UPDATES

ദുരിതാശ്വാസ ക്യാമ്പിൽ അച്ഛൻ കുഴഞ്ഞുവീണ് മരിച്ച മനുഷയ്ക്ക് സ്ഥലം വാങ്ങി വീടൊരുക്കും: സംവിധായകൻ ജിബു ജേക്കബ്ബിന്റെ സഹോദരൻ ജിജു കളക്ടർക്ക് എഴുതി നൽകി

സ്വന്തം കടയിലുണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സംഭാവന കൊടുത്ത നൗഷാദിന്റെ നാട്ടുകാരനാണ് താനെന്ന് അഭിമാനത്തോടെ ജിജു പറയുന്നു. “നൗഷാദിന് അത്രയും ചെയ്യാമെങ്കിൽ നമ്മളും ചെയ്യണം.”

ദുരിതാശ്വാസ ക്യാമ്പിൽ വെച്ച് അച്ഛൻ നഷ്ടപ്പെട്ടതോടെ ഒറ്റപ്പെട്ട മനുഷയ്ക്ക് സ്ഥലം വാങ്ങി വീടൊരുക്കി നൽകാമെന്ന വാഗ്ദാനവുമായി ജിജു ജേക്കബ് രംഗത്ത്. ഇന്ന് (ഓഗസ്റ്റ് 15) കോഴിക്കോട് കലക്ട്രേറ്റിലെത്തിയ ജിജു ജേക്കബ് മനുഷയ്ക്ക് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവുവിന് എഴുതി നല്‍കുകയായിരുന്നു. ജേഷ്ഠസഹോദരനും സിനിമാ സംവിധായകനുമായ ജിബു ജേക്കബ്, സുഹൃത്തുക്കളായ ജോജോ ജേക്കബ്, പി ജി അനീഷ് എന്നിവര്‍ക്കൊപ്പമാണ് ജിജു കോഴിക്കോട് കളക്ടറെ ചെന്നു കണ്ടത്.

മനുഷയുടെ അച്ഛന്‍, സര്‍ക്കസ് കലാകാരനായിരുന്ന രാജു, ക്യാമ്പില്‍ വച്ചാണ് കുഴഞ്ഞുവീണ് മരിച്ചത്. പ്ലാസ്റ്റിക് ഷീറ്റ് വച്ചു മറച്ച കൂരയില്‍ കഴിഞ്ഞിരുന്ന, നേരത്തേ അമ്മ ഉപേക്ഷിച്ചു പോയ മനുഷ, അച്ഛന്റെ മരണത്തോടെ ഒറ്റപ്പെട്ടതായുള്ള വാര്‍ത്തകളെത്തുടര്‍ന്ന് സഹായവുമായി നിരവധി പേര്‍ സമൂഹമാധ്യമങ്ങള്‍ വഴി എത്തുകയും ചെയ്തിരുന്നു. ഇതിനിടെ കുഞ്ഞുങ്ങളില്ലാത്ത തനിക്കും ഭാര്യക്കും മനുഷയെ ദത്തെടുക്കാന്‍ താത്പര്യമുണ്ടെന്നറിയിച്ച് ആലപ്പുഴ സ്വദേശിയായ ജതീഷ് രംഗത്തെത്തി. ജതീഷിന് വീടും സ്ഥലവുമില്ലാത്തതിനാൽ ഇത് സാധിക്കില്ലെന്ന് സോഷ്യൽ മീഡിയയിൽ ചിലരറിയിച്ചതോടെയാണ് അദ്ദേഹത്തിന് സ്ഥലവും വീടും നൽകാമെന്ന് ജിജു സന്നദ്ധത അറിയിച്ചത്. തന്റെ വൈപ്പിന്‍ എളങ്കുന്നപുഴയിലുള്ള വീടും സ്ഥലവും ജതീഷിന് നല്‍കാമെന്നായിരുന്നു ജിജുവിന്റെ വാഗ്ദാനം.

പ്രളയകാലത്തിന്റെ ഓമനയായി മനുഷ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഈ കൊച്ചുമിടുക്കിക്ക് ‘വല്യ സ്‌പോര്‍ട്‌സുകാരി’യാകണം; ഇപ്പോള്‍ വേണ്ടത് ഒരു വീടാണ്

ജിജുവിനൊപ്പം കളക്ടറെ കാണാൻ ജതീഷും ഭാര്യയും എത്തിയിരുന്നു. മുതിര്‍ന്ന സഹോദരങ്ങള്‍ സംരക്ഷിക്കാനുണ്ടെന്നതിനാല്‍ മനുഷയെ നിയമപരമായി ദത്തു നല്കാനാവില്ലെന്ന വിവരമറിഞ്ഞ ജതീഷും ഭാര്യയും ഏറെ വിഷമത്തോടെയാണ് തിരിച്ചു പോയതെന്ന് ജിജു അഴിമുഖത്തോട് പറഞ്ഞു.

“മനുഷയെക്കുറിച്ചുള്ള വാര്‍ത്തയാണ് ആദ്യം കണ്ടത്. എന്തെങ്കിലും ആ കുഞ്ഞിന് വേണ്ടി ചെയ്യണമെന്ന് അപ്പോള്‍ തന്നെ എടുത്ത തീരുമാനമാണ്. അതു കഴിഞ്ഞാണ് സുഗീത് സാര്‍ (സംവിധായകന്‍ സുഗീത്) ഒരു പോസ്റ്റ് ഇട്ടത് ശ്രദ്ധിച്ചത്. ജതീഷ് മാനുഷയെ ദത്ത് എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിട്ട കമന്റ് ഉള്‍പ്പെടെയായിരുന്നു ആ പോസ്റ്റ്. സന്തോഷം തോന്നിയെങ്കിലും ദത്ത് എടുക്കലുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ അറിയാവുന്നതുകൊണ്ടാണ് ജതേഷിന് സ്വന്തമായി വീടില്ലാത്തത് പ്രശ്‌നമാകുമോ എന്ന സംശയം ഞാന്‍ ഉയര്‍ത്തിയത്. അങ്ങനെയൊരു തടസ്സം കൊണ്ട് ആ ചെറുപ്പക്കാരന് മാനുഷയെ കിട്ടാതെ പോകരുതെന്നു കരുതിയാണ് വീട് നല്‍കാമെന്ന് ഉറപ്പ് കൊടുത്തത്,” ജിജു ജേക്കബ് അഴിമുഖത്തോട് വിശദീകരിച്ചു. മനുഷയ്ക്ക് വീട് ആണ് ആവശ്യമൊണെന്നുത് അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കി അഴിമുഖം നേരത്തെ വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

തന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ കണ്ട് വേറെ പലരും വിളിക്കാന്‍ തുടങ്ങിയെന്ന് ജിജു പറയുന്നു. ലണ്ടനില്‍ നിന്നും രാഹുല്‍ എന്നൊരാള്‍ വിളിച്ച് അവര്‍ക്ക് മാനുഷയെ വേണമെന്ന് ആഗ്രഹമറിയിച്ചു. കൊച്ചിയില്‍ നിന്നു തന്നെ പലരും വിളിച്ചു. ജതേഷിന് കിട്ടുമെങ്കില്‍ അത് സന്തോഷം, മറ്റാര്‍ക്കെങ്കിലുമാണ് അതും സന്തോഷം എന്നായിരുന്നു ജിജുവിന്റെ നിലപാട്.

സ്വന്തം കടയിലുണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സംഭാവന കൊടുത്ത നൗഷാദിന്റെ നാട്ടുകാരനാണ് താനെന്ന് അഭിമാനത്തോടെ ജിജു പറയുന്നു. “നൗഷാദിന് അത്രയും ചെയ്യാമെങ്കിൽ നമ്മളും ചെയ്യണം.” ജിജു പറഞ്ഞു നിർത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍