മലയാളിക്ക് ഇതരസംസ്ഥാന തൊഴിലാളി എന്നത് പൊന്‍മുട്ടയിടുന്ന താറാവാണ്
‘ഇതരസംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്നും ക്രിമിനലുകളായ ഇവരെ കേരളത്തില്‍ നിന്നും തല്ലിയോടിക്കണ’മെന്നുള്ള ആക്രോശങ്ങള്‍ പലയിടത്തു നിന്നും ഉയരുകയാണ്. പെരുമ്പാവൂര്‍ പൂക്കാട്ടുപടിയില്‍ നിമിഷ എന്ന പെണ്‍കുട്ടിയെ പശ്ചിമബംഗാള്‍ സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളി കഴുത്ത് അറത്ത് കൊലപ്പെടുത്തിയതിനു പിന്നാലെ ഈ ആക്രോശത്തിന് ശക്തികൂടി. ‘കൊലപാതകികളും സ്ത്രീപീഡകരും മോഷ്ടാക്കളും അമിത ലഹരി ഉപയോക്താക്കളു’മൊക്കെയായ ഇതരസംസ്ഥാനക്കാര്‍ തങ്ങളുടെ സ്വൈര്യജീവിതത്തിനും മനസമാധത്തിനും തടസ്സമാകുകയാണെന്ന് നിമിഷയുടെ വീട് സ്ഥിതി ചെയ്യുന്ന എടത്തിക്കാട്, അമ്പുനാട് പ്രദേശത്തും പരിസരങ്ങളില്‍ നിന്നുമായി പലരില്‍ നിന്നായി കേട്ടു. കൃത്യമായ രേഖകള്‍ ഇല്ലാത്ത ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഉണ്ട്. അവരില്‍ ചിലര്‍ കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ഇവിടെ നടത്തിയിട്ടുമുണ്ട്. അതേസമയം ഇത്തരം ക്രിമിനലുകളെ അടക്കം ഇതരസംസ്ഥാന തൊഴിലാളികളായി ഇവിടെ വരുന്ന എല്ലാവരേയും സാമ്പത്തികമായി ചൂഷണം ചെയ്ത് ജീവിക്കുന്ന മലയാളികളെ കുറിച്ച് നാം എന്തുകൊണ്ടാണ് ചര്‍ച്ചകള്‍ നടത്താത്തത്?
നിമിഷ എന്ന പെണ്‍കുട്ടിക്ക് അത്തരത്തിലൊരു ദാരുണാന്ത്യം ഉണ്ടാകുന്നതിനു മുമ്പ് വരെ എത്ര ഇതരസംസ്ഥാനക്കാര്‍ വേണമെങ്കിലും വന്നോട്ടെ, തൊഴിലെടുത്തോട്ടോ, താമസിച്ചോട്ടെ എന്നു പ്രോത്സാഹിപ്പിച്ചവരാണ് പലരും. കാരണം, ഇതരസംസ്ഥാനക്കാരെ കൊണ്ട് അത്രകണ്ട് വരുമാനവും ലാഭവും കിട്ടിയിരുന്നു. ഇതില്‍ തൊഴിലുടമകളുണ്ട്, ഇതരസംസ്ഥാന തൊഴിലാളികളെ വിതരണം ചെയ്യുന്ന കോണ്‍ട്രാക്റ്റര്‍മാരുണ്ട്, സാധാരണക്കാരുണ്ട്. ഇവരെല്ലാം ഓരോരോ രീതിയില്‍ ഈ തൊഴിലാളികളെ ചൂഷണം ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊണ്ടിരുന്നു.
അമ്പുനാട് സ്വദേശിയായ സദാശിവന്‍ എന്ന കെഎസ്ഇബി കരാര്‍ തൊഴിലാളിയുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക; ഈ നാട്ടില്‍ ഇനിയും ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്നതില്‍ വ്യക്തിപരമായി ബുദ്ധിമുട്ടുള്ള ഒരാളാണ് ഞാന്‍. ആദ്യം മുതല്‍ അതിനെ എതിര്‍ത്തിരുന്നതുമാണ്. എന്നാല്‍ മറ്റു ചിലര്‍ക്ക് ഇവര്‍ കൂടുതല്‍ കൂടുതല്‍ വരേണ്ടത് ആവശ്യമായിരുന്നു. കമ്പനിക്കാര്‍ക്ക് മാത്രമല്ല, ഇവിടെ താമസിക്കുന്നവര്‍ക്കും. കാരണം, ആട്ടിന്‍കൂടുപോലൊരെണ്ണം റൂം ആക്കി തലയെണ്ണി കാശുവാങ്ങി ഈ ഇതരസംസ്ഥാനക്കാരെ താമസിക്കുന്നവരാണ് ഇവിടെയുള്ളവര്‍. അങ്ങനെയുള്ളവര്‍ ഇവര്‍ കൂടുതല്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൂടുതല്‍ ആളെ കിട്ടിയാല്‍ അത്രയും കാശല്ലേ കിട്ടുന്നത്. അതൊരു ബിസിനസ്സാണ്.
സദാശിവന്‍ പറഞ്ഞ ഈ ബിസിനസ്സ് പൂക്കാട്ടുപടിയില്‍ മാത്രമല്ല, കേരളത്തില്‍ ഇതര സംസ്ഥാനക്കാരുള്ള എല്ലായിടത്തും നടക്കുന്നതാണ്. ഒരു മലയാളി വാടകയ്ക്ക് താമസിക്കുന്നതുപോലെയല്ല ഇതരസംസ്ഥാനക്കാരായ തൊഴിലാളികളുടെ വാടകജീവിതം. അതെത്ര നരകതുല്യമാണെന്നത് പലവട്ടം നാം നേരില്‍ കണ്ടിട്ടുള്ളതുമാണ്. ഒരു മുറിയില്‍ പത്തും ഇരുപതും പേരാണ് താമസിക്കുന്നത്. ഒരു മലയാളി തനിക്ക് മാത്രമായി ഒരു മുറി വേണമെന്ന് നിര്‍ബന്ധം പിടിക്കുമ്പോള്‍ ഒരു ഇതരസംസ്ഥാനക്കാരന് വേണ്ടത് കിടക്കാന്‍ ഒരിടമാണ്. എടത്തിക്കാട് പ്രദേശങ്ങളില്‍ തലയെണ്ണി കാശുവാങ്ങി ഇതരസംസ്ഥാനക്കാരെ തിക്കിക്കൂട്ടി താമിക്കുന്ന വാടക മുറികള്‍ നിരവധിയുണ്ട്. മാസം ഇരുപത്തിഅയ്യായിരത്തിനു മുകളിലൊക്കെ ഇത്തരത്തില്‍ ഇതരസംസ്ഥാനക്കാരെ കൊണ്ട് സമ്പാദിച്ചു കൂട്ടുകയാണ് മലയാളി. ഇതരസംസ്ഥാനക്കാര്‍ക്കു വേണ്ടി മുറികള്‍ തിരിച്ച ലൈന്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിടുകയാണ്. കച്ചവട സ്ഥാപനങ്ങള്‍ക്കു മുകളിലോ സ്വന്തം വീടുകളോട് ചേര്‍ന്നോ ഒക്കെ ഇത്തരം വാടകയിടങ്ങള്‍ ഉണ്ടാക്കിയിടുന്നു. അതിലേക്ക് എത്രപേര്‍ വേണമെങ്കിലും വന്നോട്ടെ, കാശ് കിട്ടിയാല്‍ മാത്രം മതിയെന്നാണ്. നിമിഷയുടെ കൊലപാതകത്തിനുശേഷം തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത ആരെയും താമസിപ്പിക്കില്ലെന്ന തീരുമാനത്തിലേക്കൊക്കെ നാട്ടുകാര്‍ എത്തിയിട്ടുണ്ടെങ്കിലും ആ ദാരുണ സംഭവം നടക്കേണ്ടി വന്നു ഇത്തരമൊരു ചിന്ത ഉണ്ടാകാന്‍. അതിനു മുമ്പ് വരെ ആരൊക്കെ, എവിടെ നിന്നൊക്കെ, ഏതുതരക്കാര്‍ എന്നൊന്നും യാതൊരു അന്വേഷണവും ആര്‍ക്കുമില്ലായിരുന്നുവെന്ന് നാട്ടുകാര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
ഈ നാട്ടുകാരനായ ഒരാളുടെ കൂടി അഭിപ്രായം കേള്‍ക്കാം; വാടകയ്ക്ക് ഒരു വീട്ടില്‍ എത്രപേര്‍ക്ക് പരമാവധി താമസിക്കാം എന്നൊരു മലയാളിയോട് ചോദിച്ചാല്‍ നാലോ അഞ്ചോ പേര്‍ക്ക് എന്നായിരിക്കില്ലേ ഉത്തരം. എന്നാല്‍ ഈ തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങള്‍ കണ്ടിട്ടുണ്ടോ, 20 ഉം 30 ഉം പേരൊക്കെയാണ് ഒരു മുറിയില്‍ തന്നെ താമസിക്കുന്നത്. ഒരാളില്‍ നിന്നും രണ്ടായിരവും അയ്യായിരവുമൊക്കെ വാടകയും വാങ്ങും. ആളെണ്ണം വച്ച് തുക കൂട്ടി നോക്കിയാല്‍ ഒരു മാസം എത്ര രൂപയാണ് കിട്ടുന്നത്! ആകെ ഒരു കക്കൂസും ഒരു കുളിമുറിയും ആയിരിക്കും പത്തും അമ്പതുംപേര്‍ക്ക് കൂടിയുള്ളത്. നമ്മാളാണെങ്കില്‍ സമ്മതിക്കുമോ? ഒരാള്‍ ഉള്ളെങ്കില്‍ പോലും രണ്ട് കക്കൂസ് വേണമെന്നായിരിക്കും നിര്‍ബന്ധം. പക്ഷേ, ഇവര്‍ക്ക് ഇതിലൊന്നും ഒരു പരാതിയുമില്ല. മാത്രമല്ല, പറഞ്ഞ തീയതിക്ക് തന്നെ വാടകക്കാശ് കൊടുക്കുകയും ചെയ്യും. അതുകൊണ്ട് എത്ര പേര്‍ വന്നാലും തങ്ങള്‍ക്ക് കുഴപ്പമില്ല, അത്രയും ലാഭം എന്നു കരുതുന്നവരാണ് മലയാളികള്‍. ഈ വരുന്നവരൊക്കെ ഏതു തരക്കാര്‍ ആണെന്ന അന്വേഷണം പോലുമില്ല. ഈ തൊഴിലാളികളില്‍ ഒരാള്‍ ആയിരിക്കും ആദ്യം താമസൗകര്യം അന്വേഷിച്ച് വരുന്നത്. ഇവന് പറഞ്ഞിട്ട് മറ്റൊരാള്‍ വരും, അവന്‍ പറഞ്ഞ് അടുത്തയാള്‍…ഇങ്ങനെയാണ് ആളുകൂടുന്നത്. ഈ വരുന്നരില്‍ ഒരു രേഖയും ഇല്ലാത്തവര്‍ ഉണ്ടാകും, ക്രിമിനലുകള്‍ ഉണ്ടാകും, കൊലപാതികളോ മോഷ്ടക്കളോ ഒക്കെ കാണും. ഇതൊന്നും വാടകയ്ക്ക് ഇവരെ താമസിപ്പിക്കുന്നവര്‍ അന്വേഷിക്കുന്നില്ല. തങ്ങളില്‍ ഒരു സംശയം ഉണ്ടാകാതിരിക്കാനും താമസസൗകര്യം നഷ്ടപ്പെടാതിരിക്കാനും വാടക കൃത്യമായി കൊടുക്കാന്‍ അവര്‍ തയ്യാറാകുന്നതുകൊണ്ട് ഇവരെ കുറിച്ച് യാതൊന്നും തന്നെ അന്വേഷിക്കാനും ഉടമസ്ഥന്‍ മെനക്കെടില്ല.
ഇത്തരത്തില്‍ അമിതമായി ആളുകളെ കുത്തിനിറച്ച് ലാഭം ഉണ്ടാക്കുന്ന പ്രവണത പ്രദേശത്ത് വര്‍ദ്ധിച്ചു വരുന്നുണ്ടെന്ന് വാര്‍ഡ് മെംബര്‍ മിനിയും സമ്മതിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇവരുടെ താമസസ്ഥലവുമായി ബന്ധപ്പെട്ട് ഇടപെടേണ്ടി വന്നിട്ടുള്ളത് ശുചിത്വമില്ലായ്മയുടെയും പരിസര മലിനീകരണത്തിന്റെയും പേരിലാണെന്നും വാര്‍ഡ് മെംബര്‍ പറയുന്നു. എന്നാല്‍ ഇത്തരം താമസ ഇടങ്ങളില്‍ പൊലീസുമായി ചേര്‍ന്ന് പരിശോധനകള്‍ നടത്താന്‍ പഞ്ചായത്തിന് സാധിക്കുമെന്നും അത്തരം നടപടികള്‍ ഇനി കൈക്കൊള്ളുമെന്നും എല്ലാവരുടെയും തിരിച്ചറിയില്‍ രേഖകള്‍ പരിശോധിക്കുമെന്നും കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് ചോദ്യത്തിന് മറുപടിയായി പറയുകയുണ്ടായി. താമസസ്ഥലങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നവരില്‍ കൃത്യമായ ബോധവത്കരണം നടത്താനും പഞ്ചായത്ത് മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറയുന്നു. ഇതുകൂടാതെ പൊതുവായി ഒരു താമസകേന്ദ്രം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സ്ഥാപിക്കുന്നതിനെക്കുറിച്ച് പഞ്ചായത്ത് ആലോചിക്കുന്നുണ്ടെന്നു പ്രസിഡന്റ് പറയുന്നു.
പാന്‍ മസാലകള്‍ ധാരാളമായി ഉപയോഗിക്കുന്നവരാണ് ഇതരസംസ്ഥാനക്കാരില്‍ പലരും. പാന്‍മസാലകള്‍ക്ക് നിരോധനം ഉണ്ടായിട്ടുപോലും ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്നയിടങ്ങളില്‍ ഇവ ധാരാളമായി ഉപയോഗിക്കുന്നതിന്റെ തെളിവുകള്‍ കിട്ടുന്നുണ്ട്. അവര്‍ക്ക് എവിടെ നിന്നാണ് പാന്‍മസാലകള്‍ കിട്ടുന്നത് എന്നന്വേഷണത്തില്‍ മലയാളികള്‍ തന്നെ ഇവര്‍ക്കായി പാന്‍മസാലകളുടെ അനധികൃത വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരമാണ് കിട്ടിയത്.
ഇതരസംസ്ഥാനക്കാര്‍ വന്നുകൂടിയതോടെ തങ്ങള്‍ക്ക് ജോലിയും വേതനവും ഇല്ലാതായെന്നതാണ് ഉയരുന്ന മറ്റൊരു പരാതി. ഈ പ്രദേശങ്ങളില്‍ തൊഴില്‍ സ്ഥാപനങ്ങള്‍ നടത്തുന്നത് ബഹുഭൂരിപക്ഷവും മലയാളികള്‍ തന്നെയാണ്. മലയാളികള്‍ പണിയെടുക്കാന്‍ മടിയന്മാരാണെന്നും ചെയ്യുന്ന ജോലിയുടെ ഇരട്ടിക്കൂലി വാങ്ങുമെന്നും പ്രശ്‌നങ്ങളുണ്ടാക്കാതെ ജോലി ചെയ്തു തീര്‍ക്കാന്‍ മലയാളിക്ക് കഴിയാറില്ലെന്നും കുറ്റപ്പെടുത്തുന്നത് മലയാളികളായ തൊഴില്‍ ഉടമകള്‍ തന്നെയാണ്. ചെറുകിട ഹോളോബ്രിക്‌സ് നിര്‍മാണ യൂണിറ്റുകളില്‍ തൊട്ട് വന്‍കിട കയറ്റുമതി കമ്പനികള്‍ വരെ മലയാളികളെക്കാള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലിയെടുക്കുന്നുണ്ട്. അഞ്ചു മലയാളികളെ കൊണ്ട് ചെയ്യിക്കേണ്ട ജോലി ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കൊണ്ട് ചെയ്യിക്കാമെന്നും ഒരു മലയാളി തൊഴിലാളിക്ക് കൊടുക്കുന്നതിന്റെ പകുതിപോലും ഇതരസംസ്ഥാന തൊഴിലാളിക്ക് കൊടുക്കേണ്ടതില്ലെന്നുമുള്ള ബുദ്ധിയാണിതിനു പിന്നില്‍. ‘അവന്മാര് കാളയെപ്പോലെ കിടന്നു പണിയെടുത്തോളും വലിയ കൂലിയും കൊടുക്കേണ്ട എന്നു പറയുമ്പോള്‍’ തൊഴിലുടമയുടെ മുഖത്ത് പ്രത്യക്ഷപ്പെടുന്ന ചിരി തൊഴിലാളി ചൂഷകന്റെയാണ്. ബംഗാളിയായാലും മലയാളിയായാലും തൊഴിലാളി തൊഴിലാളി തന്നെയാണ്. കൂലിക്ക് അര്‍ഹമായ കൂലി എല്ലാവര്‍ക്കും കിട്ടണം. പക്ഷേ, ഇവിടെയതില്ല, ആരും കൊടുക്കുന്നുമില്ല, ചോദിക്കുന്നുമില്ല. തങ്ങളുടെ നാട്ടിലേക്കാള്‍ ഭേദം ഇവിടെയാണ് എന്നുമാത്രമാണ് ഈ ചൂഷണത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഓരോ ഇതരസംസ്ഥാനക്കാരനും പറയുന്നത്.
മുന്നൂറും നാന്നൂറും ദിവസക്കൂലിക്ക് കഠിനമായ ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗം ഇതരസംസ്ഥാന തൊഴിലാളികളും. ഇത്രയും കുറച്ച് തുകയാണോ ഇവര്‍ക്ക് കൂലിയായി കൊടുക്കുന്നത് എന്ന് അന്വേഷിക്കുമ്പോഴാണ് ഈ തൊഴിലാളികളെ കൊണ്ട് ലാഭം കൊയ്യുന്ന കോണ്‍ട്രാക്റ്റര്‍മാരെ കാണാന്‍ കഴിയുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ സപ്ലൈ ചെയ്ത് പണം സമ്പാദിക്കുന്ന കോണ്‍ട്രാക്റ്റര്‍മാര്‍ കൂടുകയാണ് കേരളത്തില്‍. ഓരോ കമ്പനിയും തൊഴിലിടങ്ങളും ആവശ്യപ്പെടുന്ന തൊഴിലാളികളെ ഇവര്‍ സപ്ലൈ ചെയ്യും. ഈ രീതി കമ്പനികള്‍ക്കും ഗുണമാണ്. ഒരു കേസില്‍ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളി ഏതു കമ്പനിയിലാണ് ജോലി ചെയ്തിരുന്നതെന്ന് അന്വേഷണം വന്നാല്‍ അവനെ ജോലിക്കെടുത്തത് രേഖകള്‍ എല്ലാം പരിശോധിച്ചാണോ എന്ന ചോദ്യം വരും. അല്ലെങ്കില്‍ ഈ സ്ഥാപനവും കുറ്റക്കാരാണ്. ഇത്തരം പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ ഇവരാരും ഇതരസംസ്ഥാനക്കാരെ നേരിട്ട് തൊഴിലാളികളായി വിളിക്കില്ല. പകരം തങ്ങള്‍ക്ക് ആവശ്യമായ തൊഴിലാളികളെ സപ്ലൈ ചെയ്യാന്‍ കോണ്‍ട്രാക്റ്റര്‍മാരെ സമീപിക്കും. ചോദിക്കുന്ന എണ്ണം തൊഴിലാളികളെ കോണ്‍ട്രാക്റ്റര്‍മാര്‍ കൊടുക്കും. ഇവര്‍ക്കുള്ള കൂലി ഇതേ കോണ്‍ട്രാക്റ്ററെ ഏല്‍പ്പിക്കും. ആളൊരാള്‍ക്ക് എണ്ണൂറു മുതല്‍ ആയിരം രൂപവച്ച് കമ്പനി കൂലി കൊടുത്താല്‍ കോണ്‍ട്രാക്റ്റര്‍ അത് നാന്നൂറോ മൂന്നോറോ ആക്കും ബാക്കി അയാള്‍ക്ക് ഉള്ളത്. ഈ കൂലി ഓരോരുത്തരേയും വിളിച്ച് ഏല്‍പ്പിക്കുകയില്ല, അവരുടെ കൂട്ടത്തില്‍ ഒരു ലീഡറെ തെരഞ്ഞെടുത്ത് അയാളുടെ കൈവശം ഏല്‍പ്പിക്കും.
നിമിഷയുടെ ഘാതകനായ ബിജു മുഹമ്മദ് ഹന്‍സുള്ള എന്ന ഏജന്റ് സപ്ലൈ ചെയ്ത തൊഴിലാളിയാണ്. ഇയാള്‍ അവസാനമായി ജോലി ചെയ്ത ഏകെ ഫ്ലവേഴ്‌സുകാര്‍ക്ക് ബിജു തങ്ങളുടെ ജീവനക്കാരന്‍ അല്ലെന്നു പറയാന്‍ കഴിയുന്നതും അതുകൊണ്ടാണ്. ഇതുപോലെ ഓരോ കമ്പനിക്കും തങ്ങള്‍ ആരെയും നേരിട്ട് ജോലിക്കെടുത്തിട്ടില്ലെന്നും കോണ്‍ട്രാക്റ്റര്‍ കൊണ്ടുവന്നവരാണെന്നും പറഞ്ഞ് ഒഴിയാം. അപ്പോള്‍ ചോദ്യം കോണ്‍ട്രാക്റ്ററോടാണ്. നിങ്ങളുടെ കീഴിലുള്ള എല്ലാ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും കൃത്യമായ രേഖകള്‍ ഉള്ളവരാണോ? ഇവരുടെ ജീവിതപശ്ചാത്തലം അറിയാമോ? അവര്‍ക്ക് ഒന്നും അറിയാന്‍ വഴിയില്ല. വരുന്നവനെയെല്ലാം കൂടെ നിര്‍ത്തുക മാത്രമാണ്. എങ്കിലേ ചോദിക്കുന്നവര്‍ക്കൊക്കെ സപ്ലൈ ചെയ്യാന്‍ കഴിയൂ, പണം ഉണ്ടാക്കാന്‍ കഴിയൂ. തന്റെയടുത്ത് ജോലി തേടി വന്നവന്‍ കൊലയാളിയാണോ മോഷ്ടാവാണോ ബംഗ്ലാദേശിയാണോ എന്നൊന്നും കോണ്‍ട്രാക്റ്റര്‍ തിരക്കാറില്ല.
തൊഴില്‍ തേടി എത്തുന്ന ഇതര സംസ്ഥാനക്കാര്‍ എവിടെയൊക്കെ ജോലി ചെയ്യുന്നു, എവിടെയൊക്കെ താമസിക്കുന്നു എന്നൊന്നും ഒരാളും അന്വേഷിക്കുന്നില്ല. സര്‍ക്കാര്‍ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. അതൊന്നും ഫലപ്രദമായി ഇവരുടെ അടുത്ത് എത്തുന്നില്ല. അതേസമയം തങ്ങളുടെതായ സാമൂഹ്യ ഉത്തരവാദിത്വം നാട്ടുകാര്‍ ചെയ്യുന്നുണ്ടോ? മലയാളിക്ക് ഇതരസംസ്ഥാന തൊഴിലാളി എന്നത് പൊന്‍മുട്ടയിടുന്ന താറാവാണ്. അതുകൊണ്ട് കൂടിയാണ് സകല മേഖലകളിലും ഇപ്പോള്‍ ‘ഭായി’മാര്‍ തൊഴിലാളികളായി നിറഞ്ഞുനില്‍ക്കുന്നത്. മലയാളിക്ക് ഇവരെക്കൊണ്ട് പലവിധത്തിലാണ് ലാഭം. ഇപ്പോഴത്തെ വികാരവിക്ഷോഭത്തില്‍ എല്ലാ ഇതര സംസ്ഥാനക്കാരെയും കേരളത്തില്‍ നിന്നും അടിച്ചോടിക്കാനൊക്കെ പറയുമ്പോള്‍ ഭായിമാരെ കൊണ്ട് ജീവിക്കുന്നവരാണ് നമ്മളിപ്പോള്‍ എന്നകാര്യം മറക്കരുത്.