UPDATES

ട്രെന്‍ഡിങ്ങ്

പത്രത്തോടൊപ്പം മാതൃഭൂമി വീട്ടിലെത്തിക്കുന്ന മറ്റൊരു സംസ്കാരം: ദുരന്തമുഖത്ത് ടൈംസ് ഓഫ് ഇന്ത്യ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം നടത്തുമ്പോൾ

കേരളത്തില്‍ വനനശീകരണം കൂടുതലാണെന്ന ടൈംസ് ഓഫ് ഇന്ത്യയുടെ ഈ പ്രസ്താവനയെ അവരുടെ തന്നെ വാർത്ത ചൂണ്ടിക്കാട്ടി പ്രതിരോധിക്കുന്നുണ്ട് ചിലർ.

കേരളം വെള്ളപ്പൊക്ക ദുരിതത്തിൽ നിന്നും കരകയറാൻ കഷ്ടപ്പെടുന്നതിനിടെ വിദ്വേഷപ്രചാരണവുമായെത്തിയ ടൈംസ് ഓഫ് ഇന്ത്യക്കും ചീഫ് കാർട്ടൂണിസ്റ്റ് സന്ദീപ് അധ്വാര്യുവിനും എതിരെ മലയാളികൾ. മുഖ്യമന്ത്രി പിണറായി വിജയനെയും, കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന പ്രയോഗത്തെയും ചേർത്തു കെട്ടി കളിയാക്കിക്കൊണ്ടുള്ള സന്ദീപിന്റെ കാർട്ടൂൺ ടൈംസ് ഓഫ് ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

‘ദൈവമേ ഇത് നിങ്ങളുടെ നാടല്ലേ’ എന്ന് പിണറായി വിജയൻ ചോദിക്കുന്നതായി കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നു. അപ്പോൾ ദൈവത്തിന്റെ മറുപടി ‘അത് നിങ്ങളുടേതു കൂടിയാണ്’ എന്ന പ്രസ്താവനയാണ്. കൂടെ കേരളത്തിലെ വെള്ളപ്പൊക്കം വനനശീകരണം മൂലമാണെന്ന് തലക്കെട്ടുള്ള ഒരു പത്രവും ചിത്രീകരിച്ചിരിക്കുന്നു.

കേരളത്തില്‍ വനനശീകരണം കൂടുതലാണെന്ന ടൈംസ് ഓഫ് ഇന്ത്യയുടെ ഈ പ്രസ്താവനയെ അവരുടെ തന്നെ വാർത്ത ചൂണ്ടിക്കാട്ടി പ്രതിരോധിക്കുന്നുണ്ട് ചിലർ. കേരളത്തിലെ വനവൽക്കരണം 1,043 സ്ക്വയർ കിലോമീറ്റർ വളർന്നു എന്ന 2018 ഫെബ്രുവരിയിലെ ടൈംസ് ഓഫ് ഇന്ത്യ വാർത്തയാണ് സോഷ്യൽ മീഡിയ ഉയർ‌ത്തിക്കാട്ടുന്നത്. വസ്തുതകൾ ഇങ്ങനെയായിരിക്കെ, ദുരന്തമുഖത്ത് ആത്മവിശ്വാസം പകരേണ്ട ചുമതലയുള്ള മാധ്യമങ്ങൾ വിദ്വേഷപ്രചാരണത്തിനിറങ്ങുന്നതിന്റെ നൈതികതയെയാണ് പലരും ചോദ്യം ചെയ്യുന്നത്. മാതൃഭൂമി പത്രത്തോടൊപ്പം പ്രത്യേക സ്കീം വഴി കേരളത്തിൽ ഉയർന്ന സർക്കുലേഷന്‍ നേടിയിട്ടുള്ള പത്രം കൂടിയാണ് ടൈംസ് ഓഫ് ഇന്ത്യ.

ദുരന്തത്തെ നേരിടുന്ന ജോലികളിലേർപ്പെട്ടിരിക്കുകയാണെന്നും പ്രശ്നങ്ങൾ ഒന്നൊഴിഞ്ഞോട്ടെയെന്നും സന്ദീപ് അധ്വര്യുവിന്റെ ഫേസ്ബുക്ക് പേജിൽ കമന്റിടുന്നുണ്ട് ചിലർ. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം കേരളമാണ്. രാജ്യത്ത് ഏറ്റവും കുറവ് വനനശീകരണവും കേരളത്തിലാണുള്ളത്. കഴിഞ്ഞ വർഷങ്ങളിലുള്ള ഫോറസ്റ്റ് സർവ്വേ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ വനവൽക്കരണം കൂടുകയാണുണ്ടായിട്ടുള്ളതും. മുന്‍പെങ്ങുമില്ലാതെ പെയ്ത മഴയാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍