UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തിലെ ദളിത്-ആദിവാസി ഭൂസമരങ്ങള്‍ എന്തുകൊണ്ട് ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നില്ല? എം. ഗീതാനന്ദന്‍ സംസാരിക്കുന്നു

ദളിതന്റെ വിഷയം നവോത്ഥാനമല്ല. ദളിതന്റെയും ആദിവാസിയുടെയുമൊക്കെ വിഷയം പ്രതിനിധാനത്തിന്റെ പ്രശ്‌നമാണ്.

വയനാട് തൊവരിമലയില്‍ കുടില്‍കെട്ടി സമരം നടത്തിയവരെ പോലീസും വനംവകുപ്പും ചേര്‍ന്ന് അവിടെ നിന്ന് ബലമായി കുടിയൊഴിപ്പിച്ചു. കേരളത്തില്‍ മുമ്പും ഇത്തരത്തിലുള്ള ഭൂസമരങ്ങള്‍ നടന്നിട്ടുണ്ട്. തൊവരിമലയില്‍ നടന്നത് പോലുള്ള ഭൂസമരങ്ങള്‍ വരുംനാളുകളില്‍ കൂടുതലായി ഉണ്ടാകുമെന്നും ഭൂരഹിതരായ ആദിവാസികളും ദളിതരും വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍, ആദിവാസി-ദളിത്‌ ഭൂസമരങ്ങള്‍ ആവര്‍ത്തിച്ചു സംഭവിക്കുമ്പോഴും എന്തുകൊണ്ട് ഇത്തരം സമരങ്ങള്‍ക്കൊരു ലക്ഷ്യപ്രാപ്തി കൈവരിക്കാന്‍ കഴിയാതെ പോകുന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തെ അടിസ്ഥാനമാക്കി ചിന്തകനും ദളിത്‌-ആദിവാസി ഭൂസമര മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ ഉള്ളയാളുമായ എം. ഗീതാനന്ദന്‍ അഴിമുഖത്തോട് സംസാരിക്കുന്നു.

എന്തുകൊണ്ട് കേരളത്തിലെ ദളിത്-ആദിവാസി ഭൂസമരങ്ങള്‍ക്ക് ഒരു ലക്ഷ്യപ്രാപ്തിയുണ്ടാകാതെ പോകുന്നു? തൊവരിമലയിലെ ഭൂസമരത്തിന്റെ കൂടി പശ്ചാത്തലത്തില്‍ വളരെ മൗലികമായ ഒരു ചോദ്യമാണിത്. കേരളത്തിലെ ഭൂമി പ്രശ്‌നം അത്രപെട്ടെന്ന് പരിഹരിക്കപ്പെടുമെന്ന് കരുതാനാവില്ല. ഭൂമിയുടെ മേല്‍ പിടിമുറുക്കം കൂടിക്കൂടി വരികയാണ്. ഭൂമിയുടെ വിഷയം വരുമ്പോള്‍ സംഘടിതമായൊരു അടിച്ചമര്‍ത്തലാണ് നടക്കുന്നത്. കേരളത്തിന്റെ ജാതി ഘടനയുമായി ബന്ധപ്പെട്ടൊരു സംഗതിയാണത്. ആരും കാണാത്ത അല്ലെങ്കില്‍ നോക്കാത്ത രീതിയിലുള്ള ചരിത്രപരമായ പ്രശ്‌നങ്ങളൊക്കെ അതിലുണ്ട്. ദളിത്-ആദിവാസി പ്രശ്‌നങ്ങളില്‍, ഭൂമിയുടെ വിഷയത്തില്‍ ഒരു മോഡേണിസ്റ്റ് ലൈന്‍ ആണ് ഇവിടെയുള്ളത്. ഈ വിഭാഗത്തിന് ഭൂമിയുടെ സംരക്ഷണം വേണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. ജാതിഘടനയുടെ കാഴ്ച്ചപ്പാടാണത്. അടിമകളെയൊക്കെ നിലനിര്‍ത്തുകയും കച്ചവടം ചെയ്യുകയും ചെയ്‌തൊരു നാടു കൂടിയാണല്ലോ ഇത്. ആ നിലയില്‍ നിന്നും സമൂഹം ഇപ്പോഴും മാറി ചിന്തിക്കുന്നില്ല.

ഭൂസമരങ്ങളുടെ എതിര്‍വശത്ത് ഭരണകൂടം മാത്രമല്ല ഉള്ളത്, സമൂഹം കൂടി ഉള്‍പ്പെടുന്നൊരു പ്രശ്‌നമാണിത്. അതുകൊണ്ടാണ് ഇത്തരത്തില്‍ അടിച്ചമര്‍ത്തല്‍ ഉണ്ടാകുന്നത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയൊക്കെ നടത്തിയതിനെക്കാള്‍ വ്യാപ്തിയുള്ള ഭൂ സമരങ്ങള്‍ തന്നെയാണ് കഴിഞ്ഞ പതിനഞ്ച് – ഇരുപത് വര്‍ഷങ്ങളായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നിട്ടും അവയ്‌ക്കെതിരേ കോര്‍പ്പറേറ്റ് മെക്കാനിസത്തിന്റെ പിന്തുണയോടു കൂടിയുള്ള സംഘടിതമായ സമ്മര്‍ദ്ദമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെയെല്ലാം പിന്നിലെ മൗലികമായ പ്രശ്‌നം ജാതിഘടന തന്നെയാണ്.

എങ്ങനെ ഇതിനെ നേരിട്ട് വിജയം നേടാന്‍ കഴിയുമെന്നു ചോദിച്ചാല്‍, അത്തരത്തിലൊരു പൂര്‍ണ വിജയം സമയമെടുത്ത് സംഭവിക്കുന്ന ഒന്നായിരിക്കും. ഭരണകൂടത്തിനെതിരേ സമരം ചെയ്യുക എന്നതു മാത്രമല്ല നടക്കേണ്ടത്. ഇതൊരു സാമൂഹിക നവീകരണത്തിന്റെ കൂടി പ്രശ്‌നമാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ വികസനം കൂടി ഇവിടെ നടക്കേണ്ടതുണ്ട്. അവരുടെ പ്രതിനിധാനത്തിന്റെയൊരു രാഷ്ട്രീയം ചര്‍ച്ച ചെയ്തുകൊണ്ടേ നമുക്കത് പരിഹരിക്കാന്‍ പറ്റൂ. ആദിവാസികളുടെ സ്വയംഭരണം എന്നു പറയുമ്പോള്‍ അതിനെ ഭീകരവാദമായിട്ടാണ് കേരളത്തില്‍ മനസിലാക്കുന്നത്. കോണ്‍സ്റ്റിറ്റ്യൂഷണലായൊരു കാര്യമാണിതെന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെടണം. കേരളത്തിലെ ആളുകള്‍ ഒരിക്കലും ഒരു ദേശീയധാരയുടെ ഭാഗമായിട്ട് നില്‍ക്കുന്നവരല്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോലും അങ്ങനെയായിരുന്നു. ഒരു ദേശീയ കാഴ്ച്ചപ്പാടിലൊന്നുമല്ല ഇവിടെ അധികാരത്തിന്റെ മെക്കാനിസം വര്‍ക്ക് ചെയ്യുന്നത്. ആദിവാസി-ദളിത് വിഭാഗങ്ങള്‍ക്ക് സമൂഹത്തില്‍ നിന്നും അദൃശ്യവത്കരിക്കപ്പടുകയാണ് തങ്ങളെന്ന ചിന്ത ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. അല്ലാതെയുള്ളൊരു പരിഗണന അവര്‍ക്ക് കിട്ടുന്നില്ല. ഇങ്ങനെയുള്ള മനുഷ്യരുണ്ടെന്ന കരുതലേയില്ല.

ആദിവാസി-ദളിത് ജനവിഭാഗത്തെ പ്രതിനിധീകരിച്ച് മുന്നിട്ടിറങ്ങുന്നവര്‍ക്കു വീഴ്ച്ചയുണ്ടാകുന്നുണ്ടോ എന്ന ചോദ്യവും വിമര്‍ശനാത്മകമായി സ്വീകരിക്കേണ്ടതുണ്ട്. ഇപ്പോള്‍ നടക്കുന്ന സ്ട്രഗിള്‍സ് മുഴുവന്‍ ഒരു പ്രതിനിധാനത്തിനു വേണ്ടിയുള്ളതാണെന്നും കരുതാം. ഉടന്‍ വിജയമൊന്നും ഇതിനകത്ത് സാധ്യമാകില്ല. ആദിവാസികളുടെ മാത്രമല്ല, തോട്ടം തൊഴിലാളികളുടെ സമരം, മത്സത്തൊഴിലാളികളുടെ സമരവുമെല്ലാം സമാനമായൊരു വീക്ഷണത്തില്‍ കാണേണ്ടതാണ്. ഇത്തരം പ്രതിനിധാനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത ഉണ്ടാക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്ട്രഗിള്‍സിന്റെ കാലഘട്ടമാണിത്. എന്നാല്‍ അതിനുള്ളില്‍ പ്രശ്‌നങ്ങളുമുണ്ട്. മുത്തങ്ങ സമരത്തിന്റെ സോഷ്യോ-പൊളിറ്റിക്കല്‍ വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു ഗവേഷണം ഇവിടെ ഉണ്ടായിട്ടുണ്ടോ? കഴിഞ്ഞ പത്തിരുപത് വര്‍ഷമായിട്ട് ഇവിടെ നടന്ന ഭൂസമരങ്ങളെ സംബന്ധിച്ച് ഒരു ഗവേഷണ പ്രബന്ധം കാണാനുണ്ടോ? അതേസമയം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് പോലെ, വിദേശ സര്‍വകലാശാലകളില്‍ ലാന്‍ഡ് മൂവ്‌മെന്റുകളെ കുറിച്ചൊക്കെ പ്രബന്ധങ്ങള്‍ ചെയ്യുന്നുണ്ട്. കേരളത്തിലെ ഒരു പിഎച്ച്ഡി സ്‌കോളര്‍ പോലും ഇത്തരം വിഷയത്തില്‍ തൊട്ടിട്ടില്ല.

ദളിത്-ആദിവാസി മുന്നേറ്റങ്ങളുടെ പ്രധാന തിരിച്ചടിയെന്തെന്നാല്‍, ഇതിനകത്ത് മാസിനെ കൈകാര്യം ചെയ്യുന്ന ആളുകള്‍ ജാതിയടിസ്ഥാനത്തില്‍ നില്‍ക്കുന്നവരാണെന്നതാണ്. ഒരു ഹിന്ദു ഗ്രൂപ്പ് എന്ന നിലയിലാണവരുള്ളത്. കെപിഎംഎസ് പോലുള്ള ഒരു പ്രസ്ഥാനം നവോത്ഥാനമാണ് പറയുന്നത്. ദളിതന്റെ വിഷയം നവോത്ഥാനമല്ല. ദളിതന്റെയും ആദിവാസിയുടെയുമൊക്കെ വിഷയം പ്രതിനിധാനത്തിന്റെ പ്രശ്‌നമാണ്. കേരളത്തില്‍ നടന്ന മോഡേണിറ്റിയുടെ ഭാഗമായുള്ള നവോത്ഥാന ധാരകളുമായി അതിന് യാതൊരു ബന്ധവുമില്ല. സമൂഹത്തിന്റെ പൂര്‍ണമായൊരു പുനരുദ്ധാരണമോ രാഷ്ട്രീയ പരിവര്‍ത്തനമോ ആണ് അവരുടെ പ്രശ്‌നം. അയ്യങ്കാളി മൂവ്‌മെന്റ് ആണെങ്കിലും പൊയ്കയില്‍ അപ്പച്ചന്റെ മൂവ്‌മെന്റ് ആണെങ്കേിലും അംബേദ്‌ക്കറിന്റെ മൂവ്മെന്റ് ആണെങ്കിലും അവരാരും നവോത്ഥാനമല്ല പറയുന്നത്, പുന്നല ശ്രീകുമാറിനെ പോലുള്ള ജാതിസഭകളാണിത് പറയുന്നത്. എന്‍എസ്എസ് പറയുന്നതും ഭട്ടതിരിപ്പാട് പറഞ്ഞതുമൊക്കെയായ നവോത്നത്തിന്റെ തുടര്‍ച്ചയാണ് തങ്ങളും പറയുന്നതെന്നാണ് അവര്‍ കരുതുന്നത്. കാരണം അവരൊക്കെ ഒരു ഹിന്ദു ഗ്രൂപ്പിന്റെ അകത്ത് സ്ഥാനം കിട്ടാന്‍ ആഗ്രഹിക്കുകയാണ്. വിപുലമായ ജനക്കൂട്ടത്തെ സ്വാധീനിക്കുന്ന ജാതിസഭകള്‍ ആരും തന്നെ കേരളത്തില്‍ നടക്കുന്ന ശക്തമായ ഭൂസമര പ്രസ്ഥാനങ്ങളെ അഭിസംബോധന ചെയ്തിട്ടില്ല. ജാനുവൊക്കെ നടത്തിയ മൂവ്മെന്റിനെ അക്കാദമിക് സൊസൈറ്റിയും പൊളിറ്റിക്കല്‍ സൊസൈറ്റിയും പരിഗണിച്ചില്ല എന്നതുപോട്ടെ, ദളിത് മാസ് പോലും ഇതുവരെ ഏറ്റെടുത്തിട്ടില്ല എന്നതാണ് നിര്‍ഭാഗ്യകരം. ഭൂമിക്കു വേണ്ടിയുള്ള മുറവിളികളായി ചെങ്ങറയിലായാലും മുത്തങ്ങയിലായാലും നടന്ന സമരങ്ങളെ ഇവിടെ സാമുദായികമായി ചിതറിക്കിടക്കുന്ന ജാതിസഭകള്‍ തെരഞ്ഞെടുത്ത ആളുകള്‍ ഒരിക്കലും അഭിസംബോധന ചെയ്യുന്നുമില്ല, ഏറ്റെടുക്കുന്നുമില്ല. അവരാരും സെക്യുലര്‍ സൊസൈറ്റികളുമല്ല. സെക്യുലറായ മുന്നേറ്റമാണ് വേണ്ടത്. ചെങ്ങറയില്‍ സര്‍വജാതികളുടെയും പ്രശ്‌നമാണ് പറഞ്ഞത്. അവിടെ പറയനും പുലയനും കുറവനും മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം ഉണ്ടായിരുന്നു. ജാനു പറഞ്ഞതും അതു തന്നെയാണ്; സ്വയംഭരണം. സ്വയംഭരണം എന്നത് ഏതെങ്കിലും ജാതിയുടെ വിഷയമല്ല. ഇതിനകത്ത് പ്രബലമായ ആദിവാസി സംഘടനകളുണ്ട്. പക്ഷേ അവരീ സെക്യുലറിസത്തില്‍ ഇല്ല. പി കെ സജീവിന്റെയൊക്കെ വിഷയം അതാണ്. അവര്‍ ഹിന്ദു ഫോള്‍ഡിന്റ അകത്താണ് നില്‍ക്കുന്നത്. ഒരിക്കല്‍ പോലും ജാനുവിന്റെ മൂവ്‌മെന്റിനെയൊന്നും അവര്‍ കൈയറിഞ്ഞ് സഹായിച്ചിട്ടില്ല. രാഷ്ട്രീയ അവബോധത്തോടെ ദളിത് സെക്ഷനില്‍ നില്‍ക്കുന്ന അംബേദ്കറിസ്റ്റുകളൊക്കെയാണ് ജാനുവിന്റെ മൂവ്മെന്റിനെ സപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവര്‍ ജാതിയടിസ്ഥാനത്തില്‍ നില്‍ക്കുന്നവരാണ്. ഹിന്ദു മലയരയര്‍, കാണിക്കാര്‍, വയനാട്ടിലെ കുറുമരൊക്കെ സംഘപരിവാറിന്റെ ഭാഗമായി നില്‍ക്കുന്നവരാണ്. അതാണ് അവര്‍ക്ക് ശബരിമലയൊക്കെ നഷ്ടപ്പെട്ടതിനു കാരണവും. നാലഞ്ച് കൊല്ലം മുമ്പുതൊട്ട് ഇവരെയൊക്കെ സംഘപരിവാറിനൊപ്പം കാണാന്‍ തുടങ്ങിയതാണ്. പൂണൂലൊക്കെയിട്ട് നടക്കലായിരുന്നു ഇവരുടെ മുഖ്യപരിപാടി. അതേസമയം പണിയ, അടിയ, കാട്ടുനായ്ക്കര്‍ തുടങ്ങിയ പഴയകാല അടിമകളായിട്ടുള്ള, ഭൂമിയോടൊപ്പം വ്യവഹാരം ചെയ്യപ്പെട്ട എണ്‍പത് ശതമാനത്തിനടത്തു വരുന്ന ആദിവാസി വിഭാഗങ്ങളെയാണ് ജാനുവിന്റെ മൂവ്‌മെന്റും ഞങ്ങളുമൊക്കെ പ്രതിനിധാനം ചെയ്തത്. അവര്‍ക്കാണ് പ്രതിനിധാനം വേണ്ടത്. മറ്റവര്‍ക്ക് വേണ്ടത് അവരെക്കൂടി ഉള്‍ക്കൊള്ളലാണ് (assimilation).

കേരളത്തിലെ ഭൂസമരങ്ങളെന്തുകൊണ്ട് ലക്ഷ്യപ്രാപ്തിയിലേക്ക് എത്താത്തതെന്നത് വളരെ പ്രധാനപ്പെട്ട ചോദ്യം തന്നെയാണ്. അതില്‍ ആഭ്യന്തരമായ പ്രശ്‌നങ്ങളുമുണ്ട്. ഒപ്പം തന്നെ സിവില്‍ സൊസൈറ്റിയുടെ അല്ലെങ്കില്‍ പൊളിറ്റിക്കല്‍ സൊസൈറ്റിയുടെ താത്പര്യമില്ലായ്മയുമുണ്ട്. എന്നാല്‍ ഈ ആദിവാസി-ദളിത് മനുഷ്യരെക്കൂടി പരിഗണിച്ചുകൊണ്ടു മാത്രമെ നമ്മള്‍ പറയുന്ന തരത്തിലൊരു വികസനം ഇവിടെ നടക്കുകയുള്ളൂ. കേരളത്തിന്റെ ശരിയായ വളച്ചയ്ക്ക് തടസം നില്‍ക്കുന്നത് ജാതി അസമത്വവും, വിഭവങ്ങളുടെ മേലുള്ള പിടിമുറുക്കവുമൊക്കെയാണ്. അതില്ലാതാക്കണം. കോര്‍പ്പറേറ്റുകള്‍ വികസനം കൊണ്ടുവരുമെന്ന് കരുതരുത്. വയനാട്ടിലൊക്കെ ഭയങ്കരമായ ദാരിദ്ര്യത്തിലേക്കാണ് ദളിത്-ആദിവാസികള്‍ പോയിക്കൊണ്ടിരിക്കുന്നത്. അവര്‍ക്ക് ജോലിയില്ല, കൂലിയില്ല, ഭൂമിയില്ല. അതുകൊണ്ട് അടിയന്തിരമായി ഭൂമിപ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ ഭീകരമായൊരവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറും.

Also Read: ‘കുഞ്ഞിക്കണാരനെ പോലീസ് കൊണ്ടുപോയി, കുട്ടികളെ വരെ ഉപദ്രവിക്കുന്നു, കുറേപ്പേര്‍ കാട്ടിലൊളിച്ചു’; തൊവരിമലയില്‍ കുടില്‍കെട്ടിയവരെ ഒഴിപ്പിക്കുന്ന വിവരങ്ങളാണിത്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍