UPDATES

ജോസഫ്: മാണി സാറിനിപ്പോള്‍ ‘ഒരോര്‍മ്മതന്‍ ക്രൂരമാം സൗഹൃദം’

കോട്ടയം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ അടി നടക്കുമ്പോള്‍ ചിരിക്കുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വാസവനാണ്‌

കോട്ടയം സീറ്റിന് കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ജോസഫ് വിഭാഗവും ഒരുപോലെ പിടിമുറുക്കുമ്പോള്‍ രഹസ്യമായി ചിരിയ്ക്കുകയാണ് വിഎന്‍ വാസവന്‍. ഗ്രൂപ്പിന്റെ പേരിലല്ല, പകരം പാര്‍ട്ടി വൈസ് പ്രസിഡന്റ് എന്ന നിലയില്‍ തനിക്ക് സീറ്റ് വേണമെന്നാണ് ജോസഫിന്റെ ആവശ്യം. കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന രാജ്യസഭാ സീറ്റില്‍ ഒഴിവു വന്നപ്പോള്‍ അത് മാണി വിഭാഗത്തിന് അതും മാണിയുടെ മകന്‍ ജോസ് കെ മാണിക്കാണ് അത് അനുവദിച്ചത്. യുഡിഎഫില്‍ നിന്നും അകന്നു നിന്നിരുന്ന മാണി വിഭാഗത്തെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഒപ്പം നിര്‍ത്തുകയെന്ന കോണ്‍ഗ്രസിന്റെ തന്ത്രമായിരുന്നു ഇത്. ജോസ് കെ മാണി രാജ്യസഭാംഗമായതോടെ ഏകദേശം ഒരു വര്‍ഷക്കാലമായി കോട്ടയം മണ്ഡലം നാഥനില്ലാ കളരി പോലെയായിരുന്നു. കോട്ടയത്തെ ജനങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഒരു നാഥന്‍ വേണം. രാജ്യമാര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതിനൊപ്പം അവര്‍ക്ക് ഈ പൊതുതെരഞ്ഞെടുപ്പില്‍ അതും നിര്‍ണായകമാണ്.

ഇന്നലെ കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതിയതെങ്കിലും ഇരുകൂട്ടരും ആവശ്യത്തില്‍ ഉറച്ചു നിന്നതോടെ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ജോസഫിനെ മത്സരിപ്പിക്കേണ്ടെന്ന ആവശ്യം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് ജില്ലാഘടകമാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ കോട്ടയം നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് പ്രിന്‍സ് ലൂക്കോസും കെ എം മാണിക്ക് കത്തയച്ചിരിക്കുകയാണ്. എംഎല്‍എമാരെ മത്സരിപ്പിക്കേണ്ടെന്നാണ് പ്രിന്‍സ് ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ട കത്തിന്റെ ഉള്ളടക്കം. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസും യുഡിഎഫിലെ മറ്റൊരു പ്രധാന ഘടകകക്ഷിയായ മുസ്ലിംലീഗും ജോസഫിനായി മാണിയ്ക്ക് മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കിയ സാഹചര്യത്തില്‍ ലോക്‌സഭാ സീറ്റിന് ഏത് അര്‍ത്ഥത്തിലും ജോസഫ് അര്‍ഹനാണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം ജോസഫ് പരസ്യമായി സീറ്റ് ചോദിച്ചത് അച്ചടക്കലംഘനമാണെന്നും അത് അനുവദിക്കാനാകില്ലെന്നും മാണിയും കടുംപിടുത്തം പിടിക്കുന്നു.

കോട്ടയം സീറ്റില്‍ താന്‍ തന്നെ മത്സരിക്കുമെന്ന് ജോസഫ് ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജോസഫിനെ പ്രതിരോധിക്കാന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ അവസാനവട്ട ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമാണ് ആദ്യം ജില്ലാ നേതൃത്വവും ഇപ്പോള്‍ മണ്ഡലം കമ്മിറ്റിയും ജോസഫിനെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നതെന്നാണ് മനസിലാക്കാന്‍. 2010ല്‍ ലയനം നടന്ന ശേഷം മാണിയും മകനും ഇട്ടുകൊടുക്കുന്ന അപ്പകഷണങ്ങള്‍ മാത്രമാണ് ജോസഫിന് ലഭിച്ചിട്ടുള്ളതെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാം. ഇനി അത് നടക്കില്ലെന്നാണ് ജോസഫ് പക്ഷം. ലയനത്തിന് ശേഷം ഒരുപക്ഷെ ജോസഫില്‍ നിന്നും മാണി നേരിട്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇപ്പോഴായിരിക്കും. 2010 തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ് 23 വര്‍ഷത്തെ ശത്രുത വെടിഞ്ഞ് ജോസഫ് ഗ്രൂപ്പ് കേരള കോണ്‍ഗ്രസില്‍ ലയിച്ച് പാര്‍ട്ടി ഒന്നായത്. ആറ് വര്‍ഷത്തിന് ശേഷം 2016ല്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കേരള കോണ്‍ഗ്രസിന്റെ പടിയിറങ്ങിയപ്പോഴും മാണിക്ക് അതൊരു വെല്ലുവിളിയേ ആയിരുന്നില്ല. കാരണം ജോസഫ് ഒരു പാറപോലെ അദ്ദേഹത്തോടൊപ്പം ഉറച്ചു നിന്നു. ജോസഫിനൊപ്പം സിറ്റിംഗ് എംഎല്‍എമാരായ മോന്‍സ് ജോസഫും ടി യു കുരുവിളയുമുണ്ടായിരുന്നു എന്നതും മാണിയെ സന്തോഷിപ്പിച്ചു. ആ ജോസഫാണ് ഇപ്പോള്‍ ഒരു പടിയിറക്കത്തിനൊരുങ്ങുന്നത്. 1963 ഡിസംബര്‍ എട്ടിന് ആഭ്യന്തരമന്ത്രിയായിരുന്ന പി ടി ചാക്കോയുടെ കാര്‍ തൃശൂരില്‍ ഒരു അപകടത്തില്‍പ്പെട്ടപ്പോള്‍ അതിനുള്ളില്‍ ഒരു സ്ത്രീയുണ്ടായിരുന്നിടത്തു നിന്നും തുടങ്ങിയ വിവാദങ്ങളും കെട്ടുകഥകള്‍ക്കുമൊടുവില്‍ പി ടി ചാക്കോ മരിക്കുകയും കേരള കോണ്‍ഗ്രസ് ജനിക്കുകയുമായിരുന്നു. കെ എം ജോര്‍ജ്ജും ബാലകൃഷ്ണപിള്ളയും അടക്കമുള്ളവര്‍ രൂപീകരിച്ച കേരള കോണ്‍ഗ്രസ് അറുപത് വര്‍ഷം പിന്നിട്ടപ്പോഴേക്കും പത്തിലധികം തവണയാണ് പിളര്‍ന്നത്. പിളര്‍ന്നവര്‍ തിരികെയെത്തി ലയിക്കുന്നതും പലതവണ നാം കാണുകയും ചെയ്തു. അത്തരമൊരു പിളര്‍പ്പിനെയാണ് ലോക്‌സഭ സീറ്റിന്റെ പേരില്‍ കേരള കോണ്‍ഗ്രസ് വീണ്ടും ഭയക്കുന്നത്.

എന്നാല്‍ മറ്റ് പിളര്‍പ്പ് പോലെയൊന്നുമല്ല, ഒമ്പത് വര്‍ഷത്തിന് ശേഷം ജോസഫ് പാര്‍ട്ടി വിടുന്നത് കേരള കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകും നല്‍കുകയെന്നാണ് സൂചന. കണക്കുകള്‍ നോക്കുമ്പോള്‍ അത് തെരഞ്ഞെടുപ്പ് പരാജയത്തില്‍ തന്നെ കലാശിക്കുകയും ചെയ്യുമെന്ന് മനസിലാക്കാം. സീറ്റ് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിട്ട് സ്വന്തം നിലയില്‍ മത്സരിക്കുമെന്നാണ് ജോസഫ് പറയുന്നത്. താനുള്‍പ്പെടെ മൂന്ന് എംഎല്‍എമാരുള്ള ജോസഫിന് സ്വന്തം പാര്‍ട്ടിയെ സജീവമാക്കി നിര്‍ത്താന്‍ സാധിക്കുമെന്നതില്‍ സംശയമൊന്നും വേണ്ട. ഇനി അനുരഞ്ജനങ്ങള്‍ക്കൊടുവില്‍ ജോസഫിന് സീറ്റ് ലഭിച്ചാല്‍ തന്നെ മാണിയുടെ ശക്തികേന്ദ്രമായ കോട്ടയത്ത് കാലുവാരലുകള്‍ക്കുള്ള സാധ്യതകളും ഏറെയാണ്. നേതൃത്വത്തില്‍ മാത്രമല്ല, മാണിയുടെ വിശ്വസ്തരായ അണികള്‍ പോലും ജോസഫിനെ വെറുതെ വിടുമെന്ന് പ്രതീക്ഷിക്കാനാകില്ല. നേരെ തിരിച്ച് മാണിക്ക് സീറ്റ് ലഭിച്ചാലും ഇത് തന്നെ സംഭവിക്കും. ജോസഫിന്റെ ചില പോക്കറ്റുകള്‍ കോട്ടയം മണ്ഡലത്തില്‍ നിര്‍ണായകമാണ്. കൂടാതെ കോണ്‍ഗ്രസിന്റെ വോട്ടുകളും ഇരുവര്‍ക്കുമായി ഭാഗിച്ച് പോകുമെന്നും ഉറപ്പ്. അതിനാല്‍ തന്നെ കഴിഞ്ഞ രണ്ട് തവണയായി ജോസ് കെ മാണി നേടിയ വിജയം ഇക്കുറി ആവര്‍ത്തിക്കാനാവണമെന്നില്ല. കൂടാതെ രാജ്യസഭാ സീറ്റ് സ്വീകരിച്ചതിലൂടെ ഒരു വര്‍ഷക്കാലം മണ്ഡലത്തില്‍ ഒരു എംപിയില്ലാതെ നാഥനില്ലാതാക്കിയെന്ന പരാതി കോട്ടയത്തെ വോട്ടര്‍മാര്‍ക്കുമുണ്ട്. ഇതും മാണിക്ക് തിരിച്ചടിയാകാനാണ് സാധ്യത. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുമ്പോള്‍ വിഎന്‍ വാസവന്‍ വോട്ടെടുപ്പിന് മുമ്പ് തന്നെ വിജയം ഉറപ്പിച്ചെന്ന് നിസ്സംശയം പറയാനാകും.

അങ്ങനെയായാല്‍ 2004 വരെ സുരേഷ് കുറുപ്പ് തുടര്‍ച്ചയായി മൂന്ന് തവണ ജയിച്ച മണ്ഡലം സിപിഎമ്മിന് തിരിച്ചുകിട്ടും. ഇനി കോട്ടയം കൈവിട്ട് പോകാതിരിക്കാന്‍ സീറ്റ് തിരിച്ചെടുത്ത് കോണ്‍ഗ്രസ് മത്സരിക്കാമെന്ന് തീരുമാനിച്ചാല്‍ 2004ല്‍ ആന്റോ ആന്റണിക്ക് ശേഷം ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ലഭിക്കും. 1996ല്‍ രമേശ് ചെന്നിത്തല ജയിച്ച ശേഷം ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പോലും ഇവിടെ ജയിച്ചിട്ടില്ലെന്നും ഓര്‍ക്കണം. ചെന്നിത്തലയുടെ തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്ക് 1998ല്‍ സുരേഷ് കുറുപ്പാണ് അവസാനം കുറിച്ചത്. കേവലം അയ്യായിരത്തോളം വോട്ടുകള്‍ക്ക് മാത്രമാണ് സുരേഷ് കുറുപ്പ് ജയിച്ചതെങ്കിലും ചെന്നിത്തലയുടെ പരാജയം അന്ന് ചര്‍ച്ചയായി. പിന്നീട് പി സി ചാക്കോയും ആന്റോ ആന്റണിയും എതിരാളികളായി വന്നപ്പോള്‍ സുരേഷ് കുറുപ്പിന്റെ ഭൂരിപക്ഷം ആദ്യം പതിനായിരത്തിലേറെയും പിന്നീട് നാല്‍പ്പതിനായിരത്തിലേറെയുമായി വര്‍ധിക്കുക മാത്രമാണ് ചെയ്തത്. എന്തായാലും ഇക്കുറി കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ കോട്ടയത്ത് നിര്‍ത്തിയാല്‍ ഒരുപക്ഷെ ജോസഫിന്റെ പിന്തുണ ലഭിച്ചേക്കും പക്ഷെ സിറ്റിംഗ് സീറ്റ് നഷ്ടമായതിന്റെ അരിശം മാണി തീര്‍ക്കില്ലെന്ന് പറയാന്‍ കഴിയില്ല. അതിനാലാണ് കോട്ടയത്തെ അന്തിമ ചിരി വാസവന്റേതാകുമെന്ന് പറയുന്നത്. എന്നാല്‍ ഇതുവരെയും മത്സരിക്കുന്നതിനെക്കുറിച്ച് മൗനം തുടരുന്ന ഉമ്മന്‍ ചാണ്ടി കളത്തിലിറങ്ങിയാല്‍ കോട്ടയം യുഡിഎഫിന് തിരിച്ചുകിട്ടുമെന്നാണ് കരുതുന്നത്. അതോടെ കേരള കോണ്‍ഗ്രസിന് കോട്ടയം സീറ്റ് എന്നന്നേക്കും നഷ്ടമാകുകയും ചെയ്യും. ചുരുക്കത്തില്‍ ജോസഫിനെ പിണക്കാനും ഇണക്കാനും വയ്യാത്ത അവസ്ഥയിലാണ് മാണി ഇപ്പോള്‍.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍