UPDATES

ട്രെന്‍ഡിങ്ങ്

‘മൂക്കില്‍ ദശയും ടോണ്‍സിലൈറ്റിസുമായി വന്ന കുട്ടിക്ക് ഹെര്‍ണിയ ഉണ്ടെന്ന് ഡോക്ടര്‍ തിരിച്ചറിഞ്ഞത് തപ്പി നോക്കിയിട്ടാണെന്ന്’; മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശാസ്ത്രക്രിയ നടത്തിയതിന്റെ വിശദീകരണമാണ്

പ്രാഥമികാന്വേഷണത്തില്‍ പിഴവ് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഡോ. സുരേഷ്‌കുമാറിനെ സസ്പന്‍ഡ് ചെയ്തിട്ടുണ്ട്.

“മൂക്കില്‍ ദശയും ടോണ്‍സിലൈറ്റിസും ആയിട്ട് വന്ന കുട്ടിക്ക് ഹെര്‍ണിയ ഉണ്ടെന്ന് നിങ്ങള്‍ എങ്ങനെയാണ് തിരിച്ചറിഞ്ഞതെന്ന് ഞാന്‍ ഡോക്ടറോട് ചോദിച്ചു. തപ്പി നോക്കിയപ്പോള്‍ ഹെര്‍ണിയ ഉണ്ടെന്ന് മനസ്സിലായി പോലും. എന്തിനാണ് ങ്ങള് തപ്പി നോക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ഡോക്ടര്‍ക്ക് ഉത്തരമില്ല”, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഉത്തരവാദിത്തപ്പെട്ട ഒരു ഡോക്ടര്‍ നല്‍കിയ മറുപടിയെക്കുറിച്ചാണ് മജീദ് പറഞ്ഞത്.

കുട്ടി വേദനകൊണ്ട് നിലവിളിക്കുന്നുണ്ടായിരുന്നു. പക്ഷെ മുഖത്ത് ഓപ്പറേഷന്‍ കഴിഞ്ഞതിന്റെ പാടുകളോ രൂപവ്യത്യാസമോ ഇല്ലായിരുന്നു. എന്റെ മോന് തടി തീരെ കുറഞ്ഞിട്ടാണ്. ഏഴ് വയസ്സുണ്ടെങ്കിലും അത് തോന്നിക്കില്ല. ഞാനവന്റെ ശരീരം മുഴുവന്‍ തപ്പി നോക്കി. അപ്പോഴാണ് വയറ്റിന് കീഴെ ഒരു പ്ലാസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത് കണ്ടത്. അവിടെയുണ്ടായിരുന്നവരോടെല്ലാം ഞാന്‍ ചോദിച്ചു. തൊണ്ടയില്‍ ഓപ്പറേഷന്‍ ചെയ്ത കുട്ടിയുടെ വയറ്റില്‍ എന്തിനാണ് പ്ലാസ്റ്റര്‍? ആര്‍ക്കാണെങ്കിലും ആ സംശയം തോന്നില്ലേ? അപ്പോഴാണ് ഡോക്ടര്‍ വന്നിട്ട് പറയുന്നത്, കുട്ടിയ്ക്ക് ഹെര്‍ണിയ കണ്ടു, അത് ഓപ്പറേഷന്‍ ചെയ്തു എന്ന്”, മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ ഏഴ് വയസ്സുകാരന്‍ ഡാനിഷിന്റെ അച്ഛന്‍ മജീദ് തന്റെ കുട്ടിക്ക് നേരിടേണ്ടി വന്ന കാര്യങ്ങള്‍ വിവരിക്കുകയാണ്.

മൂക്കിന് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്ന ഡാനിഷിന് ആളുമാറി ഹെര്‍ണിയയ്ക്കുള്ള ശസ്ത്രക്രിയയാണ് നടത്തിയത്.

കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് തയ്യില്‍ മജീദ് -ജഹാന്‍ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഡാനിഷിന്റെ ശസ്ത്രക്രിയയിലാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്. മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യാനായിരുന്നു 21-ന് രാവിലെ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡാനിഷിന് ശസ്ത്രക്രിയ നടത്തിയത് വയറിനായിരുന്നു. ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കായി പാലക്കാട് മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഉണ്ണിക്കൃഷ്ണന്‍- കുഞ്ഞിലക്ഷ്മി ദമ്പതികളുടെ മകന്‍ ധനുഷിനെയും ഇതേസമയം ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടികളുടെ പേരുകള്‍ തമ്മില്‍ മാറിപ്പോവുകയും ധനുഷിന് വയറില്‍ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ ഡാനിഷിന് നടത്തിയെന്നും പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി.

ഡാനിഷിന്റെ ഓപ്പറേഷന്‍ കഴിഞ്ഞ് പുറത്തേക്ക് കൊണ്ടുവന്നപ്പോഴാണ് വയറിന്റെ അടിഭാഗത്ത് ഓപ്പറേഷന്‍ ചെയ്തതായി രക്ഷിതാക്കള്‍ കണ്ടത്. വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് വീണ്ടും തിയേറ്ററില്‍ പ്രവേശിപ്പിച്ച് മൂക്കിലെ ദശ മാറ്റാനുള്ള ശസ്ത്രക്രിയ നടത്തി. തിയേറ്ററില്‍ കയറ്റിയപ്പോള്‍ കുട്ടിക്ക് ഹെര്‍ണിയ കണ്ടെത്തിയെന്നും ഉടനെ ഓപ്പറേഷന്‍ നടത്തിയെന്നുമായിരുന്നു ഡോക്ടറുടെ വാദം.

മജീദ് തുടരുന്നു, “ഒരു ദിവസം രണ്ട് മയക്ക് (അനസ്‌തേഷ്യ) വയ്ക്കാന്‍ പാടില്ലെന്നാണ്. അബദ്ധം പറ്റീന്ന് മനസ്സിലായപ്പോ അവര് അപ്പോള്‍ തന്നെ കുട്ടീനെ പിന്നേം മയക്ക് കൊടുത്ത് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി. ഒരു ദിവസം തന്നെ രണ്ട് ഓപ്പറേഷന്‍. തൊണ്ടയില്‍ ഓപ്പറേഷന്‍ കഴിഞ്ഞ് കുട്ടി തിരിച്ചെത്തിയിട്ട് ഇന്ന് രാവിലെയാണ് ബോധം തിരിച്ച് കിട്ടിയത്. തിങ്കളാഴ്ച രാത്രി പത്ത് മണിക്ക് ഭക്ഷണം കൊടുത്തിട്ട് ബുധനാഴ്ച രാവിലെ പത്ത് മണി കഴിഞ്ഞാണ് അവനിത്തിരി വെള്ളം കൊടുക്കുന്നത്. ബോധം വീണിട്ടും അവന്‍ മിണ്ടിത്തുടങ്ങിയിട്ടില്ല. കാലുകളൊന്നും അനക്കുന്നില്ല. ആള്‍ക്ക് നന്നായി പേടി കുടുങ്ങിയിട്ടുണ്ട്. ഏറെ കാലം കാത്തിരുന്നിട്ടാണ് മോനുണ്ടാവുന്നത്. അവനെന്തെങ്കിലും പറ്റിയാല്‍ ഞങ്ങള്‍ക്കത് സഹിക്കാന്‍ പറ്റില്ല. ജനുവരി മുതല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയുള്ളതാണ്. മെയ് 20-ന് അഡ്മിറ്റ് ആയി, 21-ന് ഓപ്പറേഷന്‍ എന്ന് ഇഎന്‍ടി ഡോക്ടര്‍ പറഞ്ഞിരുന്നു. രാവിലെ എട്ട് മണിക്ക് ഓപ്പറേഷന് കൊണ്ടുപോയിട്ട് പത്ത് മണിയായപ്പോള്‍ തിരിച്ചിറക്കി. അവനെ കാണാനായി അകത്ത് വിട്ടപ്പോഴാണ് ഓപ്പറേഷന്‍ വയറ്റിലാണ് ചെയ്തതെന്ന് ഞാനറിയുന്നത്. ആശുപത്രി അധികൃതര്‍ ഞങ്ങളോട് വ്യക്തമായി ഒരു ഉത്തരവും പറഞ്ഞിട്ടില്ല. ഇത്രയൊക്കെ സംഭവിച്ച് മണിക്കൂറുകളോളം ആശുപത്രി സൂപ്രണ്ട് പോലും ഇങ്ങോട്ടൊന്ന് എത്തി നോക്കിയില്ല. ചാനലുകളിലൂടെ ഇത് ഞാന്‍ പറഞ്ഞപ്പോഴാണ് സൂപ്രണ്ട് ഇവിടെ വരെ വരുന്നത്. ഞാന്‍ കൂലിപ്പണി എടുത്ത് ജീവിക്കുന്നയാളാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ പോവാനേ എനിക്ക് നിവൃത്തിയുള്ളൂ. ഇവിടുത്തെ ഡോക്ടര്‍മാരോട് ഒരു വിശ്വാസം ഉണ്ടായിരുന്നു. അത് പൂര്‍ണമായും ഇല്ലാതായി. എന്റെ മോന് ഇത് സംഭവിച്ചു. ഇന്നിവന് നീതി ലഭിച്ചില്ല എങ്കില്‍ നാളെയും ഇത് പോലെ സംഭവങ്ങള്‍ ഉണ്ടാവും. അതുകൊണ്ടാണ് പോലീസില്‍ പരാതി നല്‍കിയത്.”

സംഭവത്തില്‍ ഡിഎംഒ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് കൈമാറിയതായി സൂപ്രണ്ട് ഡോ. നന്ദകുമാര്‍ പറഞ്ഞു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യും. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചതായി സൂപ്രണ്ട് കൈമാറിയ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതയാണ് വിവരം. ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗികളുടെ കയ്യിലെ ടാഗില്‍ എഴുതിയ പേരില്‍ സാമ്യം വന്നതാണ് പിഴവ് സംഭവിക്കാന്‍ കാരണമായി ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഡാനിഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സൂപ്രണ്ട് പറഞ്ഞു. സംഭവത്തിനെതിരെ വലിയ പ്രതിഷേധമാണ് മെഡിക്കല്‍ കോളേജില്‍ അരങ്ങേറിയത്. സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി അംഗം കൂടിയായ മഞ്ചേരി എംഎല്‍എ എം. ഉമ്മര്‍ പ്രതികരിച്ചു. പ്രാഥമികാന്വേഷണത്തില്‍ പിഴവ് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഡോ. സുരേഷ്‌കുമാറിനെ സസ്പന്‍ഡ് ചെയ്തിട്ടുണ്ട്.

Also Read: ആ രേഖകളിലെ പേരുകാരന്‍ കര്‍ദ്ദിനാള്‍ മാത്രമല്ല; സിറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കി വ്യാജരേഖ കേസ് പുതിയ തലത്തിലേക്ക്

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍