UPDATES

ട്രെന്‍ഡിങ്ങ്

മുഖം പൊത്തിക്കരഞ്ഞ അമ്മയില്‍ നിന്നും, ഇനി മകനെയോര്‍ത്ത് അഭിമാനിക്കും എന്നു പറഞ്ഞ കരുത്താണ് മുഖ്യമന്ത്രീ, മഹിജ സമരം ചെയ്തു നേടിയത്

മക്കള്‍ക്കു വേണ്ടി അമ്മമാര്‍ നിലവിളിക്കും, ചോദ്യം ചെയ്യും, വലിച്ചിട്ടാല്‍ നിലത്തുകിടന്നും സമരം ചെയ്യും

നിലോവ്‌ന ഒരു സാധാരണ സ്ത്രീയായിരുന്നു. അവരുടെ മകന്‍ പാവേല്‍ ഒരു വിപ്ലവകാരിയായിരുന്നെങ്കിലും. മകന്‍ അറസ്റ്റ് ചെയ്യപ്പെടുന്നതോടെ നിലോവ്‌ന വീടുവിട്ടു പുറത്തു വരുന്നു. മകന്റെ ദൗത്യം ഏറ്റെടുക്കുന്നു. വിപ്ലവകാരിയുടെ അമ്മയില്‍ നിന്നും വിപ്ലവകാരിയായ അമ്മയായി നിലോവ്‌ന മാറുന്നു.

മഹിജയും ഒരു സാധാരണ വീട്ടമ്മയായിരുന്നു. അവരുടെ മകന്‍ ജിഷ്ണു ഒരു വിപ്ലവപ്രസ്ഥാനത്തില്‍ വിശ്വസിച്ചിരുന്നു, അതിന്റെ നേതാക്കളുടെ ആരാധകനായിരുന്നു. ആ മകന്റെ ജീവിതം പൊടുന്നനെ അവസാനിപ്പിക്കുമ്പോള്‍ മഹിജ എന്ന അമ്മയും വീടു വിട്ട് പുറത്തേക്കു വരുന്നു. മരിച്ചുപോയ മകനുവേണ്ടി സമരം ചെയ്തു. ജിഷ്ണുവിന്റെ അമ്മയില്‍ നിന്നും കേരളത്തിന്റെ പോരാട്ട മനസിലെ അമ്മയായി മഹിജ മാറുന്നു.

നിലോവ്‌നയ്ക്കും മഹിജയ്ക്കുമിടയില്‍ എത്രയോ അമ്മമാര്‍…

മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചില്ലേ; സമരം ചെയ്തിട്ട് മഹിജ എന്തു നേടിയെന്ന്. ഇന്നു രാവിലെ തിരുവനന്തപുരത്തു നിന്നുള്ള മടക്ക യാത്രയ്ക്കു മുമ്പായി മഹിജ പറഞ്ഞ ഒരു വാചകം ശ്രദ്ധിക്കുക; ഇനി ഞാന്‍ കരയില്ല; എന്റെ മകനെ ഓര്‍ത്ത് അഭിമാനിക്കും.’ വിപ്ലവകാരിയായ മകന്‍ കല്‍ത്തുറങ്കിലടയ്ക്കപ്പെട്ടപ്പോള്‍ മകന്റെ വഴിയിലേക്കിറങ്ങിയ നിലോവ്‌നയെ പോലെ മഹിജയും മാറിയിരിക്കുന്നു. ഈ മാറ്റം തന്നെയാണ് മഹിജയുടെ നേട്ടം. മകന്റെ മരണവാര്‍ത്ത ഉണ്ടാക്കിയ ആഘാതത്തില്‍ വീണുപോയ ഒരമ്മയില്‍ നിന്നും അവര്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. ഇതു തന്നെയാണ് മഹിജയുടെ നേട്ടം.

ആര് മുതലെടുത്തു എന്നു പറഞ്ഞാലും ആര് വഴിതെറ്റിച്ചു എന്നു പറഞ്ഞാലും എന്തു വൈകാരികത ആരോപിച്ചാലും നീതിക്കായി ഒരമ്മ നടത്തിയ പോരാട്ടമായിട്ടു തന്നെയാകും കേരളം മഹിജയുടെ സമരം അടയാളപ്പെടുത്തുക. ഭരണകൂടം അതിനെ എങ്ങനെ വ്യാഖ്യാനിച്ചാലും; നീതി കിട്ടി എന്നു തന്നെ വിശ്വസിച്ചാണു മഹിജ മടങ്ങുന്നത്. അങ്ങനെയല്ല എന്നതാണു സത്യമെങ്കില്‍, ഒരു കാര്യം കൂടി അതിനൊപ്പം ഓര്‍ക്കാം; ആ അമ്മ ഇനിയും വീടിനു പുറത്തേക്കു വരും. അവര്‍ മനസുകൊണ്ട് കരുത്തയായി കഴിഞ്ഞിരിക്കുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് ബന്ധുക്കള്‍ക്കൊപ്പം യാത്ര പറഞ്ഞ് ട്രെയിന്‍ കയറുമ്പോളും എല്ലാവരോടും കൈവീശി യാത്ര ചോദിക്കുമ്പോഴും കണ്ണീരു മാഞ്ഞ് ചിരി പടര്‍ന്ന മുഖമായിരുന്നു മഹിജയ്ക്ക്. ഇങ്ങനെയായിരുന്നില്ല ഒരാഴ്ച മുമ്പുവരെ മഹിജ. കിടന്ന കിടപ്പില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും തയ്യാറാകാതെ മകനെയോര്‍ത്ത് അവര്‍ സ്വയം ഇല്ലാതായിക്കൊണ്ടിരിക്കുകയായിരുന്നു. മകന്‍ മരിച്ചതിനു ശേഷം അവര്‍ ശരിയായി ആഹാരം കഴിച്ചില്ല. ഒരായുസ്സിന്റെ മുഴുവന്‍ വേദനയും അവരുടെ കണ്ണുകളില്‍ ഉണ്ടായിരുന്നു. ‘ഞാന്‍ എന്തൊരു അമ്മയാ, എന്റെ പൊന്നുമോന്‍ പോയിട്ടും അവന്റെ കൂടെ പോകാതെ ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടല്ലോ’ എന്നു വിലപിച്ചുകൊണ്ടിരുന്നു.

ഇനിയൊരിക്കലും സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരില്ല ഈ അമ്മയെന്ന് എല്ലാവരും കരുതി. അവിടെ നിന്നാണ് മഹിജ ഇനി താന്‍ മകനെയോര്‍ത്തു കരയില്ല, അഭിമാനിക്കും എന്നു ഉറച്ചു പറയാന്‍ തക്ക ബലത്തിലേക്ക് തിരിച്ചു വന്നത്. മഹിജ സമരം ചെയ്ത് എന്തു നേടി എന്നു ചോദിച്ച മുഖ്യമന്ത്രിയോട്, ആ അമ്മയെ സമരത്തിലേക്ക് എന്തിനു തള്ളിവിട്ടു എന്ന് മറുചോദ്യം ചോദിക്കുന്നു. വൈകാരികത എന്നൊക്കെ പരിഹസിക്കാം. മക്കള്‍ക്കു വേണ്ടി അമ്മമാര്‍ നിലവിളിക്കും, ചോദ്യം ചെയ്യും, വലിച്ചിട്ടാല്‍ നിലത്തുകിടന്നും സമരം ചെയ്യും… ഇതൊന്നുമൊരു മഹിജ മാത്രം ചെയ്യുന്നതല്ല, അമ്മാരുടെ ചരിത്രത്തില്‍ അതിനനവധി ഉദാഹരണങ്ങളുണ്ട്.

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍