UPDATES

പ്രളയം 2019

‘നിങ്ങള്‍ പൊളിച്ചില്ലെങ്കില്‍ ഞങ്ങള്‍ പൊളിക്കും’, ലുലു ഗ്രൂപ്പ് വൈ മാള്‍ പാര്‍ക്കിംഗിന് വേണ്ടി തോട് നികത്തിയത് പൊളിച്ചടുക്കി നാട്ടുകാര്‍

10 ഹെക്ടറിലേറെ ഭൂമി വെള്ളത്തില്‍ മുക്കുന്നതിനും 300-ഓളം കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോവേണ്ടി വന്നതിനും കാരണം തോട് അടച്ചു കെട്ടിയതാണെന്നാണ് ആരോപണം

കാലവര്‍ഷം സൃഷ്ടിച്ച പ്രളയത്തില്‍ തകര്‍ന്നു വീണ കേരളത്തിന്റെ വടക്കന്‍ ജില്ലകളെ കരകയറ്റാനുള്ള പരിശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ‘മനുഷ്യനിര്‍മിത’മായൊരു പ്രളയത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ട വാര്‍ത്തയാണ് തൃശൂരിലെ നാട്ടികയില്‍ നിന്നുള്ളത്. നാട്ടിക പഞ്ചായത്തില്‍ തൃപ്പയാര്‍ സിഗ്നല്‍ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ലുലു ഗ്രൂപ്പിന്റെ വൈ മാളിന്റെ പാര്‍ക്കിംഗ് ഏരിയയ്ക്കു വേണ്ടി നീരൊഴുക്കുണ്ടായിരുന്ന തോട് മൂടിയതിന്റെ ഫലമായി വലിയ വെള്ളക്കെട്ടാണ് പ്രദേശത്ത് ഉണ്ടായത്. ഏകദേശം പത്ത് ഹെക്ടര്‍ ഭൂമി വെള്ളക്കെട്ടിലായി. മൂന്നൂറോളം കുടുംബങ്ങളെയും നൂറിനടുത്ത് വ്യാപരസ്ഥാപനങ്ങളെയും വെള്ളം മൂടി. എഴുപതിനടുത്ത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇതിനെല്ലാം കാരണമായത് പ്രദേശത്തെ പ്രധാന തോടായിരുന്ന അങ്ങാടി തോട്, വൈ മാളിനു വേണ്ടി കെട്ടിയടച്ചതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ പ്രളയകാലത്തും സമാന സാഹചര്യം ഉണ്ടായിരുന്നുവെങ്കിലും അന്ന് കേരളം മുഴുവന്‍ പ്രളയത്തിലകപ്പെട്ടതുകൊണ്ട് യഥാര്‍ത്ഥ കാരണം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എങ്കില്‍, ഇത്തവണ വെള്ളക്കെട്ടിനു കാരണം വൈ മാള്‍ ആണെന്നു കണ്ടെത്തി നാട്ടുകാര്‍ പ്രതിഷേധത്തിനിറങ്ങുകയായിരുന്നു. ഒടുവില്‍ പഞ്ചായത്ത് അധികൃതരുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ-ജനപ്രതിനിധികള്‍ സ്ഥലത്തെത്തി വൈ മാളിന്റെ പാര്‍ക്കിംഗ് ഏരിയ പൊളിച്ച് തോടിന്റെ സ്വാഭാവിക ഒഴുക്ക് ശരിയാക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ചരക്കു ഗതാഗതം നടന്നിരുന്ന ജലപാതയായിരുന്നു അങ്ങാടി തോട് എന്നാണ് നാട്ടുകാര്‍ പറയുന്നത്. “അക്കാലത്ത് എട്ടടിയോളം വീതി തോടിനുണ്ടായിരുന്നു. കാലക്രമത്തില്‍ നികന്നു വന്നെങ്കിലും നിലവില്‍ അഞ്ചരയടിയോളം വീതി അങ്ങാടി തോടിനുണ്ടായിരുന്നു. നാട്ടിക പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയിലെ വെള്ളം ഒഴുകി പോയിരുന്ന മാര്‍ഗമായിരുന്നു. അങ്ങാടി തോടിലൂടെ കനോലി കനാലില്‍ എത്തി, അവിടെ നിന്നും കടലിലേക്ക് ചേരുന്നതായിരുന്നു വെള്ളത്തിന്റെ വഴി. ഈ സ്വഭാവിക സഞ്ചാരമാണ് വൈ മാള്‍ വന്നതുകൊണ്ട് കഴിഞ്ഞ വര്‍ഷത്തോടെ തടയപ്പെട്ടത്. തോട് പോകുന്ന തൃപ്പയാര്‍ പുഞ്ചപ്പാടം നികത്തിയാണ് വൈ മാളിന്റെ പാര്‍ക്കിംഗ് ഏരിയ കെട്ടിയിരിക്കുന്നത്. പുഞ്ചപ്പാടം പ്രധാനപ്പെട്ടൊരു തണ്ണീര്‍ത്തടമായിരുന്നു. വെള്ളം നില്‍ക്കുന്ന പ്രദേശത്ത് ആദ്യം ചരലിട്ട് ഉയര്‍ത്തി അതിനു മുകളില്‍ കരിങ്കല്‍ കെട്ടി പാറപ്പൊടി വീതറി മുകളില്‍ ടൈല്‍ പാകിയാണ് വൈ മാള്‍ പാര്‍ക്കിംഗ് ഏരിയ കെട്ടിയുണ്ടാക്കിയത്. തണ്ണീര്‍ത്തടത്തിന്റെ ഭാഗമായിരുന്ന രണ്ടേക്കറോളം ഭൂമി നികത്തിയെടുത്താണ് വൈ മാള്‍ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ നിര്‍മാണ സമയത്ത് കോമ്പൗണ്ട് കെട്ടിയടച്ചിരുന്നതിനാല്‍ ഉള്ളില്‍ നടക്കുന്ന പ്രവര്‍ത്തികള്‍ അറിയില്ലായിരുന്നു”, പ്രദേശവാസികള്‍ പറയുന്നു.

പഞ്ചായത്തിന്റെ അധീനതയില്‍പ്പെട്ട അങ്ങാടി തോട് നിലനിര്‍ത്തിക്കൊണ്ടു വേണം നിര്‍മാണം നടത്തേണ്ടതെന്നും അങ്ങനെ ചെയ്‌തെങ്കില്‍ മാത്രം നിര്‍മാണാനുമതി നല്‍കിയാല്‍ മതിയെന്നും വില്ലേജ് ഓഫിസര്‍ക്ക് കളക്ടറുടെ നിര്‍ദേശം ഉണ്ടായിരുന്നതാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. പഞ്ചായത്തില്‍ പെര്‍മിറ്റിന് അപേക്ഷിച്ചപ്പോഴും ലുലു അധികൃതര്‍ വ്യക്തമാക്കിയിരുന്നത് ആറടിയില്‍ കുറയാത്ത വീതിയില്‍ തോട് നിലനിര്‍ത്തുമെന്നായിരുന്നു. വെള്ളമൊഴുക്ക് തടസപ്പെടുത്തില്ലെന്നും എഴുതി നല്‍കിയതാണ്. അത് സംഭവിച്ചില്ല എന്നതാണ് വെള്ളക്കെട്ടിനു കാരണമായതെന്നുമുള്ള നാട്ടുകാരുടെ വാദം പഞ്ചായത്തും നിഷേധിക്കുന്നില്ല.

“അഞ്ചര മീറ്ററില്‍ തോട് നിലനിര്‍ത്താമെന്നു പറഞ്ഞവര്‍ ചെയ്തത് രണ്ട് മീറ്ററിന്റെ ഒരു പൈപ്പ് ഇടുക മാത്രമാണ്. തുടക്കത്തില്‍ രണ്ടര മീറ്റര്‍ ഉണ്ടെങ്കിലും പോകും തോറും പൈപ്പിന്റെ വലിപ്പം കുറഞ്ഞിരുന്നു. ഈ പൈപ്പില്‍ പലതരം മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയതോടെ വെള്ളം ഒഴുക്ക് തടസപ്പെട്ടു. വെള്ളം ഒഴുകി പോകാതായതോടെ സമീപപ്രദേശങ്ങള്‍ വെള്ളത്തിലായി. മാളിന്റെ പിറക് വശത്തുപോലും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ്”, പ്രദേശവാസിയായ മിഷോ കെ ഹര്‍ഷന്‍ പറയുന്നു.

തോട് അടച്ചു കെട്ടിയതിനെ പല തവണ വൈ മാള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതാണെന്നു നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് വിനു പി.യും സമ്മതിക്കുന്നുണ്ട്. “തോട് കെട്ടി മുകളില്‍ സ്ലാബ് ഇടാന്‍ പഞ്ചായത്തില്‍ അനുമതി തേടി വന്നപ്പോഴേ പറഞ്ഞിരുന്ന കാര്യമാണ് വെള്ളമൊഴുക്ക് തടസപ്പെടുത്തരുതെന്ന്. അവര്‍ നല്‍കിയ ഉറപ്പിന്റെ പുറത്താണ് അനുമതി നല്‍കിയത്. പക്ഷേ, തോട് കെട്ടി സ്ലാബ് ഇടാന്‍ വേണ്ടി അവര്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തി. ഇതോടെയാണ് വെള്ളം ഒഴുകി പോകാതായത്. ഇതിനെതിരേ നോട്ടീസ് നല്‍കുകയും വെള്ളം ഒഴുക്ക് പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതവര്‍ ചെയ്തില്ലെന്നതാണ് ഇത്തവണ വെളളക്കെട്ട് ഉണ്ടാകാന്‍ കാരണം. കാലതാമസം കൂടാതെ നിര്‍മാണം പൊളിച്ചു മാറ്റാന്‍ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കി. പഞ്ചായത്തിന്റെയും വില്ലേജ് ഓഫിസറുടെയും നേതൃത്വത്തില്‍ നേരിട്ട് ചെന്നു ഉത്തരവ് കൊടുത്തു. ശനിയാഴ്ച്ചയാണ് ഉത്തരവ് കൊടുത്തത്. അവര്‍ പൊളിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ പൊളിക്കുമെന്നു പറഞ്ഞു. അതവര്‍ സമ്മതിക്കുകയും ഞായറാഴ്ച്ച ജെസിബിയുമായി ചെന്ന് പാര്‍ക്കിംഗ് ഏരിയ പൊളിച്ച് വെള്ളം ഒഴുക്കി വിടുകയുമായിരുന്നു.

മലവെള്ളപ്പാച്ചില്‍ പോലെയായിരുന്നു വെള്ളം ഒഴുകിയത്. അപ്പോള്‍ തന്നെ മനസിലാകുമല്ലോ വെള്ളം അവര്‍ എത്രത്തോളം തടഞ്ഞു നിര്‍ത്തിയിരിക്കുകയായിരുന്നുവെന്ന്. അവരുടെ കുഴപ്പം കൊണ്ടല്ല വെള്ളക്കെട്ട് ഉണ്ടാകുന്നതെന്നായിരുന്നു വാദം. അഞ്ചരയടി വീതിയില്‍ വെട്ടിപ്പൊളിച്ച് വെള്ളം ഒഴുക്കി വിട്ടപ്പോള്‍ പറഞ്ഞത് വിഴുങ്ങേണ്ടി വന്ന അവസ്ഥയിലായി വൈ മാളുകാര്‍. ഒരു പ്രദേശം മുഴുവന്‍ വെള്ളത്തിലാവുകയും നാട്ടുകാര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടിയും വന്നിട്ടും അവര്‍ മുടന്തന്‍ ന്യായങ്ങളുമായാണ് നിന്നത്. ഒരു മോട്ടറുമായി വന്ന് വെള്ളം വറ്റിക്കാനായിരുന്നു നോക്കിയത്. അതുകൊണ്ട് കാര്യമില്ല, തോട് വെട്ടണമെന്നു തന്നെ നാട്ടുകാര്‍ വാശി പിടിച്ചതോടെയാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്ന് വെട്ടിപ്പൊളിച്ചത്. രാവിലെ 11 മണിക്കു തുടങ്ങിയ ജോലി വൈകിട്ട് ആറു മണിവരെ തുടര്‍ന്നു. ഇതിനിടയില്‍ പകുതി വെട്ടി പണി നിര്‍ത്താനുള്ള ശ്രമമൊക്കെ നടന്നിരുന്നു. ജെസിബി തിരിച്ചു കൊണ്ടുപോകാനും ഒരുങ്ങി. വെള്ളം മുഴുവനായി ഒഴുകുന്ന രീതിയില്‍ തോട് പുനഃസ്ഥാപിക്കണമെന്നു പറഞ്ഞു നാട്ടുകാര്‍ വാശി പിടിച്ചു. ഇല്ലെങ്കില്‍ വൈ മാളിനു മുന്നില്‍ സമരം ഇരിക്കുമെന്നു മുന്നറിയിപ്പ് നല്‍കിയതോടെയാണ് പണി പുനരാരംഭിച്ചത്. 80 മീറ്ററോളം പാര്‍ക്കിംഗ് ഏരിയ പൊളിച്ച് തോട് പൂര്‍വസ്ഥിതിയിലാക്കിയിട്ടുണ്ട്. ഇവിടെ തോട് വെട്ടാതെ മറ്റൊരു കാന നിര്‍മിച്ച് വെള്ളം പുഴയിലേക്ക് എത്തിക്കാമെന്നും അതിന്റെ പൂര്‍ണ ചെലവ് തങ്ങള്‍ വഹിച്ചോളാമെന്നൊക്കെ വൈ മാള്‍ അധികൃതരുടെ വിശദീകരണം ഉണ്ടായിരുന്നു. അവര്‍ പറയുന്ന രീതിയില്‍ കാന കെട്ടിയാല്‍ താഴെ നിന്നും മുകളിലേക്ക് എന്ന രീതിയിലായിരിക്കും. അങ്ങനെ ചെയ്താല്‍ കൂടുതല്‍ അബദ്ധമല്ലേ ആകൂ”; മിഷോയുടെ വാക്കുകള്‍.

“നിയമങ്ങള്‍ ലംഘിച്ചാണ് വൈ മാള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പഞ്ചായത്തിനോ വില്ലേജ് ഓഫിസര്‍ക്കോ അറിയാത്തതല്ല. അങ്ങാടി തോട് അവര്‍ മൂടിയെന്ന കാര്യവും നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും ലുലു ഗ്രൂപ്പിനെ സഹായിക്കുന്ന തരത്തിലായിരുന്നു ഉദ്യോഗസ്ഥരും ഭരണക്കാരും നിന്നത്. ഇത്രയും പ്രശ്‌നം ഉണ്ടായപ്പോഴും പഞ്ചായത്ത് അധികൃതര്‍ നാട്ടുകാരോട് പറഞ്ഞത്, ഒരു മാസത്തെയെങ്കിലും സാവകാശം വൈ മാളിന് കൊടുക്കണം, അവര്‍ പൊളിച്ചോളും എന്നായിരുന്നു. ഇപ്പോഴത്തെ കാലവാസ്ഥ മാറിയാല്‍ ഒരുപക്ഷേ വെള്ളം സ്വാഭാവികമായി ഇറങ്ങും. പിന്നെയവര്‍ എന്തെങ്കിലും ചെയ്യുമെന്നു കരുതാമോ? കഴിഞ്ഞ വര്‍ഷമേ ഇത് ചെയ്തിരുന്നെങ്കില്‍ ഇവിടെയീ ദുരിതം ഉണ്ടാകുമായിരുന്നില്ല. നാട്ടികയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറക്കേണ്ടിയും വരില്ലായിരുന്നു”, നാട്ടുകാരനായ പ്രജീഷ് പറയുന്നു.

പാര്‍ക്കിംഗ് ഏരിയ പൊളിക്കേണ്ട കാര്യമില്ല, വെള്ളം ഒഴുകി പോകുന്നുണ്ടല്ലോ എന്നായിരുന്നു അവസാനം വരെ വൈ മാള്‍ അധികൃതര്‍ പറഞ്ഞുകൊണ്ടിരുന്നതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. “ജനങ്ങള്‍ ശക്തമായി പ്രതികരിച്ചില്ലായിരുന്നുവെങ്കില്‍ പഞ്ചായത്തും വൈ മാളിന്റെ വാക്കുകേട്ട് തിരിച്ചു പോകുമായിരുന്നു. മൊത്തം പൊളിച്ചു തീര്‍ന്ന സമയം തന്നെ വലപ്പാട് പോലീസ് സ്ഥലത്ത് എത്തി മാളിന്റെ കോബൗണ്ടില്‍ നിന്നും എല്ലാ നാട്ടുകാരെയും ഒഴുപ്പിക്കുകയും ചെയ്തിരുന്നു. അത്രയുമുണ്ട് ലുലുവിന്റെ സ്വാധീനം. ജനങ്ങള്‍ സംഘടിച്ചതുകൊണ്ട് മാത്രം നേടാനായ ഒരു വിജയമാണിത്. അല്ലെങ്കില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കേണ്ടി വരുമായിരുന്നു. ദേശീയപാത ബൈപ്പാസ് ഈ പ്രദേശം വഴി വരുന്നതിനെതിരേ സമരം ചെയ്ത നാട്ടുകാരാണ് ഞങ്ങള്‍. 45 മീറ്റര്‍ വീതിയില്‍ 4. 5 കിലോമീറ്റര്‍ ദൂരം ബൈപ്പാസ് കടന്നു പോകുന്നത് ഇതേ വെള്ളക്കെട്ട് നിറഞ്ഞ പ്രദേശത്തുകൂടിയാണ്. റോഡ് വന്നാല്‍ ഈ പ്രദശത്തെ വീടുകളെല്ലാം  സ്ഥിരമായി വെള്ളത്തിലാകും. അതുകൊണ്ടാണ് ബൈപ്പാസിനെതിരേ സമരം ചെയ്തത്. തത്കാലം റോഡ് നിര്‍മാണം ഇതുവഴി വേണ്ടെന്നു വച്ചിരിക്കുകയാണ്. പക്ഷേ, ലുലു ഗ്രൂപ്പിന്റെ മാള്‍ ഇവിടെ വന്നു. അതിന്റെ ദുരിതം ജനങ്ങള്‍ നേരിടുകയും ചെയ്തു. ഒടുവില്‍ ഞങ്ങളുടെ രക്ഷയ്ക്ക് ഞങ്ങള്‍ക്ക് തന്നെ ഇറങ്ങേണ്ടിയും വന്നു”,   പ്രദേശവാസികളുടെ വാക്കുകളാണിത്.

ഈ വിഷയത്തില്‍ വൈ മാള്‍ അധികൃതരുടെ പ്രതികരണത്തിനായി ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കുന്നില്ലെന്നായിരുന്നു മറുപടി.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍