UPDATES

ട്രെന്‍ഡിങ്ങ്

രേഖകളില്‍ പട്ടികജാതി, ജോലി കക്കൂസ് വൃത്തിയാക്കല്‍; ജാതി സര്‍ട്ടിഫിക്കറ്റിന് അര്‍ഹരല്ല, എന്നിട്ടും

മാന്‍ഹോള്‍ ശുചീകരണം സര്‍ക്കാരിന്റെ കൈയ്യില്‍ നിന്ന് സ്വകാര്യ ഏജന്‌സികളിലേക്ക്. നിരോധനത്തോടെ മാറിയത് തൊഴില്‍ദാതാവ് മാത്രം

ഈ ലേഖനത്തിന്റെ ആദ്യ ഭാഗം ഇവിടെ വായിക്കാം: കഥയും സിനിമയും ഒക്കെയായി; പക്ഷേ ഇപ്പോഴും ‘മാന്‍ഹോളി’ല്‍ തുടരുന്ന കോളനി ജീവിതം

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ദുര്‍ബലരായ ഒരു ജനവിഭാഗത്തെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് തോട്ടിപ്പണിയിലേക്ക് കൊണ്ടുവന്നതെങ്കില്‍ ഇന്ന് അവര്‍ക്കിടയിലെ തൊഴിലില്ലായ്മയും ദാരിദ്ര്യവും മുതലെടുത്താണ് മറ്റൊരു രൂപത്തില്‍ തോട്ടിപ്പണിയിലേക്ക് ഇവരെ കൊണ്ടുവരുന്നത്. ജാതിവ്യവസ്ഥയുടെ ഭീകരത നിലനിന്നിരുന്ന കാലത്ത് നിവൃത്തികേടുകൊണ്ട് ചെയ്യേണ്ടി വന്ന നിര്‍ബന്ധിത തൊഴിലില്‍ നിന്നും പുതിയ കാലത്തും പൂര്‍ണമായും മോചിതരാകാന്‍ കഴിയാതെ പോകുന്നത് ഭരണകൂടത്തിന്റെ ആത്മാര്‍ത്ഥമായ ഇടപെടലില്ലാതെ പോകുന്നതുകൊണ്ടാണ്. നടപ്പാക്കേണ്ട ഇവരുടെ പുനരധിവാസം, ആനുപാതികമായ തൊഴില്‍ നല്‍കല്‍, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയിലൊക്കെ സര്‍ക്കാര്‍ കാണിക്കുന്നതാകട്ടെ, അങ്ങേയറ്റം അലംഭാവവും. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുണ്ടായിട്ടും ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഉന്നത വിദ്യാഭ്യാസമടക്കമുള്ള ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു. അതിനും പുറമെയാണ് പൊതുസമൂഹത്തില്‍ ഒറ്റപ്പെടുന്ന അവസ്ഥയും.

മാന്‍ഹോള്‍ ശുചീകരണം സര്‍ക്കാരിന്റെ കൈയ്യില്‍ നിന്ന് സ്വകാര്യ ഏജന്‌സികളിലേക്ക്. നിരോധനത്തോടെ മാറിയത് തൊഴില്‍ദാതാവ് മാത്രം

മുന്‍പ് വീടുകളിലെ മാന്‍ഹോളുകള്‍ (സെപ്റ്റിക് ടാങ്കുകള്‍) വൃത്തിയാക്കാന്‍ തൊഴിലാളികളെ നിയോഗിച്ചിരുന്നത് കോര്‍പറേഷനായിരുന്നു. എന്നാല്‍ മാന്വല്‍ സ്‌കാവഞ്ചിങ് നിരോധിച്ചതോടെ മാന്‍ഹോള്‍ ശുചീകരണത്തിന് തൊഴിലാളികളെ നല്‍കുന്നത് കോര്‍പറേഷന്‍ നിര്‍ത്തി വച്ചു. പകരം യന്ത്രസംവിധാനം കൊണ്ടുവന്നെങ്കിലും മാന്‍ഹോളുകളില്‍ നിന്ന് നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംവിധാനമില്ലാതെ വന്നതോടെ മാന്‍ഹോള്‍ ശുചീകരണം പൂര്‍ണമായും കോര്‍പറേഷന് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ഇന്ന് മാന്‍ഹോള്‍ ശുചീകരണം ഏറ്റെടുത്ത് ചെയ്യുന്നത് സ്വകാര്യ ഏജന്‍സികളാണ്.

ഒരു കാലത്ത് തങ്ങളുടെ പൂര്‍വികര്‍ ചെയ്തുപോന്ന തൊഴിലിന്റെ എല്ലാ നാണക്കേടുകളും പേറുന്നവരാണ് ചക്കിലിയന്‍ വിഭാഗങ്ങള്‍. അതുകൊണ്ടുതന്നെ കൊല്ലം നഗരസഭയുടെ പരിധിയിലുള്ള കോളനികളിലെ ഭൂരിഭാഗം പേരും മാന്‍ഹോള്‍ ശുചീകരണ ജോലി തീര്‍ത്തും ഉപേക്ഷിച്ചുവെന്നുതന്നെ പറയാം. എങ്കില്‍ പോലും വിരലിലെണ്ണാവുന്നവര്‍ ഇപ്പോഴും ഈ തൊഴില്‍ ചെയ്യുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. കൂടുതല്‍ പണം വാഗ്ദാനം ചെയ്താണ് സ്വകാര്യ ഏജന്‍സികള്‍ ഇവരെ ഈ തൊഴിലിലേക്ക് വീണ്ടും കൊണ്ടുവരുന്നത്. ഇവര്‍ക്കിടയിലെ തൊഴിലില്ലായ്മയും താഴ്ന്ന വിദ്യാഭ്യാസ നിലവാരവും മുതലെടുത്താണിത്. കൊല്ലത്ത് നിന്നും ആവശ്യത്തിന് തൊഴിലാളികളെ കിട്ടാതെ വരുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും പുതിയ തൊഴിലാളികളെ ഏജന്‍സികള്‍ എത്തിക്കും. ഫലത്തില്‍ മാന്വല്‍ സ്‌കാവഞ്ചിങ് നിരോധനം വന്നതോടെ ‘തൊഴില്‍ദാതാക്കള്‍’ മാത്രം മാറുകയാണുണ്ടായത്.

കഥയും സിനിമയും ഒക്കെയായി; പക്ഷേ ഇപ്പോഴും ‘മാന്‍ഹോളി’ല്‍ തുടരുന്ന കോളനി ജീവിതം

“ഇന്ത്യയില്‍ തോട്ടിപ്പണി നിരോധിച്ചു എന്ന് പറയുന്നത് വെറുതെയാണെന്നു തെളിയിക്കുന്നതാണ് ദിവ്യഭാരതി സംവിധാനം ചെയ്ത ‘കക്കൂസ്’ എന്ന ഡോക്യൂമെന്ററി. മാത്രമല്ല, നമ്മുടെയൊക്കെ വീടുകളില്‍ നിറയുന്ന കക്കൂസുകള്‍ ആരാണ് വൃത്തിയാക്കുന്നത്? എന്ത് ആധുനികയന്ത്ര സാമഗ്രികളാണ് കക്കൂസുകള്‍ വൃത്തിയാക്കുന്നതിനായി നിലവിലുള്ളത്? വേണ്ടത്ര ബദല്‍ സംവിധാനങ്ങള്‍ വിഭാവനം ചെയ്യാന്‍ കഴിയാതെ പോയതാണ് നിരോധനം ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയാതെ പോയതിനു കാരണം”– സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ പ്രവര്‍ത്തകയും സംവിധായികയും ആക്ടിവിസ്റ്റുമായ ജെ. ശൈലജ പറയുന്നു. ‘മാന്‍ഹോള്‍’ സിനിമയില്‍ കോളനിയിലെ ശ്രദ്ധേയമായ പാപ്പാത്തിയമ്മയുടെ വേഷം അവതരിപ്പിച്ചത് ശൈലജയായിരുന്നു.

ജീവിക്കുന്നത് പട്ടികജാതിക്കാരായി. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ നൂറായിരം തടസ്സങ്ങള്‍

കൊല്ലം ടൗണിലെ മറ്റൊരു കോളനിയില്‍ താമസിച്ചിരുന്നതും പിന്നീട് ഇടവട്ടത്തേക്ക് താമസം മാറ്റിയതുമായ ശെല്‍വന്റെ മകള്‍ ദേവിക എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷക്ക് അപേക്ഷ നല്‍കുന്നതിനാണ് ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പെരിനാട് വില്ലേജില്‍ ചെന്നത്. എന്നാല്‍ ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല. 1950-നു മുന്‍പ് തന്റെ പിതാമഹന്മാര്‍ കേരളത്തിലേക്ക് കുടിയേറി എന്ന് കാണിക്കുന്ന രേഖയില്ലാത്തതിനാല്‍ ശെല്‍വന്റെ മകള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടു. എന്‍ജിനീയറാകാന്‍ സ്വപ്നം കണ്ടു നടന്ന പെണ്‍കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസം ഇതോടെ പാതിവഴിയില്‍ മുടങ്ങി. ഇപ്പോള്‍ വിവാഹിതയായി കുടുംബിനിയാകാന്‍ തയ്യാറെടുത്തിരിക്കുകയാണ് ദേവിക. ചക്കിലിയന്‍ സമുദായങ്ങളുടെ കാര്യത്തില്‍ 1950 നു മുന്‍പ് കേരളത്തിലേക്ക് കുടിയേറിയ ചക്കിലിയന്‍, അരുന്ധതിയാര്‍ വിഭാഗക്കാര്‍ക്കും അവരുടെ മക്കള്‍ക്കും മാത്രമേ പട്ടികജാതിവിഭാഗത്തില്‍പ്പെടുന്നയാളാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നാണു നിലവിലുള്ള നിയമം. എന്നാല്‍ 1920-കളില്‍ കേരളത്തിലേക്ക് നിര്‍ബന്ധിച്ചു കൊണ്ടുവരപ്പെട്ട പൂര്‍വികരുടെ രേഖകള്‍ പലരുടെ കൈയ്യിലും ഇല്ലെന്നതാണ് വാസ്തവം. അതുകൊണ്ടു തന്നെ ചക്കിലിയന്‍ സമുദായമായി സമൂഹത്തില്‍ ജീവിക്കുമ്പോഴും അര്‍ഹിക്കുന്ന ജോലികളോ മാറ്റാനുകൂല്യങ്ങളോ പലര്‍ക്കും ലഭിക്കാറുമില്ല.

കോളനിയിലെ ഒരു വീട്ടമ്മ ഏറെ വേദനയോടെയാണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. “ഞങ്ങളുടെ കോളനികളിലെ കുട്ടികള്‍ ഒത്തിരിയൊന്നും പഠിക്കാറില്ല. പത്താം ക്ലാസ് എത്തുന്നത് തന്നെ അപൂര്‍വം. കൂടുതല്‍ പേരും എട്ടാം ക്‌ളാസോടെ പഠനം നിര്‍ത്തുന്നവരാണ്. അതിനിടയില്‍ മറ്റുള്ളവരുടെ മക്കള്‍ പഠിക്കുന്നതുപോലെ എന്റെ കുട്ടിയും നന്നായി പഠിക്കണം, നല്ല ജോലി നേടി നല്ല രീതിയില്‍ ജീവിക്കണം എന്ന് കരുതുന്ന ചിലരെങ്കിലും വളരെ കഷ്ടപ്പെട്ട് മക്കളെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ അവര്‍ കഷ്ടപ്പെട്ട് പഠിച്ചു നല്ലൊരു കോഴ്‌സിനായി ശ്രമിക്കുമ്പോള്‍ ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടില്ല. ഇതോടെ പഠിത്തവും അവസാനിക്കും. ഉയര്‍ന്ന കോഴ്‌സുകള്‍ക്ക് ചേരാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് തരുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് എസ്.എസ്.എല്‍.സി. ബുക്കില്‍ പട്ടികജാതി എന്ന് രേഖപ്പെടുത്തുന്നത്. അതോ ഞങ്ങളുടെ കുട്ടികള്‍ ഇതുവരെ എത്തിയാല്‍ മതിയെന്നാണോ? ഞങ്ങളുടെ സമുദായം ഇപ്പോഴും ഇങ്ങനെ തന്നെ ജീവിച്ചാല്‍ മതിയെന്നാണോ?”

ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ സമുദായത്തിലെ ചില അംഗങ്ങള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഇവരെ പട്ടികജാതിക്കാരായി പരിഗണിക്കണമെന്ന് കേരള ചീഫ് സെക്രട്ടറിക്ക് 2016 ല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവര്‍ക്ക് പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് തടസ്സമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മനുഷ്യാവകാശ കമ്മീഷന്റെ അനുകൂല ഉത്തരവുണ്ടായിട്ടും ഇപ്പോഴും പലര്‍ക്കും ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടുന്നില്ലെന്നാണ് പരാതി.

ഇതുമായി ബന്ധപ്പെട്ട് കൊല്ലം അഡീഷണല്‍ തഹസില്‍ദാര്‍ക്ക് പറയാനുള്ളത്: 1950-നു മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നും കൊല്ലത്തേക്ക് കുടിയേറിയവരായതുകൊണ്ട് ഇത് സൂചിപ്പിക്കുന്ന രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിയമങ്ങള്‍ പാലിച്ചാണിത്. ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍മാരുടെ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

ദിവ്യ ഭാരതി/അഭിമുഖം; ആദ്യം തകര്‍ക്കേണ്ടത് വീടിനുള്ളിലേയും പാര്‍ട്ടിക്കുള്ളിലേയും ഹിന്ദുത്വയെയാണ്

ആദ്യ സിനിമയാണ്; പക്ഷേ പറയുന്നത് നമ്മുടെ ഇടയിലെ ജീവിതങ്ങളെക്കുറിച്ചാണ്- വിധു വിന്‍സെന്‍റ്/അഭിമുഖം

സുസ്ഥിര വികസന കേരളമേ, ഇതാ ഒരു കോളനി ജീവിതം; വീടില്ല, കക്കൂസില്ല, വെള്ളമില്ല…

ഗോവിന്ദാപുരം; ജാതിരഹിത, ആധുനിക കേരളമെന്ന മേനി പറച്ചില്‍ ഇവിടെ തകരുകയാണ്

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍