ആര്‍എസ്എസ് ശാഖയടക്കം നടക്കുന്ന മൈതാനം ക്ഷേത്രത്തിനെന്ന വ്യാജേന സംഘപരിവാര്‍ സംഘടനകളുടെ കൈകളിലാണ് എത്തിച്ചേരുക എന്ന ആശങ്കയാണ് പ്രദേശവാസികള്‍ക്ക് കൂടുതലായും പങ്കുവയ്ക്കാനുള്ളത്
കഴിഞ്ഞ മാസങ്ങളില്‍ പലപ്പോഴായി ആര്‍എസ്എസ്- മുസ്ലീം ലീഗ് അഭിപ്രായസംഘട്ടനങ്ങള്‍ക്കും ഹര്‍ത്താലിനോടനുബന്ധിച്ചുള്ള സംഘര്‍ഷങ്ങള്‍ക്കും വേദിയായയിടമാണ് കാസര്‍കോട് ജില്ല. മതപരമായ ധ്രുവീകരണം നടത്തി അതു വോട്ടാക്കി മാറ്റാന്‍ ബിജെപി ഏറ്റവുമധികം പ്രയത്‌നിക്കുന്ന തെരഞ്ഞെടുപ്പു മണ്ഡലങ്ങളിലൊന്നുകൂടിയാണ് കാസര്‍കോട് എന്ന ആരോപണവും നിലനില്‍ക്കുന്നയിടം. ഈ പശ്ചാത്തലത്തില്‍, മതവിശ്വാസത്തിന്റെ കൂട്ടുപിടിച്ച് പൊതുവിടങ്ങള്‍ കൈയടക്കിവയ്ക്കാനും ഹിന്ദുമതവിശ്വാസികളെ സംഘടിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ട് നടക്കുന്ന നീക്കങ്ങള്‍ ഇപ്പോഴും ഇവിടെ ശക്തമാണ് എന്ന പരാതിയുയര്‍ത്തുകയാണ് മംഗല്‍പാടി പഞ്ചായത്തിലുള്ളവര്‍. മംഗല്‍പാടിയിലെ ഐല മൈതാനത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിലുണ്ടായ പരിഹാരമാണ് രാഷ്ട്രീയ മുതലെടുപ്പായി പ്രദേശവാസികളില്‍ പലരും ചൂണ്ടിക്കാട്ടുന്നത്.
മംഗല്‍പാടിയിലെ ആറര ഏക്കറോളം വരുന്ന ഐല മൈതാനത്തിനുമേല്‍ തൊട്ടടുത്തുള്ള ഐല ദുര്‍ഗ്ഗ ഭഗവതി ക്ഷേത്രക്കമ്മറ്റിക്കാര്‍ അവകാശം ഉന്നയിച്ചതാണ് പ്രശ്‌നത്തിന്റെ ആരംഭം. പഞ്ചായത്തിന്റെ വിവിധ പരിപാടികളും മറ്റും നടന്നിരുന്ന ഐല മൈതാനത്തിന്റെ ഒരു ഭാഗം ക്ഷേത്രത്തോടു ചേര്‍ന്നാണ് കിടക്കുന്നത്. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട പരിപാടികളില്‍ ചിലതും വെടിക്കെട്ടു പോലുള്ളവയും മൈതാനത്തിന്റെ ഒരു വശത്താണ് നടന്നു പോരുന്നത്. ഈ സ്ഥലത്തിനു മേലാണ് ക്ഷേത്രം അവകാശമുന്നയിച്ചിരിക്കുന്നത്. പഞ്ചായത്തു വക സ്ഥലത്ത് താലൂക്ക് ഓഫീസിനു സ്ഥലം കണ്ടെത്തിയപ്പോള്‍ ക്ഷേത്രക്കമ്മറ്റി പ്രതിഷേധവുമായെത്തുകയായിരുന്നു. വിശ്വാസങ്ങളുടെ ഭാഗമായതിനാല്‍ സ്ഥലം തങ്ങള്‍ക്കു ലഭിക്കണമെന്നും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നുമായിരുന്നു കമ്മിറ്റിക്കാരുടെ പക്ഷമെന്ന് പ്രദേശവാസികളില്‍ ചിലര്‍ പറയുന്നു.
അതേത്തുടര്‍ന്ന് പഞ്ചായത്ത് ബോര്‍ഡ് യോഗം കൂടി ആറേക്കറില്‍ പാതിയോളം ക്ഷേത്രാവശ്യങ്ങള്‍ക്കായി പതിച്ചു കൊടുക്കാനും, ബാക്കി സ്ഥലത്തില്‍ ഒന്നരയേക്കര്‍ താലൂക്കോഫീസ് കെട്ടിടത്തിനായി മാറ്റിവയ്ക്കാനും മിച്ചമുള്ള സ്ഥലം പഞ്ചായത്തിന്റെ കൈവശം തന്നെ വയ്ക്കാനുമുള്ള തീരുമാനവുമെടുത്തു. എന്നാല്‍, പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്തില്‍ മൂന്നേക്കറോളം ക്ഷേത്രത്തിന് വിട്ടു കൊടുക്കുന്നതില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ക്ഷേത്രത്തിന് എന്ന വ്യാജേന ഹിന്ദുത്വസംഘടനകളാണ് സ്ഥലമുപയോഗിക്കുക എന്നും ഫലത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് കുടപിടിക്കുന്ന പ്രവൃത്തിയാണ് പഞ്ചായത്ത് ചെയ്തിരിക്കുന്നത് എന്നുമാണ് പ്രദേശവാസികളുടെ ആരോപണം. പഞ്ചായത്ത് പതിച്ചു നല്‍കാന്‍ ചിന്തിക്കുന്ന സ്ഥലത്ത് ഇപ്പോള്‍ത്തന്നെ ആര്‍എസ്എസ് ശാഖയും പ്രവര്‍ത്തകരുടെ പരിശീലനവും നടക്കാറുണ്ടെന്നും, ക്ഷേത്രത്തിന് ലഭിക്കുന്നതോടെ പൊതുസ്വത്തായ ഈ സ്ഥലം പൂര്‍ണമായും സംഘപരിവാര്‍ സംഘടനകളുടെ അധീനതയിലാകുമെന്നുമാണ് ഇവര്‍ക്കു പറയാനുള്ളത്. മുസ്ലീം ലീഗ് ഭരിക്കുന്ന പഞ്ചായത്ത് തന്നെ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതില്‍ ലീഗിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കും എതിര്‍പ്പുണ്ടെന്നാണ് പാര്‍ട്ടിയോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇത്തരം അവകാശ വാദങ്ങളും പൊതുവിടങ്ങള്‍ മതവിഭാഗത്തിന്റേതാക്കിയുള്ള കൈയാളലും മറ്റു പഞ്ചായത്തുകളിലും സാധാരണമാണെന്നും ഇതിന് മുസ്ലിം ലീഗ് ചുക്കാന്‍ പിടിക്കുകയുമാണെന്നാണ് പ്രദേശത്തെ സിപിഎം നേതാക്കളുടെ ആരോപണം. “താലൂക്കോഫീസിന്റെ പ്രശ്‌നം വന്നപ്പോഴാണ് ഹിന്ദു ഐക്യവേദി അടക്കമുള്ളവര്‍ ക്ഷേത്രത്തിന്റെ പേരില്‍ അവിടെ പ്രതിഷേധമുയര്‍ത്തുന്നത്. അന്ന് പദ്ധതിക്കായി ഭൂമിയേറ്റെടുക്കാന്‍ അവര്‍ സമ്മതിച്ചതുമില്ല. അവിടെ മാത്രമല്ല, മഞ്ചേശ്വരം മണ്ഡലത്തില്‍ പൊതുവായി വികസം വരുന്ന ഘട്ടത്തില്‍ മതത്തിന്റെ പേരും പറഞ്ഞ് സ്ഥലം കൈയേറുന്ന പതിവുണ്ട്. അമ്പിലടുക്ക എന്നയിടത്ത് നാല്‍പതേക്കറോളം സ്ഥലം ഇത്തരത്തില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. അവിടെ ഐ.എച്ച്.ആര്‍.ഡി കോളേജ് വരും എന്ന ഘട്ടത്തിലാണ് ഹിന്ദു ഐക്യവേദിക്കാര്‍ വലിയ പ്രശ്‌നമുണ്ടാക്കി തടഞ്ഞത്. ഇതില്‍ പകുതിയോളവും സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമിയാണെന്നോര്‍ക്കണം. അവിടെപ്പോലും വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ ബിജെപിയോ ആര്‍എസ്എസോ സമ്മതിക്കുന്നില്ല. അന്ന് അവര്‍ ക്ഷേത്രത്തിന്റെ പേരില്‍ ഈ സ്ഥലം കയ്യേറി കോംപൗണ്ട് തിരിച്ചപ്പോഴും ലീഗ് ഭരിക്കുന്ന കുമ്പള പഞ്ചായത്ത് അതു കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്തത്. അതേ നിലപാടു തന്നെയാണ് മംഗല്‍പാടി പഞ്ചായത്തിലും എടുത്തത്”, സിപിഎം പ്രാദേശിക നേതാവായ സി.എ സുബൈര്‍ പറയുന്നു.
“ഐല മൈതാനത്തില്‍ വരാനിരുന്ന താലൂക്ക് ഓഫീസ്/ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടങ്ങള്‍ ചെക്ക്‌പോസ്റ്റിനടുത്തേക്ക് മാറ്റാനുള്ള തീരുമാനമായിട്ടുണ്ട്. പൊതുവേ വികസനപ്രവര്‍ത്തനങ്ങള്‍ വരുമ്പോള്‍ ഈ പതിവാണ് ബിജെപിയും ആര്‍എസ്എസും ഇവിടെ പിന്തുടരുന്നത്. അതിനോടൊപ്പമാണ് ഇവിടത്തെ യുഡിഎഫും ലീഗുമുള്ളത്. വിശ്വാസത്തിന്റെ പേരില്‍ ഈ സ്ഥലങ്ങള്‍ കൈയേറുകയാണ് യഥാര്‍ത്ഥത്തില്‍. രേഖാപരമായി അത് ക്ഷേത്രത്തിന്റെ ഭൂമിയല്ല. വിശ്വാസത്തിന്റെ കഥകള്‍ പടച്ചുവിട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കുറച്ച് സെന്‍സിറ്റീവായ സ്ഥലമാണ് മഞ്ചേശ്വരം. വിശ്വാസത്തെച്ചൊല്ലി ഒരു തര്‍ക്കം വന്നാല്‍ വര്‍ഗ്ഗീയപ്രശ്‌നമാക്കേണ്ട എന്നു കരുതി ആളുകള്‍ ഇവിടെ പിന്മാറും എന്നുറപ്പാണ്. പല പരാതികളും ഇതേച്ചൊല്ലി സര്‍ക്കാരിലേക്ക് പോയിട്ടുണ്ട്. ലീഗ് ഇവിടെ എല്ലാക്കാലത്തും ആര്‍എസ്എസുമായി കൂട്ടുകൂടുന്നുണ്ട്. ചില പഞ്ചായത്തുകളില്‍ ഇവരിരുവരും ഒന്നിച്ചു ഭരിക്കുക പോലും ചെയ്തിട്ടുണ്ട് ആര്‍എസ്എസിന് അനുകൂലമായ നിലപാടാണ് എപ്പോഴും ലീഗ് സ്വീകരിച്ചിട്ടുള്ളത്. അതിന് അവര്‍ക്ക് അവരുടേതായ ലാഭവുമുണ്ട്. ആര്‍എസ്എസ് വളര്‍ന്നു വരുമ്പോള്‍ മുസ്ലിം വര്‍ഗ്ഗീയതയെ കൂട്ടുപിടിച്ച് വോട്ട് ഏകീകരിക്കാനും അവര്‍ക്കു സാധിക്കും. ഇരുവരും തമ്മിലുള്ള അവിശുദ്ധ ബന്ധം ഇവിടെയുണ്ട്,” സുബൈറിന്റെ ആരോപണം ഇങ്ങനെയാണ്.
ഇത്ര കാലത്തിനിടെ കന്നുകാലികള്‍ പുല്ലുമേയാനല്ലാതെ മറ്റൊന്നിനും പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ സ്ഥലം ഉപയോഗിച്ചിട്ടില്ലെന്നും ഏറെ വര്‍ഷക്കാലം മുസ്ലിം ലീഗിന്റെ ഭരണത്തിലുണ്ടായിരുന്നയിടമായിട്ടും ഇന്നേവരെ ഈ സ്ഥലം കൃത്യമായി എങ്ങനെ വിനിയോഗിക്കാം എന്നതരത്തിലുള്ള ചിന്തയുണ്ടായിട്ടില്ലെന്നും പ്രദേശവാസിയും സിപിഎം ഏരിയാ കമ്മറ്റിയംഗവുമായ റസാഖും ആരോപിക്കുന്നുണ്ട്. പഞ്ചായത്തിന്റെ കീഴില്‍ ഈയടുത്ത് നടക്കാനിരുന്ന കേരളോത്സവം പരിപാടി സ്ഥലത്തിന്റെ പ്രശ്‌നം ചൂണ്ടിക്കാണിച്ച് ബിജെപിക്കാര്‍ തടഞ്ഞ കഥയാണ് റസാഖിന് പറയാനുള്ളത്. വര്‍ഗ്ഗീയ പ്രശ്‌നമുണ്ടാക്കേണ്ട എന്ന കാരണത്താല്‍ ആ പരിപാടിക്ക് അനുമതിയും നിഷേധിക്കപ്പെട്ടു. വിശ്വാസികളെ കൂട്ടിയിരുത്തിയുള്ള ചര്‍ച്ചയോ മറ്റു നീക്കങ്ങളോ ഇല്ലാതെയാണ് ബോര്‍ഡ് മീറ്റിംഗില്‍ അജണ്ട പോലുമാക്കാതെ പ്രമേയം പാസ്സാക്കി സ്ഥലം വിഭജിക്കാന്‍ തീരുമാനമായതെന്നും ആക്ഷേപമുണ്ട്. “മംഗല്‍പാടി പഞ്ചായത്തിലെ പ്രധാന പ്രതിപക്ഷം ബിജെപിയാണ്. പക്ഷേ ഇക്കാലത്തിനിടെ ഈ പ്രതിപക്ഷം യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഒരു സമരം പോലും ചെയ്തിട്ടില്ല എന്നു പറയുമ്പോഴേ ഈ ബന്ധത്തിന്റെ ആഴം മനസ്സിലാകൂ. വിഷയം രൂക്ഷമായപ്പോള്‍ മൂന്നേക്കര്‍ ക്ഷേത്രത്തിനും, ഒന്നരയേക്കര്‍ പഞ്ചായത്തിനും ബാക്കി ഒന്നരയേക്കര്‍ താലൂക്കോഫീസിനും എന്ന കണക്കില്‍ വിഭജിക്കുകയാണ് ഇവര്‍ ചെയ്തത്. നോട്ടീസോ അജണ്ടയോ ഇല്ലാതെ ഒരു പ്രമേയം പാസ്സാക്കിയാണ് ഇത് തീരുമാനമാക്കിയത് എന്നതാണ് അടുത്ത വിഷയം. സര്‍വകക്ഷി യോഗമൊന്നും വിളിക്കാതെ സ്വന്തം സ്ഥലം പോലെ പങ്കിട്ടെടുക്കുകയാണ് ചെയ്തത്. ഇതിനെതിരായ ഒരു വികാരമാണ് പഞ്ചായത്തില്‍ ഇപ്പോഴുള്ളത്. അങ്ങിനെ സ്ഥലം കൊടുക്കുന്നുണ്ടെങ്കില്‍ എല്ലാവരും അറിഞ്ഞ്, എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സംയുക്തമായി എടുക്കേണ്ട തീരുമാനമല്ലേ അത്? ആ മൈതാനം കേന്ദ്രീകരിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ശാഖയും പരിശീലനവും നടക്കുന്നുണ്ട് എന്നതു ശരിയാണ്. ഒരുപാട് ക്രിമിനല്‍സും അവിടെയെത്തുന്നുണ്ട് എന്നതും സത്യമാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിനു കൊടുക്കുന്നു എന്നാണ് പറയുന്നത്. ദേവസ്വം ബോര്‍ഡ് ഇത് അറിഞ്ഞിട്ടില്ല എന്നതാണ് സത്യം.”
എന്നാല്‍, സ്ഥലം ക്ഷേത്രത്തിന് അവകാശപ്പെട്ടതാണെന്നും, നൂറ്റാണ്ടുകളായി ക്ഷേത്രത്തിന്റെ അനുബന്ധ ചടങ്ങുകളെല്ലാം നടക്കുന്നയിടമാണിതെന്നുമാണ് മംഗല്‍പാടിയിലെ പ്രാദേശിയ ബിജെപി നേതൃത്വത്തിന്റെ പക്ഷം. ക്ഷേത്രാരാധനയോട് ചേര്‍ന്നു കൊണ്ടു തന്നെയുള്ള ചടങ്ങുകള്‍ നടക്കുന്ന ബിംബങ്ങളും ഈ മൈതാനത്തുള്ളതായി വാര്‍ഡ് മെംബര്‍ കൂടിയായ ബാലകൃഷ്ണ അമ്പാര്‍ അവകാശപ്പെടുന്നു. “മുന്നൂറ് – നാനൂറ് വര്‍ഷങ്ങളായി ക്ഷേത്രത്തിന്റെ ഭാഗമായി കണക്കാക്കിപ്പോരുന്ന സ്ഥലമാണിത്. റെക്കോര്‍ഡുകളില്‍ ഇല്ലെങ്കിലും, ക്ഷേത്രത്തിന്റെ എല്ലാ പരിപാടികളും അവിടെവച്ചാണ് നടത്തിപ്പോരുന്നത്. അവിടെ പരിശോധിച്ചാല്‍ ദീപം വച്ച് ആരാധിക്കുന്ന എട്ടോ പത്തോ രൂപങ്ങളും കാണാം. ഈ സ്ഥലത്ത് മറ്റു പദ്ധതികള്‍ ആസൂത്രണം ചെയ്തപ്പോള്‍ വിട്ടുകൊടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അമ്പലക്കമ്മറ്റിക്കാര്‍. ഒരു ദിവസത്തെ പ്രതിഷേധ പരിപാടികളും അവിടെ നടത്തിയിരുന്നു. പിന്നീട് ബോര്‍ഡ് മീറ്റിംഗിലും എതിര്‍പ്പ് രേഖപ്പെടുത്തിയതിനു ശേഷമാണ് വിഷയത്തില്‍ തീരുമാനമായത്. റസാഖ് എംഎല്‍എയുടെ കാലത്തു തന്നെ ഇതിലൊരു ധാരണയായിരുന്നതാണ്. അല്ലാതെ പെട്ടന്നുണ്ടായ നീക്കമൊന്നുമല്ല.”
വിഷയം പഞ്ചായത്തില്‍ വലിയ ചര്‍ച്ചയായതോടെ ഇതു മുന്‍നിര്‍ത്തി വര്‍ഗ്ഗീയ ചേരിതിരിവു സൃഷ്ടിക്കാനുള്ള ശ്രമങ്ങളും ചില സംഘടനകളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. ആര്‍എസ്എസ് പോലുള്ള സംഘപരിവാര്‍ സംഘടനകളുടെ കൈകളിലേക്കാണ് പഞ്ചായത്ത് വക സ്ഥലം എത്തിച്ചേരുക എന്നും, പൊതുവായി എല്ലാവരും ഉപയോഗിച്ചിരുന്നയിടം മതപരമായ വേര്‍തിരിവുകള്‍ക്ക് വഴിയാകുമെന്നുമുള്ള പ്രചരണം പ്രദേശത്ത് സജീവമായി നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പു കൂടി അടുത്തതോടെ, ഇത്തരം പ്രചരണങ്ങള്‍ക്ക് ആക്കം കൂടുകയും ചെയ്തു. സ്ഥലം മലബാര്‍ ദേവസ്വം ബോര്‍ഡിനു നല്‍കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നതെങ്കിലും, ഔദ്യോഗികമായി ബോര്‍ഡും പഞ്ചായത്തും തമ്മില്‍ ആശയവിനിമയമുണ്ടായിട്ടില്ല. സ്ഥലം ബോര്‍ഡ് ആവശ്യപ്പെടുകയോ നല്‍കാന്‍ പഞ്ചായത്ത് ഉദ്ദേശിക്കുന്ന വിവരം അറിയുകയോ ചെയ്തിട്ടുമില്ല. എന്നാല്‍, ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നുമാത്രമാണ് ക്ഷേത്രക്കമ്മിറ്റിയുടെ പ്രതികരണം.
അതേസമയം, പ്രദേശവാസികള്‍ അപ്രതീക്ഷിതമായി പ്രകോപിതരായതായും പാര്‍ട്ടിയ്ക്കകത്തു നിന്നു തന്നെ എതിര്‍പ്പുണ്ടായിട്ടുള്ളതായും മുസ്ലിം ലീഗ് പ്രാദേശിക നേതാവും വാര്‍ഡ് മെംബറുമായ മുഹമ്മദ് സമ്മതിക്കുന്നുണ്ട്. എംഎല്‍എ അടക്കമുള്ള സിറ്റിംഗില്‍ തീരുമാനമായ വിഷയമാണിതെന്നും അവസാന തീരുമാനമായി ഇതിനെ കാണേണ്ടതില്ലെന്നുമാണ് ലീഗിന്റെ പ്രാദേശിക നേതാക്കള്‍ അറിയിക്കുന്നത്. “പ്രദേശത്തുള്ളവര്‍ക്ക് വലിയ അതൃപ്തിയുണ്ട് എന്നതു സത്യമാണ്. പാവപ്പെട്ടവര്‍ക്ക് അളന്നു കൊടുത്താല്‍ പോരായിരുന്നോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. പക്ഷേ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നതുപോലെയൊന്നുമല്ല കാര്യങ്ങള്‍. നേരായ രീതിയിലുണ്ടായ നല്ലൊരു പരിഹാരമാര്‍ഗ്ഗമായിരുന്നു സ്ഥലത്തിന്റെ വിഭജനം. അജണ്ടയില്‍ വയ്ക്കാതെ പാസ്സാക്കിയെന്നതൊക്കെ തെറ്റായ ആരോപണമാണ്. ഒമ്പതാം കോളത്തില്‍ കൃത്യമായിത്തന്നെ അത് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നതാണ്. സിപിഎംകാരടക്കമുള്ളവര്‍ അന്ന് ബോര്‍ഡ് മീറ്റിംഗിലുണ്ടായിട്ടും ആരും എതിര്‍പ്പും പറഞ്ഞിരുന്നില്ല. അന്നു പറയാതെ ഇപ്പോള്‍ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. ഇത് ഒരു സാധ്യത എന്ന നിലയ്ക്ക് അവതരിപ്പിച്ച് സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ട് എന്നേയുള്ളൂ. അവസാന തീരുമാനമായിട്ടില്ല”, മുഹമ്മദ് പറയുന്നു.
ആര്‍എസ്എസ് ശാഖയടക്കം നടക്കുന്ന മൈതാനം ക്ഷേത്രത്തിനെന്ന വ്യാജേന സംഘപരിവാര്‍ സംഘടനകളുടെ കൈകളിലാണ് എത്തിച്ചേരുക എന്ന ആശങ്കയാണ് പ്രദേശവാസികള്‍ക്ക് കൂടുതലായും പങ്കുവയ്ക്കാനുള്ളത്. സ്ഥലം നല്‍കാന്‍ പോകുന്നത് മലബാര്‍ ദേവസ്വം ബോര്‍ഡിനാണ് എന്ന വാദം കൊണ്ട് ഈ ആശങ്കയെ ഖണ്ഡിക്കാനാണ് ലീഗിന്റേയും ബിജെപിയുടേയും ശ്രമം. വര്‍ഗ്ഗീയ ചേരിതിരിവുകള്‍ക്ക് സാധ്യതയേറിയ ഇടങ്ങളില്‍ അത്തരം മാര്‍ഗ്ഗങ്ങളിലൂടെത്തന്നെ സംഘപരിവാര്‍ വരവറിയിക്കാന്‍ ശ്രമിക്കുമെന്നിരിക്കേ ആ ആശങ്കകള്‍ അസ്ഥാനത്താണന്നും വിലയിരുത്താനാകില്ല എന്നതാണ് നാട്ടുകാരില്‍ ഒരുഭാഗം ചൂണ്ടിക്കാട്ടുന്നത്. കാസര്‍കോട് ബിജെപി ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നായിരിക്കേ പ്രത്യേകിച്ചും.