മുസ്ലീം ലീഗില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
കേരളത്തിലെ ആറു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന മഞ്ചേശ്വരത്തിനൊപ്പം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്റിലെത്തിയ എംഎല്‍എ മാര്‍ സ്ഥാനമൊഴിഞ്ഞ മണ്ഡലങ്ങളും ഉപതെരഞ്ഞെടുപ്പു നേരിടും.
ഏറെക്കാലമായി കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളിലെ നിറസാന്നിധ്യം എന്ന നിലയില്‍, മഞ്ചേശ്വരം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തന്നെയാണ് ഇക്കൂട്ടത്തില്‍ ഏറെ ഉറ്റുനോക്കപ്പെടുന്നത് എന്നതില്‍ തര്‍ക്കമില്ല. ബിജെപി വിജയസാധ്യത കണക്കാക്കുന്ന മണ്ഡലം എന്ന നിലയിലും, മുസ്ലിം ലീഗിന് കൃത്യമായ പ്രാതിനിധ്യമുള്ളയിടം എന്ന നിലയിലും മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പു ഫലം നിര്‍ണായകമായിരിക്കുകയും ചെയ്യും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കെ. സുരേന്ദ്രന്‍ 89 വോട്ടുകളുടെ നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെടുകയും, വിജയിച്ച മുസ്ലിം ലീഗിന്റെ പിബി അബ്ദുള്‍ റസാഖിന്റെ ജയം ചോദ്യം ചെയ്യാന്‍ കേസിനു പോകുകയും ചെയ്തതു മുതല്‍ മഞ്ചേശ്വരം ചര്‍ച്ചകളിലുണ്ട്. പി.ബി. അബ്ദുള്‍ റസാഖിന്റെ മരണവും, കെ.സുരേന്ദ്രന്‍ കേസു പിന്‍വലിച്ചതുമെല്ലാം മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വാഗ്വാദങ്ങള്‍ സജീവമാക്കി നിലനിര്‍ത്തുകയും ചെയ്തു.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടന്നുകഴിഞ്ഞിരിക്കുകയാണ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.സി കമറുദ്ദീന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് എന്നിവരുടെ പേരുകളാണ് മുസ്ലിം ലീഗ് ക്യാമ്പില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്. മഞ്ചേശ്വരത്തെ വോട്ടു ഷെയറില്‍ ലീഗിനുള്ള പങ്ക് ചെറുതല്ലാത്തതിനാലും, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് ലഭിച്ച ഭൂരിപക്ഷത്തിന്റെ പേരിലും, ഏറെ ആത്മവിശ്വാസത്തിലാണ് മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് നേതൃത്വം.
എന്നാല്‍, അടുത്ത കാലങ്ങളില്‍ രാഷ്ട്രീയ നിരീക്ഷകര്‍ ശ്രദ്ധ വച്ചത് ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം എങ്ങനെയായിരിക്കും എന്നതിലാണ്. അടുത്തിടെ മോദിസ്തുതിയുടെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട് ബിജെപിയില്‍ അംഗത്വമെടുത്ത എ.പി അബ്ദുള്ളക്കുട്ടി മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യകളാണ് വിലയിരുത്തപ്പെട്ടിരുന്നത്. കാലങ്ങളായി മുസ്ലിം ലീഗിനോട് മഞ്ചേശ്വരത്ത് അടിയറവു പറഞ്ഞുകൊണ്ടിരിക്കുന്ന ബിജെപിക്ക്, മുസ്ലിം വോട്ടുകള്‍ കൂടി തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാനുള്ള വഴിയാണ് അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം തുറന്നുകൊടുക്കുകയെന്നും, മഞ്ചേശ്വരത്തെ സീറ്റ് മുന്നില്‍ക്കണ്ടു കൊണ്ടാണ് അബ്ദുള്ളക്കുട്ടി ബിജെപിയിലേക്കെത്തിയതെന്നു പോലും അഭ്യൂഹങ്ങളുണ്ടായിരുന്നു. 89 വോട്ടിന്റെ പരാജയത്തില്‍ നിന്നും വിജയത്തിലേക്കെത്താനുള്ള വഴികള്‍ അന്വേഷിക്കുന്ന ബിജെപിക്ക് ഇതൊരു നല്ല മാര്‍ഗ്ഗമാണെന്നും വിലയിരുത്തലുകള്‍ വന്നിരുന്നു.
എന്നാല്‍, അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മഞ്ചേശ്വരത്ത് വിജയം കാണാനാകില്ലെന്നാണ് ബിജെപി പ്രാദേശിക നേതൃത്വം ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടിസ്ഥാനപരമായി പാര്‍ട്ടിയുടെ തീരുമാനമാണ് നടപ്പിലാകുക എന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പറിയിക്കുകയാണ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി അടക്കമുള്ളവര്‍. പുറത്തു നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥിയെയല്ല മഞ്ചേശ്വരത്തിന് ആവശ്യമെന്നും, മുസ്ലിം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചാല്‍ മുസ്ലിം വോട്ടുകള്‍ നേടാം എന്നത് തെറ്റായ ധാരണയാണെന്നും സതീഷ് ചന്ദ്ര ഭണ്ഡാരി പറയുന്നു. അബ്ദുള്ളക്കുട്ടി മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയായെത്തില്ലെന്നു തന്നെയാണ് പ്രാദേശിക ഘടകത്തിന്റെ പക്ഷം.
“മുസ്ലിം വോട്ടുകള്‍ ബിജെപിക്ക് നേടിത്തരാന്‍ അബ്ദുള്ളക്കുട്ടിക്ക് സാധിക്കും എന്ന അഭിപ്രായം ഞങ്ങള്‍ക്കാര്‍ക്കുമില്ല. അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതകളെക്കുറിച്ചും നിങ്ങള്‍ മാധ്യമങ്ങള്‍ മാത്രമാണ് സംസാരിക്കുന്നത്. അതു സംഭവിക്കുകയേയില്ല. അയാള്‍ പാര്‍ട്ടിയിലേക്ക് വന്നത് അത്തരമൊരു ഉദ്ദേശത്തിലുമല്ല. സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പാര്‍ട്ടിയാണ് അന്തിമ തീരുമാനമെടുക്കുന്നത്. പക്ഷേ, അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ സാധ്യത ഒട്ടുമില്ല എന്നതാണ് സത്യം. മഞ്ചേശ്വരത്തെ ജനങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കാനുള്ള സാധ്യതയും വളരെ കുറവാണ്. അദ്ദേഹം ഈ ഭാഗത്തു നിന്നുള്ളയാളല്ലല്ലോ. ഇവിടെയൊന്നും സ്വാധീനവുമില്ല. അങ്ങനെയൊരാള്‍ക്ക് മുസ്ലീം വോട്ടു പിടിക്കാനാകും എന്നു കരുതുന്നതില്‍ അര്‍ത്ഥമില്ല. മഞ്ചേശ്വരത്തെ മുസ്ലീം വോട്ടുകള്‍ ബിജെപിക്ക് കിട്ടില്ല. ഇതുവരെ കിട്ടിയിട്ടുമില്ല. അതുകൊണ്ടു തന്നെ, മുസ്ലിം വോട്ടുകള്‍ക്കു വേണ്ടി ഒരാളെ പുറത്തു നിന്നും സ്ഥാനാര്‍ത്ഥിയാക്കേണ്ട കാര്യവുമില്ല” സതീഷ് ചന്ദ്ര ഭണ്ഡാരി പറയുന്നു.
അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും, എങ്കിലും ബിജെപി ക്യാമ്പ് പൂര്‍ണമായ ആത്മവിശ്വാസത്തിലാണെന്നും പ്രാദേശിക നേതൃത്വം പറയുന്നുണ്ട്. മഞ്ചേശ്വരത്തെ മുസ്ലിങ്ങളുടെ വോട്ടുകള്‍ ഒരു കാരണവശാലും ബിജെപിക്ക് ലഭിക്കില്ലെന്ന് പ്രസിഡന്റ് പറയുമ്പോഴും, വിജയം ഇത്തവണ ബിജെപിക്കൊപ്പമായിരിക്കുമെന്ന് മണ്ഡലം സെക്രട്ടറിയടക്കമുള്ളവര്‍ വിശദീകരിക്കുന്നു. അബ്ദുള്ളക്കുട്ടി മത്സരിച്ചാലും ഇല്ലെങ്കിലും ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നും, അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം മാത്രമേ ബിജെപിയെ സഹായിക്കുകയുള്ളൂ എന്നു കരുതാനാകില്ലെന്നുമാണ് മണ്ഡലം സെക്രട്ടറി ഹരിശ്ചന്ദ്രയുടെ നിലപാട്.
“സ്ഥാനാര്‍ത്ഥി ആരായിരുന്നാലും മഞ്ചേശ്വരത്ത് ഇത്തവണ ബിജെപി വിജയിക്കും. സംഘടനാപരമായി ബിജെപി കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ട്, ഒപ്പം എല്‍ഡിഎഫിന്റെ ഭരണം എല്ലാവര്‍ക്കും മടുക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെയും എല്‍ഡിഎഫിന്റെയും വോട്ടുകള്‍ ഉണ്ണിത്താന് പോയിട്ടുണ്ടോ എന്ന ചോദ്യത്തില്‍ കഴമ്പുണ്ട്. ഉണ്ണിത്താന്‍ ഹിന്ദു സ്ഥാനാര്‍ത്ഥിയായതിനാലാണ് അതു സംഭവിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിജെപിക്ക് 57,000ത്തോളം വോട്ടുകള്‍ പിടിക്കാന്‍ സാധിച്ചിരുന്നു. ആ വോട്ടുനില ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അല്പം കൂടി മെച്ചപ്പെടുത്തിയിട്ടുണ്ട്. ആ സമയത്ത് സംഘടനാ തലത്തിലെ പ്രവര്‍ത്തനം നൂറു ശതമാനം ശക്തമായി നടന്നിട്ടില്ല എന്നതാണ് വാസ്തവം. എല്‍ഡിഎഫിനോടുള്ള ജനങ്ങളുടെ എതിര്‍പ്പു കൂടിയാണ് ഉണ്ണിത്താന്റെ വോട്ടായി മാറിയത്. ഞങ്ങളുടെ ഉറച്ച വോട്ടുകളും, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പുറത്തുപോയ വോട്ടുകളും തിരിച്ചു കൊണ്ടുവരാന്‍ ഉപതെരഞ്ഞെടുപ്പില്‍ സാധിക്കും. ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും ബിജെപിയുടെ വോട്ടു ഷെയര്‍ മഞ്ചേശ്വരത്ത് വര്‍ദ്ധിച്ചിട്ടേയുള്ളൂ. കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷത്തെ വോട്ടുനില പരിശോധിച്ചാല്‍ അതു മനസ്സിലാക്കാനാകും. ഇങ്ങനെയൊരു സാഹചര്യത്തില്‍, ബിജെപി ജയിക്കും എന്നുതന്നെയാണ് ഉറച്ചു വിശ്വസിക്കുന്നത്. കേന്ദ്രത്തില്‍ രണ്ടാമതും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുക കൂടിയാണല്ലോ. അബ്ദുക്കുട്ടി എന്നല്ല, ആരു നിന്നാലും ഇത്തവണ മഞ്ചേശ്വരത്ത് ബിജെപി തന്നെ ജയിക്കും. കഴിഞ്ഞ തവണ പുറത്തു നിന്നു വന്ന സുരേന്ദ്രനെപ്പോലും ജയത്തിന്റെ തൊട്ടടുത്ത് കൊണ്ടുവന്നില്ലേ. സ്ഥാനാര്‍ത്ഥിക്കല്ല ഇവിടെ പ്രാധാന്യം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടന്നിട്ടില്ലെങ്കിലും ഗ്രൗണ്ട് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍, അവര്‍ക്ക് വലിയ ആശങ്കകള്‍ ഉള്ളതു കൊണ്ടാണ്. പലര്‍ക്കും പല അഭിപ്രായമാണ് അവിടെയുള്ളത്. അബ്ദുല്‍ റസാഖിന്റെ മകനെ നിര്‍ത്തണം എന്നു പറയുന്നവരുണ്ട്, അതില്‍ അമര്‍ഷം ഉള്ളവരുണ്ട്. എ.കെ.എം അഷ്‌റഫ് നില്‍ക്കണം എന്നു പറയുന്നവരും കമറുദ്ദീന്‍ നില്‍ക്കണം എന്നു പറയുന്നവരുമുണ്ട്. ഏതായാലും ബിജെപി ക്യാമ്പില്‍ അങ്ങിനെയൊരു തര്‍ക്കം വരില്ല”, ഹരിശ്ചന്ദ്ര പറയുന്നു.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് അബ്ദുള്ളക്കുട്ടി ബിജെപിയിലെത്തിയിരിക്കുന്നത് എന്ന അഭ്യൂഹങ്ങളില്‍ കഴമ്പുണ്ടെങ്കില്‍, അതിനെതിരെ പ്രാദേശിക വൃത്തങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടാകുമെന്നുതന്നെയാണ് മഞ്ചേശ്വരത്തു നിന്നും ലഭിക്കുന്ന വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ചു ചര്‍ച്ചകള്‍ പോലും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തില്‍, അബ്ദുള്ളക്കുട്ടിയുടെ മഞ്ചേശ്വരത്തെ സാധ്യതകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിലപാട്. കെ. സുരേന്ദ്രനെയും സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാറിനെയുമാണ് മഞ്ചേശ്വരത്ത് മത്സരിക്കാന്‍ ബിജെപി പ്രാദേശിക നേതൃത്വം പരിഗണിക്കുന്നത്. ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്തിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.