UPDATES

ട്രെന്‍ഡിങ്ങ്

മലപ്പുറത്ത് അയ്യപ്പക്ഷേത്രം ആക്രമിക്കുകയും മലം എറിയുകയും ചെയ്ത രാമകൃഷ്ണന്‍ ലക്ഷ്യമിട്ടത് വര്‍ഗീയ സംഘര്‍ഷമെന്ന് പോലീസ്

ബിജെപി സ്ഥാനാര്‍ഥിയുടെ അനുജന് സംഭവത്തില്‍ പങ്കില്ലെന്ന് കണ്ടു വിട്ടയച്ചു

മലപ്പുറം ജില്ലയിലെ എടയൂര്‍ പഞ്ചായത്തിലുള്ള നെയ്തല്ലൂര്‍ അയ്യപ്പക്ഷേത്രം ആക്രമിച്ച കേസില്‍ അറസ്റ്റിലായ രാമകൃഷ്ണന്‍ ശ്രമിച്ചത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനെന്ന് പോലീസ്. ഇയാളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. പ്രതിക്ക് യാതൊരു വിധത്തിലുള്ള മാനസികാസ്വാസ്ഥ്യങ്ങളുമില്ലെന്നും മതസ്പര്‍ധയുണ്ടാക്കാനുള്ള ശ്രമമായിരുന്നു ക്ഷേത്രം ആക്രമിക്കുകയും മലം ചുറ്റമ്പലത്തില്‍ എറിയുകയും ചെയ്തതിനു പിന്നിലെന്ന് പോലീസ് പറയുന്നു.

ഓഗസ്റ്റ് 27ന് രാത്രിയായിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം. സികെ പാറ ശാന്തിനഗറില്‍ നെയ്തലപ്പുറത്ത് ധര്‍മ്മശാസ്ത്രാ ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠയും രക്ഷസ്സ് പ്രതിഷ്ഠയും തറയും തകര്‍ക്കുകയായിരുന്നു. ഇതുകൂടാതെ മനുഷ്യവിസര്‍ജ്യം പ്ലാസ്റ്റിക് കവറിലാക്കി ചുറ്റമ്പലത്തിനകത്തേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തിലാണ് പ്രതിയെ ക്ഷേത്രത്തിലെത്തിച്ചത്. തുടര്‍ന്ന് തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

അതേസമയം, സംഭവത്തിൽ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നയാളുടെ അനുജനുൾപ്പെടെ മുന്ന് പേർ കസ്റ്റഡിയിൽ ഉള്ളതായി നേരത്തെ റിപ്പോർട്ടുകള്‍ പുറത്തു വന്നിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന അയ്യപ്പുണ്ണിയുടെ അനുജന്‍ രാജനടക്കം മൂന്നുപേരാണ് കസ്റ്റഡിയിലുള്ളതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, രാമകൃഷ്ണന്റെ സുഹൃത്ത് കൂടിയായ രാജനെ ഇക്കാര്യത്തില്‍ എന്തെങ്കിലും അറിവ് ഉണ്ടായിരുന്നോ എന്നറിയാന്‍ വിളിച്ചു വരുത്തിയതാണെന്നും രാജന് ഇക്കാര്യത്തില്‍ പങ്കില്ലെന്നും പോലീസ് വ്യക്തമാക്കി.

വളാഞ്ചേരി സ്റ്റഷന്‍ ഇന്‍സ്പെക്ടര്‍ ടി. മനോഹരന്‍, എസ്ഐ രഞ്ജിത്ത് കെ.ആര്‍, എഎസ്ഐ ശശി, പോലീസുകാരായ കൃഷ്ണപ്രസാദ്, അനീഷ്, അനീഷ് ജോണ്‍, സജി ടി.ജെ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ വേഗത്തില്‍ കണ്ടെത്തി വര്‍ഗീയ സംഘര്‍ഷത്തിലേക്ക് പോകുമായിരുന്ന ഒരു സംഭവത്തെ തടഞ്ഞത്. ക്ഷേത്രം ആക്രമിക്കപ്പെട്ട വാര്‍ത്ത‍ പുറത്തു വന്നതിനു പിന്നാലെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രദേശത്ത് പ്രകടനം നടത്തുകയും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തില്‍ പ്രസംഗിക്കുകയും ചെയ്തതായും പ്രദേശവാസികള്‍ ഇതില്‍ പ്രതിഷേധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ക്ഷേത്രത്തിനെതിരായ ആക്രമണം ആസൂത്രിതമാണെന്നായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ നിലപാട്. തൊഴുവാനൂര്‍ വെള്ളാട്ട് ജാനകി അമ്മയുടെ ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം 45 വര്‍ഷം മുമ്പാണ് നാട്ടുകാര്‍ പുനരുദ്ധരിച്ച് പൂജ തുടങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍