മൂന്ന് പേരുടെ ദൂരുഹമരണങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാനും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാനും ആവശ്യമുന്നയിച്ച് സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ആരംഭിക്കുന്നു
2011 ജനുവരി 24; പാലക്കാട് ജില്ലയിലെ പുതുശേരി കുരുടിക്കാടിലെ ജവഹര്‍ നഗറിലെ ഒരു വീട്ടില്‍ എട്ടും പത്തും വയസുള്ള രണ്ട് ആണ്‍കുട്ടികളെയും അവരുടെ അച്ഛനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം. മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്‍, മക്കളായ വിവേക്, വ്യാസ് എന്നിവരായിരുന്നു മരിച്ച മൂന്നുപേര്‍.
2019 ജനുവരി 26: പാലക്കാട് കൊല്ലങ്കോട് നെന്മേനിയിലെ ശശീന്ദ്രന്റെ തറവാട് വീട്ടില്‍ നടന്ന അനുസ്മരണയോഗം ചേരുന്നു. മൂന്ന് പേരുടെ ദൂരുഹമരണങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാനും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാനും ആവശ്യമുന്നയിച്ച് സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം നടത്താനും ഇതിനൊപ്പം നിയയമപോരാട്ടം ശക്തമാക്കാനും തീരുമാനം എടുക്കുന്നു.
ശശീന്ദ്രന്റെയും കുട്ടികളുടെയും മരണം നടന്ന് എട്ടു വര്‍ഷം പിന്നിടുമ്പോഴും കേരളത്തിന് ഉത്തരമില്ല, അവര്‍ സ്വയം ജീവനൊടുക്കിയതോ, അതോ?
മലബാര്‍ സിമന്റ്‌സില്‍ നടന്ന കോടികളുടെ അഴിമതിക്ക് ശശീന്ദ്രന്റെയും മക്കളുടെയും മരണങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഇന്നും പ്രസക്തമാണ്. ആ മൂന്നുപേരുടെ ജീവന്‍ മാത്രമല്ല, അവരുമായി ബന്ധപ്പെട്ട, ശശീന്ദ്രന്റെ ഭാര്യയുടേതടക്കമുള്ള മറ്റു ചില മരണങ്ങളും നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നതാണ്. അതിനുവേണ്ടിയുള്ള നിയമപോരാട്ടം ശക്തമാക്കുകയാണ് ശശീന്ദ്രന്റെ ബന്ധുക്കളും ആക്ഷന്‍ കൗണ്‍സിലും.
മലബാര്‍ സിമന്റ്‌സിലെ ഞെട്ടിക്കുന്ന അഴിമതികള്‍ പുറത്തു വരുന്നു
2006-07 കാലത്തെ സിഎജി റിപ്പോര്‍ട്ടിലൂടെയായിരുന്നു മലബാര്‍ സിമന്റ്‌സില്‍ 400 കോടിയുടെ അഴിമതി നടന്നെന്ന വിവരം പുറത്തു വരുന്നത്. ഈ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തായി. നിയമസഭയില്‍ ചര്‍ച്ചകള്‍ നടന്നു. യുഡിഎഫ് മുന്നണിയിലെ ഒരു പ്രമുഖനും ഈ അഴിമതിക്ക് പിന്നിലുണ്ടെന്ന തരത്തില്‍ ആരോപണങ്ങള്‍ ശക്തമായതോടെ മലബാര്‍ സിമന്റ്‌സ് അഴിമതി വിഷയം ആളിക്കത്തി. പക്ഷേ, ഈ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കൊന്നും അന്നത്തെ യുഡിഎഫ് മന്ത്രിസഭ തയ്യാറായതുമില്ല. വി എസ് അച്യൂതാനന്ദന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് 2008 ല്‍ മലബാര്‍ സിമന്റസ് അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കുന്നത്. ഇതിനു പിന്നാലെ തന്നെ അഴിമതി അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയും ഹൈക്കോടതിയില്‍ വന്നു. ഹൈക്കോടതിയും അന്വേഷണത്തിന് ഉത്തരവിട്ടു. അങ്ങനെ പാലക്കാട് വിജിലന്‍സ് ബ്യൂറോയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചു. ഡിവൈഎസ്പി സൈഫുള്ള സയ്ദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ നാലു ചാര്‍ജുകളിലായി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അതില്‍ മൂന്നു ചാര്‍ജുകളുടെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇതിലെ മൂന്നു കേസുകളിലും പ്രധാന സാക്ഷിയായിരുന്നു മലബാര്‍ സിമിന്റ്‌സിലെ ഇന്റേണല്‍ ഓഡിറ്ററും കമ്പനി സെക്രട്ടറിയുമായിരുന്ന വി ശശീന്ദ്രന്‍.
അഴിമതിക്കാരെ പുറത്തു കൊണ്ടുവരാന്‍ കൂടെ നിന്ന ശശീന്ദ്രന്‍
വിജിലന്‍സ് അന്വേഷണത്തില്‍ കമ്പനിയില്‍ നടന്നത് ഞെട്ടിക്കുന്ന അഴിമതികളാണെന്നു കണ്ടെത്തിയിരുന്നു. ഇന്റേണല്‍ ഓഡിറ്റിംഗ് തലവന്‍ കൂടിയായ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ നിലപാടുകള്‍ വിജിലന്‍സിന് അന്വേഷണത്തില്‍ ഏറെ സഹായകമായി. കമ്പനിയില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെടുത്തി അന്നത്തെ എം.ഡി എസ്.എസ് മോനിയെ ഒന്നാം പ്രതിയാക്കിയും അക്കാലത്തെ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജോണ്‍ മത്തായി അഞ്ചാം പ്രതിയും കരാറുകാരന്‍ വി.എം രാധാകൃഷ്ണനെ മൂന്നാം പ്രതിയാക്കിയും കേസ് ചാര്‍ജ് ചെയ്തു. ഏറെ സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ചായിരുന്നു വിജിലന്‍സ് ഇവര്‍ക്കെതിരേ കേസുകള്‍ എടുത്തതും. ആഭ്യന്തര വകുപ്പില്‍ നിന്നും ഒരുപാട് ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ പിന്തുണയാണ് ഡിവൈഎസ്പി സൈഫുള്ള സെയ്ദിന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സഹായകമായത്. അന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും കുറ്റപത്രം കോടതിയില്‍ എത്തിക്കാതിരിക്കാനായിരുന്നു അടുത്ത കളികള്‍. വിജിലന്‍സ് കോടതിയിലെ ഉദ്യോഗസ്ഥനെ വരെ സ്വാധീനിച്ചു. ഒടുവില്‍ വാര്‍ത്തകളില്‍ ഈ വിഷയം ചര്‍ച്ചയായതോടെയാണ് കുറ്റപത്രം കോടതിയില്‍ എത്തുന്നത്.
ചുണ്ണാമ്പ് കല്ല് ഇറക്കുമതി, ഫ്‌ളൈ ആഷ് കരാര്‍, ലൈനര്‍ പേപ്പര്‍ ഇടപാട്, ഫ്‌ളൈ ആഷ് ട്രാന്‍സ്‌പോട്ടിംഗ് എന്നിവയിലാണ് വിജിലന്‍സ് നാലു കേസുകളായി ചാര്‍ജ് ചെയ്ത് അന്വേഷണം നടത്തിയത്. മേല്‍പ്പറഞ്ഞ നാലു ഇടപാടുകളുടെയും കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നത് കണ്ടെത്താന്‍ വിജിലന്‍സിന് സഹായമായത് ശശീന്ദ്രനായിരുന്നു. സിമന്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഫ്‌ളൈ ആഷിന്റെ കരാര്‍ കിട്ടിയതിലൂടെ കോടികളുടെ കൊള്ളലാഭമാണ് രാധാകൃഷ്ണന്‍ ഉണ്ടാക്കിയതെന്നു വിജിലന്‍സ് കണ്ടെത്തി. ഇതുപോലെയായിരുന്നു തനിക്ക് മാത്രമായി കിട്ടിക്കൊണ്ടിരുന്ന ഓരോ കരാറുകളിലും നിന്നും രാധാകൃഷ്ണന്‍ പണം വാരിക്കൂട്ടിയത്. കരാര്‍ നല്‍കിയതിലും ടെന്‍ഡര്‍ വിളിക്കുന്നതിലും നടന്ന കള്ളത്തരങ്ങള്‍ ശശീന്ദ്രന്‍ വിജിലന്‍സിന് വ്യക്തമാക്കി കൊടുത്തു. ഫ്‌ളൈ ആഷ് കുറഞ്ഞ ചെലവില്‍ ഇറക്കുമതി ചെയ്യാന്‍ തമിഴ്‌നാട് വൈദ്യുത വകുപ്പുമായി കരാര്‍ ഉണ്ടാക്കണമെന്ന നിര്‍ദേശം അട്ടിമറിച്ച് വ്യവസായ വകുപ്പ് രാധാകൃഷ്ണനെ സഹായിക്കുകയായിരുന്നു.
ശശീന്ദ്രനെ ഭയന്നവര്‍
ഇന്റേണല്‍ ഓഡിറ്ററും സെക്രട്ടറിയുമായ ഒരാള്‍ അഴിമതിക്കേസുകളിലെ പ്രധാന സാക്ഷിയായി മാറിയാല്‍ അത് തങ്ങളുടെ തകര്‍ച്ചയായിരിക്കും ഉണ്ടാക്കുകയെന്ന് പലരും ഭയപ്പെട്ടു. എല്ലാ കള്ളത്തരവും പുറത്തു വരണമെന്ന നിലപാടിലായിരുന്നു ശശീന്ദ്രനും. പക്ഷേ, അദ്ദേഹത്തെ ഭയപ്പെട്ടവര്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ ആ ഉദ്യോഗസ്ഥനുമേല്‍ ചെലുത്തി. കമ്പനിയില്‍ നടന്ന വന്‍ അഴിമതിയെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങളും ശശീന്ദ്രന് അറിയാമായിരുന്നു. ഈ വിവരങ്ങള്‍ മൂടിവയ്ക്കാന്‍ സഹായകരമായ രീതിയില്‍ തങ്ങളോട് സഹകരിക്കില്ലെന്നു മനസിലാക്കിയവര്‍ ഭീഷണിയുടെ സ്വരം ശശീന്ദ്രനെതിരേ ഉയര്‍ത്തി. ശശീന്ദ്രനെ ഒതുക്കാനുള്ള കളികള്‍ ശക്തമായി. ആദ്യപടിയായി ഇന്റേണല്‍ ഓഡിറ്റിംഗിന്റെ ചുമതലയില്‍ നിന്നും നീക്കി. തനിക്കെതിരേയുള്ള നീക്കങ്ങളില്‍ പരാതിപ്പെട്ട് വ്യവസായ വകുപ്പിനെ പലതവണ ശശീന്ദ്രന്‍ സമീപിച്ചെങ്കിലും സഹായിക്കേണ്ടവരെല്ലാവരും തന്നെ, വ്യവസായവകുപ്പിലായാലും, മലബാര്‍ സിമന്റ്‌സില്‍ ആയാലും ശശീന്ദ്രനെ എങ്ങനെ ഒതുക്കാം എന്നാലോചിക്കുകയായിരുന്നു.
2010 ഒക്ടോബറില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷം ശശീന്ദ്രന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ എതിരാളികള്‍ കൂടുതല്‍ ആശങ്കയിലായി. ശശീന്ദ്രന്‍ അഴിമതിയുമായി സംബന്ധിച്ച തെളിവുകള്‍ നല്‍കാന്‍ ഇടവന്നാല്‍ തങ്ങള്‍ ശിക്ഷിക്കപ്പെടുമെന്ന് അഴിമതിക്കാര്‍ ഭയന്നു.
സമ്മര്‍ദ്ദവും ഭീഷണിയും മരണവും
താന്‍ വേട്ടയാടപ്പെടുമെന്ന് തിരിച്ചറിഞ്ഞ ശശീന്ദ്രന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യൂതാനന്ദന് ഒരു കത്തെഴുതി. മലബാര്‍ സിമന്റ്‌സില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും ഇതു ചൂണ്ടിക്കാണിക്കുന്ന സിഎജി റിപ്പോര്‍ട്ട് പൂര്‍ണമായും ശരിയാണെന്നും ശശീന്ദ്രന്‍ വി.എസ്സിനെ അറിയിച്ചു. ഈ അഴിമതിക്കേസുകളില്‍ സാക്ഷിയായതിന്റെ പേരില്‍ തനിക്കു മേല്‍ സമ്മര്‍ദ്ദവും ഭീഷണിയുമുണ്ട്. തന്നെയവര്‍ കൊലപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് വേവലാതി പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇത്തരത്തിലൊരു കത്ത് എഴുതിയെന്നറിഞ്ഞ എതിരാളികള്‍ ശശീന്ദ്രനു മുന്നില്‍ ഭീഷണിയുമായി എത്തി. മക്കളെയും ഭാര്യയേയും കൊലപ്പെടുത്തുമെന്നവര്‍ പറഞ്ഞു. അത് ചെയ്യാതിരിക്കാന്‍ ആവശ്യപ്പെട്ടത് കത്ത് താന്‍ തെറ്റായ രീതിയില്‍ എഴുതിയതാണ്, ഈ കത്തിനുമേല്‍ നടപടിയൊന്നും എടുക്കേണ്ടതില്ല എന്ന് പറഞ്ഞ് ആദ്യമെഴുതിയ കത്ത് പിന്‍വലിപ്പിച്ചുകൊണ്ട് മറ്റൊരു കത്ത് മുഖ്യമന്ത്രിക്ക് നല്‍കണമെന്നായിരുന്നു. നിര്‍ബന്ധപൂര്‍വം അവരത് അദ്ദേഹത്തെക്കൊണ്ട് എഴുതിപ്പിക്കുകയും ചെയ്തു. അവിടെ കൊണ്ടും തനിക്കെതിരേയുള്ള ഭീഷണികള്‍ അവസാനിക്കുന്നില്ലെന്നു വന്നതോടെയാണ് മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറി സ്ഥാനത്തു നിന്നും ശശീന്ദ്രന്‍ രാജിവയ്ക്കുന്നത്.
കമ്പനി സെക്രട്ടറിയാകാന്‍ യോഗ്യത നേടിയ ഒരാള്‍ എന്ന നിലയില്‍ ഇവിടെ നിന്നു രാജിവച്ചാലും മറ്റൊരിടത്ത് തനിക്ക് നല്ലൊരു ജോലി കിട്ടുമെന്നും സമ്മര്‍ദ്ദങ്ങളും ഭീഷണികളുമില്ലാതെ ജീവിക്കാമെന്നും ശശീന്ദ്രന്‍ കണക്കു കൂട്ടിയിരുന്നു. പക്ഷേ, എതിരാളികള്‍ അപ്പോഴും ശശീന്ദ്രനെയോര്‍ത്ത് ഭയപ്പെട്ടുകൊണ്ടേയിരുന്നു. രാജിവച്ച് പുറത്തു പോയാലും കേസിലെ സാക്ഷിയെന്ന നിലയില്‍ ശശീന്ദ്രന്‍ തങ്ങള്‍ക്കൊരു ഭീഷണിയാണെന്നവര്‍ കണക്കുകൂട്ടി. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെയാണ് 2011 ജനുവരി 24-ന് രാത്രി ഒമ്പതു മണിയോടെ ശശീന്ദ്രന്റെ ഭാര്യ ടീന ജോലി കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോള്‍ തന്റെ ഭര്‍ത്താവിനെയും മക്കളെയും തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്.
ആത്മഹത്യയോ?
ശശീന്ദ്രന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായി ഉയര്‍ന്നു. മലബാര്‍ സിമന്റ്‌സിലെ അഴിമതിയാണ് ആ മൂന്നുമരണങ്ങള്‍ക്കും പിന്നിലെന്നതില്‍ തെളിവുകള്‍ സഹിതം വിവരങ്ങള്‍ പുറത്തു വന്നു. ശശീന്ദ്രന്റെയും മക്കളുടെയും മരണങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായതോടെ അങ്ങനെയൊരു അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. സര്‍ക്കാര്‍-രാഷ്ട്രീയ തലങ്ങളില്‍ നിന്നും അതിനുള്ള പിന്തുണയും കിട്ടി. എന്നാല്‍ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ ഇടപെടല്‍ ആ അട്ടിമറി ശ്രമങ്ങളെ ഒരു പരിധിവരെ പരാജയപ്പെടുത്തി. വി എസ് കേസ് അന്വേഷണത്തിന് ഉത്തരവിട്ടു. പക്ഷേ ലോക്കല്‍ പൊലീസിന്റെ അന്വേഷണം വിപരീതദിശയിലാണ് സഞ്ചരിക്കുന്നതെന്ന ആക്ഷേപം ഉയരാന്‍ അധികകാലം വേണ്ടി വന്നില്ല. കേസ് ആദ്യം അന്വേഷിച്ച പാലക്കാട് ഡിവൈഎസ്പി തനിക്ക് ഈ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും വലിയ സമ്മര്‍ദ്ദം ഉണ്ടെന്നും കാണിച്ച് തന്നെ കേസ് അന്വേഷണത്തില്‍ നിന്നും ഒഴിവാക്കി തരണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതും അതിന്റെ തെളിവാണ്. പകരം മറ്റൊരു ഉദ്യോസ്ഥന്‍ നിയമിതനായെങ്കിലും ശശീന്ദ്രന്റെയും മക്കളുടെയും മരണം സംബന്ധിച്ച നിര്‍ണായക തെളിവുകളൊക്കെ അതിനകം തന്നെ നശിപ്പിക്കപ്പെട്ടിരുന്നു. ആത്മഹത്യ എന്നുറപ്പിക്കുന്നതായിരുന്നു പൊലീസിന്റെ നിലപാട്. പൊലീസ് തന്നെ ഈ അന്വേഷണവുമായി മുന്നോട്ടു പോയാല്‍ എല്ലാം അട്ടിമറിക്കപ്പെടും എന്നും ബന്ധുക്കള്‍ക്കും ആക്ഷന്‍ കൗണ്‍സിലിനും മനസിലായി.
കേസ് സിബിഐക്ക്
ശശീന്ദ്രന്റെയും മക്കളുടെയും മരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചും മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങളെ സംബന്ധിച്ചും സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ശശീന്ദ്രന്റെ പിതാവ് വേലായുധനും ശശീന്ദ്രന്റെ ഭാര്യ ടീനയും ചേര്‍ന്ന് 2011 ഫെബ്രുവരിയില്‍ ഒരു ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കി. ആ ഹര്‍ജിയിലെ ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.
കേസ് സിബിഐ അന്വേഷിച്ചെങ്കിലും ശശീന്ദ്രന്റെയും മക്കളുടെയും ആത്മഹത്യ തന്നെയാണെന്ന കണ്ടെത്തലായിരുന്നു അവരുടേതും. ശശീന്ദ്രന്റെ വീട്ടുപടിക്കല്‍ കണ്ട ചോരക്കറ ഉള്‍പ്പെടെയുള്ള സംശയങ്ങള്‍ സിബിഐ തള്ളിക്കളഞ്ഞു. ചന്ദ്രനഗറിലെ ഒരു കടയില്‍ നിന്നും ശശീന്ദ്രന്‍ കയര്‍ വാങ്ങിയെന്നും ആ കയര്‍ ഉപയോഗിച്ചാണ് തൂങ്ങിമരിച്ചതെന്നും വീട്ടുപടിക്കല്‍ കണ്ടത് ചോരക്കറയല്ലെന്നും (ശാസ്ത്രീയ തെളിവുകളോടെ) മരണദിവസം അജ്ഞാതരായ ചിലര്‍ ശശീന്ദ്രന്റെ വീട്ടില്‍ വന്നിരുന്നവെന്ന പ്രചാരണത്തില്‍ വാസ്തവമില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു. മക്കളെ കൊലപ്പെടുത്തിയശേഷമായിരുന്നു ശശീന്ദ്രന്‍ തൂങ്ങിമരിച്ചതെന്നും സിബിഐയുടെ കണ്ടെത്തലില്‍ രേഖപ്പെടുത്തിയിരുന്നു. അതേസമയം സിബിഐയുടെ അന്വേഷണത്തിലാണ് ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ ആത്മഹത്യ പ്രേരണാകുറ്റത്തിന് ‘ചാക്ക് രാധാകൃഷ്ണന്‍’ എന്നറിയപ്പെടുന്ന വി എം രാധാകൃഷ്ണനു മേല്‍ കേസ് ചാര്‍ജ് ചെയ്യുന്നതും അറസ്റ്റ് നടക്കുന്നതും.
കോടതി ഉത്തരവ് ഉണ്ടായിട്ടും അഴിമതിയെക്കുറിച്ച് അന്വേഷിച്ചില്ല
മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി ഇതില്‍ പറയേണ്ടതുണ്ട്. സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ചുള്ള ജസ്റ്റീസ് വര്‍ഗീസ് പി തോമസിന്റെ ഉത്തരവ് പ്രകാരം മരണത്തിന് ഇടയാക്കിയ സാഹചര്യം അഴിമതിയായതുകൊണ്ട് മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട അഴിമതി കേസുകള്‍ കൂടി അന്വേഷിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു അന്വേഷണം സിബിഐയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പെടുത്തുന്നതിനു വേണ്ടി ശശീന്ദ്രന്റെ പിതാവ് വേലായുധനും ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധി ജോയ് കൈതാരവും ചേര്‍ന്ന് ഒരു ഹര്‍ജി നല്‍കി, ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സമയത്ത്. ഇതെടുത്തു പറയാനുള്ള കാരണം, ഈ കേസ് അട്ടിമറിക്കുന്നതിനും അഴിമതിക്കഥകള്‍ മൂടിവയ്ക്കുന്നതിനും അന്നത്തെ മന്ത്രിസഭയിലെ ഒരു പ്രമുഖന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയിരുന്നു എന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നതാണ്. ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാക്കി തീര്‍ക്കുന്നതിന് ആഭ്യന്തര വകുപ്പില്‍ നിന്നും ശ്രമം ഉണ്ടായിട്ടുണ്ടെന്നതും ഇതിനൊപ്പമുള്ള ആരോപണമാണ്.
പ്രേരണാക്കുറ്റമല്ല, കൊലക്കുറ്റമാണ്
ശശീന്ദ്രന്റെയും മക്കളുടെയും മരണത്തെ കുറിച്ച് സിബിഐ നടത്തിയ അന്വേഷണം നിലവിലുള്ള ക്രിമിനല്‍ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധവും സുപ്രീം കോടതി ഉത്തരവിന്റെ ലംഘനവുമായിരുന്നുവെന്നാണ് ആക്ഷന്‍ കൌണ്‍സില്‍ പ്രതിനിധി ജോയ് കൈതാരം പറയുന്നത്. ശശീന്ദ്രന്‍ മരിച്ചത് ആത്മഹത്യ പ്രേരണ മൂലമാണെങ്കില്‍, ആ രണ്ട് കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുകയാണുണ്ടായത്. കുട്ടികളെ ശശീന്ദ്രന്‍ തൂക്കി കൊല്ലുകയായിരുന്നുവെന്നാണ് സിബിഐ പറയുന്നതും. സംഘം ചേര്‍ന്ന് ഒരാളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുമ്പോള്‍, ആത്മഹത്യ ചെയ്തയാള്‍ മറ്റൊരാള്‍ക്ക് കൂടി ജീവഹാനിക്ക് ഇടവരുത്തിയിട്ടുണ്ടെങ്കില്‍, പ്രേരിപ്പിച്ചവരില്‍ ആരൊക്കെ ജീവിച്ചിരിപ്പുണ്ടോ അവരൊക്കെ കൊലപാതക കുറ്റത്തില്‍ പ്രതികളാണെന്നാണ് സുപ്രിം കോടതി പറഞ്ഞിരിക്കുന്നത്. ഇവിടെ രാധാകൃഷ്ണന്‍ ശശീന്ദ്രനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചെന്നു പറയുമ്പോള്‍ തന്നെ, ശശീന്ദ്രന്‍ തന്റെ മക്കളെ കൊന്നതില്‍ രാധാകൃഷ്ണനെതിരേ കൊലക്കുറ്റത്തിനും കേസ് എടുക്കേണ്ടതാണ്. എന്നാല്‍ സിബിഐ അദ്ദേഹത്തിനെതിരേ ആത്മഹത്യ പ്രേരണ മാത്രമാണ് ചുമത്തിയത്. മലബാര്‍ സിമന്റ്‌സിലെ അഴിമതിയുടെ പങ്ക് പറ്റിയ രാഷ്ട്രീയനേതൃത്വം ഇടപെട്ടാണ് ഇത്തരത്തില്‍ അട്ടിമറി നടത്തിയിരിക്കുന്നത്; ജോയ് കൈതാരം പറയുന്നു.
സിബിഐ അന്വേഷിച്ച് സമര്‍പ്പിച്ച കുറ്റപത്രത്തിനുമേല്‍ തുടരന്വേഷണം വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ വീണ്ടും ഒരു ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടു. ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയല്ല കൊലപാതകമാണ്, സുപ്രീം കോടതി ഉത്തരവിന്റെയും നിലവിലുള്ള ക്രിമിനില്‍ നടപടി ചട്ടങ്ങളുടെയും ലംഘനമാണ് സിബിഐ അന്വേഷണത്തില്‍ നടന്നിരിക്കുന്നത് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ ഇങ്ങനെയൊരു ഹര്‍ജി ഫയല്‍ ചെയ്തിട്ട് നാലുവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെയും തീരുമാനം ഉണ്ടായിട്ടില്ലെന്നും, കമ്പനിയിലെ അഴിമതിയെക്കുറിച്ചും അന്വേഷിക്കണം എന്ന ജസ്റ്റീസ് വര്‍ഗീസ് പി തോമസിന്റെ 2011 ഏപ്രില്‍ മാസത്തെ ഉത്തരവ് നടപ്പിലാകാതെ വന്നതിനെ തുടര്‍ന്ന് ശശീന്ദ്രന്റെ പിതാവും ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധിയായ താനും ചേര്‍ന്ന് സമര്‍പ്പിച്ച WCC9666 നമ്പര്‍ ഹര്‍ജിയില്‍ എട്ടുവര്‍ഷമായിട്ടും തീരുമാനമെടുത്തിട്ടില്ലെന്നും ജോയ് കൈതാരം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളില്‍ തീരുമാനം ഉണ്ടാക്കാനാണ് വീണ്ടും ശശീന്ദ്രന്റെ മരണത്തില്‍ നീതി തേടിയുള്ള നിയമപോരാട്ടം ശക്തമാക്കാന്‍ തയ്യാറെടുക്കുന്നതെന്നും ജോയ് കൈതാരം പറയുന്നു.
ഹൈക്കോടതിയില്‍ നിന്നും ഫയലുകള്‍ കാണാതാകുന്നു
ശശീന്ദ്രന്റെ മരണവും മലബാര്‍ സിമന്റ്‌സിലെ അഴിമതികളെക്കുറിച്ചും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച കേസ് രേഖകള്‍ ഹൈക്കോടതിയില്‍ നിന്നും കാണാതാകുന്ന സംഭവും ഇതിനിടയില്‍ നടന്നു. ഹൈക്കോടതിയെ വരെ ഞെട്ടിച്ചു ആ കാണാതാകല്‍! ഹര്‍ജി സമര്‍പ്പിച്ചിട്ടും തീരുമാനം ഉണ്ടാകാതെ കാലതാമസം വരുന്നതിനെ തുടര്‍ന്ന് അടിയന്തിരമായി വാദം കേള്‍ക്കണമെന്നാവശ്യവുമായി ഹര്‍ജിക്കാര്‍ സമീപിച്ചപ്പോഴാണ് ഫയലുകള്‍ കാണാതായെന്ന വിവരം ഹൈക്കോടതിക്ക് മനസിലാകുന്നത്. രേഖകള്‍ കാണാതയുമായി ബന്ധപ്പെട്ട് ഇന്റേണല്‍ വിജിലന്‍സിനോട് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആര്‍ക്കാണോ ഈ ഫയലുകള്‍ നഷ്ടപ്പെട്ടാല്‍ ഗുണം കിട്ടുകയെന്നതിനെ കുറിച്ചോ, ആ ആളുകളെ കാണുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായില്ല.
കുറ്റവാളികളായവരെ രക്ഷിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തിലും ഉദ്യോഗസ്ഥതലത്തിലും തകൃതിയായി നടക്കുന്നതിന്റെ ഭാഗമായി വേണം ഫയലുകള്‍ കാണാതാകുന്ന സംഭവത്തെയും കാണാനെന്നു ജോയ് കൈതാരം പറയുന്നു. മലബാര്‍ സിമന്റ്‌സ് അഴിമതിയിലെ മൂന്നു കേസുകളില്‍ പ്രതിയായ ജോണ്‍ മത്തായിയേയും കൂട്ടുപ്രതികളായ പത്മനാഭന്‍ നായര്‍, മുരളീധരന്‍ എന്നിവരെയും ഒഴിവാക്കുന്നതിനു വേണ്ടി ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഇറക്കുകയുണ്ടായിട്ടുണ്ട്. ജുഡീഷ്യറിയില്‍ വിചാരണ നടക്കുന്നൊരു കേസില്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് ഇറക്കാനായിട്ട് യാതൊരുവിധ അധികാരവും സര്‍ക്കാരിനില്ല. കക്ഷികള്‍ക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ കോടതിയെയാണ് ബോധിപ്പിക്കേണ്ടത്. അതിനുപകരം മുഖ്യമന്ത്രിയേയും രാഷ്ട്രീയ നേതൃത്വത്തേയുമല്ല കാണേണ്ടത്. അന്ന് ഉമ്മന്‍ ചാണ്ടി രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കില്‍ ഇതേ വഴി ചാക്ക് രാധാകൃഷ്ണന്‍ സ്വീകരിച്ചത് പിണറായി വിജയന്റെ മുന്നിലാണ്. 2016-ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തിന് ചാക്ക് രാധാകൃഷ്ണന്‍ ഇതുപോലൊരു പരാതി കൊടുത്തു. താന്‍ നിരപരാധിയാണെന്നും വിജിലന്‍സ് തന്റെ പേരില്‍ കള്ളക്കേസ് എടുക്കുകയാണെന്നുമായിരുന്നു രാധാകൃഷ്ണന്റെ പരാതിയില്‍ പറഞ്ഞിരുന്നത്; ജോയി കൈതാരം ചൂണ്ടിക്കാണിക്കുന്നു.
ഒന്നിനു പുറകെ ഒന്നൊന്നായുള്ള മരണങ്ങള്‍
മലബാര്‍ സിമന്റ്‌സ് അഴിമതി പുറത്തു വരാതിരിക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ മറുവശത്ത് ദുരൂഹതകളടങ്ങിയ പല മരണങ്ങളും സംഭവിക്കുന്നുണ്ടായിരുന്നു. ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിനു പിന്നാലെയാണ് കേസിലെ സാക്ഷിയായിരുന്ന സതീന്ദ്ര കുമാറിന്റെ അപകട മരണം. കോയമ്പത്തൂര്‍ ഉക്കട ബസ് സ്റ്റാന്‍ഡില്‍ വച്ച് സതീന്ദ്ര കുമാറിന്റെ മേല്‍ ബസ് കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സതീന്ദ്ര കുമാറിനെ കോവൈ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു. ഞെട്ടിക്കുന്ന മറ്റൊരു വസ്തുത കൂടി അതിലുണ്ട്; സതീന്ദ്രകുമാറിനെ ഇടിച്ച ബസിന്റെ ഡ്രൈവറും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയുണ്ടായി.
ഈ മരണങ്ങള്‍ക്കു പിന്നാലെയാണ്, തന്റെ ഭര്‍ത്താവിന്റെയും മക്കളുടെയും മരണത്തിനു പിന്നിലെ യഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പോരാട്ടം നടത്തിയ ശശീന്ദ്രന്റെ ഭാര്യ ടീനയുടെ മരണം. ദൂരുഹതകള്‍ ബാക്കിവച്ചായിരുന്നു ടീനയും പോയത്. കൊച്ചിയിലെ ഫ്ലാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ടീനയുടെ മരണം കോയമ്പത്തൂരിലെ ആശുപത്രിയില്‍ വച്ചായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതാണ് ടീനയുടെ മരണകാരണം എന്നാണ് പറയുന്നതെങ്കിലും സംശയങ്ങള്‍ ബാക്കിയാണ്. പനിയെ തുടര്‍ന്ന് അവധിയെടുത്തു പോയ ടീനയെ ദിവസങ്ങള്‍ കഴിഞ്ഞും കാണാതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ തിരക്കിയെത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ ഫ്ലാറ്റില്‍ കണ്ടെത്തുന്നത്. അവിടെ നിന്നും ടീനയെ ഒരു ബന്ധുവിന്റെ സഹായത്തോടെ കൊണ്ടുപോകുന്നത് കോയമ്പത്തൂരിലേക്കാണ്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനൊപ്പം തലച്ചോറില്‍ അണുബാധയും കണ്ടെത്തിയെന്നു പറഞ്ഞ് ടീനയെ ആദ്യം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോവൈ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുവന്നു. ഇവിടെ വച്ചാണ് മരണം. കൊച്ചിയില്‍ അത്യാധുനിക ചികിത്സ സൗകര്യങ്ങളുള്ള പ്രമുഖ ആശുപത്രികള്‍ ഉണ്ടെന്നിരിക്കെയാണ് ഗുരുതരാവസ്ഥയിലുള്ള ടീനയെ കോയമ്പത്തൂര്‍ വരെ കൊണ്ടു പോകുന്നത്. ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട കേസിലെ സാക്ഷി കൂടിയായ ടീനയ്ക്ക് ഉന്നതന്മാര്‍ ഉള്‍പ്പെട്ട മലബാര്‍ സിമന്റ്‌സ് അഴിമതിയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും അറിയാമായിരുന്നു എന്നതാണ് ആ മരണത്തിനു പിന്നിലും ദുരൂഹതകള്‍ നിറയ്ക്കുന്നത്.
മറ്റൊരു കാര്യം കൂടി ജോയ് കൈതാരം ആരോപിക്കുന്നുണ്ട്. ടീനയുടെയും സതീന്ദ്ര കുമാറിന്റെയും മരണങ്ങള്‍ നടക്കുന്നത് ഒരേ ആശുപത്രിയില്‍ വച്ചാണ്! ഈ ആശുപത്രിയില്‍ ചാക്ക് രാധാകൃഷ്ണന് ഓഹരിയുണ്ട് എന്നും കൈതാരം ആരോപിക്കുന്നു. സിബിഐ അന്വേഷണ കാലത്ത് രാധാകൃഷ്ണന്‍ ഒളിവില്‍ താമസിച്ചിരുന്നതും ഇതേ ആശുപത്രിയിലാണെന്നും എല്ലാ മരണങ്ങള്‍ക്കു പിന്നിലും ഒരേയാളുകളുടെ സാന്നിധ്യം കാണാനാകുന്നത് തന്നെയാണ് ഇതിലെ ദുരൂഹതയെന്നും ജോയ് കൈതാരം പറയുന്നു.
സംശയങ്ങളുടെ മുന നീളുന്ന ചാക്ക് രാധാകൃഷണന്‍
സ്‌കൂളിലെ പ്യൂണായി തുടക്കം. പിന്നീട് ബോംബെയില്‍ നിന്നും ടിടിസി പാസായി തിരിച്ചു വന്ന് അധ്യാപകവൃത്തി. അതവസാനിപ്പിച്ച് ബിസിനസിലേക്ക്. അവിടെ നിന്നും സഹസ്രകോടികളുടെ അധിപനിലേക്കുള്ള വളര്‍ച്ച. ഒരു സിനിമക്കഥപോലെയാണ് രാധാകൃഷ്ണന്റെ ജീവിതം. 1996-ല്‍ മലബാര്‍ സിമന്റ്‌സില്‍ ചാക്ക് സപ്ലൈ ചെയ്യാന്‍ വേണ്ടിയാണ് രാധാകൃഷ്ണന്‍ വരുന്നത്. കമ്പനി ആയിരത്തിയഞ്ഞൂറ് കോടിയോളം രൂപ നഷ്ടത്തിലാണെന്നും ലാഭം ലഭിക്കേണ്ടിയിരുന്ന സംഖ്യയുടെ കണക്ക് വേറെയുണ്ടെന്നുമാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. സിമന്റ് ഉത്പാദിപ്പിക്കുന്ന കമ്പനി നഷ്ടത്തിലാണെങ്കിലും സിമന്റ് നിറയ്ക്കുന്ന ചാക്ക് സപ്ലൈ ചെയ്ത രാധാകൃഷ്ണന്റെ സമ്പാദ്യം ഏതാണ്ട് രണ്ടായിരത്തിയഞ്ഞൂറ് കോടിയോളമാണെന്നു പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നിടത്താണ് രാധാകൃഷ്ണന്റെ ബിസിനസ് വളര്‍ച്ചയെ മനസിലാക്കേണ്ടത്.
യുഡിഎഫിലെ ഒരു പ്രമുഖനുമായുള്ള അടുപ്പമാണ് രാധാകൃഷ്ണനെ മലബാര്‍ സിമന്റ്‌സിലെത്തിക്കുന്നത്. അങ്ങനെ സിമന്റ് നിറയ്ക്കാനുള്ള ചാക്ക് എത്തിക്കുന്നതിനുള്ള ക്വട്ടേഷന്‍ സംഘടിപ്പിച്ച് ചാക്ക് ബോംബെയില്‍ നിന്നും വരുത്തി കൊടുത്ത് രാധാകൃഷ്ണന്‍ ബിസിനസ് തുടങ്ങി. അതോടെയാണ് വി എം രാധാകൃഷ്ണന്‍ ചാക്ക് രാധാകൃഷ്ണന്‍ ആകുന്നത്. ചാക്ക് കച്ചവടത്തിന് വന്ന രാധാകൃഷ്ണന്‍ പിന്നീട് കമ്പനിയിലെ എല്ലാ അസംസ്‌കൃത വസ്തുക്കളുടെയും മിഷണറികളുടെയും സപ്ലൈയര്‍ ആയി. അതിന്റെയൊക്കെ കൊട്ടേഷനും ടെന്‍ഡറും രാധാകൃഷ്ണനു മാത്രമായി കിട്ടി. രാഷ്ട്രീയ പ്രമുഖന്റെ ബിനാമിയുമായിരുന്നു എന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. ഒരു പാര്‍ട്ടിയുമായും ഒരു നേതാവുമായും മാത്രമല്ല രാധാകൃഷ്ണന്‍ ചാങ്ങാത്തം കൂടിയത്. ഇടതിലേയും വലതിലെയും നേതാക്കന്മാരുടെ ബിനാമിയും കൂട്ടാളിയുമായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഷ്ട്രീയ നേതാക്കളുടെ മക്കളെ പഠിപ്പിക്കുന്ന സമ്പത്തിന്റെ ധാതാവായി. വേണ്ടതെല്ലാം വേണ്ടപ്പെട്ടവര്‍ ചെയ്തുകൊടുക്കുന്നയാളായി. മൂന്നാമതൊരു പാര്‍ട്ടി കേരളത്തില്‍ ശക്തിയാര്‍ജ്ജിച്ചു വന്നപ്പോള്‍ അവര്‍ക്കും വേണ്ടപ്പെട്ടവനായി. വിവാദ നായകനായി നില്‍ക്കുമ്പോള്‍ പോലും പാര്‍ട്ടി പത്രത്തിന് ഫുള്‍പേജ് പരസ്യം നല്‍കി തന്റെ കടപ്പാട് പ്രകടിപ്പിക്കാനും രാധാകൃഷ്ണന്‍ തയ്യാറായിട്ടുണ്ട്. ആരു ഭരിച്ചാലും വ്യവസായ വകുപ്പിന് രാധാകൃഷ്ണന് ഒരുപോലെ പ്രിയപ്പെട്ടവനാണ്. മലബാര്‍ സിമന്റ്‌സില്‍ രാധാകൃഷ്ണനുള്ള സ്വാധീനം വളരെ വലുതായിരുന്നു. കമ്പനിയുടെ നടത്തിപ്പില്‍ വരെ അയാള്‍ ഇടപെടല്‍ നടത്തിയെന്നുണ്ട് ആരോപണങ്ങള്‍. ആരോപണങ്ങളും കേസുകളും വരുമ്പോഴും രാധാകൃഷ്ണന്‍ ഓരോരോ കരാറുകളായി സ്വന്തമാക്കി കൊണ്ടുമിരുന്നു. അതിലൂടെയെല്ലാം തന്റെ സമ്പാദ്യം വളര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു രാധാകൃഷ്ണന്‍.
ഈ സമ്പാദ്യത്തിന്റെ ഓരോ ഭാഗവുമാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിക്കൊണ്ടിരിക്കുന്നത്. മലബാര്‍ സിമന്റ്‌സ് അഴിമതി കേസുമായി ബന്ധപ്പെട്ടു തന്നെയായിരുന്നു ചാക്ക് രാധാകൃഷ്ണന്റെ 23 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. 10 വര്‍ഷം മുമ്പ് നടന്ന കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി വന്നതും. മലബാര്‍ സിമന്റ്‌സിലേക്ക് ചാക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് രാധാകൃഷ്ണന്‍ അഴിമതി നടത്തിയെന്നായിരുന്നു കേസ്. 2004 മുതല്‍ 2008 വരെയുള്ള കാലത്താണ് അഴിമതി നടന്നത്. വിജിലന്‍സ് അന്വേഷണം നടത്തിയപ്പോള്‍ 23 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.
വീട്, 11 അപ്പാര്‍ട്ട്‌മെന്റുകള്‍, രണ്ട് ഹോട്ടല്‍ സമുച്ചയങ്ങള്‍, കോഴിക്കോടും വയനാടും പാലക്കാടുമുള്ള സ്വത്തുക്കള്‍ തുടങ്ങിയ 21 ആസ്തികളാണ് കണ്ടുകെട്ടിയത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കണ്ടുകെട്ടലുമുണ്ട്. തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ മുന്‍ ആസ്ഥാനമന്ദിരമാണത്. കെട്ടിടവുമായി ബന്ധപ്പെട്ട ഇടപാടില്‍ സിപിഎമ്മിന് രാധാകൃഷ്ണന്‍ നല്‍കിയത് അഴിമതിപ്പണമാണെന്ന കണ്ടെത്തലാണ് നടപടിക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍. ഇ.പി. ജയരാജന്‍ ദേശാഭിമാനി ജനറല്‍ മാനേജറായിരിക്കുന്ന സമയത്താണ് വിഎം രാധാകൃഷ്ണന് വസ്തു കച്ചവടം ചെയ്തു കൊടുക്കുന്നത്. 2012 ജൂലൈയില്‍ നടന്ന വില്‍പനയില്‍ ഇടപാടിന്റെ വില കുറച്ചു കാണിച്ചെന്നും ബിനാമി ഇടപാടാണെന്നും വിമര്‍ശനം ഉണ്ടായിരുന്നു. 32 സെന്റ് ഭൂമിയും കെട്ടിടവും ഉള്‍പ്പെടുന്ന വസ്തു 3.3 കോടി രൂപയ്ക്കാണ് രാധാകൃഷ്ണന്റെ സൂര്യ ഗ്രൂപ്പ് സ്വന്തമാക്കിയത്. തിരുവനന്തപുരത്ത് ദേശാഭിമാനിയുടെ ഭൂമി വാങ്ങാന്‍ പണം എവിടെ നിന്നാണെന്നു രാധാകൃഷ്ണന്‍ ബോധ്യപ്പെടുത്തിയിട്ടില്ലായിരുന്നു. അതുപോലെ, സൂര്യ ഇന്റര്‍നാഷണലിന്റെ പല സ്ഥാപനങ്ങളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചും കൃത്യമായ വിവരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജിയില്‍ മൂന്നാം ദിവസം അനുകൂലമായ ഉത്തരവ് വരികയുണ്ടായി. ശശീന്ദ്രനും മക്കളും മരിച്ചതിന്റെ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊടുത്ത ഹര്‍ജി എട്ടുവര്‍ഷമായിട്ടും അട്ടപ്പുറത്ത് ഇരിക്കുമ്പോഴായിരുന്നു അത്. കമ്പനിയില്‍ നടന്ന കോടികളുടെ അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്നു പറഞ്ഞു നല്‍കിയ ഹര്‍ജിയിലും തീരുമാനം ഉണ്ടായിട്ടുമില്ല. അതുമായി ബന്ധപ്പെട്ട രേഖകളും ഫയലുകളും മോഷണം പോവുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിലാണ് ശശീന്ദ്രന്റെ എട്ടാമത് ചരമ വാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായി സമരം ശക്തമാക്കാന്‍ ബന്ധുക്കളും ആക്ഷന്‍ കൗണ്‍സിലും തയ്യാറെടുക്കുന്നത്.
കേരളത്തിലെ ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ച കേസുകളില്‍ ഒന്നാണ് മലബാര്‍ സിമന്റിസിലെ അഴിമതി. അത് പുറത്തു വരാതിരിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി നടന്നു വരുന്നു. യുഡിഎഫും എല്‍ഡിഎഫും കൂടി അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നു. ഭരണകൂടവും ഉദ്യോഗസ്ഥരും ഒപ്പം നില്‍ക്കുന്നു. ഭരണസിരാകേന്ദ്രത്തില്‍ ഇരിക്കുന്നവരുടെ സഹായത്തോടു കൂടി ഈ അഴിമതിയും ദുരൂഹ മരണങ്ങളുടെ പിന്നിലെ യാഥാര്‍ത്ഥ്യങ്ങളും മൂടിവയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാനാണ് സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം ആരംഭിക്കുന്നത്. ശക്തമായ പോരാട്ടങ്ങളായിരിക്കും ഉണ്ടാവുക. അതിനൊപ്പം നിയമ നടപടികളുമായും മുന്നോട്ടു പോകും. സത്യം പുറത്തു വന്നേ മതിയാകൂ. എത്ര ഉന്നതരായാലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടേ തീരൂ; ഉറച്ച് വാക്കുകളോടെ, ഈ കേസുകളില്‍ നീതി കിട്ടാന്‍ പരിശ്രമിക്കുന്നവര്‍ പറയുന്നു.