ഇടതുപക്ഷം ശക്തിയാര്‍ജ്ജിക്കണം, യഥാര്‍ത്ഥ ഇടതുപക്ഷമായി. ജനങ്ങള്‍ പിന്നിലുണ്ടാവും, പിന്നെ ഒരു വര്‍ഗീയ ശക്തിക്കും ഈ കേരളത്തില്‍ ഇടം കിട്ടില്ല; അഭിമന്യു അതിന് കാരണമാകണം
കേവലം ഒരു കലാലയബന്ധമല്ല മഹാരാജാസിനോട് അവിടെ നിന്നും പഠിച്ചിറങ്ങിയവര്‍ക്ക് ഉള്ളത്. അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായാണ് കാലങ്ങള്‍ക്കിപ്പുറവും ആ കാമ്പസില്‍ നിന്നും പിരിഞ്ഞുപോയവര്‍ക്കും മഹാരാജാസ് അനുഭവമാകുന്നത്. ആ കൂട്ടത്തില്‍പ്പെട്ടയാളാണ് ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയും. മഹാരാജാസിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായി നിന്നൊരാള്‍, കോളജ് യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നയാള്‍. പില്‍ക്കാല ജീവിതത്തില്‍ ആ കാമ്പസില്‍ നിന്നും നേടിയെടുത്ത അറിവും അനുഭവങ്ങളും ഏറെ പങ്കുവഹിച്ചിട്ടുണ്ടെന്ന് എപ്പോഴും പറയുന്നൊരാള്‍. രാജീവ് രവിയെ പോലെ നിരവധി പേര്‍ക്കുണ്ടാകും അവരുടെ പ്രിയപ്പെട്ട കലാലയത്തെ കുറിച്ച് ഒത്തിരിയേറെ പറയാന്‍. അതെല്ലാം തന്നെ സന്തോഷത്തോടെയും ആഹ്ലാദത്തോടെയുമായിരുന്നു അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അഭിമന്യുവിന്റെ ജീവനെടുത്ത ആ രാത്രിക്കിപ്പുറം രാജീവ് രവിയെ പോലുള്ളവര്‍ക്ക് മഹാരാജാസ് വലിയൊരു നോവായി തീരുകയാണ്. തങ്ങളുടെ കോളേജില്‍ ഒരിക്കലും നടക്കില്ലെന്നവര്‍ വിശ്വസിച്ചിരുന്നതെന്തോ അതു നടന്നിരിക്കുന്നു.
മഹാരാജാസില്‍ നടന്ന ഈ അരുംകൊല എങ്ങനെയാണ് ബാധിക്കുന്നത്?
എന്റെ ഓര്‍മയില്‍ മഹാരാജാസില്‍ ഇങ്ങനെയൊരു അരുംകൊല ആദ്യമാണ്. തര്‍ക്കങ്ങളും വഴക്കുമൊക്കെ നടന്നിട്ടുണ്ട്. എന്നാല്‍ പുറത്തു നിന്നു വന്ന് ഒരു വിദ്യാര്‍ത്ഥിയെ കൊന്നിട്ടു പോകുന്ന സംഭവം; ഇങ്ങനെയൊന്ന് ഇവിടെ സംഭവിക്കുമെന്ന് പോലും കരുതിയതല്ല. ഞങ്ങളുടെ കാലത്ത് പുറത്തു നിന്നും ആളുകള്‍ മഹാരാജാസിലേക്ക് കയറില്ലായിരുന്നു. അന്നും അടിപിടികള്‍ നടന്നിട്ടുണ്ട്. അതൊന്നും കൊലപാതകത്തിലേക്ക് പോയിട്ടില്ല. ഇത് പ്രൊഫഷണല്‍ ക്രിമിനല്‍സ് നടത്തിയ കൊലപാതകമാണ്. മുന്‍കൂട്ടി തീരുമാനിച്ചത്. കൊല്ലാന്‍ വേണ്ടി തന്നെ വന്ന് കൊന്നിട്ടു പോവുകയായിരുന്നു. കൈവിട്ട നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. നമുക്കാര്‍ക്കും താത്പര്യമില്ലാത്ത വയലന്‍സ് നമുക്കിടയില്‍ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. അഭിമന്യുവിന്റെ കൊലപാതകം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.
ഈ കൊലപാതകം മഹാരാജിസിനെ കൂടി ടാര്‍ഗറ്റ് ചെയ്ത് നടന്നിരിക്കുന്നതാണോ?
മഹാരാജാസിനെ ടാര്‍ഗറ്റ് ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ അതെന്തുകൊണ്ടാണെന്നാണ് എനിക്കും മനസിലാകാത്തത്. മഹാരാജാസിനെ കുറിച്ചോര്‍ത്ത് മനസില്‍ എന്നും സന്തോഷം മാത്രമായിരുന്നു. അതില്ലാതാക്കുന്നതാണ് അഭിമന്യുവിന്റെ കൊലപാതകം.
മഹാരാജാസിലെ എസ്എഫ്ഐ ആധിപത്യത്തോടുള്ള പ്രതികരണമായിട്ടൊക്കെ ഈ കൊലപാതകത്തെ കാണുന്നുണ്ട് പലരും?
കാമ്പസുകളില്‍ എസ്എഫ്ഐ അതിന്റെ ശക്തി കാണിക്കുന്ന രീതി പണ്ട് മുതലെ ഉള്ളതാണ്. പക്ഷേ, അതാണ് ഈ കൊലപാതകത്തിനു കാരണം എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. കെഎസ്‌യുക്കാര്‍ വരെ എന്നോട് ആ കൊലപാതകത്തെ കുറിച്ച് സംസാരിച്ചത്, വലിയ സങ്കടമായി പോയെന്നാണ്. നല്ലൊരു പയ്യനായിരുന്നു അഭിമന്യുവെന്നാണ് എല്ലാവര്‍ക്കും പറയാനുള്ളത്. പിന്നെ മഹാരാജാസില്‍ ഒരുകാലത്തും എസ്എഫ്ഐയുടെ അടിച്ചമര്‍ത്തലൊന്നും ഉണ്ടായിട്ടില്ല. അതിന്റെ ആവശ്യവും വന്നിട്ടില്ല. എണ്‍പതുകളുടെ തുടക്കത്തില്‍ ഉണ്ടായ വയലന്‍സിനുശേഷം അങ്ങനെയൊരു വയലന്‍സ് ആ കാമ്പസില്‍ പിന്നീട് ഉണ്ടായിട്ടില്ല. ഉന്തും തള്ളുമൊക്കെ നടക്കും. അതില്‍ തീരും. അതിനെല്ലാം അപ്പുറം ഒരു ഉത്സവാന്തരീക്ഷം നിറഞ്ഞുനില്‍ക്കുന്ന കോളേജാണ് മഹാരാജാസ്.
ചുവരെഴുത്തിന്റെ പേരില്‍ തര്‍ക്കങ്ങളും ബഹളങ്ങളും നിങ്ങളുടെ കാലത്തും നടന്നിട്ടുണ്ടാകുമല്ലോ… അതുപക്ഷേ ഒരു കൊലപാതകത്തിനുള്ള കാരണമായി മാറുന്നൊരു സാഹചര്യത്തെ എങ്ങനെ കാണണം?
വഴക്കുകളും തര്‍ക്കങ്ങളും ഞങ്ങളുടെ കാലത്തും ഉണ്ടായിട്ടുണ്ട്. കെഎസ്‌യു കൊടിമരത്തില്‍ എസ്എഫ്ഐയുടെ പതാക തൂക്കിയിട്ടുണ്ട്. പക്ഷേ, ആ പ്രശ്‌നമൊക്കെ വലിയൊരു അക്രമത്തിലേക്ക് പോകാതെ ഡീല്‍ ചെയ്യുകയായിരുന്നു. ചോരയൊഴുക്കുന്ന പ്രതികാരങ്ങളൊന്നും അന്നുണ്ടായിട്ടില്ല. ഞങ്ങളുടെ സമയത്ത് വയലന്‍സ് ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. ടിനി ടോം, ബിജു നാരായണന്‍ തുടങ്ങിയവരൊക്കെയാണ് അന്നത്തെ കെഎസ്‌യുക്കാര്‍. ഞങ്ങളെല്ലാം തമ്മില്‍ ഇന്നും നല്ല ബന്ധമാണ്. വിളിയും കാണലുമൊക്കെയുണ്ട്. അതു തന്നെയാണ് മഹാരാജാസിന്റെ പ്രത്യേകതയും. അവിടെ നിന്നുണ്ടാകുന്ന ബന്ധങ്ങള്‍ നിലനില്‍പ്പുള്ളതാണ്. ഇന്നും ഓരോരോ കാര്യത്തിനും എവിടെ നിന്നാണെങ്കിലും ഞങ്ങളെല്ലാം മഹാരാജാസിലേക്ക് ഓടിയെത്തുന്നതും അതൊക്കെ കൊണ്ടാണ്. ജീവിതത്തിലെ പല നല്ല കാര്യങ്ങളും പഠിച്ചത് ആ കാമ്പസില്‍ നിന്നാണ്. അവിടെയാണ് ഇങ്ങനെയൊരു സംഭവം നടന്നിരിക്കുന്നത്. അതാണ് വിഷമം. ഈ കൊലപാതകം എസ്എഫ്ഐയുടെ മസില്‍ പൊളിറ്റിക്‌സ് മൂലമാണ് സംഭവിച്ചതെന്ന് പറഞ്ഞു മാറിനില്‍ക്കാന്‍ ആര്‍ക്കും പറ്റില്ല.
കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഉള്ളവര്‍ മാത്രമല്ല, പല വലതുപക്ഷ രാഷ്ട്രീയക്കാര്‍ വരെ അഭിമന്യുവിനെ എസ്എഫ്ഐയുടെ കുരുതിയെന്നാണ് പറഞ്ഞൊതുക്കിയത്?
അങ്ങനെ പറഞ്ഞൊഴിയാതെ ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്. ഒന്നിച്ചു നിന്ന് ആ കൊലയാളി സംഘടനയെ നേരിടണം. എസ്ഡിപിഐപോലുള്ള സംഘടനകള്‍ ശക്തി പ്രാപിച്ചാല്‍ അതിന്റെ ഗുണം അവരുടെ മറുഭാഗത്ത് നില്‍ക്കുന്ന സംഘപരിവാറിനെ പോലുള്ളവര്‍ക്കാണ് കിട്ടുക. ഇവര്‍ക്ക് രണ്ടു കൂട്ടര്‍ക്കും ഇടയിലാണ് സിവില്‍ സൊസൈറ്റി നില്‍ക്കുന്നത്. അതില്‍ ഇടതുപക്ഷക്കാരും വലതുപക്ഷക്കാരും ഉണ്ട്. മനുഷ്യത്വത്തിനു വേണ്ടി നിലകൊള്ളുന്ന വലിയൊരു ജനസമൂഹം. അവര്‍ക്കാണ് നഷ്ടങ്ങള്‍ ഉണ്ടാവുക. അതുകൊണ്ട്, ഈ സംഭവത്തില്‍ കുറ്റപ്പെടുത്തലുകളല്ല നമുക്ക് വേണ്ടത്. ഈ രണ്ടു പക്ഷങ്ങളും നമുക്ക് ഒരു താത്പര്യവുമില്ലാത്തവരാണ്. അവരെ ആ രീതിയില്‍ ഓരേപോലെ കണ്ടുവേണം പ്രതികരിക്കാന്‍.
ആര്‍ക്കാണ് അഭിമന്യുവിന്റെ കൊലപാതകം നടത്തിയവരെ പിന്തുണയ്ക്കാന്‍ കഴിയുക? പരസ്യമായി ഒരു അധ്യാപകന്റെ കൈവെട്ടിയതാണവര്‍. ഒരു സിവിലൈസ്ഡ് സൊസൈറ്റിയില്‍ നടക്കേണ്ട കാര്യമാണോ അത്? അതിലും വലിയ ക്രൂരതയാണ്, ഒരു ഇരുപതുകാരനെ കോളേജില്‍ കയറി കുത്തിക്കൊല്ലുന്നത്. അതും കൊല്ലാന്‍ വേണ്ടി തന്നെ തീരുമാനിച്ച് എത്തി നടത്തിയത്. അല്ലാതെ അബദ്ധവശാല്‍ നടന്നതല്ല. ഇത് നമ്മള്‍ തടയണം. ഇനിയിങ്ങനെ ഉണ്ടാവരുത്. അതിനുവേണ്ടി നമുക്ക് ഇനിയും നഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നേക്കാം. ത്യാഗങ്ങള്‍ ചെയ്യേണ്ടി വന്നേക്കാം. എന്നാലും തടയണം. പരസ്യമായി തന്നെ അവരെ എതിര്‍ക്കണം. ഹിന്ദുത്വ തീവ്രവാദികളെ എങ്ങനെ എതിര്‍ക്കുന്നുവോ അതേപോലെ. അക്കാര്യത്തില്‍ ആരും സംശയിച്ച് നില്‍ക്കരുത്. ഈ അപകടം നമുക്ക് ഒരുമിച്ച് തടയാം.
ഇടതുപക്ഷ രാഷ്ട്രീയത്തെ വിമര്‍ശിക്കാന്‍ അഭിമന്യുവിന്റെ കൊലപാതകത്തെ ഉപയോഗിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് മുതലെടുപ്പിനുള്ള അവസരമല്ലേ ഉണ്ടാക്കുന്നത്?
അഭിമന്യുവിന്റെ കൊലപാതകം സംഘപരിവാര്‍ മുതലാക്കും എന്നത് തീര്‍ച്ചയാണല്ലോ. അതു തന്നെയാണ് കൂടുതല്‍ അപകടം. വയലന്‍സില്‍ വിശ്വസിക്കുന്ന മുസ്ലീം എന്നത് വളരെ ചെറിയൊരു സംഘം മാത്രമാണ്. ആ സമുദായത്തിലെ ബഹുഭൂരിഭാഗവും മന:സമാധാനത്തോടെ, സന്തോഷത്തോടെ, ഐക്യത്തോടെ കഴിയാന്‍ ആഗ്രഹിക്കുന്നവരാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അവര്‍ക്കാണ് അത് കൂടുതല്‍ നഷ്ടം വരുത്തിവയ്ക്കുന്നത്.
ഇത്തരം കൊലപാതകങ്ങള്‍ കൊണ്ട് എന്തായിരിക്കും അവര്‍ ലക്ഷ്യമിടുന്നത്?
ഭയം ഉത്പാദിപ്പിക്കുകയാണ്. ഒരു കൂട്ടര്‍ അങ്ങോട്ടത് ചെയ്യുമ്പോള്‍ തിരിച്ചും നടക്കുന്നു. പരസ്പരം ഭയപ്പെടുത്തിയാണവര്‍ മുന്നോട്ടു പോകുന്നത്. സമൂഹം മുഴുവന്‍ ആ ഭയത്തിന്റെ നിഴലില്‍ ജീവിക്കേണ്ടി വരികയാണ്. നമ്മളൊക്കെ ഇതിന്റെ ഏറ്റവും മോശം അവസ്ഥ കാണാതെ മരിച്ചു പോയേക്കാം. പക്ഷേ, വരുന്ന തലമുറയ്ക്ക് അനുഭവിക്കേണ്ടി വരും. അവര്‍ എന്തുതരം ജീവിതത്തിലൂടെയായിരിക്കും കടന്നുപോകേണ്ടി വരികയെന്നത് ആലോചിക്കുമ്പോള്‍, ഭയങ്കര നിരാശ തോന്നുകയാണ്. നമ്മുടെ നാടും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ വയലന്‍സ് നിറഞ്ഞതായി പോകരുത്. ചേരിതിരിഞ്ഞ് അക്രമണം നടക്കുന്നിടമാകരുത്. ആ അമ്മയുടെ കണ്ണീരിനെക്കാള്‍ വേദനിപ്പിക്കുന്നത് ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള ആലോചനകളാണ്. അഭിമന്യുവിന്റെ കൊലപാതകം നാം ചര്‍ച്ചയേണ്ടത്, ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയായിരിക്കണം. അവിടെ നമ്മള്‍ ഒന്നായി നില്‍ക്കണം.
‘പോയപ്പോള്‍ അവന്റെ അമ്മയ്ക്കും അച്ഛനും പോയി’ എന്നാണ് ചിലര്‍ പറയുന്നത്. അഭിമന്യു എന്ന നഷ്ടം ആ കുടുംബത്തിന് മാത്രമാണ് ബാധകം എന്നു കരുതുന്നുണ്ടോ?
അവന്‍ പോയപ്പോള്‍ പോയത് കേരളത്തിനു കൂടിയാണ്. ഈ സമൂഹത്തിനാണ് അവന്റെ നഷ്ടം ഉണ്ടായിരിക്കുന്നത്. ഈ സമൂഹത്തില്‍ അവന്‍ വിശ്വസിച്ചിരുന്നു. മലയാളി സമൂഹത്തോട് അവനൊരു വിശ്വാസം ഉണ്ടായിരുന്നു. ആ വിശ്വാസമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇവിടെ ഇനി എന്തും സംഭവിക്കാം തോന്നലാണ് വന്നിരിക്കുന്നത്. അതുകൊണ്ട് ഇനി എന്തു ചെയ്യണം എന്നാണ് അഭിമന്യുവിനെ കുറിച്ച് ഓര്‍ത്ത് നാം തീരുമാനിക്കേണ്ടത്.
മഹാരാജാസില്‍ അന്ന് തടിച്ചു കൂടിയ ജനങ്ങളെ നാം കണ്ടു. അതു മുഴുവന്‍ മഹാരാജാസുകാര്‍ അല്ലായിരുന്നു. എറണാകുളത്തെ സാധാരണക്കാരുണ്ടായിരുന്നു. നമ്മുടെ മഹാരാജാസില്‍ ഇങ്ങനെയൊരു സംഭവം നടന്നോ എന്നായിരുന്നു അവരുടെ ആശങ്കയും ഭയവും. ഒരു മുസ്ലീം സംഘടനയില്‍പ്പെട്ടവര്‍ ഒരു എസ്എഫ്ഐക്കാരനെ കൊല്ലുകയായിരുന്നു. അത്തരമൊരു സംഭവം ആദ്യമായിട്ടാണ് എറണാകുളത്ത് നടക്കുന്നത്. ഞങ്ങളുടെ കാലത്ത് അക്രമം നടന്നിട്ടുള്ളത് ഗുണ്ടകളുമായിട്ടായിരുന്നു. എണ്‍പതുകളുടെ അവസാനത്തില്‍ ഐഎന്‍ടിയുസിക്കാരുമായിട്ടൊക്കെ വഴക്ക് നടന്നിട്ടുണ്ട്. ആര്‍എസ്എസ്സുകാരുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവരുടെ കൊടിവയ്ക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ലായിരുന്നു. ഇന്നിപ്പോള്‍ അത് എസ്എഫ്ഐ ഫാസിസം എന്നൊക്കെ പറയുമായിരിക്കാം. അന്നത് അനുവദിക്കാന്‍ കഴിയില്ലായിരുന്നു. അപ്പോഴും ശാരീരികാക്രമണം ഒന്നും നടത്തിയിരുന്നില്ല. എന്നാല്‍ ഒരു മുസ്ലീം സംഘടനയില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലായിരുന്നു.
മഹാരാജാസ് എന്നാല്‍ എറണാകുളത്തിന്റെ പവര്‍ സെന്റര്‍ ആണ്. ഈ കാമ്പസ് സംരക്ഷിക്കാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണം. മതം, ജാതി, ലിംഗം, രാഷ്ട്രീയം ഒന്നും നോക്കാതെ. ആ കോളേജിലെ ഒരു വിദ്യാര്‍ത്ഥിയെ, ഒരു പാവപ്പെട്ടവനെ, ഇത്രയും നാള്‍ നമ്മുടെ കൂടെയുണ്ടായിരുന്നവനെ, അവനെയാണ് അവര്‍ കൊന്നു കളഞ്ഞത്. അതിക്രൂരമായി. അത് മാത്രം ആലോചിച്ചാല്‍ മതി. അവന്‍ ദളിതനാണോ, ആദിവാസിയാണോ, എവിടെ നിന്നു വന്നവനാണോ എന്നതിനെക്കാളെല്ലാം അപ്പുറം. അഭിമന്യുവിനെ കാറ്റഗറൈസ് ചെയ്യരുത്. ബിഎസ്എസി കെമിസ്ട്രി പഠിച്ച് ഒരു ശാസ്ത്രജ്ഞനാകാന്‍ കൊതിച്ച, ഒരു വിദ്യാര്‍ത്ഥി ആയിരുന്നു അഭിമന്യു. അവനെയാണ് അവര്‍ കൊന്നുകളഞ്ഞത്. അഭിമന്യു എസ്എഫ്ഐയോ കെഎസ്‌യുവോ ആരുമാകട്ടെ. അതല്ലാതെ അവന്റെ രാഷ്ട്രീയം പറഞ്ഞ് വിമര്‍ശനങ്ങള്‍ ആരെങ്കിലും നടത്തുന്നുണ്ടെങ്കില്‍ അവരെ നാം തിരിച്ച് എതിര്‍ക്കണം. ഈ സാഹചര്യത്തില്‍ അതെങ്ങനെ വേണമെങ്കിലും ആകാം.
മഹാരാജാസ് അരാഷ്ട്രീയവത്കരിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ടോ?
ക്യാമ്പസുകള്‍ മൊത്തത്തില്‍ അരാഷ്ട്രീയവത്കരിക്കപ്പെടുന്നുണ്ട്. അത് മഹാരാജാസില്‍ മാത്രമല്ല. ഞങ്ങളുടെ കാലത്ത് കോളേജില്‍ നടക്കുന്ന പരിപാടികളിലേക്ക് ഒരു ഫിലിം മേക്കറെയോ സിനിമ താരത്തെയോ ക്ഷണിച്ചിരുന്നില്ല. കവികളും എഴുത്തുകാരും നാടകക്കാരുമൊക്കെയായിരുന്നു അതിഥികള്‍. സിനിമാക്കാര്‍ മോശക്കാരയതുകൊണ്ടല്ല. സമൂഹ്യ ഇടപെടലുകള്‍ ശരിയായ രീതിയില്‍ നടത്തുന്നവരോടായിരുന്നു ഞങ്ങള്‍ ഇടപെടാന്‍ ആഗ്രഹിച്ചത്. ആ രീതികള്‍ ഇപ്പോള്‍ മാറി. തൊണ്ണൂറുകളോടെ ഇവിടെ വന്ന ആഗോളീകരണത്തോടെ പലതും മാറി. അതിനൊപ്പം കാമ്പസുകളും മാറി. മഹാരാജാസിലും മാറ്റം ഉണ്ടായിട്ടുണ്ടാകും. പക്ഷേ, മഹാരാജാസില്‍ മാത്രമായിട്ട് ഒന്നും മാറിയിട്ടില്ല.
ഇന്ത്യയില്‍ ആകെ, ഇത്തരം ബോധപൂര്‍വമായ മാറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയല്ലേ, കലാലയങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നു, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ മാറ്റുന്നു, സാംസ്‌കാരിക കേന്ദ്രങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. വളരെ പ്ലാന്‍ഡ് ആയി നടക്കുന്നവ. നമുക്കിവിടെ ഉണ്ടായിരുന്നതെല്ലാം നശിപ്പിച്ചു കളയേണ്ടത് ഇന്നത്തെ ഭരണക്കാര്‍ക്ക് ആവശ്യമാണ്. കോണ്‍ഗ്രസിന്റെ കാലത്തുപോലും സാംസ്‌കാരിക കേന്ദ്രങ്ങളും മറ്റും നിയന്ത്രിച്ചിരുന്നതും കലാസാംസ്കാരിക മേഖലകളില്‍ ഉപദേശങ്ങള്‍ നല്‍കിയിരുന്നതും സോഷ്യലിസറ്റ്, ലെഫ്റ്റ്, ലിബറല്‍ ചിന്താഗതിക്കാരായിരുന്നു. അതെല്ലാം തച്ചുടയ്ക്കുകയാണ് ഇപ്പോള്‍ വന്നിരിക്കുന്നവര്‍ക്ക് വേണ്ടത്. അവരത് പരസ്യമായി തന്നെ ചെയ്തുകൊണ്ടിരിക്കുകയാണ്.
അഭിമന്യുവിന്റെ കൊലപാതകം, വര്‍ഗീയ ശക്തികളുടെ വ്യാപനം; സാഹചര്യങ്ങള്‍ രൂക്ഷമാവുകയാണ്. ഇവിടെയല്ലേ ഇടതുപക്ഷത്തിന്റെ ഇടപെടല്‍ നടക്കേണ്ടത്. പക്ഷേ, ആ ഇടപെടല്‍ വേണ്ടപോലെ നടക്കുന്നുണ്ടോ?
ഇടതുപക്ഷം ഇടതുപക്ഷമായി നില്‍ക്കണം. നമ്മള്‍ എന്താണോ ഇടതുപക്ഷം എന്നു പഠിച്ചത് അതുപോലെ. പാര്‍ട്ടിക്കാരനായി ജീവിച്ചു മരിച്ചൊരു അച്ഛന്റെ മകനാണ് ഞാന്‍. എന്നോട് ആരാണ് ഒരു ഇടതുപക്ഷക്കാരന്‍ എന്നു ചോദിച്ചാല്‍ ഒറ്റയടിക്ക് പറയുന്ന റഫറന്‍സ് എകെജിയാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്നവനാണ് കമ്യൂണിസ്റ്റുകാരന്‍. അവിടെ ജാതിയോ മതമോ ലിംഗമോ ഒന്നും നോക്കില്ല. മനുഷ്യന്‍ എവിടെ അടിച്ചമര്‍ത്തപ്പെടുന്നുവോ അവിടെ എഴുന്നേറ്റ് നിന്ന് ശബ്ദമുയര്‍ത്തി ചോദ്യം ചെയ്യാന്‍ ധൈര്യമുള്ളവന്‍ ആരാണോ അവനാണ് കമ്യൂണിസ്റ്റ് എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. എകെജിയെ കുറിച്ച് നമുക്കുള്ള അഭിപ്രായം അതാണ്. കേരളത്തിലെ ഇടതുപക്ഷം അതാണ്. അതിലും വലിയ കാര്യങ്ങളൊന്നും പറയേണ്ടതില്ല. ഒരു സമയം വരെ കേരളത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവനുവേണ്ടി ശബ്ദം ഉയര്‍ത്തിയിരുന്നത് ഇടതുപക്ഷം തന്നെയായിരുന്നു. ഇപ്പോള്‍ അങ്ങനെയാണോ എന്നതാണ് ചോദ്യം. ആ ചോദ്യം സ്വയം ചോദിക്കണം. ആദിവാസിക്കു വേണ്ടി, ദളിതനുവേണ്ടി, സാധാരണക്കാരനുവേണ്ടി, തൊഴിലാളിക്കു വേണ്ടി ഒപ്പം നില്‍ക്കുന്നുണ്ടോ? ഈ ചോദ്യം സ്വയം ചോദിച്ച്, തെറ്റുകള്‍ തിരുത്തി ശരിയാകണം ഇടതുപക്ഷം. ഐഡിയോളജി തകര്‍ന്നാല്‍ പിന്നെ നിലനില്‍ക്കാന്‍ പറ്റില്ല. യൂറോപ്പിലൊക്കെ സോഷ്യല്‍ ലിബറല്‍, ഡെമോക്രാറ്റ് എന്നൊക്കെ പറയുന്നതുപോലെയാകും പിന്നെ. ഇവിടെ 90-കള്‍ വരെ സിപിഎം, സിപിഐ എന്നൊക്കെ പറഞ്ഞാല്‍ ഒരു ശക്തി തന്നെയായിരുന്നു. ഇന്നും ശക്തിയാണ്. അതുപക്ഷേ ഓരോരോ ടേണ്‍ മാറി അധികാരത്തില്‍ എത്താന്‍ മാത്രമുള്ള ശക്തിയാണ്. ജനകീയമായി നേടിയിരുന്ന ശക്തി കുറഞ്ഞു. അങ്ങനെ അശക്തരായി മാറുമ്പോഴാണ് വര്‍ഗീയസംഘങ്ങള്‍ക്ക് കേരളത്തിലേക്ക് ഈസി വാക്കോവര്‍ കിട്ടുന്നത്.
ഇടതുപക്ഷം ശക്തിയായി നിന്നാല്‍ അതിനെ മറകടന്ന് ഏതെങ്കിലും വര്‍ഗീയതക്കാര്‍ക്ക് ഇങ്ങോട്ട് വരാന്‍ കഴിയുമോ? ഇത്രയും ചെറുപ്പക്കാരും മനുഷ്യരും നിരന്നു നിന്നാല്‍ അതിനെ മറികടക്കാന്‍ ആര്‍ക്കാണ് കഴിയുക? അങ്ങനെ നിരന്നു നിന്ന ചരിത്രം ഉണ്ടല്ലോ. തലശ്ശേരിയിലും മൂവാറ്റുപുഴയിലുമൊക്കെ. വര്‍ഗീയ കലാപങ്ങള്‍ തടയാന്‍ മുന്നില്‍ നിന്നില്ലേ! ഈ ചരിത്രങ്ങളൊക്കെയാണ് ഞങ്ങളെ പോലുള്ളവര്‍ പഠിച്ചിട്ടുള്ളത്. ഈ ചരിത്രങ്ങള്‍ നല്‍കിയ ധൈര്യമാണ് ഇന്നും ഉള്ളത്. തെറ്റു കണ്ടാല്‍ ഇറങ്ങി നിന്നു ചൂണ്ടിപ്പറയാന്‍ ധൈര്യം തന്നത് പാര്‍ട്ടി തന്നെയാണ്, അതില്‍ സംശയമില്ല. ആ ഇടതുപക്ഷമായി ഇന്നത്തെ ഇടതുപക്ഷം തിരിച്ചു വരണം. ഇടതുപക്ഷം ശക്തിയോടെ ഇറങ്ങിക്കഴിഞ്ഞാല്‍ ആരാ കൂടെ നില്‍ക്കാത്തത്! ജനലക്ഷങ്ങള്‍ പിന്നില്‍ അണിനിരക്കും. എന്തിനും ഏതിനും. പിന്നെ വര്‍ഗീയതയ്ക്ക് നമ്മുടെ നാട്ടില്‍ ഇടം ഉണ്ടാകില്ല. അഭിമന്യു അതിന് കാരണമാകണം. അഭിമന്യുവിനു വേണ്ടി അത് സംഭവിക്കണം.