UPDATES

വനത്തില്‍ മണ്ണിറക്കി റോഡുണ്ടാക്കി മമ്മൂട്ടിയുടെ ‘ഉണ്ട’യുടെ ചിത്രീകരണം; തടഞ്ഞ ഉദ്യോഗസ്ഥന് അട്ടപ്പാടിക്ക് സ്ഥലം മാറ്റം

ഹരിതകേരള മിഷന്റെ ബ്രാന്‍ഡ് അംബാസിഡറായ മമ്മൂട്ടിയുടെ സിനിമാ ചിത്രീകരണം തന്നെ ഇത്തരത്തില്‍ നടക്കുന്നത് വിരോധാഭാസമെന്ന് സംഭവം പുറത്തുകൊണ്ടുവന്ന ‘നൈതല്‍’ എന്ന പരിസ്ഥിതി സംഘടന

റിസര്‍വ് വനത്തില്‍ മണ്ണിടുന്നതിനെ എതിര്‍ത്ത ഉദ്യോഗസ്ഥന് അട്ടപ്പാടിക്ക് സ്ഥലം മാറ്റം. നിയമം ലംഘിച്ചുകൊണ്ട് മണ്ണിടാന്‍ അനുമതി നല്‍കിയ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ നടപടിയുമില്ല. കാസര്‍കോഡ് കാറടുക്ക മുള്ളേരിയ പാര്‍ഥക്കൊച്ചി റിസര്‍വ്വ് വനത്തിലാണ് സിനിമാ ചിത്രീകരണാവശ്യത്തിനായി അറുപത് ലോഡ് മണ്ണിറക്കിയത്. മമ്മൂട്ടി നായകനായെത്തുന്ന ‘ഉണ്ട’ എന്ന സിനിമയുടെ ചിത്രീകരണത്തിന് അനുമതി നല്‍കിയതിന് പിന്നാലെ ചിത്രീകരണ ആവശ്യത്തിനായി മണ്ണ് ഇറക്കാനും ഡിഎഫ്ഒ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് നിയമലംഘനമാണെന്ന് കണ്ടെത്തി ഡിഎഫ്ഒക്കെതിരെ നടപടിയെടുക്കണമെന്ന് മേലുദ്യോഗസ്ഥന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ റിപ്പോര്‍ട്ട് പരിഗണിക്കാതെ വനംവകുപ്പ് വീണ്ടും സിനിമയുടെ ചിത്രീകരണം അനുവദിക്കുകയായിരുന്നു. റസര്‍വ് വനത്തില്‍ മണ്ണിടാനുള്ള അനുമതി നല്‍കിയ നടപടിയെ എതിര്‍ത്ത റേഞ്ച് ഓഫീസര്‍ അനില്‍കുമാറിനെ അട്ടപ്പാടിക്ക് സ്ഥലം മാറ്റിയതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ പ്രതിഷേധമുണ്ട്. നിലവില്‍ സ്ഥലംമാറ്റിയ നടപടി കേരള അഡ്മിനിസ്ട്രീറ്റീവ് ട്രിബ്യൂണല്‍ തടഞ്ഞിരിക്കുകയാണ്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘ഉണ്ട’ യുടെ ചിത്രീകരണം പാര്‍ത്ഥക്കൊച്ചി റിസര്‍വ് വനത്തില്‍ തുടരുകയാണ്. ഛത്തീസ്ഗഡ് വനങ്ങളിലെ മാവോയിസ്റ്റ് മേഖലകളാണ് പാര്‍ഥക്കൊച്ചിയില്‍ ചിത്രീകരിക്കുന്നത്. ചിത്രീകരണത്തിനായി സപ്തംബര്‍ മാസത്തില്‍ ഡിഎഫ്ഒയുടെ സമക്ഷം അനുമതി തേടി. ഉപാധികളോടെ സിനിമ ചിത്രീകരത്തിന് അനുമതി നല്‍കാന്‍ ഡിഎഫഒക്ക് അധികാരമുണ്ട്. ഇതനുസരിച്ച് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നാലോ, അഞ്ചോ ലോഡ് മണ്ണ് വനത്തിലിറിക്കിയിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട റേഞ്ച് ഓഫീസര്‍ ആയിരുന്ന അനില്‍ കുമാര്‍ മണ്ണിറക്കുന്നത് നിര്‍ത്തി വപ്പിച്ചു. എന്നാല്‍ പിന്നീട് തനിക്ക് മുകളില്‍ വലിയ തോതില്‍ സമ്മര്‍ദ്ദമുണ്ടായെന്ന് സ്ഥലംമാറ്റ നടപടിക്ക് വിധേയനായ അനില്‍കുമാര്‍ പറയുന്നു. ഇത് പ്രശ്‌നമായതോടെ മണ്ണിടുന്നതിന് ഡിഎഫ്ഒ പ്രത്യേക ഉത്തരവ് നല്‍കി. പരിധികള്‍ പോലും നിശ്ചയിക്കാതെ നല്‍കിയ ഉത്തരവ് പ്രകാരം വനത്തിലേക്ക് അറുപത് ലോഡ് മണ്ണ് കടത്തി. എന്നാല്‍ പിന്നീട് മഴ പെയ്ത സാഹചര്യത്തില്‍ മണ്ണ് അടിഞ്ഞുകൂടി വനത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുമെന്ന് കണ്ട് അനില്‍കുമാര്‍ വീണ്ടും മണ്ണിറക്കുന്നത് നിര്‍ത്തിവപ്പിച്ചു. പാറകള്‍ക്ക് മുകളില്‍ മണ്ണ് നിരത്തി വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ പാകത്തില്‍ റോഡ് നിര്‍മ്മിക്കുകയും ചെയ്തു. അതോടെ സംഭവം മാധ്യങ്ങളില്‍ വാര്‍ത്തയാവുകയും അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ പ്രദീപ് കുമാര്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവപ്പിക്കാന്‍ ഡിഎഫ്ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. പ്രഥമദൃഷ്ട്യാ നിയമലംഘനം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മണ്ണിടാന്‍ അനുമതി നല്‍കിയത് സംബന്ധിച്ച് വിശദീകരണവും ആവശ്യപ്പെട്ടു. പിന്നീട് ചിത്രീകരണം നിര്‍ത്തുകയും ചെയ്തു.

എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സിനിമയുടെ ചിത്രീകരണം ഉപാധികളോടെ തുടരാന്‍ വനംവകുപ്പ് ഉത്തരവ് നല്‍കി. ഒക്ടോബര്‍ പത്തിനാണ് അനുമതിയും അനുബന്ധ ലൈസന്‍സുകളും റദ്ദാക്കിക്കൊണ്ടുള്ള നിര്‍ദ്ദേശം പ്രദീപ് കുമാര്‍ നല്‍കുന്നത്. ഒക്ടോബര്‍ പത്തിനായിരുന്നു ഇത്. എന്നാല്‍ പിന്നീട് വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒക്ടോബര്‍ 25ന് സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കി ഉത്തരവിറക്കി. തുടര്‍ന്നാണ് അനില്‍കുമാറിനെതിരെയുള്ള നടപടി. കാസര്‍കോഡ് റേഞ്ച് ഓഫീസറായി ചുമതലയേറ്റ് ഒരു വര്‍ഷം മാത്രം പൂര്‍ത്തിയാവുന്നതിനിടെ അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റി ഉത്തരവ് നല്‍കി. വനനിയമ പ്രകാരം പുറത്ത് നിന്ന് വനത്തിലേക്ക് മണ്ണ് കടത്താനോ നിക്ഷേപിക്കാനോ ആവില്ല. വനത്തിന്റെ സ്വാഭാവിക പ്രകൃതിക്ക് ഏതെങ്കിലും തരത്തില്‍ മാറ്റമുണ്ടാക്കില്ല എന്ന ഉറപ്പില്‍ വേണം സിനിമാ ചിത്രീകരണത്തിനും അനുമതി നല്‍കാന്‍. എന്നാല്‍ മണ്ണിട്ട റോഡ് വെട്ടിയും, മണ്ണ് നിരത്തിയും വനത്തിന്റെ നിലനില്‍ക്കുന്ന പ്രകൃതിയില്‍ മാറ്റം വരുത്തിയതായാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്.

താന്‍ നിയമപ്രകാരം പ്രവര്‍ത്തിച്ചു, കിട്ടിയത് സ്ഥലം മാറ്റം- അനില്‍കുമാര്‍

സംഭവങ്ങളെക്കുറിച്ച് റേഞ്ച് ഓഫീസര്‍ അനില്‍കുമാര്‍ പറയുന്നതിങ്ങനെ ‘കാറടുക്ക റിസര്‍വ് വനത്തിലെ മുള്ളേരിയ പാര്‍ഥക്കൊച്ചിയില്‍ പട്രോളിങ്ങിനിടെയാണ് അവിടെ കുറച്ചുപേര്‍ തമ്പടിച്ചിരിക്കുന്നത് കാണുന്നത്. സിനിമ ചിത്രീകരണം അനുവദിച്ചുകൊണ്ടുള്ള ഓര്‍ഡര്‍ എനിക്ക് ലഭിച്ചിരുന്നില്ല. ചിത്രീകരണം ആരംഭിക്കുന്നതിന് ഒന്നര മാസം മുമ്പ് തന്നെ സിനിമയുമായി ബന്ധപ്പെട്ട ചിലരാണ് അവിടെ എത്തിയിരുന്നത്. കാട്ടില്‍ പ്രവേശിക്കണമെങ്കില്‍ അതിന് വനംവകുപ്പില്‍ നിന്ന് അനുവാദം വാങ്ങണം. അവര്‍ ഡിഎഫ്ഒയുമായി സംസാരിച്ച് കാര്യങ്ങള്‍ തീരുമാനിച്ച് എത്തിയതായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ ഏറുമാടം കെട്ടിയിട്ടുണ്ട്, ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് പേര്‍ മദ്യപിച്ച്, കുപ്പിയെല്ലാം അവിടെ കിടക്കുന്നുണ്ട്. അവിടേംഇവിടേം കുറച്ച് സാധനങ്ങളും ഉണ്ട്. അപ്പോ തന്നെ അവിടെ നാലോ അഞ്ചോ ലോഡ് മണ്ണിറക്കിയിട്ടുണ്ടായിരുന്നു. അത് നിയമപ്രകാരം അനുവദിക്കാന്‍ കഴിയില്ല. അതുകൊണ്ട് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ഉടനെ വന്നു ഫോണ്‍ കോള്‍. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് വിളിക്കുന്നതെന്ന് പറഞ്ഞു. മന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്നും. ധിക്കാരപരമായി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നൊക്കെയായി വിരട്ടല്‍ ആയിരുന്നു. ഡിഎഫ്ഒയുടെ ഓര്‍ഡര്‍ എനിക്ക് കിട്ടിയിട്ടില്ല എന്ന് ഞാന്‍ പറഞ്ഞു. ആദിവാസി കോളനികളിലേക്കുള്ള റോഡിന് പോലും മണ്ണിടാന്‍ അനുമതി നല്‍കാത്തവരാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. എന്നിട്ടും മണ്ണിടാന്‍ ഡിഎഫ്ഒ ഉത്തരവ് നല്‍കി. റേഞ്ച് ഓഫീസര്‍ എന്ന നിലക്ക് എനിക്കത് അനുവദിക്കാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് മഴ ശക്തമായി വന്നത്. മണ്ണ് ഒലിച്ച് പലസ്ഥലത്തായി അടിഞ്ഞാല്‍ പ്രശ്‌നമാവും എന്നുകണ്ട് മണ്ണിടല്‍ നിര്‍ത്താന്‍ ഞാന്‍ നിര്‍ദ്ദേശം നല്‍കി. അതുകൊണ്ട് അത് 60 ലോഡില്‍ ഒതുങ്ങി. ഇല്ലെങ്കില്‍ അതിലും കൂടുതല്‍ മണ്ണ് വനത്തിലേക്ക് എത്തിയേനെ. ചിത്രീകരണ സ്ഥലത്തേക്ക് വാഹനങ്ങള്‍ കടന്നുപോകാന്‍ പാകത്തിനുള്ള വലിയ റോഡാണ് അവര്‍ മണ്ണിട്ട് ഉണ്ടാക്കിയത്. സംഭവമറിഞ്ഞ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രദീപ് സര്‍ ചിത്രീകരണം നിര്‍ത്തിവക്കാന്‍ ഡിഎഫ്ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. മണ്ണിടാന്‍ ഉത്തരവിട്ടതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ചിത്രീകരണം നിര്‍ത്തിവക്കാന്‍ ഡിഎഫ്ഒ നിര്‍ദ്ദേശം നല്‍കി. പക്ഷെ അപ്പോഴേക്കും ലെക്കേഷന്‍ വര്‍ക്ക് എല്ലാം പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രീകരണം പുനരാരംഭിക്കാന്‍ മുകളില്‍ നിന്ന് ഉത്തരവുമായി. ഞാന്‍ കാസര്‍കോഡ് എത്തിയിട്ട് ഒരു വര്‍ഷമായി. മുമ്പ് അട്ടപ്പാടിയില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചിരുന്നു. അവിടേക്ക് പോവുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായിട്ടല്ല. പക്ഷെ അത് ഇങ്ങനെയൊരു നടപടിയുടെ ഭാഗമാവുമ്പോള്‍.. ഒരു സ്ഥലം മാറ്റത്തിന് മൂന്ന് വര്‍ഷം കഴിഞ്ഞേ അടുത്ത സ്ഥലം മാറ്റമുണ്ടാകാവൂ എ്ന്നാണ് വകുപ്പിലെ ചട്ടം. പക്ഷെ അതെല്ലാം ഇതോടെ തെറ്റി.’


റോഡ് വനംവകുപ്പിന്റെയും ആവശ്യം-ഡിഎഫ്ഒ

എന്നാല്‍ സിനിമ ചിത്രീകരണത്തിന് മണ്ണ് ആവശ്യമാണെന്ന കാണിച്ച് അപേക്ഷ നല്‍കിയപ്പോഴാണ് അതിന് അനുമതി നല്‍കിയതെന്നാണ് ഡിഎഫ്ഒ എം രാജീവന്റെ വിശദീകരണം. മണ്ണിട്ട് നിര്‍മ്മിച്ച റോഡ് വനംവകുപ്പിന്റെ കൂടി ആവശ്യവും ആയിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. ‘അവര്‍ക്ക് പഴയ മാതൃകയിലുള്ള മണ്ണ് തേച്ച വീടുകളുടെ സ്ട്രക്ചര്‍ നിര്‍മ്മിക്കണമായിരുന്നു. ആ ആവശ്യത്തിന് മണ്ണ് വേണമെന്ന് കാണിച്ചാണ് അപേക്ഷ നല്‍കിയത്. ഞാന്‍ അതിന് അനുമതി നല്‍കുകയും ചെയ്തു. റോഡ് നിര്‍മ്മാണമാണ് വിഷയമായത്. എന്നാല്‍ അവിടെ കൂട്ട്‌റോഡ് ഉണ്ടായിരുന്നു. അതിലെ കുണ്ടും കുഴിയും നികത്തുക മാത്രമാണ് അവര്‍ ചെയ്തിട്ടുള്ളത്. അത് വനംവകുപ്പിനും ആവശ്യമാണ്. ആ റോഡ് കൂടി നികത്തിയത് തെറ്റായ കാര്യമായി കണക്കാക്കാനാവില്ല. വനംവകുപ്പിന്റെ വാനുകളും മറ്റും അതിലൂടെ കൊണ്ടുപോവാന്‍ കഴിയില്ലായിരുന്നു. ഇത്ര ലോഡ് മണ്ണ് എന്ന് പറഞ്ഞിട്ടല്ല അനുമതി നല്‍കിയത്. മണ്ണടിക്കാനുള്ള അനുമതിയാണ് കൊടുത്തത്. അനില്‍കുമാറിന്റെ സ്ഥലമാറ്റം ഇതിന്റെ പേരില്‍ മാത്രമല്ല. ഇതിന് മുന്നെയും പല ആരോപണങ്ങള്‍ അനില്‍കുമാറിനെതിരെ ഉണ്ടായിരുന്നു. അത് ഒരു സ്വാഭാവിക നടപടിയാണ്.’

നടന്നത് നിയമലംഘനം, നടപടിക്ക് ശുപാര്‍ശ ചെയ്തു- അഡീഷണല്‍ പിസിസിഎഫ്

തനിക്ക് നല്‍കിയ വിശദീകരണത്തില്‍ തന്നെ നിയമംലംഘിച്ചാണ് മണ്ണിടാന്‍ അനുമതി നല്‍കിയതെന്ന് ഡിഎഫ്ഒ സമ്മതിച്ചിരുന്നതായി അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (പിസിസിഎഫ്) ഇ പ്രദീപ്കുമാര്‍ പറയുന്നു. എന്നാല്‍ ഡിഎഫ്ഒയ്‌ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും യാതൊരു നടപികളും ഇതേവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. നിയമവശങ്ങള്‍ പരിശോധിച്ചാല്‍ വകുപ്പുതല നടപടിക്ക് ഡിഎഫ്ഒ അര്‍ഹനാണെന്നും പ്രദീപ്കുമാര്‍ പറഞ്ഞു. ‘ഷൂട്ടിങ്ങിന് പെര്‍മിഷന്‍ നല്‍കാന്‍ ഡിഎഫ്ഒയ്ക്ക് നിയമപരമായ അധികാരമുണ്ട്. അത് നല്‍കി. പക്ഷെ വനത്തിനുള്ളില്‍ മണ്ണിടാന്‍ കൂടി ഡിഎഫ്ഒ ഉത്തരവ് നല്‍കി. അത് നിയമലംഘനമാണ്. ഈ വിവരം അറിഞ്ഞയുടനെ ഞാന്‍ ഡിഎഫ്ഒയെ വിളിച്ച് ആ ഉത്തരവ് റദ്ദാക്കി എനിക്ക് മെയില്‍ അയക്കണമെന്ന് നിര്‍ദ്ദേശിച്ചു. അദ്ദേഹം നല്‍കിയ രണ്ട് ഉത്തരവുകളുടെ കോപ്പിയും എനിക്ക് മെയില്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് അദ്ദേഹം ഉത്തരവ് റദ്ദാക്കി അതിന്റെ കോപ്പിയും രണ്ട് ഉത്തരവുകളും എനിക്ക മെയില്‍ ചെയ്തു. റദ്ദാക്കിയ ഉത്തരവില്‍ അദ്ദേഹം പറഞ്ഞിരുന്നത് റോഡില്‍ മണ്ണിട്ടത് നിയമവിരുദ്ധമായതുകൊണ്ട് ഉത്തരവ് റദ്ദാക്കുന്നു എന്നാണ്. അതുകൂടാതെ എനിക്ക് തന്ന വിശദീകരണത്തില്‍ ഡിഎഫ്ഒ പറഞ്ഞത് തനിക്ക് ഇത് സംബന്ധിച്ച വനസംരക്ഷണ നിയമത്തെക്കുറിച്ച് അറിയുമായിരുന്നില്ല എന്നുമാണ്. അതുവഴി അദ്ദേഹം രണ്ട് കാര്യങ്ങളാണ് സമ്മതിച്ചത്. ഒന്ന്, അദ്ദേഹം നിയമലംഘനം നടത്തി, രണ്ട് മണ്ണിടാനുള്ള ഉത്തരവ് നല്‍കി. വിശദീകരണം കിട്ടയയുടന്‍ ഷൂട്ടിങ് നിര്‍ത്തി വക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. ഡിഎഫ്ഒയുടെ കുറ്റസമ്മതമുള്‍പ്പെടെ ഞാന്‍ വകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ടും നല്‍കി. ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. പക്ഷെ അതിന്റെ അന്വേഷണമൊന്നും ഉണ്ടായില്ല. സര്‍ക്കാര്‍ വീണ്ടും സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കുകയും ചെയ്തു. നിയമങ്ങള്‍ക്ക് വിധേയമായി ചിത്രീകരണം നടത്താമെന്നും, ചിത്രീകരണം കഴിഞ്ഞാല്‍ മണ്ണെടുത്ത് മാറ്റാമെന്നുമാണ് വ്യവസ്ഥ. എന്നാല്‍ ചെങ്കല്‍ പാറയുടെ മുകളില്‍ ഇട്ടിരിക്കുന്ന മണ്ണ് എങ്ങനെയാണ് അവര്‍ നീക്കം ചെയ്യുക? പുലിമുരുകന്‍ ചിത്രീകരണത്തിന് അനുമതി നല്‍കിയില്ലേ? എന്നാണ് സര്‍ക്കാരില്‍ നിന്ന് വന്ന് ചോദ്യം. പുലിമുരുകന് അനുമതി നല്‍കിയിരുന്നെങ്കിലും അവിടെ വുഡന്‍ സ്ട്രക്ചറുകള്‍ ഉണ്ടാക്കിയതല്ലാതെ മറ്റൊരു മാറ്റവും വനത്തില്‍ വരുത്തിയിരുന്നില്ല. ചിത്രീകരണം കഴിഞ്ഞപ്പോള്‍ അവര്‍ തടിക്കഷ്ണങ്ങളെല്ലാം തിരികെക്കൊണ്ടുപോവുകയും ചെയ്തു. ഇവിടെ അതല്ലല്ലോ സംഭവിച്ചിരിക്കുന്നത്? പറഞ്ഞാല്‍ കേള്‍ക്കുന്നയാളുകള്‍ ഉണ്ടാവുന്നതാണല്ലോ എല്ലാവര്‍ക്കും താത്പര്യം. അതുകൊണ്ടുതന്നെ ഡിഎഫ്ഒയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാലും അത് ശരിയായ രീതിയില്‍ നടക്കുമെന്നില്ലല്ലോ. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഡിഎഫ്ഒ പരിപൂര്‍ണമായി നിയം ലംഘച്ചിരിക്കുന്നു. മണ്ണിടാന്‍ അനുമതി നല്‍കണമെങ്കില്‍ ഡിഎഫ്ഒ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങേണ്ടിയിരുന്നു. മറ്റ് വകുപ്പുകളെപ്പോലെയോ രാഷ്ട്രീയക്കാരെപ്പോലെയോ അല്ല വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഞങ്ങള്‍ക്ക് ജനങ്ങളെ സേവിക്കേണ്ടതില്ല. വനത്തെ സേവിച്ചാല്‍ മതി, കാടിനെ സംരക്ഷിച്ചാല്‍ മതി. ജനങ്ങളേയും രാഷ്ട്രീനേതാക്കളേയുമെല്ലാം സേവിക്കാന്‍ തീരുമാനിക്കുന്നത് നല്ലകാര്യമായി തോന്നുന്നില്ല.’

സംഭവം പുറത്തുകൊണ്ടുവന്നത് ‘നൈതല്‍’

റിസര്‍വ് ഫോറസ്റ്റില്‍ നിയമം ലംഘിച്ച് മണ്ണടിക്കുകയും റോഡ് വെട്ടുകയും ചെയ്ത വിവരം പുറംലോകത്തെത്തിച്ചത് ‘നൈതല്‍’ എന്ന പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകരാണ്. നൈതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, സര്‍ക്കാരിലും ഇത് സംബന്ധിച്ച പരാതികള്‍ കൈമാറുകയും ചെയ്തു. അതികഠിനമായ വരള്‍ച്ചയെ അഭിമുഖീകരിക്കുന്ന കാസര്‍കോഡ് നിലനില്‍ക്കുന്ന ചെറിയ വനങ്ങള്‍ അതിന്റെ സ്വാഭാവികതയോടെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് നൈതല്‍ സംഘടന ചൂണ്ടിക്കാട്ടിയത്. വലിയ തോതില്‍ മഴവെള്ളം സംഭരിക്കുന്ന ചെങ്കല്‍ പാറകള്‍ക്ക് മേല്‍ മണ്ണ് ഇടുമ്പോള്‍ ഉണ്ടാവാനിടയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇവര്‍ പറയുന്നു. ഹരിതകേരള മിഷന്റെ ബ്രാന്‍ഡ് അംബാസിഡറായ മമ്മൂട്ടിയുടെ സിനിമാ ചിത്രീകരണം തന്നെ ഇത്തരത്തില്‍ നടക്കുന്നത് വിരോധാഭാസമാണെന്നാണ് ഇവരുടെ അഭിപ്രായം. നൈതല്‍ പ്രവര്‍ത്തകനായ പി വി സുധീര്‍കുമാര്‍ പറയുന്നു ‘വനത്തില്‍ നിന്ന് ഒരു ഇല പോലും മാറ്റാനുള്ള അധികാരം ആര്‍ക്കുമില്ല. സിനിമാ ചിത്രീകരണമനുവദിച്ചാലും ഒന്നും മാറ്റം വരുത്താതെ വേണം അത് പൂര്‍ത്തിയാക്കാന്‍. ആ സ്ഥാനത്താണ് ഇത്രയും ലോഡ് മണ്ണിറക്കിയത്. കേരള സര്‍ക്കാരിന്റെ ഹരിത കേരള മിഷന്‍ ബ്രാന്‍ഡ് അംബാസിഡറാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സിനിമയ്ക്കാണ് വനം ഈ രീതിയില്‍ ഉപയോഗിക്കുന്നത് എന്നതാണ് വിരോധാഭാസം. ചിത്രീകരണത്തിന് അനുമതി റദ്ദാക്കിയിട്ടും വീണ്ടും തുടങ്ങാന്‍ അനുമതി നല്‍കിയതിന് പിന്നില്‍ ഉന്നതങ്ങളിലെ ഇടപെടല്‍ ഉണ്ടെന്നാണ് സംശയിക്കുന്നത്. കാസര്‍കോഡ് ജില്ല ഇപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് വരള്‍ച്ചയെക്കുറിച്ചാണ്. എല്ലാ ജലസ്രോതസ്സുകളും വറ്റിക്കൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തില്‍ ഇടനാടന്‍ ചെങ്കല്‍ കുന്നുകള്‍ക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്നത് പറയേണ്ടതില്ല.വലിയ തോതില്‍ വെള്ളം രീച്ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്നതാണ് ചെങ്കല്‍പ്പാറകള്‍. പാര്‍ഥക്കൊച്ചി ഒരു ചെങ്കല്‍ പരപ്പാണ്.കാസര്‍കോഡ് വലിയ കാടുകളില്ല. ചെറിയ തുരുത്തുകളായുള്ള കാടുകളാണ്. പിന്നെ കാവുകളും. അവയെ എങ്ങനെയും സംരക്ഷിച്ച് നിര്‍ത്തുക എന്നതിന് പകരം കുന്നിടിച്ച് കാട്ടിലേക്ക് മണ്ണുകൊണ്ടുവന്ന് ഇടുകയാണ്. മണ്ണ് പാറയ്ക്ക് മുകളില്‍ വരുന്നതോടെ ജലസംഭരണത്തിന്റെ തോത് കുറയുമെന്നത് മറ്റൊരു കാര്യം. ചിത്രീകരണം നടക്കുന്ന പ്രദേശം ചന്ദനമരങ്ങള്‍ ധാരാളമുള്ള പ്രദേശമാണ്. ഇപ്പോഴുണ്ടായ പ്രവര്‍ത്തിയെ ചുവടുപിടിച്ച് ഇവിടെ അഴിമതി നടക്കാനുള്ള സാഹചര്യവുമുണ്ട്. സിനിമാ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചപ്പോഴും അവിടെ നിന്ന് സാധനങ്ങള്‍ മാറ്റിയിരുന്നില്ല. എന്നാല്‍ ആ ദിവസങ്ങളിലെ വാടകയും ഈടാക്കിയിട്ടില്ല. ആവശ്യമുള്ള അത്രയും ദിവസത്തേക്ക് ലൈസന്‍സ് ഒന്നിച്ച് നല്‍കാതെ അഞ്ച് ദിവസം കൂടുമ്പോള്‍ അനുമതി പുതുക്കുകയാണ് ചെയ്യുന്നത്. ഇതും സാമ്പത്തിക ക്രമക്കേടിലേക്കാണ് വിരല്‍ചൂണ്ടുന്നത്.’

ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ കാടിനെ പൂര്‍വസ്ഥിതിയിലാക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് ഡിഎഫ്ഒ പറയുന്നു. എന്നാല്‍ അത്ര എളുപ്പത്തില്‍ ഇത് സാധ്യമാവുന്ന തരത്തിലുള്ള പരിവര്‍ത്തനങ്ങളല്ല നടന്നിട്ടുള്ളതെന്ന് മറുപക്ഷവും വാദിക്കുന്നു.

മണ്ണിറക്കി റോഡുണ്ടാക്കി വനത്തില്‍ മമ്മൂട്ടിയുടെ ‘ഉണ്ട’യുടെ ചിത്രീകരണം.. വീഡിയോ കാണാം..


.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍