UPDATES

ട്രെന്‍ഡിങ്ങ്

മലമ്പുഴയിലെ അനധികൃത റിസോര്‍ട്ടിന് മന്ത്രി വക ഉദ്ഘാടനം; നിയമലംഘനം അറിഞ്ഞില്ലെന്നും അന്വേഷിക്കുമെന്നും കടകംപള്ളി

മലമ്പുഴ ഡാമിന് സമീപം തെക്കേ മലമ്പുഴയിൽ മൂന്നു മാസം മുൻപാണ് സ്വകാര്യ ആയുർവേദ റിസോർട്ടിന്റെ നിർമാണം തുടങ്ങിയത്

മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്തോട് ചേര്‍ന്ന് നിർമ്മിക്കുന്ന അനധികൃത റിസോർട്ടിന്റെ കാര്യത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ഉരുണ്ടുകളിക്കുന്നതിനിടെ പദ്ധതി കോൺസെപ്റ്റ് ലോഞ്ച് ഉദ്‌ഘാടനം ചെയ്തത് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അതേസമയം ഡാമിന്റെ സമീപത്ത് നിയമം ലംഘിച്ചാണ് റിസോർട്ട് നിർമ്മിക്കുന്നതെന്ന് ആരും ഇതേവരെ തന്നോട് പറഞ്ഞിട്ടില്ലെന്ന് മന്ത്രി അഴിമുഖത്തോടു പറഞ്ഞു.

“ഒരു ചെറുപ്പക്കാരൻ ചെയ്യുന്ന സംരംഭത്തെ പ്രോത്സാഹിപ്പിക്കുകയെന്ന നല്ല ഉദ്ദേശം മാത്രമേ എനിക്കുള്ളൂ. ഇക്കാര്യം ഇപ്പോഴാണ് അറിയുന്നത്. ഒരാളും ഇതേവരെ ഇക്കാര്യം സൂചിപ്പിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് കാര്യമായി അന്വേഷണം നടത്തും”, മന്ത്രി പറഞ്ഞു. പാലക്കാട് ടോപ് ഇൻ ടൌൺ കൺവെൻഷൻ സെന്ററിൽ ആയിരുന്നു പദ്ധതി കൺസെപ്റ്റ് ലോഞ്ചിങ്. മന്ത്രിക്ക് പുറമെ ഷാഫി പറമ്പിൽ എം.എൽ.എ, എം.ബി. രാജേഷ് എം.പി, പാലക്കാട്‌ നഗരസഭാ വൈസ് ചെയർമാൻ കൃഷ്ണദാസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രമുഖ പത്രങ്ങളിൽ നൽകിയ പരസ്യങ്ങളിലൂടെ റിസോർട്ട് ഉടമകൾ അറിയിച്ചിരുന്നു. എന്നാൽ മന്ത്രിയൊഴികെ മറ്റാരും ചടങ്ങിന് എത്തിയിരുന്നില്ല.

മലമ്പുഴ ഡാമിന് സമീപം തെക്കേ മലമ്പുഴയിൽ മൂന്നു മാസം മുൻപാണ് സ്വകാര്യ ആയുർവേദ റിസോർട്ടിന്റെ നിർമാണം തുടങ്ങിയത്. മേഖലയിലെ രണ്ടേക്കറോളം വരുന്ന സ്ഥലത്തായിരുന്നു നിർമാണം. 1962 ലെ ഡിഫൻസ് ഇന്ത്യ ആക്ട് മറികടന്നു തുടങ്ങിയ നിർമ്മാണത്തിനെതിരെ തുടക്കത്തിൽത്തന്നെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധമുയർത്തി. 1962 ലെ കേന്ദ്രസർക്കാരിന്റെ ഡിഫൻസ് ഇന്ത്യ ആക്ട് പ്രകാരം ഡാമും ഡാമിന്റെ 300 മീറ്റർ ചുറ്റളവും സംരക്ഷിത മേഖലയാണ്. ഇതിനുള്ളിൽ യാതൊരുവിധ നിർമാണ പ്രവർത്തനങ്ങളും പാടില്ലെന്നാണ് നിയമം. എന്നാൽ റിസോർട്ട് നിർമ്മിക്കുന്ന സ്ഥലത്തിന് ഡാമിൽ നിന്നും 100 മീറ്റർ പോലും ദൂരമില്ല. ഇതാണ് പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധത്തിനിടയാക്കിയത്. പ്രതിഷേധത്തെത്തുടർന്ന് മലമ്പുഴ ഒന്ന് വില്ലേജ് ഓഫീസർക്കു നിർമാണം നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ട് ഉടമകൾക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കേണ്ടി വന്നു. സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമാണ പ്രവർത്തനങ്ങൾ തുടർന്നതോടെ രണ്ടു മാസം മുൻപ് പാലക്കാട് അഡീഷണൽ തഹസിൽദാർ എത്തി നിർമാണസ്ഥലത്തുനിന്നും ജെ.സി.ബി പിടിച്ചെടുക്കുകയുമുണ്ടായി. എന്നാൽ മുടങ്ങിക്കിടന്ന പദ്ധതി ഇപ്പോൾ വീണ്ടും നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് റിസോർട്ട് ഉടമകൾ. ഇതിന്റെ ഭാഗമായായിരുന്നു പദ്ധതിയുടെ കൺസെപ്റ്റ് ലോഞ്ചിങ്.

സ്റ്റോപ്പ് മെമ്മോ നല്കിയതിനെക്കുറിച്ചു ഒന്നും പറയില്ലെന്ന് വില്ലേജ് ഓഫീസർ, റിസോർട്ട് നിർമ്മാണത്തെക്കുറിച്ച് പുതിയതായി ഒന്നും അറിയില്ലെന്ന് ജലസേചനവകുപ്പും.

മലമ്പുഴ ഡാമിന്റെ സമീപത്തു നടക്കുന്ന സ്വകാര്യ റിസോർട്ട് നിർമാണത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ജലസേചനവകുപ്പ് അധികൃതർ പറയുന്നത്. “റിസോർട്ട് നിർമ്മിക്കുന്ന സ്ഥലം ഡാമിൽ ഉൾപ്പെട്ടതാണെന്ന പരാതി വന്നപ്പോൾ സ്ഥലം അളന്നു തിരിക്കാൻ താലൂക്ക് സർവെയർക്ക് രണ്ടുമാസം മുൻപ് കത്ത് നൽകിയിരുന്നു. എന്നാൽ ഇതേവരെ അവിടെ നിന്നും റിപ്പോർട്ട് കിട്ടിയിട്ടില്ല“, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പറയുന്നു.
അതേസമയം റിസോർട്ട് നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ കൊടുത്തിരുന്നെന്നും എന്നാൽ അത് എന്തിനാണെന്ന് പറയാൻ പറ്റില്ലെന്നുമാണ് മലമ്പുഴ ഒന്ന് വില്ലേജ് ഓഫീസർ ഇപ്പോഴും പറയുന്നത്. ഇക്കാര്യം അഴിമുഖം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു:  (മലമ്പുഴയിലെ അനധികൃത ആയുര്‍വേദ റിസോര്‍ട്ട് നിര്‍മാണം നിര്‍ത്തിച്ചു; കാരണം പറയാന്‍ പറ്റില്ലെന്ന് അധികൃതര്‍)

അഡീഷണൽ തഹസിദാർ പറയുന്നത്

രണ്ടു മാസം മുൻപ് താലൂക്ക് വികസന സമിതിയിൽ പരാതി വന്നിട്ടുണ്ടായിരുന്നു. കോടതി വിധിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചു നിർമാണം നടക്കുന്നുവെന്നും കുന്നിടിച്ചു മണ്ണെടുക്കുന്നുണ്ടെന്നുമായിരുന്നു പരാതി. ഇതിന്റെയടിസ്ഥാനത്തിൽ പ്രിൻസിപ്പൽ തഹസിൽദാർ സ്ഥല പരിശോധന നടത്തി സ്റ്റോപ്പ് മെമ്മോ കൊടുക്കാൻ മലമ്പുഴ വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകി. പരിശോധന നടത്തുമ്പോൾ സ്ഥലത്തുണ്ടായിരുന്നവർ കൃത്യമായി ഉത്തരം തന്നിരുന്നില്ല. അതുകൊണ്ടാണ് സ്റ്റോപ്പ് മെമ്മോ കൊടുത്തത്. പിന്നീട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും സ്ഥലത്ത് നിർമാണം നടക്കുന്നതായി പരാതി വന്നു. സ്റ്റോപ്പ് മെമ്മോ കൊടുത്ത സ്ഥലത്തു വീണ്ടും നിർമാണം നടത്തുന്നതുകൊണ്ടാണ് ജെ.സി.ബി പിടിച്ചെടുത്തത്.

Also Read: അനധികൃത ആയുര്‍വേദ റിസോര്‍ട്ട് ആണെങ്കില്‍ സംരക്ഷിത മേഖലയിലും ആവാം; മലമ്പുഴയില്‍ നടക്കുന്നത്

എന്നാൽ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചിട്ടില്ലെന്നാണ് റിസോർട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നവർ പറയുന്നത്. ഡാം സേഫ്റ്റി അതോറിറ്റി സ്ഥലത്തെത്തി സ്ഥലപരിശോധന നടത്തി പദ്ധതിക്ക് അംഗീകാരം നൽകിയെന്നും ഇവർ പറയുന്നു.

മലമ്പുഴയിലെ അനധികൃത ആയുര്‍വേദ റിസോര്‍ട്ട് നിര്‍മാണം നിര്‍ത്തിച്ചു; കാരണം പറയാന്‍ പറ്റില്ലെന്ന് അധികൃതര്‍

അനധികൃത ആയുര്‍വേദ റിസോര്‍ട്ട് ആണെങ്കില്‍ സംരക്ഷിത മേഖലയിലും ആവാം; മലമ്പുഴയില്‍ നടക്കുന്നത്

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍