UPDATES

ഇ-വില്ലേജ്, നാട്ടുകോടതി… കാവനൂര്‍ കേരളത്തിന് മുന്നില്‍ വയ്ക്കുന്ന സാധ്യതകള്‍

എങ്ങനെ ഒരു ജനസേവന കേന്ദ്രം പ്രവര്‍ത്തിക്കണമെന്ന് രാജ്യത്തിനു കാട്ടികൊടുക്കയാണ് ഈ വില്ലേജോഫീസും ഇവിടത്തെ ജീവനക്കാരും

ചെമ്പനോട് വില്ലേജ് ഓഫീസ് ഒരു അടയാളമായിരുന്നു. ഒരു ജനസേവന കേന്ദ്രം എങ്ങനെയാകാന്‍ പാടില്ലെന്നതിന്റെ അടയാളം. എന്നാല്‍ കോഴിക്കോട് ജില്ലയിലെ ചെമ്പനോട് വില്ലേജ് നിന്നൊരല്‍പ്പം അകലെയായ് മലപ്പുറം ജില്ലയില്‍ മഞ്ചേരിക്കടുത്ത് ഒരു ജനകീയ വില്ലേജോഫീസുണ്ട് കാവനൂര്‍ വില്ലേജോഫീസ്. എങ്ങനെ ഒരു ജനസേവന കേന്ദ്രം പ്രവര്‍ത്തിക്കണമെന്ന് രാജ്യത്തിനു കാട്ടിക്കൊടുക്കയാണ് ഈ വില്ലേജോഫീസും ഇവിടത്തെ ജീവനക്കാരും. നികുതി അടയ്ക്കാനായി മറ്റു വില്ലേജോഫീസുകളെപ്പോലെ പലവട്ടം കയറിയിറങ്ങി മടുക്കുന്ന അവസ്ഥ ഇവിടത്തെ ജനങ്ങള്‍ക്കില്ല. വില്ലേജ് ഓഫീസ് കയറിയിറങ്ങാതെ ഭൂനികുതി ഉള്‍പ്പെടെയുള്ളവ കാവനൂരിലെ ജനങ്ങള്‍ക്ക് വീട്ടിലിരുന്നു അടയ്ക്കാം. വില്ലേജ് ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് വളരെ പെട്ടെന്ന് സേവനം ലഭ്യമാക്കുകയാണീ ലക്ഷ്യം.

ഈ വില്ലേജ് ഓഫീസ് ‘ഇ’ ആണ്

കാവനൂരെത് ഇ-വില്ലേജ് ഓഫീസാണ്. ആധാരം, നികുതി ചീട്ട് തുടങ്ങി എല്ലാ രേഖകളും കൊണ്ട് വില്ലേജോഫീസിലെത്തുന്ന ജനങ്ങള്‍ക്ക് ആദ്യ തന്നെ അവരുടെ തണ്ടപേരില്‍ അക്കൗണ്ട് കൊടുക്കും. ആ പേരില്‍ ഡാറ്റാ എന്‍ട്രി ചെയ്യും. അതിനായി പത്തോളം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ കിട്ടികഴിഞ്ഞാല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ വീട്ടിലിരുന്നോ നികുതി അടയ്ക്കാം. വില്ലേജിലെ 50 ശതമാനം ഭൂമിയിലെ തണ്ടപേര് ഓണ്‍ലൈന്‍ സേവനത്തിനു കീഴിലാണ്. ഐടി മിഷന്റെ നേതൃത്വത്തില്‍ പത്തോളം ജീവനക്കാരാണ് സേവനങ്ങള്‍ വളരെ എളുപ്പത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ വില്ലേജ് ഓഫീസിലുള്ളത്.

വില്ലേജ് ഓഫീസിലെത്തുന്ന മുഴുവനാളുകള്‍ക്കും എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെയൊരു പരിഷ്‌ക്കരണം നടപ്പിലാക്കിയതെന്നാണ് കാവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാവതി പറയുന്നത്. ‘വില്ലേജ് ഓഫീസറായ മുകുന്ദന്‍ നല്ല രീതിയിലുള്ള ഇടപെടലുകളാണ് ഇത്തരം പദ്ധതികള്‍ നടപ്പില്‍ വരുത്താനായി നടത്തുന്നത്. അത്തരം ഇടപെടലുകള്‍ക്ക് പഞ്ചായത്തും ജനങ്ങളും എല്ലാ രാഷ്ട്രീയ നേതൃത്വവും ഉറച്ച പിന്തുണ നല്‍കുന്നുണ്ട്. ആരും വില്ലേജോഫീസില്‍ വന്നിട്ട് ബുദ്ധിമുട്ടി തിരിച്ചുപോകേണ്ട അവസ്ഥയുണ്ടാകാന്‍ പാടില്ല. പദ്ധതിയുടെ ഭാഗമായി ആദ്യം ചെയ്തത് മുഴുവന്‍ വാര്‍ഡ് മെമ്പര്‍മാരും ഈ സേവനത്തിലൂടെ ആദ്യ നികുതി അടച്ച് സംവിധാനത്തെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി. ഓരോ വീടുകളിലും ചെന്ന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ക്ലാസുകള്‍ സംഘടിപ്പിച്ചു. ജനങ്ങളെ കൃത്യമായി പുതിയ സംവിധാനത്തെ കുറിച്ച് ബോധവന്‍മാരാക്കാന്‍ സാധിച്ചു. അതിനുശേഷം പദ്ധതി വിജയകരമായി നടപ്പിലാക്കി. ജനസേവന കേന്ദ്രങ്ങള്‍ ജനസൗഹൃദവും ജനപ്രിയവുമായി മാറുമ്പോഴാണ് ജനാധിപത്യം അതിന്റെ പൂര്‍ണ അര്‍ഥത്തിലേക്ക് എത്തുന്നത്. വീടുകളിലിരുന്ന് നികുതി അടയ്ക്കാന്‍ പറ്റുന്ന തരത്തിലേക്ക് വില്ലേജിന്റെ പ്രവര്‍ത്തനം മാറ്റിക്കഴിഞ്ഞു.’ എന്നും വിദ്യാവതി വ്യക്തമാക്കി.

പുതിയ രീതി ജനങ്ങളുടെ മുകളില്‍ അടച്ചേല്‍പ്പിക്കുകയല്ല കാവനൂര്‍ വില്ലേജ് ജീവനക്കാരും പഞ്ചായത്തും ചെയ്തത്. ജനങ്ങളെ കൂടി ഉള്‍പ്പെടുത്തി എന്താണ് നടപ്പിലാക്കുന്നതെന്നും അത് എങ്ങനെ ഉപകാരപ്രദമാകുമെന്നും കൃത്യമായ ബോധ്യപ്പെടുത്തിയ ശേഷമാണ് ഇത്തരമൊരു സംവിധാനത്തിലേക്ക് മാറിയത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ഈ സംവിധാനത്തോട് ഇണങ്ങിച്ചേരാനും സാധിച്ചു. കേരളത്തിലെ മുഴുവന്‍ വില്ലേജോഫീസുകളും ഇത്തരമൊരു സംവിധാനത്തിലേക്ക് മാറുകയാണെങ്കില്‍ ചെമ്പനോട പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഇവിടത്തെ നാട്ടുകാര്‍ പറയുന്നു.

കാവനൂരെ നാട്ടുകോടതി

ഓണ്‍ലൈന്‍ വഴി നികുതി അടയ്ക്കുന്നതിനു മുമ്പേ തന്നെ സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട് കാവനൂര്‍ പഞ്ചായത്ത്. അത് ഇവിടത്തെ നാട്ടുകോടതി എന്ന വിജയകരമായ പ്രശ്നപരിഹാര സംവിധാനത്തിന്റെ പേരിലാണ്. കാവനൂര്‍ പഞ്ചായത്തില്‍ പോലീസ് സ്റ്റേഷനില്ല. അടുത്ത പോലീസ് സ്റ്റേഷന്‍ നാലു കിലോമീറ്റുകള്‍ക്കപ്പുറം അരീക്കോടാണ്. അതിനാല്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ പോലീസ് സ്റ്റേഷനിലെത്തി പ്രശ്ന പരിഹരിക്കുക എന്നത് വയ്യാവേലിയായപ്പോഴാണ് എട്ടു വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ പ്രോജക്ടിന്റെ ഭാഗമായി കാവനൂര്‍ വില്ലേജില്‍ നാട്ടുകൂട്ടം അഥവാ നാട്ടുകോടതി സംവിധാനം നിലവില്‍ വന്നത്. 2008-ല്‍ സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലും ഒന്നിച്ചു സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രോജക്ട് അതിന്റെ ലക്ഷ്യം കണ്ടത് കാവനൂരില്‍ മാത്രം. ഇപ്പോഴും ഏറ്റവും മികച്ച രീതിയില്‍ ഈ കാര്‍ഷിക ഗ്രാമം നാട്ടുകോടതി നടത്തുന്നു. അവരുടെ കൊച്ചു കൊച്ചു തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുന്നു. ആരെയും ശിക്ഷിക്കാനോ ജയിലിടക്കാനോ അല്ല മറിച്ച് പരാതികള്‍ രമ്യമായി പരിഹരിച്ച് പരസ്പര സഹകരണത്തോടെ സ്നേഹത്തോടെ മുന്നോട്ട് പോകാന്‍. എല്ലാ മാസവും മൂന്നാമത്തെ ആഴ്ച കോടതി കൂടും. വില്ലേജ് ഓഫീസില്‍ അതിനു മുമ്പായി പരാതികള്‍ സമര്‍പ്പിക്കണം. പരാതി കിട്ടിയ ഉടന്‍ പരാതിക്കാര്‍ക്കും എതിര്‍കക്ഷികള്‍ക്കും നോട്ടിസയയ്ക്കും. യോഗം ചേരുന്ന ദിവസം പ്രശ്നം ചര്‍ച്ചചെയ്ത് പരിഹരിക്കുകയും ചെയ്യും. വില്ലേജ് ഓഫീസറാണ് സമിതിയുടെ കണ്‍വീനര്‍. പഞ്ചായത്തംഗങ്ങളും ത്രിതല പഞ്ചായത്തംഗങ്ങളും നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികളും സമിതിയിലെ അംഗങ്ങളാണ്. ചെറിയ പ്രശ്നങ്ങള്‍ വലിയ സംഘര്‍ഷങ്ങളിലേക്ക് വളരുന്നത് തടയാന്‍ ഈ കോടതിയ്ക്ക് സാധിക്കുന്നു.

‘ഇത് ജനകീയ കോടതിയാണ്, ആരെയും ശിക്ഷിക്കാത്ത നാടിന്റെ ഒരുമ സംരക്ഷിക്കാനുള്ള കോടതി. എല്ലാ രാഷ്ട്രീയ-മത- സാമൂഹിക സംഘടനകളും പ്രവര്‍ത്തകരും പൊതുജനങ്ങളും ഈ സംവിധാനത്തോട് കഴിഞ്ഞ എട്ടുവര്‍ഷത്തിലധികമായി നല്ല രീതിയില്‍ സഹകരിക്കുന്നു. അതുകൊണ്ട് തന്നെ ഇവിടെ പോലീസിന് വരേണ്ടി വരാറില്ല. പരാതികള്‍ രമ്യമായി പരിഹരിക്കണം എന്നാഗ്രഹവുമായാണ് എല്ലാവരും എത്തുന്നത്. എല്ലാവര്‍ക്കും പറയാനുള്ളത് കേട്ട് അതില്‍ നിന്നു ന്യായം കണ്ടെത്തുകയാണ് ചെയ്യുന്നത്. ഈ കോടതിയുടെ വിധി നാട്ടുകാര്‍ക്ക് അവസാനവാക്കാണെന്നതിന്റെ തെളിവാണ് കഴിഞ്ഞ എട്ടുവര്‍ഷങ്ങള്‍. അവരുടെ നിയമസഭയാണ്.’ എന്ന് വിദ്യാവതി പറഞ്ഞു നിര്‍ത്തി.

കാവനൂരുകാര്‍ അവരുടെ മാതൃക കോടതിയും വില്ലേജ് ഓഫീസുമൊക്കെ കേരളത്തിന് മുന്നില്‍ വെയ്ക്കുകയാണ്. തങ്ങള്‍ക്കിടയില്‍ നിസാരകാര്യങ്ങള്‍ കൊണ്ടുണ്ടാകുന്ന തര്‍ക്കം ഇവര്‍ നിസാരമായി തന്നെ പരിഹരിക്കുന്നു. സാധാരണക്കാരായ മനുഷ്യര്‍ ജനാധിപത്യത്തിന്റെ വീഥികള്‍ പരിശീലിക്കുന്നത് ഇങ്ങനെയെക്കെയാണ്. അതിന് ഇത്തരം വേദികള്‍ ഉണ്ടാക്കുക എന്നതാണ് പ്രധാനം. കാവനൂര്‍ കാണിച്ചുതരുന്നത് അതാണ്.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍