UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോഷ്ടാവെന്ന പേരില്‍ അടിച്ചു കൊലപ്പെടുത്തിയ കുബേരന്‍ ആര്? ഉത്തരം തേടി പോലീസ് അലയുന്നു

കുബേരന്‍ എന്നു പേരുള്ള ആളാണ് മരിച്ചതെന്ന സൂചന മാത്രമാണ് പോലീസിനുള്ളത്

അതിക്രൂരമായ മര്‍ദനമേറ്റു മരിച്ച യുവാവ് ആരെന്നു കണ്ടെത്താന്‍ കഴിയാതെ പൊലീസ്. കോഴിക്കോട് കടലുണ്ടി മണ്ണൂര്‍ റെയില്‍വേഗേറ്റിനു സമീപത്തെ വീട്ടില്‍ വച്ചാണ് യുവാവ് മര്‍ദ്ദനത്തിരിയായത്. മോഷ്ടാവ് എന്നാരോപിച്ചായിരുന്നു വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍വച്ച് ഇയാള്‍ മരണപ്പെടുകയായിരുന്നു. സംഭവം നടന്നു രണ്ടാഴ്ചയായിട്ടും പോലീസിന് പക്ഷേ ആളുടെ പേര് ഒഴിച്ച് മറ്റൊരു വിവരവും കണ്ടെത്താനായിട്ടില്ല. കുബേരന്‍ എന്നു പേരുള്ള ആളാണ് മരിച്ചതെന്ന സൂചന മാത്രമാണ് പോലീസിനുള്ളത്. ഇയാള്‍ ഏതു നാട്ടുകാരനാണെന്നോ എന്തിനാണ് വീട്ടില്‍ കയറിയതെന്നോ എവിടെയായിരുന്നു ജോലി ചെയ്തിരുന്നതെന്നോ ഒന്നും തന്നെ പോലീസിനു ഇതുവരേയും വ്യക്തമായിട്ടില്ല. അതേസമയം ക്രൂരമായ മര്‍ദനറ്റേു യുവാവ് മരിച്ച സംഭവത്തില്‍ വീട്ടുകാര്‍ക്കെതിരേ വധശ്രമത്തിനു പോലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം 27 നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. കടലുണ്ടി മണ്ണൂര്‍ റെയില്‍വേഗേറ്റിനുസമീപത്തെ വീട്ടിലാണ് യുവാവ് എത്തിയത്. മോഷ്ടിക്കാനായാണ് ഇയാള്‍ എത്തിയിരുന്നതെന്നാണു വീട്ടുകാര്‍ സംശയിക്കുന്നത്. രാത്രി വളര്‍ത്തുനായുടെ കുരകേട്ട് വാതില്‍തുറന്ന വീട്ടുകാര്‍ ഗെയ്റ്റിനു സമീപത്തേക്ക് ഒരാള്‍ ഓടുന്നതു കണ്ടു. തുടര്‍ന്നു വീട്ടുകാരെത്തി ഇയാളെ പിടികൂടുകയും മര്‍ദിക്കുകയുമായിരുന്നു. വളര്‍ത്തു നായയും ഇയാളെ കടിച്ചു.

അതിനിടെ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു ഫൈഌിങ് സ്‌ക്വാഡ് സ്ഥലത്തെത്തി. ഈ സമയം യുവാവിന്റെ ദേഹത്തു നിന്നും രക്തം വരുന്നുണ്ടായിരുന്നു.

ഉടന്‍ തന്നെ പരിക്കേറ്റയാളെ ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മരിക്കുന്നതിനു മുമ്പ് തന്റെ പേര് കുബേരന്‍ എന്നാണെന്നും സഹോദരന്‍ ഉണ്ടെന്നും പോലീസിനോടു പറഞ്ഞിരുന്നു. മര്‍ദനമേറ്റതിനെ തുടര്‍ന്നാണു യുവാവ് മരിച്ചത്. 40 ഓളം പരുക്കുകള്‍ ദേഹത്തുണ്ടായിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്നു പോലീസ് അറിയിച്ചു.

‘ ഇതുവരെ ആളാരാണെന്ന് തിരിച്ചറിയാന്‍ പറ്റിയിട്ടില്ല. പലവഴിയില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മരിച്ചയാളുടെ ശരീരത്തില്‍ നിന്നും തിരിച്ചറിയാനുള്ള ഒരു രേഖയും ലഭിച്ചിട്ടില്ല. അയാളെ മര്‍ദ്ദിച്ച വീട്ടുകാരുടെ പേരില്‍ കൊലപാതകത്തിനു കേസെടുത്തിട്ടുണ്ട്. മോഷണത്തിനാണ് അയാള്‍ വീട്ടില്‍ കയറിയതെന്നാണ് അനുമാനം.’; നല്ലളം പോലീസ് എസ്.ഐ അഴിമുഖത്തോട് പറഞ്ഞു.

മരിച്ചയാള്‍ മോഷണത്തിനായാണ് എത്തിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇയാളുടെ കൈവശം ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നു പോലീസ് പറഞ്ഞു. വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ കടന്നുവരുന്നതും മറ്റും പതിഞ്ഞിട്ടുണ്ട്. യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതും ഈ ദൃശ്യങ്ങളിലുണ്ട്. അതേസമയം വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊന്ന ആളാരെന്ന് കണ്ടെത്തണമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

‘അയാള്‍ ആരാണെന്നോ എന്തിനാണ് എത്തിയതെന്നോ ഇതുവരെ വ്യക്തമല്ല. കളവിനാണോ എന്നത് അനുമാനം മാത്രമാണ്. എന്തിനായാലും കൊല്ലാന്‍ ആര്‍ക്കും അവകാശമില്ല. വളരെ ക്രൂരമായി മര്‍ദിച്ചാണ് അയാളെ കൊന്നിരിക്കുന്നത് എന്നത് വ്യക്തമാണ്. ഇയാളുടെ ബന്ധുക്കളെ എത്രയും പെട്ടെന്ന് കണ്ടെത്തണം.’; എന്ന് ഹ്യൂമന്‍ റെറ്റ് പ്രൊട്ടക്ഷന്‍ സെന്റര്‍ ചെയര്‍മാന്‍ ജയപ്രകാശ് പറഞ്ഞു.

വീടിന്റെ പരിസര പ്രദേശങ്ങളിലും നഗരത്തിന്റെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ യുവാവിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനായി പോലീസ് അന്വേഷിച്ചെങ്കിലും വിവരങ്ങള്‍ ലഭിച്ചില്ല. കോയമ്പത്തൂരില്‍ നേരിട്ട് പോയി ഇയാളെ കുറിച്ചു പോലീസ് അന്വേഷിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. സംസ്ഥാനത്ത് കുബേരന്‍ എന്ന പേരില്‍ 14 ഓളം ആളുകളാണുള്ളത്. വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇവരെ കേന്ദ്രീകരിച്ചും അന്വേഷിച്ചിരുന്നു. എന്നാല്‍ മരിച്ച ആളിലേക്കെത്തുന്ന ഒരു തെളിവും ഇതുവരേയും പോലീസിനു ലഭിച്ചിട്ടില്ല. തമിഴ്‌നാട്ടിലും കേരളത്തിലും രജിസ്റ്റര്‍ ചെയ്ത കാണാതായവരെ കുറിച്ചുള്ള പരാതികളും പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ കുബേരന്‍ എന്ന പേരുള്ളയാളെ സംബന്ധിച്ച വിവരം ലഭിച്ചിട്ടില്ല.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍