UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഗം മാറാന്‍ ഏലസും മന്ത്രവാദവും; നിലമ്പൂരില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെട്ട നാലു കുട്ടികളെയും മാതാവിനേയും രക്ഷിച്ചു

ഒമ്പത്, ആറ്, മൂന്ന്, രണ്ട് വയസ്സുകളുള്ള ഈ കുട്ടികളെ രോഗംവന്നാല്‍ മന്ത്രവാദികളെ കാണിക്കുകയും ഏലസ് ധരിപ്പിക്കുകയുമാണ് ചെയ്തിരുന്നത്.

മലപ്പുറം നിലമ്പൂരില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെട്ട നാലു കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷിച്ചു. കൂട്ടത്തില്‍ കുട്ടികളുടെ മാതാവിനേയും രക്ഷിച്ചു. കാളികാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൂങ്ങോട് പ്രദേശത്താണ് സംഭവം. കുട്ടികളേയും മാതാവിനേയും അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ഒമ്പത്, ആറ്, മൂന്ന്, രണ്ട് വയസ്സുകളുള്ള ഈ കുട്ടികളെ രോഗംവന്നാല്‍ മന്ത്രവാദികളെ കാണിക്കുകയും ഏലസ് ധരിപ്പിക്കുകയുമാണ് ചെയ്തിരുന്നത്. കുട്ടികളെ സ്‌കൂളിലോ അങ്കണവാടിയിലോ വിടുന്നുമില്ല. യുവതിയുടെ മാതാവ് കുട്ടികളെ മര്‍ദിക്കുന്നതായും അയല്‍ക്കാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വേദനകൊണ്ട് പുളയുന്ന മൂന്നുവയസ്സുള്ള പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ടാണ് അയല്‍വാസികള്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചത്. തിങ്കളാഴ്ച സ്ഥലത്ത് എത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളുടേയും മാതാവിന്റെയും ആരോഗ്യസ്ഥിതി അപകടമാണെന്ന് കണ്ട് അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

യുവതിയുടെ മാതാവ് എതിര്‍ത്തെങ്കിലും പോലീസ് ഇടപെട്ട് അഞ്ചുപേരെയും ചൈല്‍ഡ് ലൈനിനെ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടികളില്‍ മൂന്നു വയസ്സുകാരിയുടെ അവസ്ഥ പരിതാപകരമാണ്. വേണ്ട സംരക്ഷണവും പോഷകാഹാരവും ലഭിക്കാത്തതിനാല്‍ ആരോഗ്യനില അങ്ങേയറ്റം ദയനീയമാണ്.

കൈകാലുകള്‍ ശോഷിച്ച നിലയിലുള്ള കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്. മാസം തികയാതെയാണ് ആശുപത്രിയിലേക്ക് പോകുന്ന വഴിയിലായിരുന്നു ഈ കുട്ടിയെ യുവതി പ്രസവിച്ചത്. തിരിച്ച് വീട്ടില്‍ എത്തിയശേഷം കുട്ടിയെ പിന്നീട് ഒരിക്കല്‍ പോലും ആശുപത്രിയില്‍ കാണിക്കാന്‍ അനുവദിച്ചിട്ടില്ല.

കുട്ടികളെയും മാതാവിനെയും സര്‍ക്കാരിന്റെ അധീനതയിലുള്ള മൈലപ്പുറം അഭയ കേന്ദ്രത്തിലേക്കാണ് മാറ്റിയിട്ടുള്ളത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ ശരണ്യ, രാജു കൃഷ്ണ, കാളികാവ് എ എസ് ഐ കെ രമേഷ് ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ് വെണ്ണീറിങ്ങല്‍, വിജയന്‍, കെ സുവര്‍ണ, പി കെ ശ്രീജ എന്നിവരുടെ ഇടപെടലോടെയാണ് ഇവരെ രക്ഷിക്കാന്‍ സാധിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍