UPDATES

ട്രെന്‍ഡിങ്ങ്

രണ്ടു വര്‍ഷത്തെ തയാറെടുപ്പുകള്‍, നൂറോളം ഉദ്യോഗസ്ഥര്‍; വടക്കനാട് കൊമ്പനെ പിടികൂടിയതിങ്ങനെ

ബത്തേരിയില്‍ നിന്നും വെറും പതിനാറു കിലോമീറ്റര്‍ മാറിയുള്ള പൂതാടി പഞ്ചായത്തിലെ കേണിച്ചിറയില്‍, വയനാട്ടുകാര്‍ എത്രയോ കാലമായി നേരിടുന്ന കാട്ടാനശല്യത്തിന്റെ രൂക്ഷമായൊരു മുഖമാണുള്ളത്.

ശ്രീഷ്മ

ശ്രീഷ്മ

നൂറോളം ഉദ്യോഗസ്ഥര്‍, രണ്ടു വര്‍ഷത്തെ തയ്യാറെടുപ്പുകള്‍, നാല്‍പ്പത്തിയെട്ടു മണിക്കൂറോളം നീണ്ട പരിശ്രമങ്ങള്‍ – ഒടുവില്‍ ബത്തേരിക്കാരുടെ പേടിസ്വപ്‌നമായിരുന്ന വടക്കനാട് കൊമ്പന്‍ എന്ന കാട്ടാന ഇന്നലെ വനപാലകരുടെ പിടിയില്‍ അകപ്പെടുക തന്നെ ചെയ്തു.

ജനവാസ മേഖലയില്‍ കാട്ടാനകളിറങ്ങി കൃഷി നാശം വരുത്തിവയ്ക്കുകയും, സ്വൈര്യജീവിതത്തിന് ഭംഗം വരുത്തുകയും ചെയ്യുന്നത് അടുത്തിടെയായി നിത്യസംഭവമാണ് വയനാട്ടില്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആനപ്പേടിയുടെ കഥകള്‍ കേട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് വര്‍ഷങ്ങളായി ബത്തേരിയിലെ വനമേഖലയോടു ചേര്‍ന്ന പ്രദേശത്തുള്ളവര്‍ക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുകളുണ്ടായിട്ടുള്ള വടക്കനാട് കൊമ്പന്‍ വനംവകുപ്പിന്റെ കൈയിലെത്തിയിരിക്കുന്നത്. മയക്കുവെടി വയ്ക്കാന്‍ ഞായറാഴ്ച നടന്ന ശ്രമങ്ങള്‍, വെടി ആനയുടെ ദേഹത്ത് തട്ടിത്തെറിച്ചു പോയതിനാലും നേരം ഉച്ചയായതിനാലും നിര്‍ത്തിവച്ചിരുന്നു. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ കൊമ്പനെ പിടികൂടി മുത്തങ്ങയിലെത്തിക്കാനായെങ്കിലും, ഇതിനു പിന്നിലെ പദ്ധതികള്‍ക്ക് വര്‍ഷങ്ങളുടെ കാലപ്പഴക്കമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം

രണ്ടു വര്‍ഷത്തോളമായി വടക്കനാട് കൊമ്പനെ തളയ്ക്കാന്‍ വനം വകുപ്പ് കച്ചകെട്ടിയിറങ്ങിയിട്ട്. പ്രദേശത്തെ ജനവാസമുള്ളയിടങ്ങളില്‍ സ്ഥിരമായി ഇറങ്ങിക്കൊണ്ടിരുന്ന കൊമ്പനെക്കുറിച്ച് പരാതികള്‍ ഏറെയാണ്. മറ്റു കാട്ടാനകള്‍ ശബ്ദം വച്ചോ വെളിച്ചം കാട്ടിയോ ഓടിച്ചാല്‍ തിരികെ കാടുകയറുന്നതാണ് പതിവെങ്കിലും, കൊമ്പന്‍ ഇതിനൊന്നും ഭയപ്പെടില്ലായിരുന്നു. എത്ര ഓടിച്ചു വിട്ടാലും കൂസലില്ലാത്ത, എല്ലാ ദിവസം കാടിറങ്ങിയെത്തുന്ന അപകടകാരിയായ കൊമ്പന് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് അതുകൊണ്ടു തന്നെ റേഡിയോ കോളറും പിടിപ്പിച്ചിരുന്നു. ഇത്രനാളും ആന സഞ്ചരിക്കുന്ന പാതകളും മറ്റും കോളര്‍ വഴി നിരീക്ഷിക്കുകയായിരുന്നു വനപാലകര്‍. വടക്കനാട് കൊമ്പനെ പിടിക്കാനുള്ള ഉത്തരവിനായി നിയമപ്രകാരം നീങ്ങിയിരുന്നെങ്കിലും, കഴിഞ്ഞ വര്‍ഷമാണ് ഉത്തരവ് കൈയില്‍ കിട്ടിയത്. ഇതേത്തുടര്‍ന്ന് എത്രയും പെട്ടന്ന് ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണാനുള്ള നീക്കത്തിലായിരുന്നു വയനാട് വനം വകുപ്പ് ഡിവിഷനെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ആയ ബി. അഞ്ജന്‍ കുമാര്‍ പറയുന്നു.

എന്നാല്‍, ഉത്തരവ് ലഭിച്ചപ്പോഴേക്കും വടയനാട് കൊമ്പന്‍ അതിര്‍ത്തി കടന്നിരുന്നു. കേരളം വിട്ട് കര്‍ണാടകത്തിന്റെ അതിരില്‍ പ്രവേശിച്ച വടക്കനാട് കൊമ്പന്‍, പിന്നീട് ആറുമാസക്കാലത്തോളം കര്‍ണാടകത്തിലെ കാടുകളിലായിരുന്നുവെന്നും റേഡിയോ കോളര്‍ വഴി ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചിരുന്നു. വീണ്ടും കേരളത്തിന്റെ പരിധിയിലെത്തിയപ്പോഴാണ് അടുത്ത പ്രശ്‌നം നേരിടേണ്ടിവന്നത്. കേരളത്തില്‍ തിരിച്ചെത്തിയ കൊമ്പനെ ഒരു മാസക്കാലം നിരീക്ഷിച്ച് പിടികൂടാനുള്ള പദ്ധതി തയ്യാറാക്കിയപ്പോഴേക്കും, സംസ്ഥാന വനം വകുപ്പിനു കീഴിലുള്ള മൂന്ന് കുങ്കിയാനകളും മദപ്പാടിലായി. മയക്കുവെടി വെച്ച ശേഷം കൊമ്പനെ അനുനയിപ്പിച്ച് ലോറിയില്‍ കയറ്റാന്‍ പരിശീലിപ്പിക്കപ്പെടേണ്ട കുങ്കിയാനകള്‍ കേരളത്തില്‍ തത്ക്കാലം ലഭ്യമല്ലെന്നു കണ്ടപ്പോള്‍ തമിഴ്‌നാട്-കര്‍ണാടക വനംവകുപ്പുകളോടും സഹായമാവശ്യപ്പെട്ടിരുന്നു. കുങ്കിയാനകളെ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകള്‍ക്ക് അവിടെനിന്നും മറുപടിയില്ലാതായപ്പോള്‍ കൊമ്പനെ തളയ്ക്കുന്ന പദ്ധതി അനിശ്ചിതമായി നീണ്ടു. ആ പ്രശ്‌നവും കാലക്രമത്തില്‍ പരിഹരിച്ച് പ്ലാന്‍ നടപ്പിലാക്കിയതിനെക്കുറിച്ച് അഞ്ജന്‍ കുമാര്‍ പറയുന്നതിങ്ങനെ: “നമ്മുടെ ആനകളുടെ മദപ്പാട് മാറിയതിനു ശേഷമാണ് പിന്നെ പദ്ധതിയെക്കുറിച്ച് കാര്യമായി വീണ്ടും ചിന്തിക്കുന്നത്. നമ്മുടെ കുങ്കിയാനകളെത്തന്നെ ഉപയോഗിക്കാമെന്നു തീരുമാനമായി. ഏകദേശം ഇരുപതു ദിവസങ്ങള്‍ക്കു മുന്‍പാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യാനാരംഭിച്ചത്. മൂന്നു കുങ്കിയാനകള്‍ക്ക് പ്രീ-കണ്ടീഷനിംഗ്, ടീം ബില്‍ഡിംഗ് എക്‌സര്‍സൈസുകള്‍ നല്‍കുകയും മോക് ഡ്രില്ലുകള്‍ നടത്തുകയുമൊക്കയായിരുന്നു പ്രധാനപ്പെട്ട തയ്യാറെടുപ്പുകള്‍. ദിവസങ്ങള്‍ നീണ്ട ആലോചനകള്‍ക്കു ശേഷം ഞായറാഴ്ചയായിരുന്നു ആദ്യ ശ്രമം. വടക്കനാട് കൊമ്പന്‍ ഞായറാഴ്ച വെളുപ്പിന് നാലു മണിക്ക് മുടക്കൊല്ലിയില്‍ ഉണ്ടെന്ന് മനസ്സിലാക്കി. ആനയെ ട്രാക്കു ചെയ്ത ശേഷം നമുക്കു കൂടി സൗകര്യമുള്ളൊരിടത്ത് കൊണ്ടുവരികയായിരുന്നു. അപ്പോഴേക്കും ഉച്ചയായി. ആനയും ഒരുപാട് ക്ഷീണിച്ചു. അങ്ങനെയാണ് അന്നത്തെ ഓപ്പറേഷന്‍ അവസാനിപ്പിക്കേണ്ടി വന്നത്.”

വടക്കനാട് കൊമ്പന്‍ വളരെ വേഗത്തില്‍ സഞ്ചരിച്ചതും, വെടിവയ്ക്കാന്‍ അനുയോജ്യമായ സാഹചര്യങ്ങളിലല്ലായിരുന്നതും ഓപ്പറേഷന്‍ വൈകിപ്പിക്കുകയായിരുന്നുവെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി സാജനും പറയുന്നു. ഒരു തവണ മയക്കുവെടി ഉതിര്‍ത്തപ്പോള്‍ ശരീരത്തില്‍ തട്ടിത്തെറിച്ചു പോകുക വരെ ചെയ്തു. ആദ്യ ദിവസം ആനയെ വരുതിയിലെത്തിക്കാന്‍ സാധിച്ചില്ലെങ്കിലും, തിങ്കളാഴ്ച രാവിലെ വീണ്ടും ശ്രമമാരംഭിക്കുകയായിരുന്നു. രാവിലെ ആറു മണിയോടെയായിരുന്നു ആദ്യത്തെ ഡാര്‍ട്ടിംഗ്. ആറേ മുക്കാലോടെ രണ്ടാമത്തെ വെടിയും വെച്ചതോടെ വടക്കനാട് കൊമ്പന്‍ നിയന്ത്രണത്തിലായി. സൂര്യന്‍, പ്രമുഖ, നീലകണ്ഠന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെ കൊമ്പനെ ലോറിയില്‍ കയറ്റാന്‍ എട്ടുമണിയോടെ ആരംഭിച്ച ശ്രമങ്ങള്‍ ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ് ഫലം കണ്ടത്. ലോറിയില്‍ കയറ്റിയ വടക്കനാട് കൊമ്പനെ പതിനൊന്നു മണിയോടെ മുത്തങ്ങയിലെ കൊട്ടിലിലെത്തിച്ചു.

ആനയെ പിടിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തില്‍ നൂറിലധികം പേരുണ്ടായിരുന്നുവെന്നതാണ് മറ്റൊരു കൗതുകം. ആനയെ ട്രാക്കു ചെയ്യാനായി പിറകേ രണ്ടു ജീപ്പിലായി സഞ്ചരിക്കുകയും, നേരിട്ട് ദൗത്യത്തില്‍ പങ്കെടുക്കുകയും ചെയ്ത സംഘത്തിലുള്ളത് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയടക്കം മുപ്പതോളം പേരാണെങ്കിലും, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നവര്‍ നൂറിലധികം വരും. വിവിധ വിങ്ങുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക, ഭക്ഷണം വിതരണം ചെയ്യുക എന്നിവയടക്കം ചെയ്യാന്‍ വലിയ സംഘം ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നെങ്കിലും, ഏറ്റവുമധികം ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമായി വന്നത് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായിരുന്നുവെന്ന് എന്‍.ടി സാജന്‍ വിശദീകരിക്കുന്നു. അത്രയധികം പേരാണ് വടക്കനാട് കൊമ്പന്‍ പിടിയിലാകുന്നതു നേരിട്ടു കാണാന്‍ പലയിടത്തായി നിലയുറപ്പിച്ചിരുന്നത്. തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി വിഹരിച്ചിരുന്ന കൊമ്പന്റെ ശല്യം ഇനിയുണ്ടാകില്ലെന്ന് നേരിട്ടു കണ്ട് ബോധ്യപ്പെടാനെത്തിയവരായിരുന്നു അധികവും. ആളുകള്‍ അടുക്കാതിരിക്കാനായി പലയിടത്തായി വനപാലകര്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെ ആരംഭിച്ച ട്രാക്കിംഗിനും ഏഴു കിലോമീറ്ററോളം നീണ്ട പിന്തുടരലിനും ശേഷം, വടക്കനാട് കൊമ്പന്‍ സുരക്ഷിതനായി മുത്തങ്ങയിലെത്തിയതോടെയാണ് വനപാലകര്‍ക്കും ആശ്വാസമായത്.

പിടിവിടാതെ ആനപ്പേടി

വടക്കനാട് കൊമ്പന്‍ പിടിയിലായ വാര്‍ത്ത പുറത്തു വരികയും, വലിയൊരു ഭീതിയൊഴിഞ്ഞതില്‍ ബത്തേരിക്കാര്‍ ആശ്വാസം രേഖപ്പെടുത്തുകയും ചെയ്ത അതേ ദിവസമാണ് പൂതാടിയില്‍ നിന്നും പൊതുജന പ്രക്ഷോഭത്തിന്റെ മറ്റൊരു വാര്‍ത്തയുമെത്തുന്നത്. ബത്തേരിയില്‍ നിന്നും വെറും പതിനാറു കിലോമീറ്റര്‍ മാറിയുള്ള പൂതാടി പഞ്ചായത്തിലെ കേണിച്ചിറയില്‍, വയനാട്ടുകാര്‍ എത്രയോ കാലമായി നേരിടുന്ന കാട്ടാനശല്യത്തിന്റെ രൂക്ഷമായൊരു മുഖമാണുള്ളത്. ഇത്രനാള്‍ വനത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മാത്രം അപൂര്‍വമായി ഇറങ്ങിയിരുന്നു കാട്ടാനക്കൂട്ടം, ഇപ്പോള്‍ തീര്‍ത്തും സ്വതന്ത്രമായി വിഹരിക്കുന്നത് കേണിച്ചിറ ടൗണ്‍ അടക്കമുള്ള പ്രദേശങ്ങളിലാണ്. ജനവാസ മേഖലയിലുള്ള ആനശല്യം വനം വകുപ്പ് അധികൃതരെ അറിയിച്ചാലും ഫലമുണ്ടാകാറില്ലെന്നാണ് കേണിച്ചിറക്കാരുടെ പരാതി. പൂവന്‍വാഴ കൃഷി ചെയ്യുന്നിടങ്ങളിലാണ് വ്യാപകമായി ആനയിറങ്ങുന്നത് പതിവായിരിക്കുന്നത്. വാഴത്തോട്ടങ്ങളോടു പ്രിയമുണ്ടെങ്കിലും കാട്ടാനകള്‍ ഒരു കൃഷിയേയും വെറുതെ വിടാറില്ല.

Also Read: ശബരിമല യുവതി പ്രവേശനത്തില്‍ തിളച്ച പത്തനംതിട്ടയില്‍ വീണ ജോര്‍ജിന് വീഴുക നവോത്ഥാന വോട്ടോ, അതോ ജാതി വോട്ടോ?

കേണിച്ചിറ ടൗണിലെ മനോഹരന്റെ നാന്നൂറോളം വാഴകളും തെങ്ങുകളുമാണ് ആനക്കൂട്ടം പാടേ നശിപ്പിച്ചു കളഞ്ഞത്. വാഴകള്‍ ലക്ഷ്യം വച്ച് ഇത്രയേറെ ആനകളെത്തുന്നുണ്ടെങ്കില്‍, ചക്കയുടെ കാലമായാല്‍ എങ്ങനെ ഈ നാട്ടില്‍ താമസിക്കാനാകുമെന്നാണ് മനോഹരന്റെയും സഹോദരനായ സുധാകരന്റെയും ആശങ്ക. വനപാലകരെ വരുത്തി വെടിപൊട്ടിച്ചാലും ആനകളെ പുറത്തെത്തിക്കാന്‍ വലിയ പാടാണെന്ന് ഇവര്‍ പറയുന്നു. മാത്രമല്ല, പുറത്തെത്തിച്ചു കാട്ടിലേക്ക് ഓടിച്ചാലും അടുത്ത ദിവസം വീണ്ടും അതേ വഴിയിലൂടെ കാട്ടാനക്കൂട്ടം വീണ്ടുമെത്തും. ആനകള്‍ നാട്ടില്‍ കടക്കുന്നതു തടയാനായി കെട്ടിയിട്ടുള്ള മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു പോയിരിക്കുകയാണ്. ഈ ഭാഗത്തൂടെയാണ് ആനകളുടെ വരവും പോക്കും. വൈകിട്ട് ജനവാസ കേന്ദ്രങ്ങളിലെ തോട്ടങ്ങളില്‍ വന്നു കയറുന്ന ആനകള്‍ രാവിലെയായാലും തിരികെപ്പോകാന്‍ മടിക്കുകയാണ്. ആദ്യം വനാതിര്‍ത്തിയോടു ചേര്‍ന്നു മാത്രം ആനയിറങ്ങിയിരുന്ന പൂതാടി പഞ്ചായത്തില്‍, ഇപ്പോള്‍ പഞ്ചായത്ത് ആസ്ഥാനമായ കേണിച്ചിറ ടൗണിലും, പഞ്ചായത്തോഫീസിന്റെ പരിസരങ്ങളിലും വരെ ആനകളെത്തുന്ന അവസ്ഥയായതിലാണ് ഇവിടത്തുകാര്‍ക്ക് ആശങ്ക. പ്രദേശത്തുള്ള ത്രീസ്റ്റാര്‍ ഹോട്ടലിന്റെ പിറകുവശത്താണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നത്. ഹോട്ടലിന്റെ സി.സി.ടി.വി.യില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുമുണ്ട്.

കേണിച്ചിറ വാര്‍ഡ് മെംബറും കര്‍ഷകനും കൂടിയായ പാര്‍ത്ഥന്, അല്പം കൂടി ഗൗരവമായ വിഷയങ്ങളാണ് പറയാനുള്ളത്. “നിരന്തരം പ്രതിഷേധത്തിലാണ് ഞങ്ങള്‍. ഒരു തരത്തിലും ഇവിടെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായിട്ടുണ്ട്. ടൗണിലുള്‍പ്പടെ ആനയിറങ്ങുകയാണ്. ഇന്നലെ രാത്രി കൂടി ഇറങ്ങിയിരുന്നു. ഇനി കൃഷി ചെയ്യേണ്ട എന്ന നിലപാടില്‍ വരെ ഞങ്ങളെത്തിയിട്ടുണ്ട്. ഞങ്ങളുടെ വയലുകളെല്ലാം തരിശാണ്. ആന സാധാരണ ശ്രദ്ധിക്കാതെ വിടുന്ന കാപ്പിച്ചെടികള്‍ക്കു പോലും ഇത്തവണ രക്ഷയുണ്ടായില്ല. അതും പാടേ നശിപ്പിച്ചു. തെങ്ങ്, കവുങ്ങ്, വാഴ, ഇഞ്ചി, ചേന എന്നു വേണ്ട ഒരു സാധനവും ഇല്ലാത്ത അവസ്ഥയിലായിട്ടുണ്ട്. കാടിനോട് ചേര്‍ന്നു കിടക്കുന്ന സ്ഥലമേയല്ല ഇതൊന്നും. പടക്കം പൊട്ടിച്ചാല്‍പ്പോലും കാര്യമില്ലാതായിട്ടുണ്ട്. തിരിച്ച് ഉപദ്രവിച്ചാലോ എന്നു ഭയന്ന് ഒരു പരിധിയ്ക്കപ്പുറം ആരും എതിര്‍ത്തു നില്‍ക്കുകയുമില്ല. രാത്രി എല്ലാവരും കാവല്‍ നില്‍ക്കും. പക്ഷേ, കാര്യമൊന്നുമില്ല.”

ഒരു രക്ഷയുമില്ലാത്ത സമയത്ത് വനം വകുപ്പിനെ വിവരമറിയിച്ചാല്‍പ്പോലും നിരുത്തരവാദിത്തപരമായ സമീപനമാണ് ഉണ്ടായിട്ടുള്ളതെന്നും പാര്‍ത്ഥന്‍ പറയുന്നു. നേരത്തെ താന്‍ വാഴകൃഷി ചെയ്തു കൊണ്ടിരുന്ന പറമ്പില്‍ ആനയിറങ്ങിയപ്പോള്‍ റേഞ്ചറെ വിളിച്ച് സഹായമഭ്യര്‍ത്ഥിക്കുകയും, മറുപടിയായി ‘എനിക്ക് സൗകര്യമില്ല’ എന്ന റേഞ്ചറില്‍ നിന്നും കേള്‍ക്കേണ്ടി വരികയും ചെയ്തിട്ടുണ്ട് പാര്‍ത്ഥന്. ജനങ്ങളെ സഹായിക്കാന്‍ ഒരുതരത്തിലുള്ള നീക്കവും വനപാലകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് ഒരു വിഭാഗമാളുകള്‍ക്ക് പരാതിയുണ്ട്. ഒരു ഡിവിഷനില്‍ മാത്രം നൂറ്റിപ്പത്തോളം കാട്ടാനകളുള്ള സ്ഥിതിക്ക് വനപാലകര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പരിമിതിയുണ്ടുതാനും. കൂട്ടമായിറങ്ങുന്ന ആനകള്‍, നാലോ അഞ്ചോ വീതമുള്ള സംഘങ്ങളായാണ് പലയിടത്തു തിരിഞ്ഞ് വിഹരിക്കുന്നത്. നേരത്തേ അതിരാവിലെ കാട്ടിലേക്ക് മടങ്ങിയിരുന്ന ആനകള്‍ ഇപ്പോള്‍ അങ്ങനെ ചെയ്യുന്നില്ല എന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. രാവിലെ എട്ടുമണിക്കും മറ്റും പുറത്തിറങ്ങുന്നയാളുകള്‍ ആനയെ എതിരില്‍ കാണുന്ന സംഭവങ്ങളും കേണിച്ചിറയില്‍ സാധാരണമായിട്ടുണ്ട്. ജോലികളും പരിപാടികളും മാറ്റിവച്ച് തിരികെയോടുക എന്നതല്ലാതെ ഇവിടത്തുകാര്‍ക്ക് മറ്റു മാര്‍ഗ്ഗങ്ങളുമില്ല. തരിശിട്ട വയലുകളില്‍ കാടുപിടിച്ചിടത്ത് കടുവ വന്നുകൂടിയ കഥകളും പറയാനുണ്ട് കേണിച്ചിറക്കാര്‍ക്ക്. ഒരേ കടുവ മൂന്നിടത്തായി മൂന്ന് ആടുകളെ കൊന്ന സംഭവമുണ്ടായത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.

Also Read: കൊന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണെങ്കിലും കൊല്ലിച്ചത് നിങ്ങള്‍ ആനപ്രേമികളും ഫാന്‍സുമാണ്

കിടന്നുറങ്ങാതെ ഇരുന്നു നേരം വെളുപ്പിക്കുന്ന അവസ്ഥയിലേക്ക് തങ്ങളെത്തിയെന്നും കേണിച്ചിറക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കാട്ടാനകളുള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ വിഹരിക്കുന്നിടമായതിനാല്‍ രോഗികളെ കൊണ്ടു പോകാന്‍ ആംബുലന്‍സ് പോലും കേണിച്ചിറയിലേക്ക് ഇപ്പോള്‍ എത്താത്ത അവസ്ഥയാണ്. വാഹനസൗകര്യങ്ങള്‍ പോലുമില്ലാതെ തങ്ങള്‍ ഒറ്റപ്പെട്ടു പോയേക്കുമെന്ന ആശങ്കയും ഇവര്‍ മറച്ചുവയ്ക്കുന്നില്ല- “കഴിഞ്ഞ തിങ്കളാഴ്ച ശിവരാത്രി ഘോഷയാത്ര കാണാനായി കുട്ടികളടക്കമുള്ളവരാണ് കേണിച്ചിറ ടൗണിലെത്തിയത്. ഇരുട്ടു വീണിരുന്നെങ്കിലും വീടുകളുമായി അധികം അകലമില്ലാത്തയിടമാണ് കേണിച്ചിറ ടൗണ്‍ എന്ന ആശ്വാസത്തിലാണ് ഇത്തരം പരിപാടികള്‍ക്ക് ജനങ്ങളെത്താറുള്ളത്. ആറര ഏഴുമണിയായപ്പോഴേക്കും, ആന വയലില്‍ ഇറങ്ങിയെന്ന വാര്‍ത്തയെത്തി. കിട്ടിയ വണ്ടി പിടിച്ചാണ് എല്ലാവരും വീട്ടിലേക്കോടിയത്. പതിനായിരക്കണക്കിന് വാഴകളാണ് പ്രതിദിനം നശിക്കപ്പെടുന്നത്. ഞങ്ങളെല്ലാം മടുത്തു. ഇങ്ങനെ വരുമ്പോഴാണ് ചിലര്‍ ഗതികെട്ട് പല തീരുമാനങ്ങളുമെടുക്കുന്നത്. എല്ലാം നഷ്ടപ്പെട്ട്, ഒടുവില്‍ നമ്മള്‍ ആത്മഹത്യ ചെയ്യണമെന്ന അവസ്ഥ വരുമ്പോള്‍ ഇവരെയൊക്കെ കൊന്നാലോ എന്നു പോലും തോന്നും. ആ രൂപത്തിലേക്കാണ് ഞങ്ങളെത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒന്നര കിലോമീറ്ററില്‍ ഒരു മതിലുണ്ടിവിടെ. അതിന്റെ ഗ്യാപ്പിലൂടെയാണ് ആന വരുന്നത്. അത് അടയ്ക്കാനെങ്കിലും ഇവരെക്കൊണ്ട് സാധിക്കില്ലേ? ഞങ്ങള്‍ കെട്ടിട നികുതിയോ മറ്റോ അടയ്ക്കാന്‍ വൈകിയാല്‍ ഞങ്ങളുടെ പേരില്‍ നോട്ടീസൊക്കെ അയയ്ക്കില്ലേ? അപ്പോള്‍ ഞങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യതയാര്‍ക്കാണ്? ഒരു കുഞ്ഞിനോ പ്രായമായവര്‍ക്കോ അസുഖം വന്നാല്‍ ആശുപത്രിയിലെത്തിക്കാന്‍ വാഹനം പോലും ലഭിക്കാത്ത അവസ്ഥ എന്തു ഭീകരമാണ്?”

വനമേഖലയില്‍ നടന്നിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അശാസ്ത്രീയമായ വികസനരീതികള്‍ക്കുമൊപ്പം കാലാവസ്ഥ കൂടിയാകണം കാട്ടാനകളെ നാട്ടിലെത്തിക്കുന്നത്. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റമാണ് വയനാട്ടില്‍ പലയിടത്തും നടന്നിട്ടുള്ളതെന്ന് നിസ്സംശയം പറയാമെങ്കിലും, സ്വൈര്യജീവിതത്തെയും ജനങ്ങളുടെ ജീവനെത്തന്നെയും അപകടകരമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരും വനം വകുപ്പും ഇടപെട്ട് ക്രിയാത്മകമായ പരിഹാരം കാണുക തന്നെ വേണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇനിയും തങ്ങള്‍ക്ക് ആനപ്പേടിയില്‍ ജീവിക്കാനാകാത്ത സ്ഥിതി വരികയാണെങ്കില്‍, ഒരു ഗ്രാമം മുഴുവന്‍ പരസ്യ പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങുമെന്നാണ് പൂതാടിയിലുള്ളവരുടെ പക്ഷം.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍