UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യത്തെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ പാലക്കാടും മലപ്പുറവും

കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട ലിസ്റ്റിലാണ് പാലക്കാടും മലപ്പുറവും ഉള്ളത്

ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളുടെ പട്ടികയില്‍ പാലക്കാടും മലപ്പുറവും. ഇതാദ്യമായിട്ടാണ് കേരളത്തിലെ രണ്ട് ജില്ലകള്‍ തീവ്ര ഇടത് പ്രവര്‍ത്തനങ്ങള്‍ സജീവമായ ജില്ലകളുടെ ലിസ്റ്റില്‍ വരുന്നത്.

ഇടതുപക്ഷ തീവ്രവാദത്തെ നേരിടാന്‍ സംസ്ഥാനങ്ങള്‍ ചിലവിട്ട തുക തിരിച്ചു കിട്ടാനുള്ള യോഗ്യത നിശ്ചയിക്കാനായി ആഭ്യന്തര മന്ത്രാലയം നടത്തിയ കണക്കെടുപ്പ് പ്രകാരമാണിത്. രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ 106 ജില്ലകളിലാണ് സജീവമായി തീവ്ര ഇടത് പ്രസ്ഥാനങ്ങളുള്ളതായി കണ്ടെത്തിയത്. ഇതില്‍ തന്നെ 35 എണ്ണം ഗുരുതരമായി ഇടതുപക്ഷ തീവ്രവാദം നിലനില്‍ക്കുന്നവയായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

മലപ്പുറവും പാലക്കാടുമാണ് പട്ടികയിലുള്ള കേരളത്തിലെ ജില്ലകള്‍. മുമ്പ് ലിസ്റ്റിലുണ്ടായിരുന്ന ചില ജില്ലകളെ ക്രമസമാധാനം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവാക്കുകയും മലപ്പുറം, പാലക്കാട് തുടങ്ങിയ പുതിയ ജില്ലകളെ ഉള്‍പ്പെടുത്തുകയുമായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറയുന്നു.

ആക്രമണത്തിന്റെ തോതും മറ്റ് ചില ഘടകങ്ങളും പരിശോധിച്ചാണ് ജില്ലകളെ ഒഴിവാക്കുകയും ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടയ്ക്കുള്ള ആക്രമണ സംഭവങ്ങള്‍, വിവിധ നക്‌സല്‍ സംഘടനകളുടെ സംഘടന ശക്തി, വിവിധ ദളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, പോലീസും ഭരണസംവിധാനങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ സ്വീകരിച്ച നടപടികള്‍ തുടങ്ങിയവയാണ് പരിശോധിച്ചത്.

കേരളം, തമിഴ്‌നാട് , കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത് കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ഥിരമായി ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സായുധപോലീസ് വിഭാഗം മുന്‍ മേധാവി കെ.ദുര്‍ഗപ്രസാദ് പറഞ്ഞു.

ജില്ലയിലെ ക്രമസമാധാന നില പരിശോധിച്ചല്ല കേന്ദ്ര ഫണ്ട് ലഭിക്കുന്നതെന്നും, ആഭ്യന്തര സുരക്ഷയെ ശക്തിപ്പെടുത്തലാണ് ഉദ്ദേശമെന്നും പാലക്കാട് ജില്ല പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ് പറഞ്ഞു. 2017 ല്‍ ഈ രണ്ട് ജില്ലകളിലും അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ മാവോയിസ്റ്റുകള്‍ ഇവിടങ്ങളില്‍ അടിത്തറ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍