UPDATES

മലബാര്‍ സിമന്റ്‌സിലെ അഴിമതി, ദുരൂഹ മരണക്കേസില്‍ വി എസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി; ജീവന്‍ പണയം വച്ചും സമരം ശക്തിപ്പെടുത്തുമെന്ന് ആക്ഷന്‍ കൌണ്‍സില്‍

മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 12 കേസുകളില്‍ ആറെണ്ണത്തില്‍ മാത്രമാണ് ഇതുവരെയായി കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്

മലബാര്‍ സിമന്റ്‌സിലെ അഴിമതിയും ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണവും പ്രോസിക്യൂഷനും ശക്തമാക്കണം എന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും കുടുംബത്തിന്റെയും ദുരൂഹ മരണത്തിന്റെയും കമ്പനിയിലെ അഴിമതിയുടെയും അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്റെ കുടുംബവും വിവിധ സംഘടനകളും വിജിലന്‍സ് ബ്യൂറോയ്ക്ക് മുമ്പില്‍ ധര്‍ണ നടത്തി വരുന്നതിനിടയിലാണ് വി എസ്സും ഇക്കാര്യത്തില്‍ ഇടപെട്ടിരിക്കുന്നത്.

മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വീണ്ടും സമരം ശക്തമാക്കുകയുമാണ്. ശശീന്ദ്രന്റെയും മക്കളുടെയും മരണം മലബാര്‍ സിമിന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പട്ടതായതിനാല്‍ പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാരോപിച്ചാണ് വീണ്ടും സമരം തുടങ്ങുന്നത്. ശശീന്ദ്രന്റെ മരണത്തിനു കാരണമായ മലബാര്‍ സിമന്റ്‌സിലെ അഴിമതി കേസുകള്‍ക്ക് തുമ്പില്ലാതാക്കാനാണ് വിജിലിന്‍സ് ശ്രമിക്കുന്നതെന്നും ജനങ്ങളോട് ഉള്ളതിനേക്കാള്‍ പ്രതിബദ്ധത ഭരണകൂടത്തിന് ഒരു ചാക്ക് കച്ചവടക്കാരനോട് ആയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നുമാണ് സമരത്തിനു നേതൃത്വം കൊടുക്കുന്ന മലബാര്‍ സിമന്റ്‌സ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നത്. മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുകളില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുക എന്ന ആവശ്യമുന്നയിച്ച് പാലക്കാട് വിജിലന്‍സ് ഓഫീസിന് മുമ്പില്‍ നടത്തിയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയിരുന്നു.

മലബാര്‍ സിമിന്റസിലെ അഴിമതിയുടെ ഇരയാണ് ശശീന്ദ്രന്‍. ആ അഴിമതിയുടെ ആസൂത്രകന്‍ തന്നെയാണ് ഈ കൊലക്ക് പിന്നില്‍. സര്‍ക്കാരുകളെ മാത്രമല്ല, ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും സ്വാധീനിക്കാന്‍ പോന്ന രീതിയിലേക്ക് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ടികള്‍ മുന്നണി ഭേദമില്ലാതെ അയാളെ വളര്‍ത്തി. അതിനെതിരേ ശക്തമായി, ജീവന്‍ പണയംവച്ചും സമരം ശക്തിപ്പെടുത്തും; ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ജോയ് കൈതാരം പറയുന്നു.

മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 12 കേസുകളില്‍ ആറെണ്ണത്തില്‍ മാത്രമാണ് ഇതുവരെയായി കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ കേസുകളില്‍ തന്നെ ഇതുവരെ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രത്തില്‍ നിന്നും വിവാദ വ്യവസായി വി എം രാധാകൃഷ്ണന്‍(ചാക്ക് രാധാകൃഷ്ണന്‍), മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി, ടി പത്മനാഭന്‍ നായര്‍, എം മുരളീധരന്‍ നായര്‍, കെ പ്രകാശ് ജോസഫ് എന്നിവരെ പ്രതികളാകുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയെടുക്കാന്‍ വിജിലന്‍സ് ആസ്ഥാനം കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തുന്നുണ്ടെന്നും പാലക്കാട് വിജിലന്‍സിലെ ഉദ്യോഗസ്ഥര്‍ ഇതിനു കൂട്ടുനില്‍ക്കുന്നുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ആരോപണം ഉയര്‍ത്തുന്നു. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ 2016 ല്‍ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളുടെ അന്വേഷണം പാലക്കാട് വിജിലന്‍സാണ്. ഇവര്‍ക്കെതിരെയാണ് കൃത്യവിലോപനത്തിന്റെ പേരില്‍ ആക്ഷന്‍ കൗണ്‍സില്‍ പരാതി ഉയര്‍ത്തുന്നതും.

ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണങ്ങളും മരണങ്ങളിലേക്ക് നയിച്ച അഴിമതിക്കേസുകളുമായും ബന്ധപ്പെട്ട മുഖ്യസാക്ഷികളായിരുന്ന ടീന, സതീന്ദ്രകുമാര്‍ എന്നിവരടക്കം ആറോളം പേര്‍ ദുരൂഹമായ രീതിയില്‍ മരണപ്പെട്ടിരുന്നു. ഇതില്‍ ടീന ശശീന്ദ്രന്റെ ഭാര്യയാണ്. ഇത്രയൊക്കെ നടന്നിട്ടും അധികാര കേന്ദ്രങ്ങളും അന്വേഷണ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളും ബോധപൂര്‍വം ഒന്നും കണ്ടില്ലെന്നു നടിക്കുകയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു.

മലബാര്‍ സിമന്റ്‌സിലെ അഴിമതികളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഉണ്ടായിരുന്ന കേസ് ഫയലുകള്‍ കോടതിയില്‍ നിന്നും കാണാതെ പോയ സംഭവത്തില്‍ ഉന്നതതല ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ജോയ് കൈതാരത്ത് ആരോപിക്കുന്നു. കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ ഓരോരുത്തരെയായി ഒഴിവാക്കിയെടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണങ്ങളും അഴിമതിക്കേസുകളും അധികാര കേന്ദ്രങ്ങളുടെ ഒത്താശയോടെ അട്ടിമറിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി കണ്ടുകെട്ടിയ മലബാര്‍ സിമന്റ്‌സ് അഴിമതി പണം ഉപയോഗിച്ച് വി എം രാധാകൃഷ്ണന്‍ വാങ്ങിയ തിരുവനന്തപുരത്തെ ദേശാഭിമാനി കെട്ടിടം അടക്കമുള്ള അനധികൃത സമ്പാദ്യങ്ങള്‍ രാധാകൃഷ്ണന് തന്നെ തിരികെ ലഭിക്കാനുള്ള ഗൂഢനീക്കവും ഉന്നത തലത്തില്‍ നടക്കുന്നതായും ആക്ഷന്‍ കൗണ്‍സില്‍ പറയുന്നു.

സാഹചര്യങ്ങള്‍ കുറ്റവാളികള്‍ക്ക് അനുകൂലമായി നില്‍ക്കുന്നതുകൊണ്ടാണ്, അഴിമതിക്കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തവരെ രക്ഷിക്കാനുള്ള വിജിലന്‍സ് നീക്കം അവസാനിപ്പിക്കുക, മലബാര്‍ സിമന്റ്‌സിലെ മുഴുവന്‍ അഴിമതിക്കേസുകളും സമയബന്ധിതമായി അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കുക, കോടതിയിലെ വിചാരണ നടപടികള്‍ കാലതാമസമെടുക്കാതെ പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക ചുമതല നല്‍കി പ്രോസിക്യൂട്ടറെ നിയമിക്കുക, സര്‍ക്കാര്‍ അഭിഭാഷകരുടെ പ്രതികളുമായുള്ള ഒത്തുകളി അവസാനിപ്പിക്കുക, അഴിമതിക്കാരെയും പ്രതികളെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധ ധര്‍ണ നടത്തിയതെന്ന് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നു.

കേരളം ഞെട്ടിയ ആറ് ദുരൂഹമരണങ്ങള്‍; കേസ് ഫയലുകള്‍ മോഷ്ടിച്ച് ഹൈക്കോടതിയെ പോലും ഞെട്ടിച്ച മലബാര്‍ സിമന്റ്സിലെ രാഷ്ട്രീയ-ബിസിനസ് മാഫിയയുടെ പങ്കെന്ത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍