UPDATES

ട്രെന്‍ഡിങ്ങ്

പോലീസില്‍ വന്‍ അഴിച്ചുപണി; തച്ചങ്കരി ഫയര്‍ഫോഴ്സിലേക്ക് തെറിച്ചു; യതീഷ് ചന്ദ്ര ഇനി തൃശൂരിലേക്ക്

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിന് ക്രൈംബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കാശ്യപ് തന്നെ നേതൃത്വം നല്‍കും.

പോലീസ് ആസ്ഥാനത്ത് നടത്തിയ സമഗ്ര അഴിച്ചു പണിയില്‍ എഡിജിപി ടോമിന്‍ തച്ചങ്കരി തെറിച്ചു. തച്ചങ്കരിയെ ഫയര്‍ഫോഴ്‌സ് കമാന്‍ഡന്റ് ജനറലാക്കിയാണ് മാറ്റിയിട്ടുള്ളത്. എഡിജിപി മുതല്‍ എസ്.പി വരെയുള്ളവര്‍ക്കാണ് സ്ഥാനചലനം. പുതുവൈപ്പില്‍ സമരക്കാരെ തല്ലിച്ചതച്ചതിലൂടെ വിവാദ നായകനായ യതീഷ് ചന്ദ്രയെ തൃശൂര്‍ റൂറല്‍ എസ്.പിയായും നിയമിച്ചു.

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കാശ്യപിനെ ഹെഡ്‌ക്വോര്‍ട്ടേഴ്‌സ് ഐ.ജിയായാണ് നിയമിച്ചിട്ടുള്ളത്. എന്നാല്‍ ഈ കേസ് അന്വേഷിക്കുന്ന സംഘത്തിന് ദിനേന്ദ്ര കാശ്യപ് തന്നെ നേതൃത്വം നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ദിനേന്ദ്ര കാശ്യപിനെ മാറ്റിയത്തിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണിത്.

സര്‍ക്കാരിന്റെയും സി.പി.എമ്മിലെ ഒരുവിഭാഗത്തിന്റെയും വിശ്വസ്തന്‍ എന്നു കരുതപ്പെടുന്ന തച്ചങ്കരിയുടെ സ്ഥലംമാറ്റമാണ് ഇതില്‍ അപ്രതീക്ഷിതം. നേരത്തെ ടി.പി സെന്‍കുമാര്‍ കോടതി വിധിയുടെ ബലത്തില്‍ ഡി.ജി.പിയായി സ്ഥാനമേല്‍ക്കുന്നതിനു തൊട്ടുമുമ്പായിരുന്നു തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിയമിച്ചത്. ഇത് ഏറെ പഴി കേള്‍ക്കുകയും ചെയ്തിരുന്നു. തച്ചങ്കരിയെ നിയമിച്ചത് തന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനാണെന്ന് സെന്‍കുമാര്‍ പിന്നീട് ആരോപിക്കുകയും ചെയ്തിരുന്നു. തച്ചങ്കരിയുടെ സ്ഥാനത്ത് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായി ഗതാഗത കമ്മീഷണര്‍ എസ്. ആനന്ദകൃഷ്ണനെയാണ് നിയമിച്ചിട്ടുള്ളത്.

വിജിലന്‍സ് എഡിജിപി അനില്‍ കാന്താണ് പുതിയ ഗതാഗത കമ്മീഷണര്‍. എ. ഹേമചന്ദ്രനായിരിക്കും പുതിയ ക്രൈംബ്രാഞ്ച് മേധാവി. ഈ സ്ഥാനത്തിരുന്ന നിതിന്‍ അഗര്‍വാളിനെ വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് മേധാവിയാക്കി മാറ്റിയിട്ടുണ്ട്.

ഇന്റലീജന്‍സിലും അഴിച്ചുപണിയുണ്ട്. ഇന്റേണല്‍ സെക്യൂരിറ്റി ഐ.ജിയായി വിനോദ് കുമാറിനെ നിയമിച്ചു. വി. ലക്ഷ്മണ്‍ സെക്യൂരിറ്റി ഐ.ജിയായി തുടരും. ക്രമസമാധാന ചുമതലയുള്ള ജില്ലാ പോലീസ് മേധാവികള്‍, കമ്മീഷണര്‍മാര്‍ എന്നിവര്‍ക്കു പുറമെ സി.ഐമാര്‍ക്കും വ്യാപകമായി സ്ഥലംമാറ്റമുണ്ട്.

തിരുവനന്തപുരം സിറ്റിയിലെ പുതിയ കമ്മീഷണറായി പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡി.ഐ.ജി പ്രകാശിനെ നിയമിച്ചു. തിരുവനന്തപുരം ഡിസിപി അരുള്‍ ബി. കൃഷ്ണയെ വയനാട് എസ്.പിയായും ആലപ്പുഴ എസ്.പിയായി സുരേന്ദ്രനേയും കൊല്ലം റൂറല്‍ എസ്.പിയായി വിജിലന്‍സില്‍ നിന്നുള്ള അശോകനേയും കൊച്ചി ഡിസിപിയായി കറുപ്പുസ്വാമിയേയുമാണ് നിയമിച്ചിട്ടുള്ളത്.

പോലീസ് ആസ്ഥാനത്ത എഐജി രാഹുല്‍ ആര്‍ നായരാണ് പുതിയ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍. ഇടതു പാര്‍ട്ടികളിലെ നേതാക്കളുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും രൂക്ഷ വിമര്‍ശനങ്ങള്‍ നേരിട്ട യതീഷ് ചന്ദ്രയുടെ തട്ടകം ഇനി തൃശൂരായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍