദാനം കോളനിയിലെ മുത്തപ്പന്‍ കുന്നിനു മേലെ നിന്നാല്‍, രണ്ടു മലകള്‍ക്കപ്പുറം ചാലിട്ടു കുതിച്ചൊഴുകുന്ന ഒരു വെള്ളച്ചാട്ടം ദൂരെ കാണാം. നിലമ്പൂര്‍ ഉള്‍ക്കാടുകളിലെ കൊടിഞ്ഞി വെള്ളച്ചാട്ടമാണത്. എത്തിപ്പെടാന്‍ അത്രയെളുപ്പമല്ലാത്ത കൊടിഞ്ഞി വെള്ളച്ചാട്ടത്തിലേക്ക് മലകള്‍ താണ്ടി കാടുവഴി ഒരു വഴിവെട്ടാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂദാനത്തെ ചില ചെറുപ്പക്കാര്‍ ചേര്‍ന്നു തീരുമാനിച്ചു. വന്യമൃഗങ്ങളുള്ള കാടിന്റെയും കുത്തിയൊഴുകുന്ന പുഴകളുടെയും തട്ടുകളായി താഴേക്കു ചാടുന്ന വെള്ളച്ചാട്ടങ്ങളുടെയും കാഴ്ചകള്‍ അവരെപ്പോലെ മറ്റുള്ളവരും കാണണമെന്ന ആഗ്രഹത്തിന്റെ പുറത്തായിരുന്നു അത്. അത്രയേറെ ഒറ്റപ്പെട്ടും വന്യസൗന്ദര്യത്താല്‍ അനുഗ്രഹിക്കപ്പെട്ടും നിലകൊണ്ടിരുന്ന ഭൂദാനം കോളനിയിലേക്ക് സഞ്ചാരികളും ടൂറിസ്റ്റുകളുമെത്തും എന്ന പ്രതീക്ഷയും അവര്‍ക്കുണ്ടായിരുന്നു. തങ്ങളുടെ നാട്ടില്‍ കിട്ടുന്നത്ര യഥാര്‍ത്ഥമായ അനുഭവങ്ങള്‍ യാത്രികര്‍ക്ക് മറ്റെവിടെയും കിട്ടില്ലെന്ന വിശ്വാസത്തിന്മേല്‍, കാല്‍നടയായി കയറിച്ചെല്ലാന്‍ രണ്ടു മലകളിലൂടെ ആ ചെറുപ്പക്കാര്‍ ഒരു ചവിട്ടുവഴി വെട്ടിത്തെളിച്ചെടുത്തു. എന്നാല്‍, ആ ട്രക്കിംഗ് പാത്ത് യാഥാര്‍ത്ഥ്യമായില്ല. ഭൂദാനം കോളനിയെത്തേടി വിനോദസഞ്ചാരികള്‍ എത്തിയതുമില്ല. 2019 ഓഗസ്ത് വരെ ഇങ്ങനെയൊരിടമുള്ളതുപോലും പലരും അറിഞ്ഞതേയില്ല. “ദാ ആ പൊളിഞ്ഞ കെട്ടിടത്തിന്റെ ടെറസ് കണ്ടോ. അതാണിപ്പോള്‍ എല്ലാവരുടെയും വ്യൂപോയിന്റ്. നേതാക്കളും സ്ഥലം കാണാന്‍ വരുന്നവരുമെല്ലാം അവിടെ നിന്നാണ് മുത്തപ്പന്‍ മലയില്‍ മണ്ണിടിഞ്ഞത് നോക്കിനില്‍ക്കുന്നത്”, ഇടിഞ്ഞമര്‍ന്ന മുത്തപ്പന്‍ കുന്നിന്റെ താഴെയുള്ള പാതി പൊളിഞ്ഞ കെട്ടിടത്തിന്റെ ബാക്കിയായ മേല്‍ക്കൂര ചൂണ്ടിക്കാണിച്ച്, പാതി കളിയായും പാതി അമര്‍ഷത്തോടെയും അഷ്‌റഫ് പറയുന്നു.
പത്തൊന്‍പതു ദിവസങ്ങള്‍ നീണ്ട അക്ഷീണപ്രയത്‌നങ്ങള്‍ക്കു ശേഷം നിലമ്പൂര്‍ കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഗ്നിശമനസേന കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു. നൂറുകണക്കിന് ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും പ്രദേശവാസികളും യന്ത്രസഹായത്തോടെയും അല്ലാതെയും ഇടതടവില്ലാതെ യത്‌നിച്ചിട്ടും, പതിനൊന്നു പേര്‍ ഇപ്പോഴും മുത്തപ്പന്‍ കുന്നില്‍ ഇടിഞ്ഞിറങ്ങിവന്ന മണ്ണിനടിയില്‍ത്തന്നെയുണ്ട്. ഏക്കറു കണക്കിന് വരുന്ന സ്ഥലത്ത് എവിടെ അന്വേഷിക്കണമെന്നോ എങ്ങനെ അന്വേഷിക്കണമെന്നോ അറിയാതെ നിസ്സഹായരായി നിന്ന കവളപ്പാറ കോളനിയിലെയും പരിസരപ്രദേശങ്ങളിലെയും ആളുകള്‍ പതിയെ യാഥാര്‍ത്ഥ്യത്തോടു പൊരുത്തപ്പെട്ടു വരുന്നു. നിനച്ചിരിക്കാതെ വന്ന ദുരന്തം മിനുട്ടുകള്‍ കൊണ്ട് നൂറുകണക്കിനാളുകളുടെ ജീവിതങ്ങളാണ് തകര്‍ത്തുകളഞ്ഞത്. കവളപ്പാറയും മുത്തപ്പന്‍ കുന്നും അടങ്ങുന്ന ഭൂദാനം കോളനിയില്‍ ഇനി ഭയമില്ലാതെ താമസിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് ഇവിടുത്തുകാര്‍ പറയുന്നു. അടുത്ത തവണ മഴ പെയ്ത് അല്‍പം അധികശക്തിയില്‍ മണ്ണിടിച്ചിലുണ്ടായാല്‍ മുത്തപ്പന്‍കുന്നിന് താഴേയ്ക്കുള്ള സ്ഥലങ്ങളും നാമാവശേഷമായിപ്പോകും എന്ന ആശങ്ക ഇവര്‍ക്കുണ്ട്. അതേസമയം, ഒരു വലിയ പ്രദേശത്തു നിന്നും ആളുകളെ ഒന്നിച്ച് മാറ്റുന്നതിലെ പ്രായോഗികമായ ബുദ്ധിമുട്ടും ഇവര്‍ക്കറിയാം. ഭൂദാനം കോളനിയെന്നല്ല, നിലമ്പൂരിലെ ദുരിതബാധിത പ്രദേശങ്ങളൊന്നും ഇനി പഴയപോലെയായിരിക്കില്ല.
റബ്ബറും ജെ.സി.ബിയുമാണോ മുത്തപ്പന്‍ കുന്നിലെ വില്ലന്‍?
ഭൂദാനം കോളനിയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നവരുടെ മാനസികാവസ്ഥ തിരിച്ചറിയണമെങ്കില്‍, കവളപ്പാറയിലെ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട പ്രശാന്തിന്റെ ഈ വാക്കുകള്‍ മാത്രം കേട്ടാല്‍ മതി: “എത്ര ദിവസമായി കാണാതെപോയ സുഹൃത്തുക്കളെ മണ്ണിനടിയില്‍ ഇങ്ങനെ തിരഞ്ഞുകൊണ്ടിരിക്കുന്നു. എല്ലാ ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ ഇവിടെയാണ്. നേരം വെളുത്താല്‍ വരും, ആരെയെങ്കിലും കിട്ടുന്നുണ്ടോ എന്നു നോക്കിയിരിക്കും, തിരിച്ചുപോകും. എവിടെ എന്നുവച്ചാണ് നോക്കുക. ചിലപ്പോള്‍ ചിലര്‍ ഇവിടെയുണ്ടായിരുന്ന തോട്ടിലോ അല്ലെങ്കില്‍ അതു ഗതിമാറി ഇപ്പോള്‍ ഒഴുകുന്ന ഈ വെള്ളച്ചാലിലോ പെട്ടുപോയിട്ടുണ്ടാകാം. ചിലര്‍ തോട്ടിലൂടെ ഒഴുകിപ്പോയിട്ടുണ്ടാകാം. ചിലപ്പോള്‍ കുരുങ്ങിക്കിടപ്പുണ്ടാകാം. ഇതൊക്കെ ഓരോ പ്രതീക്ഷകളാണ്. ഇതുവരെ ബോഡികള്‍ കിട്ടിയിരിക്കുന്നത് ഒരു പ്രത്യേക രീതിയിലൊന്നുമല്ല. ചിലരെ അപകടം നടക്കുമ്പോള്‍ നിന്നിരുന്നയിടത്തുനിന്നു തന്നെ കിട്ടിയിട്ടുണ്ട്. വേറെ ചിലരെ കിട്ടിയത് നാലും അഞ്ചും പറമ്പിനപ്പുറത്തു നിന്നാണ്. അതുകൊണ്ട് എന്തെങ്കിലും മുന്‍വിധി വച്ചൊന്നും അന്വേഷിക്കാന്‍ കഴിയില്ല. ഇനി സഹായമായോ അല്ലാതെയോ ആരെന്തു തന്നാലും പക്ഷേ, പോയതിനു പകരമാവില്ലല്ലോ. ഇപ്പോള്‍ ഈ ചിരിച്ചു സംസാരിക്കുന്നതൊക്കെ ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ്. തിരിച്ച് വരാന്‍ പറ്റുമെന്നോ ഇങ്ങനെ ഇവിടെ നില്‍ക്കാന്‍ പറ്റുമെന്നോ സത്യത്തില്‍ വിചാരിച്ചതല്ല. ഇനി ഇവിടെ താമസിക്കുന്നതിനെ കുറിച്ച് ആരും ചിന്തിക്കുക പോലും വേണ്ട. എല്ലാവരും ഓരോ രീതിയില്‍ ബാധിക്കപ്പെട്ടിട്ടുണ്ട്. അങ്ങാടി മുതല്‍ ഇങ്ങോട്ടുള്ള എല്ലാ വീട്ടുകാരെയും മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. അത്രയും ഭാഗം ഇനിയും പ്രശ്‌നം വരാന്‍ സാധ്യതയുള്ളയിടമാണ്. അത് ആദ്യം പരിഗണിക്കണം.”
ഇനിയും മണ്ണിടിയുമെന്നും മലയില്‍ ഉരുള്‍പൊട്ടുമെന്നും അപകടങ്ങള്‍ ആവര്‍ത്തിക്കുമെന്നും പ്രശാന്തിനെപ്പോലെ വിശ്വസിക്കുന്നവരാണ് ഇവിടെയുള്ളവരെല്ലാം. അതിനു കാരണമായി ചൂണ്ടിക്കാണിക്കാന്‍ അവര്‍ക്കെല്ലാം സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നുള്ള സാക്ഷ്യപ്പെടുത്തലുകളുണ്ടുതാനും. മലയിടിയുമെന്ന ഭീതിയുണ്ടെങ്കിലും, തിരികെപ്പോരാന്‍ തയ്യാറായി നില്‍ക്കുന്നവരും കവളപ്പാറയിലുണ്ടായിരുന്നു എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. മാതാപിതാക്കളെയും ജീവിതപങ്കാളിയെയും മക്കളെയും മറ്റ് അടുത്ത ബന്ധുക്കളെയുമെല്ലാം നഷ്ടപ്പെട്ടവര്‍ മുത്തപ്പന്‍ കുന്നിലുണ്ട്. ഒരായുസ്സിന്റെ എല്ലാ ബന്ധങ്ങളും സമ്പാദ്യവും നഷ്ടപ്പെട്ട് ഇനിയെന്ത് എന്നറിയാതെ നില്‍ക്കുന്നവരാണ് രണ്ടാം പ്രളയദുരന്തത്തിന്റെ വേദന. പതിറ്റാണ്ടുകളായി മണ്ണിനോടും വന്യമൃഗങ്ങളോടും മറ്റെല്ലാ പ്രതികൂല സാഹചര്യങ്ങളോടും പടവെട്ടി ഉണ്ടാക്കിയെടുത്തത് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടുപോയതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇപ്പോഴും ഇവരുടെ ശബ്ദം ഇടറുന്നുണ്ട്. ഇത്രനാളും ഉണ്ടായിട്ടില്ലാത്ത അപകടം ഇപ്പോഴെങ്ങനെ എന്ന ചോദ്യത്തിന്, വയോധികയായ ചക്കി പറഞ്ഞതിങ്ങനെ: “പണ്ട് നെല്ലല്ലേ കൃഷി. കുന്നു നിറച്ചും പ്ലാവും കാട്ടുമരങ്ങളും, താഴെ നെല്‍കൃഷിയും, അങ്ങനെയായിരുന്നു. മണ്ണിന് ബലവുമുണ്ടായിരുന്നു. പിന്നെ മരമൊക്കെ വെട്ടി പറങ്കി വന്നു, പറങ്കി പോയി പിന്നെ റബ്ബറും വന്നു. റബ്ബറ് വയ്ക്കാന്‍ വേണ്ടി അവര് വലിയ മെഷീന്‍ കയറ്റി കുഴി വച്ചു. മല മുഴുവനും കുലുങ്ങി. അതാ പറ്റിയത്. അതല്ലാതെ വേറെ കാര്യമൊന്നും ഇത്രയും കൊല്ലത്തില്‍ ഇവിടെ പുതിയതായിട്ട് ഉണ്ടായിട്ടില്ല.”
കവളപ്പാറ പണിയ കോളനിയിലെ താമസക്കാരിയായിരുന്ന ചക്കിക്കും ബന്ധുക്കളായ ശാന്തയ്ക്കും ജാനകിക്കുമെല്ലാം ഇതേ അഭിപ്രായം തന്നെയാണ്. ഭൂദാനം കോളനിയിലും മുത്തപ്പന്‍ കുന്നിലും കണ്ടുമുട്ടുന്ന ഓരോ തദ്ദേശവാസിയും പങ്കുവയ്ക്കുന്ന ആശങ്കയും ഇതു തന്നെയാണ്. അവരുടെയാരുടെയും ഓര്‍മയില്‍ റബ്ബര്‍ കൃഷിയും ജെ.സി.ബി. കയറ്റിയുള്ള കുഴിയെടുപ്പുമല്ലാതെ മറ്റൊരു ബാഹ്യ ഇടപെടലും മുത്തപ്പന്‍ കുന്നിന്റെ സ്വാഭാവിക നിലനില്‍പ്പിനു മേല്‍ ഉണ്ടായിട്ടില്ല. പുറത്തുനിന്നുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് റബ്ബര്‍ തോട്ടങ്ങളുള്ളതെന്നും, ഇതില്‍ ഭൂരിഭാഗവും കൈയേറ്റ ഭൂമിയാണെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നുണ്ട്. “ഈ പൊട്ടിയിരിക്കുന്നതിന്റെ ഒത്ത മേലെയായി ഒരു പ്ലാവ് ഇപ്പോഴും അങ്ങനെ തന്നെ നില്‍പ്പുണ്ട്. അതിന്റെ എല്ലാ വശത്തൂടെയും മണ്ണ് ഇടിച്ചുവന്ന് ഒലിച്ചുപോയിട്ടുണ്ട്. എന്നിട്ടും പ്ലാവിനു മാത്രം അനക്കമില്ല. എല്ലാം കണ്ടുകൊണ്ട് അങ്ങനെ നില്‍ക്കുകയാണ്. പ്ലാവും പറങ്കിയും നല്ല വേരോട്ടമുള്ള മരങ്ങളാണ്. റബ്ബര്‍ അങ്ങനെയല്ല. ആ പ്ലാവ് അതേപടി നിന്നതാണ് എല്ലാവര്‍ക്കുമുള്ള തെളിവും സന്ദേശവും. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചൊക്കെ ഇവിടെയുള്ളവര്‍ക്കറിയാം. അത് നടപ്പിലാക്കുകയാണ് വേണ്ടത്. ഉരുള്‍ പൊട്ടാന്‍ കാരണം നിര്‍മാണങ്ങളും ജെ.സി.ബിയുമൊന്നുമല്ല എന്നു പറയുന്നവര്‍ സ്ഥിരം ചോദിക്കുന്ന ചോദ്യം, കാട്ടില്‍ ഉരുള്‍പൊട്ടാറില്ലേ എന്നാണല്ലോ. കുത്തനെയുള്ളിടത്ത് ഉരുള്‍ പൊട്ടുന്നതും ചെരിഞ്ഞിരിക്കുന്നയിടങ്ങളില്‍ പൊട്ടുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അതു തിരിച്ചറിയാതെയാണ് ഈ ചോദ്യം ചോദിക്കുന്നത്. ഈ റബ്ബര്‍ തോട്ടം കാണുന്നയിടമില്ലേ. അതു സത്യത്തില്‍ മുക്കാലും വനഭൂമിയാണ്. പച്ചയായ കൈയേറ്റമാണ്. നല്ല രാഷ്ട്രീയ സ്വാധീനമുള്ളയാളുകളുടേതാണ് ഈ തോട്ടമൊക്കെ. ഇതൊക്കെ പുറത്തുവരണം.”
അശാസ്ത്രീയ കൃഷിരീതികള്‍, ക്വാറികള്‍, നീര്‍ത്തടം നികത്തല്‍
കവളപ്പാറക്കാരെല്ലാം ഒരുപോലെ ആരോപിക്കുന്ന റബ്ബര്‍ തോട്ടവും ജെ.സി.ബി അതിക്രമവും ദുരന്തത്തിന്റെ പല കാരണങ്ങളില്‍ ഒന്നായിരിക്കാം എന്നാണ് വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്ന അഭിപ്രായം. മുത്തപ്പന്‍ കുന്നിലെ റബ്ബര്‍ തോട്ടത്തില്‍ അടുത്ത സീസണിലേക്കുള്ള റബ്ബര്‍ തൈകള്‍ വയ്ക്കുന്ന പ്രവൃത്തിയായിരുന്നു അടുത്തിടെ നടന്നത്. റബ്ബര്‍ തൈകള്‍ക്കായി സാധാരണ എടുക്കാറുള്ള ചെറുകുഴികള്‍ എടുക്കുന്നതിനു പകരം, ജെ.സി.ബി പോലുള്ള യന്ത്രങ്ങളുടെ സഹായത്തോടെ വലിയ കുഴികള്‍ എടുക്കുകയാണ് ചെയ്തിരുന്നത്. നാളിതുവരെ കണ്ടിട്ടില്ലാത്ത ഈ ശീലം ദുരന്തത്തിനു കാരണമായി കവളപ്പാറക്കാര്‍ കണക്കാക്കുന്നുണ്ടെങ്കില്‍, അതില്‍ തെറ്റുകാണാന്‍ സാധിക്കില്ല താനും. പോയ വര്‍ഷത്തെ മഹാപ്രളയത്തിനു ശേഷം സാഹചര്യം വിലയിരുത്താന്‍ ജൈവ വൈവിധ്യ സംഘത്തോടൊപ്പം കവളപ്പാറയും മുത്തപ്പന്‍ കുന്നും സന്ദര്‍ശിച്ചിരുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ റഫീഖ് ബാബുവിന്റെ നിരീക്ഷണത്തിലാകട്ടെ, നിലമ്പൂരിനെ തകര്‍ത്തെറിഞ്ഞ ദുരന്തത്തിന് പല ഘടകങ്ങള്‍ കാരണമായിട്ടുണ്ട്. കവളപ്പാറ മാത്രമല്ല, മുണ്ടേരിയും പാതാറും അമ്പുട്ടാന്‍പൊട്ടിയുമെല്ലാം ഇത്തവണ സമാനതകളില്ലാത്ത ദുരന്തത്തെ അതിജീവിക്കേണ്ടി വന്നതെങ്ങനെ എന്ന് കണ്ടെത്തേണ്ടതുണ്ട്. ഫ്രണ്ട്‌സ് ഓഫ് നേച്ചറിന്റെ പ്രവര്‍ത്തകന്‍ കൂടിയായ റഫീഖ്, നിലമ്പൂരിലെ മഴക്കെടുതികളെ വിലയിരുത്തുന്നതിങ്ങനെയാണ്:
“ഒന്നാമതായി, അസ്വാഭാവികമായ മഴയാണ് ഈ പ്രദേശങ്ങളില്‍ ഇത്തവണയുണ്ടായിട്ടുള്ളത്. മേപ്പാടി, ഗൂഡല്ലൂര്‍, നിലമ്പൂര്‍ പോത്തുകല്ല് എന്നിങ്ങനെ ഉയര്‍ന്ന ഭാഗങ്ങളില്‍ ഒന്നു രണ്ട് ദിവസം നല്ല മഴ പെയ്തിരുന്നല്ലോ. ഇങ്ങനെ അസ്വാഭാവികമായി പെയ്ത ശക്തിയേറിയ മഴയയുടെ കാരണം യഥാര്‍ത്ഥത്തില്‍ കാലാവസ്ഥാ വ്യതിയാനമാണ്. ഇത്തരത്തിലുള്ള അതിവര്‍ഷങ്ങള്‍ കാണുമ്പോള്‍ത്തന്നെ അറിയാമല്ലോ മഴയുടെ സ്വഭാവം പൊതുവില്‍ മാറിയിട്ടുണ്ടെന്ന്. കടലിലെ ചൂടു വര്‍ദ്ധിക്കുന്നതുമായും കാറ്റിന്റെ ഗതി മാറുന്നതുമായുമെല്ലാം അതിനു ബന്ധമുണ്ട്. അത്തരത്തിലുള്ള കാലാവസ്ഥാപ്രശ്‌നങ്ങളാണ് ഇതിലെ ഒന്നാമത്തെ വിഷയം. അതു തള്ളിക്കളയേണ്ടതല്ല. എന്നാല്‍, ഇങ്ങനെയൊരു മഴ പെയ്താലും, അതിനെ പിടിച്ചു നിര്‍ത്താനുള്ള ശക്തി ഏറെക്കുറെ നമ്മുടെ മലകള്‍ക്കും മണ്ണിനുമൊക്കെ ഉണ്ടായിരുന്നു. നൂറ്റാണ്ടിലൊരിക്കലൊക്കെ വെള്ളപ്പൊക്കമുണ്ടാകുമെങ്കിലും, ഇത്ര അടുപ്പിച്ച് ഉണ്ടാകാതിരിക്കാനുള്ള കാരണം അതായിരുന്നു. ഇപ്പോള്‍പ്പക്ഷേ ഈ ഭാഗങ്ങള്‍ ഇടിഞ്ഞുപോകുകയാണ് ചെയ്യുന്നത്. ചെരിവുള്ള സ്ഥലത്ത് എന്തു വിളയാണ് നല്ലത് എന്നു നോക്കാതെയുള്ള കൃഷി രീതികളാണ് അതിനു പിറകിലുള്ള ഒരു വിഷയം. ക്വാറികളില്‍ നിന്നുണ്ടാകുന്ന പ്രകമ്പനങ്ങളാണ് മറ്റൊന്ന്. അളവില്‍ക്കവിഞ്ഞ രീതിയിലുള്ള വലിയ സ്‌ഫോടനങ്ങളാണ് ക്വാറികളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജലാറ്റിന്‍ സ്റ്റിക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. പക്ഷേ അതൊക്കെ രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കാണ് എത്തിച്ചിരുന്നത് എന്നു പറയാന്‍ പറ്റില്ല. കാരണം, അത്തരത്തിലുള്ള സ്‌ഫോടനങ്ങളൊന്നും ഈ ഭാഗത്ത് നമ്മള്‍ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല. അതെല്ലാം പോയത് ജില്ലയിലെ ക്വാറികളിലേക്കാണ്. അത്രയേറെ ഭീകരമായ സ്‌ഫോടനങ്ങള്‍ പല ക്വാറികളിലും നടക്കുന്നുണ്ട്”.
“പാറയും മണ്ണുമായുള്ള ബന്ധം ഇതുകൊണ്ടൊക്കെ നഷ്ടപ്പെടുകയാണ്. മണ്ണിനെ പിടിച്ചു നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങളില്ലാതായി. മണ്ണിലുള്ള ജൈവഘടകങ്ങളും മരത്തിന്റെ വേരുകള്‍ ഇറങ്ങുന്നതിന്റെ രീതിയുമെല്ലാമായി ബന്ധപ്പെട്ടതാണ് ഈ പിടിച്ചു നിര്‍ത്തല്‍. ക്വാറിയിലെ സ്‌ഫോടനങ്ങള്‍, മരം വെട്ടല്‍, കൃഷിരീതിയിലെ മാറ്റം എല്ലാം കൊണ്ട് അത് പതിയെ നശിച്ചുപോയി എന്നുവേണം പറയാന്‍. അതുകൊണ്ടുതന്നെ ഒരു മഴ പെയ്യുമ്പോഴേക്കും മണ്ണ് പാടേ നിരങ്ങിപ്പോകുകയാണ്. ഉരുള്‍പൊട്ടലായാലും മണ്ണിടിച്ചിലായാലും മൂലകാരണം ഇതുതന്നെ. ഈ പ്രശ്‌നങ്ങള്‍ വിശദമായി പഠിക്കാന്‍ ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ പ്രളയത്തിനു ശേഷമുള്ള യു.എന്‍. റിപ്പോര്‍ട്ടില്‍ ഇതൊക്കെ പരാമര്‍ശിക്കുന്നുണ്ട്. പുനര്‍നിര്‍മാണത്തിനു വേണ്ടിയുള്ള റിപ്പോര്‍ട്ടായിരുന്നുവെങ്കിലും, കാരണങ്ങള്‍ ഏറെക്കുറെയൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇനിയും ഇത്തരത്തിലുള്ള ഒന്നു രണ്ട് വിദഗ്ധ പഠനങ്ങളും നടത്തിയാലേ സമഗ്രമാകുകയുള്ളൂ. കാലാവസ്ഥാ ശാസ്ത്രജ്ഞന്മാരെയെല്ലാം ഉള്‍പ്പെടുത്തിയുള്ള അത്തരം പഠനങ്ങള്‍ നടക്കുക തന്നെ വേണം.
പത്തോ പതിനഞ്ചോ വര്‍ഷം മുമ്പൊക്കെ ഇടമുറിയാത്ത തിരുവാതിര എന്നു പറയുന്ന മഴക്കാലമെല്ലാം നമ്മളും കണ്ടിട്ടുള്ളതല്ലേ. ദിവസങ്ങളോളം മഴ, ഒന്നോ രണ്ടോ ദിവസം വെയില്‍, വീണ്ടും മഴ എന്നിങ്ങനെയുള്ള മഴക്കാലങ്ങള്‍ ഈ തലമുറക്കാരായ നമ്മുടെ ജീവിതകാലത്തിനിടയില്‍പ്പോലും ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാതിരുന്ന ദുരന്തങ്ങള്‍ ഇന്നുണ്ടാകുന്നതിന്റെ കാരണവും അന്വേഷിക്കപ്പെടണം. പ്രളയജലത്തിന് കയറിനില്‍ക്കാനുള്ള ഭൂമി, വയലുകള്‍ അന്നൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ വാഴക്കാടും കീഴുപറമ്പും ഒളവണ്ണയുമൊക്കെ വെള്ളം കയറിയതിന്റെ മുഖ്യ കാരണം ഈ വെള്ളത്തിന് കയറി നില്‍ക്കാനുള്ള ഇടമില്ല എന്നതു തന്നെയാണ്. നെല്‍വയലുകളും ചതുപ്പുകളും പാടേ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. അതുതന്നെയാണ് വെള്ളം കയറിയുള്ള നാശനഷ്ടങ്ങള്‍ രൂക്ഷമാകാനുള്ള പ്രധാന കാരണം. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ ഭൂവിനിയോഗ നയമാണ് വില്ലന്‍. ഓരോ സ്ഥലത്തും എന്തു ചെയ്യണമെന്ന കാര്യത്തില്‍ കൃത്യമായ പ്ലാനിംഗ് വേണം. ഇക്കാര്യത്തില്‍ ഒരു പ്രത്യേക പോളിസിയുണ്ടാക്കാനോ നടപ്പില്‍ വരുത്താനോ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ താല്‍പര്യം കാണിക്കാറില്ല. ജനങ്ങളും അതിന് ഒരു പരിധി വരെ ഉത്തരവാദികളാണ്. ഉഷ്ണതരംഗവും പൊള്ളലും വരള്‍ച്ചയുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന സമയത്താണ് ലോക്‌സഭാ തെരഞ്ഞെടുപ്പു നടന്നത്. പക്ഷേ അതിനനുസരിച്ചു പ്രതികരിക്കാനും ജനങ്ങള്‍ ആ സമയത്ത് തയ്യാറായില്ല”.
“കവളപ്പാറയില്‍ റബ്ബര്‍ റീപ്ലാന്റ് ചെയ്യാനുള്ള കുഴികളാണ് കുഴിച്ചിരുന്നത്. ചെറിയ കുഴികള്‍ കുഴിക്കുന്നതിനു പകരം ജെ.സി.ബി പോലുള്ള യന്ത്രങ്ങളുപയോഗിച്ച് വലിയ കുഴികളാണ് അവര്‍ കുഴിച്ചുകൊണ്ടിരുന്നത്. അതായിരുന്നു അവിടുത്തെ പ്രശ്‌നം. ആ ഭാഗത്തിന്റെ കുറഞ്ഞ ചുറ്റളവില്‍ 27 ക്വാറികളോ മറ്റോ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ പ്രകമ്പനങ്ങളും ബാധിച്ചിരിക്കും. അതായത്, നമ്മള്‍ ഒരു ഒറ്റക്കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല. പല ഘടകങ്ങള്‍ ചേര്‍ന്നാണ് ഇവിടെ ഈ ദുരന്തമുണ്ടാക്കിയത്. ഇക്കാര്യങ്ങളെല്ലാം ഗാഡ്ഗില്‍ വ്യക്തമായി പറയുന്നുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തില്‍ മാത്രമല്ല, സംസ്ഥാനത്തൊട്ടാകെ പ്രാവര്‍ത്തികമാക്കി ഒരു ഭൂവിനിയോഗ നയമാക്കി മാറ്റിയെടുക്കണം എന്നാണ് നമുക്കു പറയാനുള്ളത്. എത്ര ക്വാറികളാകാം, ക്വാറികള്‍ ആരുടെ കീഴില്‍ പ്രവര്‍ത്തിക്കണം, ബില്‍ഡിംഗ് കോഡ് എന്നിങ്ങനെ പല കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കേണ്ടിവരും. അപകടത്തിലേക്കു നയിച്ച കാരണങ്ങള്‍ ഒരെണ്ണം മാത്രമല്ലാത്തതിനാല്‍ അതിനുള്ള പരിഹാരവും ഒന്നിലൊതുങ്ങില്ല.”
മദ്യവില്‍പ്പന സര്‍ക്കാരിന് ഏറ്റെടുക്കാമെങ്കില്‍ ക്വാറികളും ഏറ്റെടുത്തുകൂടേ?
കവളപ്പാറയില്‍ വിള്ളലുകളും അപകടസാധ്യതയും കഴിഞ്ഞ വര്‍ഷം തന്നെ സൂചിപ്പിക്കപ്പെട്ടിരുന്നെങ്കിലും, ഒരു വലിയ ദുരന്തം പ്രവചിക്കാനുള്ള കഴിവ് നമുക്കാര്‍ക്കുമില്ലല്ലോ എന്ന ദുഃഖം പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട് റഫീഖ്. റഫീഖിനൊപ്പം പോയ വര്‍ഷം കവളപ്പാറ സന്ദര്‍ശിച്ചിരുന്ന, കേരള വനം ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. ടി.വി സജീവ്, റബ്ബര്‍ തോട്ടമാണോ മുത്തപ്പന്‍ കുന്നിന് വിനയായത് എന്ന ചോദ്യത്തിന് ശാസ്ത്രീയമായ ചില വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്. അതിനോടൊപ്പം തന്നെ, ക്വാറികള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗവും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. മണ്ണും പാറയും തമ്മിലുള്ള സ്വാഭാവിക ബന്ധം നഷ്ടപ്പെട്ട്, ഇത്തരം വലിയ ദുരന്തങ്ങളിലേക്ക് നയിക്കുന്ന തരത്തില്‍ ഭൂപ്രകൃതിയെ ദുര്‍ബലമാക്കുന്നത് ക്വാറികളാണെങ്കില്‍, എന്തു കൊണ്ട് അത്തരം ക്വാറികളെ സര്‍ക്കാരിന് നേരിട്ട് ഏറ്റെടുത്തുകൂടാ എന്നാണ് ഡോ. സജീവിന്റെ ചോദ്യം.
“കുന്നിന്‍ മുകളിലെ റബര്‍ തോട്ടങ്ങള്‍ രണ്ടു തരത്തില്‍ പ്രശ്‌നമുണ്ടാക്കാം. ഒന്നാമത്, ഇത് ദീര്‍ഘകാലം നില്‍ക്കുന്ന ഒരു മരമല്ലല്ലോ. ആവശ്യം കഴിഞ്ഞാല്‍ നമ്മളത് വെട്ടിയെടുക്കും. ഒരു തോട്ടത്തിലെ എല്ലാ മരങ്ങളും ഒരേ സമയത്ത് മുറിച്ചു മാറ്റുകയാണ് ചെയ്യുക. മണ്ണിനു മുകളിലുള്ള ഭാഗം മാത്രം മുറിച്ചുമാറ്റും, വേരുകള്‍ അവിടെത്തന്നെ നില്‍ക്കുകയും ചെയ്യും. ആ വേരുകള്‍ അവിടെയിരുന്ന് ദ്രവിക്കും. ഈ ദ്രവിക്കുന്ന വേരുകള്‍ മണ്ണില്‍ ദ്വാരങ്ങളാകും, പൈപ്പുപോലെ പ്രവര്‍ത്തിക്കും. മഴ പെയ്യുമ്പോള്‍ അതിലൂടെ മണ്ണ് താഴേക്ക് ഒലിച്ചിറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും. സോയില്‍ പൈപ്പിംഗ് എന്ന പ്രതിഭാസത്തിന്റെ ഭാഗമാണത്. ഇതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. പതുക്കെപ്പതുക്കെ മലയുടെയുള്ളില്‍ ദ്വാരങ്ങള്‍ രൂപപ്പെടുകയും പിന്നീട് മഴ പെയ്യുമ്പോള്‍ ഈ മണ്ണ് അപ്പാടെ താഴേക്ക് ഇരുന്നുപോകുകയും ചെയ്യും. പക്ഷേ കവളപ്പാറയില്‍ സംഭവിച്ചത് ഇതല്ല. അവിടെ പുതിയ റബ്ബര്‍മരങ്ങള്‍ നടാനായി ജെ.സി.ബി. വച്ച് കുഴിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അവിടെ താഴെ പാറയും മുകളില്‍ മണ്ണുമാണ്. ഇതു രണ്ടും തമ്മിലുള്ള ഗ്രിപ്പ് എത്രത്തോളം ഉണ്ട് എന്നതാണ് പ്രധാന പ്രശ്‌നം. ആ ഗ്രിപ്പ് നഷ്ടപ്പെടാന്‍ പല കാരണങ്ങളുണ്ടാകാം. അതിലൊന്ന് സോയില്‍ പൈപ്പിംഗാണ്. കുഴിയെടുക്കുമ്പോള്‍ മഴ പെയ്താല്‍ ഈ കുഴിയിലൂടെ വെള്ളം പെട്ടന്ന് താഴേക്കിറങ്ങി മണ്ണിനിടയിലൂടെ നീങ്ങും. അങ്ങനെ മണ്ണു നിരങ്ങി നീങ്ങാന്‍ അതു കാരണമാകും. അതാണ് മറ്റൊരു വിഷയം.
നിലമ്പൂരിലും മേപ്പാടിയിലും മാത്രമല്ല, മറ്റു മേഖലകളിലും അടുത്ത വര്‍ഷങ്ങളില്‍ അധികം മഴ പെയ്താല്‍ ഇതേ അപകടം പ്രതീക്ഷിക്കാവുന്നതാണ്. ഇവിടെത്തന്നെ, ഈ വര്‍ഷം പെയ്ത മഴ കഴിഞ്ഞ വര്‍ഷം പെയ്തിരുന്നെങ്കില്‍ അന്നുതന്നെ ഈ ദുരന്തമുണ്ടായേനെ. ഈ പറയുന്ന പ്രദേശങ്ങളിലെല്ലാം തന്നെ ധാരാളം ക്വാറികളുണ്ട്. ഓരോ തവണ ക്വാറികളില്‍ ബ്ലാസ്റ്റ് നടക്കുമ്പോഴും ഈ മല മുഴുവനായി കുലുങ്ങും. പാറയും മണ്ണും തമ്മിലുള്ള ഗ്രിപ്പ് നഷ്ടപ്പെടാന്‍ അതും ഒരു കാരണമാണ്. അപകടകാരണം അന്വേഷിക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ ശ്രമിക്കുന്നത് ബൈനറികള്‍ കണ്ടെത്താനാണ്. ഒന്നുകില്‍ അങ്ങനെ, അല്ലെങ്കില്‍ ഇങ്ങനെ എന്നൊരു ദ്വന്ദ്വത്തില്‍ ഇക്കാര്യത്തെ കൊണ്ടുവരാനാകില്ല. പല ഫാക്ടറുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, പ്രധാനമായിട്ടും ഫോക്കസ് വരേണ്ടത് മറ്റൊരു കാര്യത്തിലാണ്. മണ്ണിനെ, അല്ലെങ്കില്‍ പാറയെ ദുര്‍ബലമാക്കുന്ന കാര്യങ്ങളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കണം. അതിലൊരു വലിയ ഘടകമായ ക്വാറികളുടെ എണ്ണം കുറയ്ക്കണം. ക്വാറികളെല്ലാം അത്യാവശ്യമായി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടത്. ഇവ സ്വകാര്യ സ്വത്തുകളായി നിലനില്‍ക്കുന്നതു കാരണം അവിടെ നടക്കുന്ന സ്‌ഫോടനങ്ങളുടെ കൃത്യമായ ഡാറ്റ പോലും ആരുടെ കൈയിലുമില്ല.
കേരളം മുഴുവന്‍ ഞെട്ടിയ ഒരു ദുരന്തമായിരുന്നു 1984ലെ വൈപ്പിന്‍ വിഷമദ്യദുരന്തം. അതിനു ശേഷമാണ് മദ്യത്തിന്റെ വിപണി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. അതു വരെ സ്വകാര്യ വ്യക്തികളായിരുന്നു മദ്യവില്‍പന നടത്തിക്കൊണ്ടിരുന്നത്. ഇന്നിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഓടുന്നതു തന്നെ ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനത്തിനു മുകളിലാണ്. അത്രയേറെയാണ് അതില്‍ നിന്നുള്ള റവന്യൂ. ഇന്നിപ്പോള്‍ ഇങ്ങനെയൊരു ദുരന്തം ഉണ്ടായിരിക്കുമ്പോഴും ആദ്യം ചെയ്യേണ്ടത് അത്തരമൊരു തീരുമാനമെടുക്കുക എന്നതാണ്. ക്വാറികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കണം. എങ്കില്‍ മാത്രമേ കൃത്യമായ നിയമങ്ങളനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോകൂ. മലയും പാറയുമെല്ലാം പൊതു സ്വത്തല്ലേ. അല്ലാതെ ഒരാള്‍ മാത്രമുണ്ടാക്കിയതല്ലല്ലോ. അപ്പോഴെങ്ങനെയാണ് സ്വകാര്യ വ്യക്തികള്‍ക്ക് അതിന്മേല്‍ അധികാരം കൊടുക്കാന്‍ സാധിക്കുക. അതില്‍ നിന്നുള്ള റിട്ടേണ്‍ സര്‍ക്കാരിലേക്ക് പോകേണ്ടതല്ലേ. മൂന്നാമത്തെ കാര്യം, നമ്മുടെ ജനാധിപത്യം വലിയ തട്ടിപ്പായി മാറാന്‍ തന്നെ കാരണം ഇവിടുത്തെ ക്വാറികളാണെന്നുള്ളതാണ്. എല്ലാ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെയും ഫണ്ട് ചെയ്യുന്നത് ക്വാറിയുടമകളാണ്. സ്വാഭാവികമായും അവര്‍ക്ക് ജനങ്ങളോട് ഉത്തരം പറയേണ്ട ആവശ്യമില്ലെന്നുവരും. ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ നയിക്കുന്ന സിസ്റ്റത്തെ ജനാധിപത്യം എന്നു വിളിക്കാനാകില്ലല്ലോ. ജനാധിപത്യവ്യവസ്ഥയെത്തന്നെ നശിപ്പിക്കുന്ന ഒരു സംഗതിയായി ഇതു മാറുന്നു എന്നത് ശ്രദ്ധിക്കണം.”
എങ്ങനെ അതിജീവിക്കും ആദിവാസി ജനത?
നിലമ്പൂരില്‍ പലയിടങ്ങളിലായി ദുരന്തം വിതച്ചത് ഉള്‍ക്കാട്ടിലും ജനവാസ കേന്ദ്രങ്ങളിലുമായി പത്തോളം ഇടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തന്നെയാണ്. പാതാര്‍ ഗ്രാമത്തെ ഇല്ലാതാക്കിയതും മുത്തപ്പന്‍ കുന്നില്‍ 59 ജീവനെടുത്തതും മുണ്ടേരിയിലെ ആദിവാസി കോളനികളെ തുരുത്തുകളില്‍ ഒറ്റപ്പെടുത്തിയതും ചാലിയാര്‍ കരകവിഞ്ഞും ഗതിമാറിയുമൊഴുകാനും കാരണമായത് ഈ ഉരുള്‍പൊട്ടല്‍ തന്നെ. ഒരേ മലനിരകളുടെ ഇരുവശങ്ങളായ മേപ്പാടിയിലും നിലമ്പൂര്‍ പ്രദേശത്തും സമാനമായ അപകടങ്ങളുണ്ടായതും യാദൃശ്ചികമല്ല. പച്ചക്കാടും കവളപ്പാറയും ഇനിയും ഉരുള്‍പൊട്ടാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് തങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇവിടത്തുകാര്‍ പറയുന്നുമുണ്ട്. നിലമ്പൂരില്‍ ദുരന്തമുണ്ടായത് എങ്ങനെയെന്നും അതിന്റെ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണെന്നും ചിന്തിക്കുന്നതോടൊപ്പം തന്നെ പരിഗണിക്കേണ്ടതാണ് നിലമ്പൂരിന്റെ നിലവിലെ സാമൂഹിക സ്ഥിതി. ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടിട്ടുള്ളവരില്‍ ഭൂരിഭാഗവും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണെന്നിരിക്കേ, അവരുടെ പുനരധിവാസത്തിന്റെ കാര്യവും നിലമ്പൂരില്‍ ഇനി കാര്യമായിത്തന്നെ കണക്കിലെടുക്കേണ്ടതുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരും പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയവരുമെല്ലാം നിലമ്പൂരില്‍ ധാരാളമുണ്ട് എന്നത് വസ്തുതയാണെങ്കിലും, ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസികളില്‍ നിന്നും ഏറെ വ്യത്യസ്തരാണ് ഭൂദാനത്തും മറ്റുമുള്ളത്. ചെറിയ ശമ്പളത്തിന് ചെറിയ ജോലികള്‍ ചെയ്ത് കൂട്ടിവച്ചുണ്ടാക്കിയ പണം കൊണ്ട് പണിത വീടുകളും മറ്റു സമ്പാദ്യങ്ങളും ഇവര്‍ക്ക് നഷ്ടമായിക്കഴിഞ്ഞു. സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കുമെന്നത് വലിയ ആശ്വാസമാണെങ്കിലും, നഷ്ടങ്ങളുടെ ആഘാതം ഇപ്പോഴും ഇവരെ അലട്ടുന്നുണ്ട്. കവളപ്പാറ, അപ്പന്‍കാപ്പ്, ചളിക്കര, കുമ്പളപ്പാറ, ഇരുട്ടുകുത്തി, വാണിയമ്പുഴ, തരപ്പപ്പെട്ടി, തണ്ടങ്കൊല്ലി എന്നീ ആദിവാസി കോളനികളില്‍ നിന്നുള്ളവരുടെ കാര്യവും ഇപ്പോഴും അങ്കലാപ്പിലാണ്. പണിയ വിഭാഗത്തില്‍പ്പെട്ടവരും കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ടവരുമാണ് ദുരിത ബാധിത കോളനികളിലുള്ളത്. മുണ്ടേരി ഫാമിനോടു ചേര്‍ന്ന് ചാലിയാറിനപ്പുറമുള്ള കുമ്പളപ്പാറ, വാണിയമ്പുഴ, ഇരുട്ടുകുത്തി, തരപ്പപ്പെട്ടി കോളനികളില്‍ മിക്ക പേര്‍ക്കും ഇപ്പോള്‍ വാസയോഗ്യമായ വീടുകളില്ല. ചാലിയാര്‍ കരകവിഞ്ഞും ഗതിമാറിയും ഒഴുകിയപ്പോള്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ കാലതാമസമുണ്ടെന്ന് അധികൃതരും ചൂണ്ടിക്കാട്ടുന്നുണ്ട്. ചളിക്കര പണിയ കോളനിയിലെ വീടുകളും പാടേ തകര്‍ന്നുപോയിട്ടുണ്ട്. കവളപ്പാറ കോളനിയിലേക്കും ഇനി തിരിച്ചുപോക്ക് സാധ്യമല്ല. നിലമ്പൂരിലെ ആദിവാസി ജനത എങ്ങനെ ഈ ദുരന്തത്തെ അതിജീവിക്കും എന്നതാണ് ചര്‍ച്ചയാകേണ്ട മറ്റൊരു വിഷയം.
“അന്നന്നത്തെ കാര്യത്തിനുള്ളത് മാത്രം നോക്കി ജീവിക്കുന്നവരാണ് ഇവരൊക്കെ. കാടുകയറിയും കൂലിപ്പണിയെടുത്തും ജീവിക്കുന്നവര്‍ക്ക് മറ്റു ജീവിതമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിക്കൊടുക്കാന്‍ എളുപ്പം പറ്റില്ല. പക്ഷേ, കുറച്ചുകാലത്തേക്കെങ്കിലും അവര്‍ക്ക് മുന്നോട്ടുള്ള ജീവിതത്തിന് സഹായം വേണ്ടിവരും. കവളപ്പാറ കോളനിയില്‍ത്തന്നെ, കാട്ടില്‍ പോകുന്നവരാണ് അധികം പുരുഷന്മാരും. അപകടം ഉണ്ടായപ്പോള്‍, കോളനിയില്‍ എത്ര പേരെ കാണാതായി എന്ന് ആദ്യം കൃത്യമായ കണക്കുണ്ടാക്കാന്‍ പറ്റിയിരുന്നില്ല. പലരും കാട്ടില്‍പ്പോയി രണ്ടോ മൂന്നോ ദിവസം കഴിയുമ്പോഴല്ലേ വരൂ. ആരൊക്കെ കാട്ടില്‍പ്പോയി എന്നറിയില്ലല്ലോ. ഇപ്പോഴും കാട്ടില്‍ പോയി തേനൊക്കെയെടുത്ത് ജീവിക്കുന്നവരാണ്. അവര്‍ കാടിനോടു ചേര്‍ന്നുള്ള സ്ഥലം വിട്ടു വരില്ല. വന്നാല്‍ അവര്‍ക്ക് ജീവിക്കാനും പറ്റില്ല. ഇവിടേക്കും തിരിച്ചു വരാന്‍ പറ്റില്ല. മുത്തപ്പന്‍ കുന്നിലൂടെ ഒഴുകുന്നത് നാലു ചാലുകളാണ്. എല്ലാവരും വെള്ളമെടുത്തിരുന്നത് അതില്‍ നിന്നാണ്. ഈ ചാലുകളില്‍ മണ്ണും വെള്ളവും ഒലിച്ചു വന്നപ്പോള്‍ വീതി കൂടി അങ്ങു വലുതായി. അങ്ങനെയാണ് കൂടുതല്‍ മണ്ണ് ഒലിച്ചു വന്ന് ഇടിഞ്ഞത്. നാലു ചാലും നാല് ഉറവകളില്‍ നിന്നാണ്. നാലില്‍ മൂന്ന് ഉറവകളും ഉരുള്‍പൊട്ടലിന്റെ ആരംഭ സ്ഥലത്താണ്. മൂന്നും മുഴുവന്‍ നശിച്ചു. ഇനി ഒന്നു കൂടിയുണ്ട് ബാക്കി. മുത്തപ്പന്‍ കുന്നിന്റെ മേലെ വീഴാന്‍ നില്‍ക്കുന്ന ഒരു പാറയുമുണ്ട്. അതൊക്കെ ഏതു നിമിഷവും വീഴാം. അതുകൊണ്ട് തിരിച്ചിങ്ങോട്ടു താമസിക്കാന്‍ വരാനൊന്നും പറ്റില്ല”, ഭൂദാനം കോളനിയിലെ അഷ്‌റഫ് പറയുന്നു.
കാടു വിട്ടു പുറത്തുവരാന്‍ ആദിവാസി തയ്യാറായാല്‍ പ്രതിസന്ധി തീരുമെന്ന് ഐ.ടി.ഡി.പി
മുണ്ടേരി ഫാമിനടുത്തുള്ള നാലു കോളനികളില്‍ താമസിക്കുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ആദിവാസി അവകാശ പ്രവര്‍ത്തക ചിത്ര നേരത്തേ ആരോപിച്ചിരുന്നു. അരിയും മറ്റു ഭക്ഷണസാധനങ്ങളും ലഭിക്കുന്നുണ്ടെങ്കിലും അവ നനയാതെ സൂക്ഷിക്കാനുള്ള സൗകര്യം പോലും ഗോത്രവിഭാഗക്കാര്‍ക്കില്ലെന്നായിരുന്നു വെളിപ്പെടുത്തല്‍. പുഴയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ മണ്ണ് ഇടിയുമെന്ന ഭീതിയുള്ളതിനാല്‍ നാലു കോളനികളില്‍ താമസിക്കുന്നവര്‍ കാടിനകത്ത് നാലിടങ്ങളിലായി പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചു കെട്ടി വെറും നിലത്താണ് കിടന്നുറങ്ങുന്നതെന്ന് തരപ്പപ്പെട്ടി കോളനിയിലെ കുട്ടന്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ചാലിയാര്‍ കരകവിഞ്ഞൊഴുകി ഒറ്റപ്പെട്ടു പോയ ഈ കോളനികളില്‍ ആഴ്ചകള്‍ക്കു ശേഷവും സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനായിട്ടില്ലെന്നത് വലിയ വീഴ്ച തന്നെയാണ്. മഴയില്‍ പാലങ്ങള്‍ ഒലിച്ചുപോകുകയും റോഡുകള്‍ തകരുകയും ചെയ്തതിനാല്‍ ഈ കോളനികളെല്ലാം ഒറ്റപ്പെട്ടുപോയിരുന്നു. തകര്‍ന്നുപോയ വീടുകള്‍ പഴയപടി മാറ്റി നിര്‍മിക്കാന്‍ സമയമെടുക്കുമെങ്കിലും, താല്‍ക്കാലികമായി ഇവര്‍ക്കു താമസിക്കാനുള്ള സൗകര്യങ്ങളെങ്കിലും ചെയ്തു കൊടുക്കണമെന്നാണ് ആദിവാസി അവകാശ പ്രവര്‍ത്തകരുടെ ആവശ്യം.
“കാടിനുള്ളില്‍ ആദിവാസി പണ്ട് എങ്ങനെയാണോ ജീവിച്ചിരുന്നത്, അതുപോലെത്തന്നെയാണ് ഇപ്പോള്‍ അവിടുത്തെയാളുകള്‍ കഴിയുന്നത്. ഷീറ്റും മറ്റും വലിച്ചു കെട്ടി കുടില്‍ പോലെയാക്കിയിട്ടാണ് താമസിക്കുന്നത്. പഴയ കാലങ്ങളിലെല്ലാം ഉണ്ടായിരുന്നതു പോലെ. തറയൊന്നും നിരന്ന പ്രദേശമല്ലല്ലോ. കുട്ടികള്‍ക്കൊക്കെ രാത്രി കിടക്കാന്‍ പോലും പാടാണ്. ഭക്ഷണസാധനങ്ങളെല്ലാം കിട്ടിക്കഴിഞ്ഞു. ഇനി മുപ്പത്തിയഞ്ചു കിലോ അരിയും കിട്ടും. അത് കഞ്ഞിവച്ച് കുടിക്കാനുള്ള സംവിധാനം വേണ്ടേ. നല്ല അടുപ്പു വേണ്ടേ. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കിടന്നുറങ്ങാന്‍ സ്ഥലം വേണ്ടേ. മഴ പെയ്ത ശേഷം ആന ശല്യവും ഭയങ്കരമാണ്. തണ്ടങ്കല്ല് കോളനിക്കാരൊക്കെ കരഞ്ഞാണ് പറയുന്നത്, ഇവിടേക്ക് ആരും വരുന്നില്ലെന്ന്. ഒരു ഗര്‍ഭിണി അവരുടെ കൂട്ടത്തിലുണ്ടെങ്കിലോ. കറന്റില്ല, വെളിച്ചമില്ല, ആനക്കാട്. ആലോചിച്ചു നോക്കിക്കേ. തകര്‍ന്നുപോയ പാലം ഇപ്പോഴും കെട്ടിയിട്ടില്ല. പാണ്ടികളിലാണ് സാധനങ്ങള്‍ അക്കരയ്ക്ക് എത്തിക്കുന്നത്. പഴയകാലത്തുണ്ടായിരുന്നതു പോലെ കുടിലുകളിലേക്ക് അവര്‍ ഇനിയും മാറേണ്ട അവസ്ഥ വരും. വീടു വയ്ക്കണമെങ്കില്‍ പാലം വേണം. പാലം വരണമെങ്കില്‍ റോഡു വേണം. ഇതെല്ലാം തകര്‍ന്നിരിക്കുകയല്ലേ. എത്ര കഷ്ടപ്പെട്ടിട്ടാണ് ഇവിടെ പാലവും റോഡുമൊക്കെ വന്നതെറിയാമോ. അതെല്ലാം പോയി. ഇനി പഴയ കാലത്തേക്കു തന്നെ ആദിവാസി പോകും. എന്റെ കുട്ടിക്കാലത്ത് പാണ്ടികടന്നിട്ടാണ് ഞാന്‍ സ്‌കൂളില്‍ പോയത്. ഇപ്പോള്‍ കുട്ടികള്‍ അതേപോലെത്തെന്നയാണ് സ്‌കൂളില്‍ പോകുന്നത്. ജീവന്‍ തിരിച്ചു കിട്ടി എന്നത് സത്യം തന്നെ. പക്ഷേ അത് ജീവിച്ച് തീര്‍ക്കണ്ടേ. കൂലിപ്പണിയും വനവിഭവശേഖരണവുമായി ജീവിക്കുന്നവരാണ്. ഈ രണ്ട് ജോലിയും ഇപ്പോള്‍ നിന്നിട്ടുണ്ട്. ഇനി കുറേക്കാലത്തേക്ക് ജോലിയുണ്ടാകില്ല. അഞ്ചിന്റെ പൈസ അവരാരുടെയും കൈയിലില്ല.
“ഇവരുടെ പട്ടിണി മാറ്റാനുള്ള ചര്‍ച്ച മാത്രമാണ് ഇപ്പോഴത്തെ ആവശ്യം. അധികൃതരാരും ഒന്നും പറയുന്നില്ലൊണ് ക്യാമ്പിലുള്ളവര്‍ പറയുന്നത്. കോളനികളില്‍ നിന്നും മാറിത്താമസിക്കാന്‍ തയ്യാറുണ്ടോ എന്ന് ഞാന്‍ അവരോട് ചോദിച്ചു. കവളപ്പാറ കോളനിയിലുള്ളവര്‍ക്ക് എന്തായാലും തിരിച്ചുപോകാന്‍ സാധിക്കില്ല. ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ പോലെ കാടിനകത്തുള്ള എല്ലാവരും പറയുന്നത് മാറിപ്പോകില്ല എന്നുതന്നെയാണ്. ഇവര്‍ ഇപ്പോള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ക്കു താഴെയാണ് കിടന്നുറങ്ങുന്നത്. ഈയൊരു പ്ലാസ്റ്റിക് ഷെഡില്‍ എട്ടും പത്തും ആളുകള്‍ ഇരിക്കണം, തീയിടണം, അടുപ്പുണ്ടാക്കണം, സാധനങ്ങള്‍ സൂക്ഷിക്കണം. എത്രയോ പേരുടെ അരിയൊക്കെ നനഞ്ഞുപോയി. കുമ്പളപ്പാറക്കാര്‍ക്ക് എല്ലാ ആയുധങ്ങളും പോയി. വിറകു വെട്ടാന്‍ പോലും പറ്റുന്നില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടനെ ഇടപെടണം. എത്രയെന്നു വച്ചാണ് മറ്റുള്ള ആളുകളോട് സഹായം ചോദിക്കുക. നഷ്ടപ്പെട്ട വീടുകള്‍ക്കു പകരമായി നല്ല വീടുകള്‍ കെട്ടാന്‍ സമയമെടുക്കും. ഇവരുടെ രീതിയിലുള്ള നല്ല കുടിലുകള്‍ കെട്ടാനുള്ള സഹായമെങ്കിലും പെട്ടന്ന് ലഭ്യമാക്കണം. എവിടെയെങ്കിലും ഇവരെ സ്വസ്ഥമായി ജീവിക്കാനുള്ള സൗകര്യമുണ്ടാക്കണം. സന്നദ്ധപ്രവര്‍ത്തകര്‍ കൊണ്ടുവരുന്ന ഭക്ഷണം ധാരാളം കിട്ടുന്നുണ്ട്. പക്ഷേ അങ്ങനെ എത്തിക്കുന്നതില്‍ പരിമിതിയില്ലേ. പ്രത്യേക പാക്കേജുകളോ കിറ്റുകളോ പ്രഖ്യാപിച്ച് കുറച്ചധികം കാലത്തേക്ക് ഇവര്‍ക്കിടയില്‍ വിതരണം ചെയ്യണം. ഇത്രയും ദിവസം ഇങ്ങനെ കഴിഞ്ഞിട്ടും ഇവര്‍ക്ക് ആവശ്യത്തിന് പ്ലാസ്റ്റിക് ഷീറ്റുകള്‍ പോലും കിട്ടിയിട്ടില്ല. ആദിവാസികള്‍ക്ക് ഇതു പുത്തരിയല്ലല്ലോ എന്ന ചിന്തയല്ലേ. വെയിലും മഴയും കൊള്ളുന്നവരല്ലേ. കാട്ടില്‍ കിടന്നാലെന്ത്, ഷീറ്റില്‍ കിടന്നാലെന്ത് എന്നാണ് ഉദ്യോഗസ്ഥരുടെ പോലും മന:സ്ഥിതി.”
ചിത്ര മുന്നോട്ടു വയ്ക്കുന്ന പ്രശ്‌നങ്ങള്‍ അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് ശരിവയ്ക്കുന്നതാണ് ഈ വിഷയത്തിലെ അധികൃതരുടെ പ്രതികരണവും. ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ നേരിടുകയും വീടുകള്‍ നഷ്ടപ്പെടുകയും ചെയ്ത ആദിവാസി സമൂഹത്തിന് മറ്റിടങ്ങളില്‍ സ്ഥലം കണ്ടെത്തുന്നുണ്ടെങ്കിലും, അവര്‍ മാറാന്‍ തയ്യാറാണെങ്കില്‍ മാത്രമേ അത് പ്രാവര്‍ത്തികമാകൂ എന്നാണ് ഐ.ടി.ഡി.പി അടക്കമുള്ളവര്‍ അറിയിക്കുന്നത്. കാടിനോടു ചേര്‍ന്നുള്ളയിടങ്ങളില്‍ നിന്നും മാറാന്‍ തയ്യാറാകാത്ത ഗോത്രവിഭാഗക്കാര്‍ക്കായി എന്ത് പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത് എന്ന ചോദ്യത്തിനാകട്ടെ, അധികൃതര്‍ക്ക് വ്യക്തമായ മറുപടിയുമില്ല. “കഴിഞ്ഞ ദിവസം എംഎല്‍എയുടെ നേതൃത്വത്തില്‍ കൂടിയ മീറ്റിംഗില്‍ ചില കാര്യങ്ങള്‍ തീരുമാനമായിട്ടുണ്ട്. പോത്തുകല്ലില്‍ ഒരു സ്വകാര്യ വ്യക്തി രണ്ടേക്കര്‍ സ്ഥലം തരാം എന്നറിയിച്ചിട്ടുണ്ട്. മുണ്ടക്കടവിലും ഊരുകൂട്ടം നടക്കുന്നുണ്ട്. അവിടെയും നല്ല നഷ്ടങ്ങളുണ്ടായിട്ടുണ്ട്. അവര്‍ക്കായി വനം വകുപ്പ് സ്ഥലം വിട്ടുകൊടുക്കുമോ എന്നറിയില്ല. മുണ്ടേരി ഫാമിനോടും നമ്മള്‍ സ്ഥലം ചോദിച്ചിട്ടുണ്ട്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ മറ്റൊരു പദ്ധതിയുണ്ട്. അതിനു കീഴില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കായി ഭൂമി വാങ്ങി കൈമാറാന്‍ സഹായിക്കും. ഇത് നേരത്തേയുള്ള പദ്ധതിയാണ്. പോത്തുകല്ല് പഞ്ചായത്തില്‍ ഇതിനായി രണ്ടേക്കറും ചില്ലറയും തുക പറഞ്ഞ് ഉറപ്പിച്ചു വച്ചിട്ടുണ്ട്. ആ സ്ഥലം ഭൂമിയില്ലാത്തവര്‍ക്ക് കൊടുക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. അതിന്റെ കാര്യങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ പ്രളയം വരുന്നത്. അതുകൊണ്ട് പ്രത്യേക തീരുമാനമെടുത്ത് ഈ സ്ഥലം ദുരിത ബാധിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കൈമാറും, അവര്‍ക്ക് പോകാന്‍ താല്‍പര്യമുണ്ടെങ്കില്‍. രണ്ടേക്കര്‍ സ്ഥലം നല്‍കാം എന്നു പറഞ്ഞ വ്യക്തി അതു ചെയ്യുകയും, ദുരിതബാധിതര്‍ ഈ സ്ഥലത്തേക്ക് മാറാന്‍ തയ്യാറാകുകയുമാണെങ്കില്‍ ഈ പ്രദേശത്തെ പുനരധിവാസ പ്രശ്‌നം അവസാനിക്കും. ചിലര്‍ പക്ഷേ സ്വന്തം സ്ഥലം വിട്ട് ദൂരേയ്ക്കു പോകാന്‍ തയ്യാറാകില്ല”, ട്രൈബല്‍ എക്‌സ്റ്റഷന്‍ ഓഫീസറുടെ ചുമതലയുള്ള അജിപ്രഭ പറയുന്നു.
ഇനി?
പതിയെ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് മുത്തപ്പന്‍കുന്നിലെയും നിലമ്പൂരിലെ മറ്റിടങ്ങളിലെയും പ്രദേശവാസികള്‍. വീടിരുന്ന സ്ഥലം വിട്ട് മറ്റിടങ്ങളിലെ വാടകവീടുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറിയും, നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പെടുക്കാന്‍ സര്‍ക്കാര്‍ ഓഫീസുകളിലെത്തിയും സാധാരണ ജീവിതത്തിലേക്ക് തിരികെ കയറാനുള്ള ഉദ്യമത്തിലാണിവര്‍. മുത്തപ്പന്‍ കുന്നില്‍ വന്നടിഞ്ഞ മണ്ണിനു കീഴില്‍ പതിനൊന്നു പേര്‍ ഇപ്പോഴുമുണ്ടെന്നത് ഭൂദാനത്തുകാര്‍ക്ക് എക്കാലവും വേദനയായിത്തന്നെ അവശേഷിക്കും. എമര്‍ജന്‍സി ലാംപ് തെളിയിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ മണ്ണിനടിയില്‍പ്പെട്ടു മരിച്ചുപോയ സ്ത്രീയും, അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കാന്‍ പോയി ഒടുവില്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട അനീഷുമെല്ലാം കവളപ്പാറ ദുരന്തത്തിന്റെ ഓര്‍മച്ചിത്രങ്ങളാണിവര്‍ക്ക്. വീടും നാടും നഷ്ടപ്പെട്ട് മറ്റൊരിടമന്വേഷിച്ച് പോകേണ്ടിവരുമ്പോഴും ദുഃഖം തന്നെയാണിവര്‍ക്ക്. “ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ഭൂമിക്കടിയില്‍ മരിച്ചു കിടക്കുന്ന ഒരു മനുഷ്യനെ കണ്ടെത്താനുള്ള സാങ്കേതിക വിദ്യ ഇപ്പോഴും നമ്മുടെ കൈയില്‍ ഇല്ല എന്നു പറഞ്ഞാല്‍ എന്തൊരു നിസ്സഹായാവസ്ഥയാണ്. ചൊവ്വയിലേക്കു വരെ പേടകം വിട്ടിട്ടും ഇതിനു വേണ്ട സാങ്കേതിക വിദ്യ മാത്രമില്ല. എന്തൊരു കഷ്ടമാണത്” എന്ന് ആത്മഗതം ചെയ്ത് ഇവര്‍ കണ്ണു തുടയ്ക്കുന്നു.