UPDATES

ആലപ്പുഴ പട്ടണ നടുവില്‍ ഒരു വനമോ? അത്ഭുതപ്പെടേണ്ട; ശരിയാണ്‌

കരിയിലകള്‍ കൂടിക്കിടക്കുന്നത് കൊണ്ട് മാത്രം ഈ വനത്തില്‍ ഒരു വര്‍ഷം രണ്ട് സെന്റിമീറ്റര്‍ വീതം എക്കല്‍ രൂപം കൊള്ളുന്നുണ്ട്.

‘ഈ വനം നിങ്ങളുടേത് കൂടിയാണ്. ആര്‍ക്കും വരാം. നശിപ്പിക്കരുതെന്ന് മാത്രം’; ആലപ്പുഴ പട്ടണത്തിന് ഒത്ത നടുക്ക് ഒരു വീടിന് മുന്നില്‍ തൂങ്ങിക്കിടക്കുന്ന പച്ച നിറത്തിലുള്ള ബോര്‍ഡിലെ വെള്ള എഴുത്തുകള്‍ പറയുന്നത് ഇതാണ്. കാണുന്ന മാത്രയില്‍ തന്നെ വിടരുന്ന ആശ്ചര്യം മറച്ചുവയ്ക്കാന്‍ പറ്റുന്നതല്ല. കാഴ്ചക്കാരന്റെ/കാരിയുടെ ആശ്ചര്യം വെറുതയല്ല താനും. വനമില്ലാത്ത ആലപ്പുഴ ജില്ലയില്‍ ഒരു പുതിയ വനമോ എന്നതാവും ആദ്യം തോന്നുന്ന സംശയം. ഒരു പുല്ലു പോലും കിളിര്‍ക്കാന്‍ യോഗ്യമല്ലാത്ത ചൊരിമണലില്‍ പിന്നെ എങ്ങനെ ഒരു വനമെന്ന ചോദ്യമാവും പിന്നീട്. എന്നാല്‍ ആലപ്പുഴ പട്ടണത്തിലെ ആശ്രമം ജംഗ്ഷനിലുള്ള ആ മതില്‍ക്കെട്ട് കടന്ന് അകത്തേക്ക് കടക്കുമ്പോള്‍ തന്നെ ഇതിനെല്ലാമുള്ള ഉത്തരവും കിട്ടും.

ആ മതില്‍ക്കെട്ടിനുള്ളില്‍ സുഗുണാനന്ദന്റെ വീടാണ്. അകത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ സെന്‍ട്രലൈസ്ഡ് എ.സി പ്രവര്‍ത്തിക്കുന്നതാണോ എന്ന് സംശയിക്കും വിധം കുളിര്‍മ. വീടിന്റെ ഒരു വശത്തായി നാട്ടിയിട്ടുള്ള ‘വനം ഇവിടെ തുടങ്ങുന്നു’ എന്നെഴുതിയ ഒരു ചൂണ്ടുപലക ഈ സംശയത്തെ ഇല്ലാതാക്കും. ഈ ചൂണ്ടുപലകയെ പിന്തുടര്‍ന്ന് ചെല്ലുമ്പോള്‍ ഒരു മനുഷ്യായുസ്സിലെ പ്രയത്‌നങ്ങളുടെ തുടക്കവും ഇത് തന്നെയെന്ന് മനസ്സിലാവും. കണ്ണെത്താ ദൂരത്തോളം നീണ്ട് കിടക്കുന്ന മരക്കൂട്ടം.

മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ മുന്നോട്ട് നടന്നു നീങ്ങുമ്പോഴാണ് അനന്തുവിനെ കാണുന്നത്. രണ്ട് മരങ്ങളെ ചേര്‍ത്ത് കെട്ടിയ തുണി ഊഞ്ഞാലില്‍ മാമ്പഴവും അകത്താക്കിക്കൊണ്ട് കിടക്കുകയാണവന്‍. മൊബൈല്‍ ഫോണ്‍ ഗെയിമുകളും കാര്‍ട്ടൂണ്‍ ചാനലുകളും മാത്രമായി അവധിക്കാലം കൊണ്ടുപോകുന്ന കുട്ടികളെ അവന് പുച്ഛമാണ്. അമ്മ വീട്ടിലേക്ക് പോവാന്‍ വിളിച്ചിട്ട് പോലും അവന് താത്പര്യമില്ല. അനന്തുവിന് അതിന്റെയൊന്നും ആവശ്യമില്ല. അവന് കളിക്കാനും തിമിര്‍ത്ത് നടക്കാനും ഒരു കാടുണ്ട്. ആ കാട്ടില്‍ നിറയെ കിളികളുണ്ട്, കുളങ്ങളുണ്ട്, നീര്‍ച്ചാലുകളുണ്ട്, കൊതിയാറുവോളം കഴിച്ച് രസിക്കാന്‍ പഴങ്ങളുണ്ട്. കാടിനുള്ളിലേക്ക് കുറച്ചുകൂടി അകത്തേക്ക് ചെല്ലുമ്പോള്‍ അനന്തുവിനെപ്പോലെ അമ്പതോളം കുട്ടികള്‍. ചിലര്‍ മരങ്ങളില്‍ കയറി ഇരിപ്പുറപ്പിച്ചിരിക്കുകയാണ്. മറ്റ് ചിലര്‍ പഴക്കൂട്ടങ്ങളുടെ പുറകെയാണ്. ചിലര്‍ കാടിന്റെ കുളിര്‍മ്മയില്‍ കിടന്ന് സുഖ ഉറക്കം. ‘ ഈ പ്രദേശത്തുള്ള കുട്ടികളെല്ലാം ഇവിടെയുണ്ടാവും. നേരം വെളുക്കുമ്പോള്‍, ഞങ്ങള്‍ വീട്ടുകാര്‍ എഴുന്നേല്‍ക്കുന്നതിന് മുമ്പ് തന്നെ ഇവര്‍ ഇവിടെയെത്തിയിരിക്കും. പിന്നെ രാവോളം ഇവിടെത്തന്നെ. എനിക്കതില്‍ സന്തോഷമേയുള്ളൂ. ഞാന്‍ എന്റെ പുരയിടത്തില്‍ കാട് വളര്‍ത്തിയതും ഇതിനാണ്. എനിക്ക് വേണ്ടി മാത്രമല്ല. എല്ലാവര്‍ക്കും പ്രയോജനപ്പെടാന്‍. ഈ കുഞ്ഞുങ്ങളുടെ സന്തോഷം കാണുമ്പോള്‍ ജീവിതത്തില്‍ എന്തെങ്കിലും ചെയ്തു എന്നൊരു സന്തോഷം ഉള്ളില്‍ മുഴുവന്‍ നിറയും. ആര്‍ക്കും ഇവിടെ വരാം. സമയം ചെലവഴിക്കാം. പഴങ്ങള്‍ പറിച്ചു കഴിയ്ക്കാം. ഒറ്റ കാര്യമേയുള്ളൂ, എന്റെ മരങ്ങളെ കൊല്ലരുത്.’ പട്ടണത്തിനുള്ളില്‍ വളര്‍ത്തിയ കാടിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോള്‍ സുഗുണാനന്ദന്‍ വാചാലനായി.

സുഗുണാനന്ദന്റെ മൂന്നേക്കര്‍ പുരയിടത്തില്‍ വീടൊഴിച്ചുള്ളതെല്ലാം ‘വനഭൂമി’യാണ്. ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങളും അവയുടെ തണല്‍ തേടിയെത്തുന്ന കിളികളും പുല്‍തളിര്‍പ്പുകളും വള്ളിപ്പടര്‍പ്പുകളും വറ്റാത്ത കുളങ്ങളും തോടുകളും എല്ലാം ചേര്‍ന്നുള്ള കാട്. നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ പരിശ്രമങ്ങളിലൂടെയാണ് 65കാരനായ സുഗുണാനന്ദന്‍ ഇങ്ങനെയൊരു കാടുണ്ടാക്കിയെടുത്തത്.

പുല്ലുപോലും പിഴുതെറിയരുതെന്ന അച്ഛന്റെ കാഴ്ചപ്പാട് പകര്‍ത്തിയ ജീവിതം
‘ പണ്ട് മഴക്കാലത്തിന് മുന്നോടിയായി മണ്ണൊരുക്കും. വീട്ടുപറമ്പിലെ പോച്ചയെല്ലാം വെട്ടി മരങ്ങള്‍ക്ക് ചുവട്ടിലിട്ട് മൂടും. ചെറുപ്പം മുതലേ ഈ പണിയില്‍ ഞാനും അച്ഛനൊപ്പം ചേരും. പറമ്പിലെ പാഴ്‌ചെടികളും പുല്ലും വേരോടെ പിഴുത് മരച്ചോട്ടിലിടുന്നതായിരുന്നു എന്റെ ശീലം. അച്ഛനത് വിലക്കി. ഒരു ചെടിയും പാഴ്‌ചെടിയല്ല, ഒരു പുല്ലും മണ്ണിന് വെറുതെയാവില്ല എന്നതായിരുന്നു അച്ഛന്റെ കാഴ്ചപ്പാട്. പോച്ചകള്‍ മുകളില്‍ നിന്ന് വെട്ടിയിടുക മാത്രമേ ആകാവൂ എന്ന നിബന്ധനയില്‍ മാത്രമേ പിന്നീട് ഈ ജോലിയില്‍ അച്ഛന്‍ എന്നെ കൂട്ട് നിര്‍ത്തിയിട്ടുള്ളൂ. മുകളില്‍ നിന്ന് വെട്ടിയെടുക്കുന്ന പോച്ചകള്‍ അടുത്ത വര്‍ഷവും നമുക്കുള്ളത് തരുമെന്നായിരുന്നു അച്ഛന്റെ വാദം. അക്കാര്യം പൂര്‍ണ്ണമായും ശരിയാണെന്ന് എനിക്ക് പിന്നീട് ബോധ്യപ്പെട്ടു. അച്ഛനില്‍ നിന്ന് പകര്‍ന്ന് കിട്ടിയ അത്തരം അറിവുകളാണ് പ്രകൃതിയിലേക്കും മണ്ണിലേയ്ക്കും എന്നെ അടുപ്പിച്ചത്. അന്നു മുതല്‍ ഒരു പാഴ്ച്ചെടി പോലും എന്റെ പറമ്പില്‍ നിന്ന് പിഴുതുമാറ്റപ്പെട്ടിട്ടില്ല. പുല്‍ച്ചെടിക്കും വന്‍മരത്തിനുമെല്ലാം ഇഷ്ടാനുസരണം വളരാനുള്ള സാഹചര്യമൊരുക്കി നല്‍കി. എനിക്ക് ലഭിക്കുന്ന ഓരോ വൃക്ഷത്തൈയും, അവ ചെറു മരങ്ങളോ വന്‍ മരങ്ങളോ ആണെന്ന് പോലും നോക്കാതെ നട്ടുപിടിപ്പിച്ചു.

മുഹമ്മ കായിപ്പുറത്തെ വീട്ടുപറമ്പില്‍ മരങ്ങള്‍ നട്ടുവളര്‍ത്തി കാടുവളര്‍ത്തിയ ദയാല്‍ എനിക്ക് പ്രചോദനമായിട്ടുണ്ട്. പക്ഷെ ദയാല്‍ സാറിന്റെ മരക്കൂട്ടത്തില്‍ ചെറുമരങ്ങളും കുറ്റിച്ചെടികളുമാണുള്ളത്. ഞാന്‍ അതില്‍ നിന്ന് മാറി വന്‍മരങ്ങളും നട്ടുവളര്‍ത്തുന്ന ഒരു പരീക്ഷണത്തിന് ഒരുങ്ങുകയായിരുന്നു. ആ പരിശ്രമം വിജയിച്ചു. ഇപ്പോള്‍ 32 സ്പീഷീസിലുള്ള മരങ്ങള്‍ എന്റെ വനത്തിലുണ്ട്. വേങ്ങ, താന്നി, ഉങ്ങ്, തമ്പകം, എണ്ണവേങ്ങ്, കരിമരുത്, നീര്‍മാതളം, തേമ്പാവ്, അത്തി, ഇത്തി, അരയാല്‍, പേരാല്‍, കരിംതകര, തല്ലിമരം, ഇരുമുള്ള്, മുരിക്ക്, വാക, മഹാഗണി, തേക്ക്, മാഞ്ചിയം, അക്കേഷ്യ, ഈട്ടി, വ്യത്യസ്തതരം പ്ലാവുകള്‍, ആഞ്ഞിലി, സപ്പോട്ട, മുള്ളാത്ത, ആത്ത, പൂവരശ്, മുട്ടപ്പഴം, അഞ്ച് തരം മാവുകള്‍, സീതപ്പഴം എന്ന് തുടങ്ങി അവയുടെ പട്ടിക നീളും. മൃഗസംരക്ഷണ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കാലഘട്ടത്തില്‍ എനിക്ക് ലഭിക്കാവുന്നത്രയും മരങ്ങള്‍ പലയിടങ്ങളില്‍ നിന്നായി സംഘടിപ്പിക്കാനായി. വീടിന് മുകളിലേയ്ക്ക് കിടക്കുന്ന ഒരു മരത്തിന്റെ ചില്ലകള്‍ ഇടയ്ക്ക് വെട്ടിക്കൊടുക്കുമെന്നല്ലാതെ വേറൊരു മരത്തിന്റേയും ചില്ല പോലും ഇക്കാലയളവില്‍ വെട്ടിയിട്ടില്ല. മരങ്ങള്‍ കൂടാതെ ഇന്ന് നമ്മുടെ നാട്ടില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അപൂര്‍വ്വയിനം ഔഷധച്ചെടികളടക്കം ഞാനിവിടെ നട്ടുവളര്‍ത്തുന്നുണ്ട്. നാളെ ഒരു കാലത്ത് ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടാല്‍ അത്രയുമായില്ലേ? ‘

കരിയില അഥവ എക്കല്‍
മരങ്ങളില്‍ നിന്ന് പൊഴിയുന്ന ഇലകളാണ് ഏറ്റവും വലിയ സമ്പത്തെന്ന് സുഗുണാനന്ദന്‍ പറയുന്നു. ഒരു കരിയില പോലും ഇദ്ദേഹം കാട്ടില്‍ നിന്ന് മാറ്റാറില്ല. അതിന് ഇദ്ദേഹം പറയുന്ന കാരണങ്ങള്‍ കരിയില കൂട്ടിയിട്ട് കത്തിക്കുന്നവര്‍ക്കുള്ള പാഠം കൂടിയാണ്. ‘യഥാര്‍ഥ വനത്തില്‍ നിന്ന് ആരെങ്കിലും കരിയില മാറ്റാറുണ്ടോ? ഇല്ല. കാടിന്റെ ജൈവസമ്പുഷ്ടി നിലനിര്‍ത്തുന്നതില്‍ ഇവയ്ക്കും പങ്കുണ്ട്. കരിയിലകള്‍ മണ്ണിന് ജീവന്‍ നല്‍കുന്നവയാണ്. കരിയിലകള്‍ കൂടിക്കിടക്കുന്നത് കൊണ്ട് മാത്രം ഈ വനത്തില്‍ ഒരു വര്‍ഷം രണ്ട് സെന്റിമീറ്റര്‍ വീതം എക്കല്‍ രൂപം കൊള്ളുന്നുണ്ട്. കണക്ക് നോക്കുമ്പോള്‍ ഇത് ചെറുതെന്ന് തോന്നുമെങ്കിലും മണ്ണിനെ സംബന്ധിച്ച് ഇത് വലിയ കാര്യമാണ്. ഇത്രയും വര്‍ഷം കൊണ്ട് ഇവിടെ രണ്ടടിയോളം എക്കല്‍ രൂപപ്പെട്ട് കഴിഞ്ഞു. കരിയിലകള്‍ മണ്ണില്‍ കിടന്ന് മണ്ണിനോട് അലിഞ്ഞ് ചേരണം. അതാണ് പ്രകൃതി നിയമം. ഏറ്റവും നല്ല വളവും കരിയിലകളാണ്. കത്തിച്ചുകളയുന്നതിന് പകരം കരിയില കൂട്ടിയിട്ട് ചാണകവെള്ളമെഴിച്ചാല്‍ രണ്ടാഴ്ച കൊണ്ട് അത് ഉഗ്രന്‍ കമ്പോസ്റ്റായി മാറും. മറ്റേത് കമ്പോസ്റ്റും ഇതിന് മുന്നില്‍ മാറിനില്‍ക്കും’

ധാരണകളെ തുരത്തുന്ന അക്കേഷ്യയും മാഞ്ചിയവും
മണ്ണിലെ ജലാംശം വലിച്ചെടുക്കുന്നതില്‍ കേമരായ അക്കേഷ്യയും മാഞ്ചിയവും വിപരീത ഫലമല്ലേയുണ്ടാക്കുക എന്നൊരു സംശയം ഇവിടെത്തുമ്പോള്‍ തോന്നാം. സുഗുണാനന്ദന്റെ കാട്ടിലെ ഒരു ഭാഗം മുഴുവനും മാഞ്ചിയവും അക്കേഷ്യയുമാണ്. എന്നാല്‍ ഈ മരങ്ങളുമായി ബന്ധപ്പെട്ട് പൊതുവെ നിലനില്‍ക്കുന്ന ധാരണകള്‍ ശരിയല്ലെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ഇതിനും അനുഭവത്തില്‍ നിന്നുള്ള പാഠം ഇദ്ദേഹത്തിന് പറഞ്ഞുതരാനുണ്ട്. ‘ഈ കാടിനുള്ളില്‍ അഞ്ച് കുളങ്ങളുണ്ട്. ഇവയില്‍ മൂന്നെണ്ണവും വറ്റിത്തുടങ്ങി. പക്ഷെ മാഞ്ചിയം, അക്കേഷ്യക്കൂട്ടങ്ങള്‍ക്കിടയിലെ കുളങ്ങളും തോടുകളും ഇതേവരെ വറ്റിയിട്ടില്ല. മണ്ണിലെ ജലാംശം കുറയ്ക്കുന്ന മരങ്ങളാണ് ഇവയെങ്കില്‍ ഇത് സംഭവിക്കില്ലല്ലോ. എന്നു മാത്രമല്ല. മാഞ്ചിയം പോലുള്ള മരങ്ങള്‍ വളരെ പെട്ടെന്ന് വന്‍വൃക്ഷമാവും. വളര്‍ച്ചയെത്തിയ ഇവ മണ്ണിലുണ്ടാക്കുന്ന നൈട്രജന്‍ മൊഡ്യൂള്‍സിന്റെ കണക്ക് നോക്കിയാല്‍ നമ്മള്‍ ഞെട്ടിപ്പോകും. നൈട്രജന്‍ കലവറയാണ് ഇക്കൂട്ടര്‍ എന്നതില്‍ സംശയമില്ല. അക്കേഷ്യയുടെ ഇലകള്‍ എളുപ്പത്തില്‍ മണ്ണിലലിഞ്ഞ് ചേരില്ലെന്നാണ് മറ്റൊരു വാദം. ഇലകള്‍ നമ്മള്‍ കരുതുന്ന വേഗതയില്‍ അലിഞ്ഞ് ഇല്ലാതാവണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം. അതവിടെക്കിടന്ന സമയമെടുത്ത് ജീര്‍ണ്ണിക്കട്ടെ. അതിനുള്ള അവസരം നല്‍കിയാല്‍ പോരേ.

ഒരു ചില്ലക്കമ്പ് പോലും വെട്ടാതെ മരത്താല്‍ പണിത വീട് അഥവ ഒരു ആക്രി വീട്
ബഹുഭൂരിഭാഗവും തടി കൊണ്ട് പണിത വീട്. വീടലങ്കരിച്ചിരിക്കുന്നത് പോലും തടികൊണ്ട്. പക്ഷെ തന്റെ വീടുണ്ടാക്കുന്നതിനായി ഒരു മരം പോലും അറുത്തില്ലെന്ന് അഹങ്കരിക്കുന്ന സുഗുണാനന്ദന്റെ വാക്കുകള്‍ കേട്ടാല്‍ അല്‍പ്പം അതിശയോക്തിയാണോ എന്ന് തോന്നും. പക്ഷെ ഉപയോഗിച്ച് ഉപേക്ഷിച്ച തടികള്‍ തേടി സംസ്ഥാനത്തെ അങ്ങോളമിങ്ങോളമുള്ള ആക്രിക്കടകള്‍ പരതിയ കഥ ഇതിന് പിന്നാലെ ഇദ്ദേഹം പറഞ്ഞു തരും. ‘കിഴക്കന്‍ നാട്ടിലെ പുത്തന്‍ പണക്കാര്‍ വിലയില്ലാതെ എറിഞ്ഞുകളഞ്ഞ പലതുമാണ് എന്റെ വീട്ടില്‍. വാഗമണ്ണില്‍ നിന്നും ഈരാറ്റുപേട്ടയില്‍ നിന്നുമുള്ള രണ്ട് വീടുകളുടെ അവശിഷ്ടങ്ങള്‍ കൊണ്ടാണ് വീടിന്റെ ഭൂരിഭാഗവും പണിതുയര്‍ത്തിയത്. ഇരുവശത്തു നിന്നും വീടിന്റെ മുകള്‍ നിലയിലേക്ക് പ്രവേശിക്കാനുള്ള രണ്ട് മര ഗോവണികളില്‍ ഒന്ന് പാലക്കാട്ട് നിന്നും, മറ്റൊന്ന് കിഴക്കന്‍ നാട്ടില്‍ നിന്ന് തന്നെയും എത്തിച്ചതാണ്. പഴയ സാധനങ്ങള്‍ കയറ്റിക്കൊണ്ട് പോവുന്ന ഒരു വാഹനത്തെ പിന്തുടര്‍ന്ന് പോയി വാങ്ങിയവയാണ് രണ്ടും. ഫര്‍ണീച്ചറുകളെല്ലാം ഇങ്ങനെ ആക്രിക്കടകളില്‍ നിന്ന് പറയുന്ന വില കൊടുത്തുവാങ്ങിയതാണ്. വീടിന്റെ മുന്‍വാതില്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഒരു ഗോഡൗണിന്റെ വാതിലായിരുന്നു. അസാധ്യമായ കരവിരുതും തച്ചുമാണ് ഇവയുടെയൊക്കെ പ്രത്യേകത. വീട് നിര്‍മ്മാണത്തിന് നല്ലൊരു തുക ചെലവായി എന്നത് സത്യമാണ്. പക്ഷെ കോണ്‍ക്രീറ്റ് കെട്ടിടത്തിനുള്ളില്‍ ചുട്ടുപഴുത്ത് ജീവിതം നശിപ്പിക്കാന്‍ ഞാനൊരുക്കമായിരുന്നില്ല. നാട്ടുകാരില്‍ ചിലര്‍ എനിക്ക് കിറുക്കാണെന്ന് പറയും. ചിലര്‍ ആക്രി സുഗുണന്‍ എന്നും വിളിയ്ക്കും. പക്ഷെ ഇങ്ങനെ പറയുന്നവരൊന്നും എന്റെ വീട്ടിലേക്ക് ഒറ്റ തവണ കയറിയാല്‍ പിന്നെ ഇവിടം വിട്ട് പോവാന്‍ താത്പര്യമില്ലാത്തവരായിരിക്കും. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഹെഡ് നേഴ്‌സായി വിരമിച്ച ഭാര്യ പ്രശോമ എന്റെ വീടുവയ്ക്കലില്‍ താത്പര്യം തോന്നി വാസ്തുശാസ്ത്രത്തില്‍ ബുരുദം വരെയെടുത്തു. അവളുടേയും മകന്‍ അരവിയുടേയും പിന്തുണയാണ് എന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ എനിക്ക് പ്രചേദനമായത്.

ഞാന്‍ ഇന്നല്ലെങ്കില്‍ നാളെ മണ്ണോട് ചേരും. പക്ഷെ എന്റെ വീടും കാടും വരും തലമുറയ്ക്കും ഒരു മാതൃകയായിരിക്കും എന്നതില്‍ സംശയമേതുമില്ല.’

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍