UPDATES

ട്രെന്‍ഡിങ്ങ്

ജോസഫ് പുലിക്കുന്നേല്‍ പേരിട്ട കേരള കോണ്‍ഗ്രസിന്റെ സര്‍വ്വപ്രതാപിയായി കെ എം മാണി വളര്‍ന്നതെങ്ങനെ?

വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എന്ന് കെ എം മാണി തന്നെയാണ് വിശേഷിപ്പിച്ചത്

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ചാനലുകള്‍ നടത്തുന്ന അഭിപ്രായ സ്വരൂപണത്തില്‍ പാലായിലെ ഒരു വീട്ടമ്മ ആദ്യം ഇവിടെ ജയിക്കുന്നത് മാണി തന്നെ എന്നാണ് പറയുന്നത്. പിന്നീട് അവര്‍ സ്വന്തം കവിളില്‍ തട്ടി ‘മാണിയല്ല മാണി സാര്‍’ എന്ന് തിരുത്തുന്നുണ്ട്. അവര്‍ക്ക് മാത്രമല്ല, രാഷ്ട്രീയ കേരളത്തിന് മുഴുവന്‍ മാണി സാര്‍ ആയിരുന്നു കരിങ്ങോഴക്കല്‍ മാണി മാണി എന്ന കെ എം മാണി. കേരളരാഷ്ട്രീയത്തില്‍ നിലവിലുള്ള നേതാക്കളില്‍ അതികായന്‍ തന്നെയായ കെ എം മാണിയാണ് ഏറ്റവുമധികം കാലം നിയമസഭയിലെത്തിയത്. നിയമസഭ ചേരാതിരുന്ന 1965ല്‍ ആദ്യമായി പാലായില്‍ നിന്നും മത്സരിച്ച് ജയിച്ചതിന് ശേഷം പാലായിലെ ജനങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ കൈവിട്ടിട്ടില്ല. ഒരുപക്ഷെ ലോകത്തില്‍ തന്നെ ഇത്രയുമധികം കാലം ജനപ്രതിനിധിയായിരുന്ന മറ്റൊരു നേതാവ് കാണില്ല. 54 വര്‍ഷമായി പതിമൂന്ന് തവണയാണ് അദ്ദേഹം പാലായെ പ്രതിനിധീകരിച്ചത്.

വിമോചനസമരത്തിന് ശേഷം പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ 1960ല്‍ രൂപീകൃതമായ സര്‍ക്കാരില്‍ പ്രധാനവകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് പി ടി ചാക്കോയായിരുന്നു. റവന്യൂ-നിയമ മന്ത്രിയെന്ന നിലയില്‍ ഭൂപരിഷ്‌കരണ നിയമം ഭേദഗതികളോടെ അദ്ദേഹം നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കി. ചാക്കോയുടെ ഈ നടപടി ഭൂസ്വാമിമാരെയും സ്ഥാപിത താല്‍പര്യക്കാരെയും അസ്വസ്ഥരാക്കി. കരുത്തനും ഭരണനിര്‍വഹണത്തില്‍ അഴിമതിക്കതീതനുമായ ചാക്കോയെ രാഷ്ട്രീയമായി എതിര്‍ക്കുക അത്ര എളുപ്പമായിരുന്നില്ല. കെഎം ജോര്‍ജ്ജ്, ടിഎം തൊമ്മന്‍, സി എ മാത്യു എന്നീ കത്തോലിക്ക എംഎല്‍എമാര്‍ പൊതുവെ ചാക്കോയോട് എതിര്‍പ്പുള്ളവരും ആയിരുന്നെന്ന് ജോസഫ് പുലിക്കുന്നേല്‍ രചിച്ച കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ പറയുന്നു.

ചാക്കോയ്ക്കെതിരായ രാഷ്ട്രീയ നാടകങ്ങളുടെ പിന്നില്‍ ശക്തമായ ഒരു സാമ്പത്തിക ലോബി പ്രവര്‍ത്തിച്ചിരുന്നു. ഭൂനയബില്ല് പാസാകുന്നതിന് മുമ്പ് ആര്‍ ശങ്കര്‍ മന്ത്രിസഭയെ വീഴ്ത്തുക എന്നുള്ളത് ആ സാമ്പത്തിക ശക്തികളുടെ ആവശ്യം കൂടിയായിരുന്നുവെന്നും ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. ഇതിനായി കമ്മ്യൂണിസ്റ്റ് വിരുദ്ധരും കമ്മ്യൂണിസ്റ്റുകളും കൈകോര്‍ക്കുകയും ചെയ്തു. ഇതിനിടെയിലാണ് 1963 ഡിസംബര്‍ എട്ടിന് തൃശൂരിലെ പീച്ചിയില്‍ വച്ച് ചാക്കോ ഉള്‍പ്പെട്ട കാറപകടം ഉണ്ടായത്. കാറില്‍ ഒരു സ്ത്രീയുണ്ടായിരുന്നുവെന്ന തരത്തിലാണ് അന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. തൃശൂര്‍ സംഭവം രാഷ്ട്രീയമായി തന്നെ ഉപയോഗിക്കാന്‍ എതിര്‍പക്ഷം തീരുമാനിച്ചു. പി ടി ചാക്കോ രാജിവയ്ക്കും വരെ അല്ലെങ്കില്‍ മരണം വരെ എന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസ് എംഎല്‍എമാര്‍ പോലും രംഗത്തെത്തി.

ഒരുമിച്ച് ഡല്‍ഹിയ്ക്ക് പോയ ചാക്കോയും ശങ്കറും ഭിന്നിച്ചാണ് തിരികെയെത്തിയത്. ചാക്കോയോട് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയും മുഖ്യമന്ത്രി അതിനെ പിന്തുണച്ചതായും വാര്‍ത്ത പരന്നു. ശങ്കര്‍ ചാക്കോയെ വഞ്ചിക്കുകയാണെന്ന തരത്തിലാണ് വാര്‍ത്ത പരന്നത്. ഇത് കോണ്‍ഗ്രസിനുള്ളില്‍ വര്‍ഗ്ഗീയമായ ഒരു ധ്രുവീകരണത്തിന് കാരണമായതോടെ പലപ്പോഴും പരസ്പരം വാക്‌പോരിലേര്‍പ്പെടുന്ന സാഹചര്യമുണ്ടായി. 1964 ജൂണ്‍ 14ന് നടന്ന കെപിസിസി തെരഞ്ഞെടുപ്പില്‍ പി ടി ചാക്കോ പരാജയപ്പെട്ടു. ആഗസ്റ്റ് 1ന് അദ്ദേഹം മരിക്കുകയും ചെയ്തു. ചാക്കോയുടെ മരണത്തിന് ശേഷം ടി എ തൊമ്മനെയാണ് മന്ത്രിയാക്കിയത്. അതുവരെയും പി ടി ചാക്കോയെ എതിര്‍ത്തിരുന്ന കെ എം ജോര്‍ജ്ജിനും മന്ത്രിസ്ഥാനത്തില്‍ കണ്ണുണ്ടായിരുന്നു. അത് ലഭിക്കാതെ വന്നതോടെ അദ്ദേഹം ശങ്കറില്‍ നിന്നും അകന്നു. ചാക്കോയുടെ മരണത്തിന് ശേഷം നടന്ന നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള അനുസ്മരണം ഒരു റഫറന്‍സില്‍ ഒതുക്കിയത് സര്‍ക്കാരിനെതിരെ ജനരോഷം ഉയരാന്‍ കാരണമായി. 1964ല്‍ ശങ്കര്‍ മന്ത്രിസഭയ്‌ക്കെതിരെ പി കെ കുഞ്ഞ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ കെ എം ജോര്‍ജ്ജ്, ആര്‍ ബാലകൃഷ്ണപിള്ള, സി എ മാത്യു, ആര്‍ എ ഇടിക്കുള, തോമസ് ജോണ്‍, പി ചാക്കോ, കുസുമം ജോസഫ്, ആര്‍ രാഘവ മേനോന്‍, ടി കൃഷ്ണന്‍, ധര്‍മ്മരാജയ്യന്‍, കെ ആര്‍ സരസ്വതിയമ്മ, എംഎ ആന്റണി, എന്‍ ഭാസ്‌കരന്‍ നായര്‍, കെ നാരായണക്കുറുപ്പ്, രവീന്ദ്രനാഥ് എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് പിന്തുണച്ചത്. അതോടെ കോണ്‍ഗ്രസിലെ പിളര്‍പ്പ് പൂര്‍ണമായി. ഒരു നല്ല സംഖ്യ ചാക്കോ അനുകൂലികളും ഇവര്‍ക്കൊപ്പം പോയി.

പി ടി ചാക്കോയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിട്ടുപോയ ഏതാനും നേതാക്കള്‍ ചേര്‍ന്ന് കെഎം ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ അന്ന് കോട്ടയം ഡിസിസി സെക്രട്ടറിയായിരുന്ന കെ എം മാണിയും അവര്‍ക്കൊപ്പം ചേര്‍ന്നു. കേരളത്തിലെ യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ തങ്ങളാണെന്ന് പ്രഖ്യാപിച്ചാണ് ജോസഫ് പുലിക്കുന്നേല്‍ പാര്‍ട്ടിയ്ക്ക് കേരള കോണ്‍ഗ്രസ് എന്ന പേരിട്ടത്. മാണിയെ കൂടാതെ ആര്‍ ബാലകൃഷ്ണ പിള്ള, ജോസഫ് പുലിക്കുന്നേല്‍ എന്നിവരായിരുന്നു അന്ന് പ്രമുഖ നേതാക്കള്‍. അന്ന് പാര്‍ട്ടി വിട്ടുപോയില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ എകെ ആന്റണിയേക്കാള്‍ മുന്നേ മുഖ്യമന്ത്രിയാകേണ്ട വ്യക്തിയാണ് മാണി സാറെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പോലും പറയുന്നത്.

1964 ഒക്ടോബര്‍ ഒമ്പതിന് രൂപീകരിക്കപ്പെട്ട കേരള കോണ്‍ഗ്രസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കെട്ടുറപ്പോടെ തന്നെയാണ് മുന്നോട്ട് പോയത്. 1976 ഡിസംബര്‍ 11ന് കെ എം ജോര്‍ജ്ജ് അന്തരിച്ചതോടെയാണ് ആ കെട്ടുറപ്പ് നഷ്ടമായത്. കേരളകോണ്‍ഗ്രസിന്റെ ശ്രദ്ധയെല്ലാം കെ എം മാണിയിലായിരുന്നെങ്കിലും അദ്ദേഹം കേരള കോണ്‍ഗ്രസ് (എം) എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണ് ചെയ്തത്. കോട്ടയം തിരുനക്കര മൈതാനിയില്‍ വച്ച് എന്‍എസ്എസ് നേതാവ് മന്നത്ത് പത്മനാഭനാണ് തിരികൊളുത്തി പാര്‍ട്ടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പിന്നീട് കേരള കോണ്‍ഗ്രസ് പല കഷണങ്ങളായി പിരിയുകയും ഇടയ്ക്കിടെ ലയനങ്ങളിലൂടെ ഒന്നിക്കുകയും ചെയുതുകൊണ്ടിരുന്നു. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എന്ന് കെ എം മാണി തന്നെയാണ് വിശേഷിപ്പിച്ചത്. അതേസമയം മറ്റ് കേരള കോണ്‍ഗ്രസുകളിലെല്ലാം ശ്രദ്ധേയരായ നിരവധി നേതാക്കളുണ്ടായിരുന്നിട്ടും കേരള കോണ്‍ഗ്രസിന്റെ അവസാന വാക്ക് കെ എം മാണിയെന്നതായിരുന്നു സ്ഥിതി. ഔദ്യോഗിക കേരള കോണ്‍ഗ്രസ് ആയി എല്ലാവരും കണക്കാക്കിയിരുന്നതും കേരള കോണ്‍ഗ്രസ് എമ്മിനെയായിരുന്നുവെന്ന് കാണുമ്പോള്‍ മാണി സാറിന് രാഷ്ട്രീയ കേരളത്തിലുണ്ടായിരുന്ന സ്വാധീനം വ്യക്തമാകും.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍